Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനം ഇറങ്ങുന്ന രോഗ ലക്ഷണമില്ലാത്തവർക്ക് ഇനി ഹോം ക്വാറന്റൈൻ മാത്രം; രണ്ട് ദിവസമായി 100 രോഗികൾ വീതം പുതുതായി സ്ഥിരീകരിക്കുന്നതോടെ കേരളവും കോവിഡിന്റെ റെഡ് സ്‌പോട്ട്; സംസ്ഥാനത്ത് ചികിൽസയിലുള്ളത് 1029 പേർ; എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം പെരുകുന്നു; രാജ്യത്ത് 16-ാം സ്ഥാനത്തും; സമൂഹ വ്യാപന ഭീഷണിയും അതിശക്തം; താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ ദുരന്തനിവാരണ അഥോറിറ്റി ഉത്തരവ്; കോവിഡിൽ കേരളവും കിതയ്ക്കുമ്പോൾ

വിമാനം ഇറങ്ങുന്ന രോഗ ലക്ഷണമില്ലാത്തവർക്ക് ഇനി ഹോം ക്വാറന്റൈൻ മാത്രം; രണ്ട് ദിവസമായി 100 രോഗികൾ വീതം പുതുതായി സ്ഥിരീകരിക്കുന്നതോടെ കേരളവും കോവിഡിന്റെ റെഡ് സ്‌പോട്ട്; സംസ്ഥാനത്ത് ചികിൽസയിലുള്ളത് 1029 പേർ; എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം പെരുകുന്നു; രാജ്യത്ത് 16-ാം സ്ഥാനത്തും; സമൂഹ വ്യാപന ഭീഷണിയും അതിശക്തം; താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ ദുരന്തനിവാരണ അഥോറിറ്റി ഉത്തരവ്; കോവിഡിൽ കേരളവും കിതയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൽ രാജ്യത്ത് പതിനാറാം സ്ഥാനമാണ് കേരളത്തിന്. എല്ലാം നിയന്ത്രണ വിധേയമായി എന്നായിരുന്നു കേരളത്തിന്റെ കണക്കു കൂട്ടൽ. ഇതിനിടെയാണ് തീവണ്ടിയും വിമാനവും വന്നു തുടങ്ങിയത്. ഇതോടെ രോഗികളുടെ എണ്ണവും കൂടി. ദിവസവും നൂറിലേറെ കേസുകൾ രണ്ടു ദിവസമായി റിപ്പോർട്ട് ചെയ്യുന്നു. മരണവും കേരളത്തിന്റെ കണക്കിൽ 15 ആണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വൈബ് സൈറ്റുകളിൽ മാഹിയിലെ മരണവും കേരളത്തിന്റെ ഉത്തരവാദിത്തമാക്കി മരണ കണക്ക് 16ഉം. ഇന്നലെ 108 പേർക്കാണ് രോഗമെത്തിയത്. ഇതോടെ ചികിൽസയിലുള്ളവരുടെ എണ്ണം നാലക്കം കവിഞ്ഞ് 1029 പേരായി. ആകെ 1808 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം കൂടുമ്പോൾ ഭയവും വർദ്ധിക്കുന്നു. ഇതോടെ കരുതലുകൾ ശക്തമാക്കുകയാണ് സർക്കാരും.

ശനിയാഴ്ച 108 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1029 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1807 പേർക്ക്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ(61) ശനിയാഴ്ച മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചു. ഇതോടെയാണ് കേരളത്തിന്റെ കണക്കിൽ ആകെ മരണസംഖ്യ 15 ആയി. ഹംസക്കോയയ്ക്ക് ശ്വാസതടസ്സവും കടുത്ത ന്യുമോണിയ ബാധയുമുണ്ടായിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സയും നൽകിയിരുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ജീവൻ നഷ്ടമായത് ആറുപേർക്കാണ്. കഴിഞ്ഞദിവസം 111 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശത്തുനിന്നും 34 പേർ മറ്റുസംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. പാലക്കാട്ട് ഏഴുപേർക്കും മലപ്പുറത്ത് രണ്ടുപേർക്കും തൃശ്ശൂരിൽ ഒരാൾക്കും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു. ഇത് ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കുന്നത്.

സമൂഹ വ്യാപന സാധ്യത കേരളം ഭയക്കുന്നുണ്ട്. രോഗം പിടിപെട്ട പലർക്കും ഇത് ഇവിടെ നിന്ന് കിട്ടെയന്നതിൽ വ്യക്തതയില്ല. കണ്ണൂരിലും തിരുവനന്തപുരത്തും ഇത്തരം കേസുകൾ എത്തി. ഇതോടെയാണ് കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ച് സംസ്ഥാനത്ത് തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങിയത്. പ്രവാസികളുടെ വരവുകൂടുന്നതുകൂടി കണക്കിലെടുത്ത് താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റൈൻ കേന്ദ്രങ്ങളാക്കാൻ ദുരന്തനിവാരണ അഥോറിറ്റി ഉത്തരവായി. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കൂടുതൽ പേരെ നിരീക്ഷണത്തിലാക്കേണ്ടി വരുമെന്ന കണക്കുകൂട്ടലിലാണ് ഇത്.

രോഗബാധിതർക്ക് വാർഡും രോഗം സംശയിക്കുന്നവരെ ഐസൊലേഷനിൽ പാർപ്പിക്കാൻ മുറികളുമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് (സി.എഫ്.ടി.സി.) സജ്ജീകരിക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ പ്രാദേശിക ചികിത്സാ കേന്ദ്രങ്ങളായാണ് സെന്ററുകൾ പ്രവർത്തിക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും താലൂക്ക് ആശുപത്രികൾക്കും പരമാവധി അടുത്താകും ഇത് തയ്യാറാക്കുക. ജനകീയ ആരോഗ്യപരിപാലനകേന്ദ്രങ്ങളിൽ ഓരോന്നിലും 50 മുതൽ 150 വരെ പേരെ പ്രവേശിപ്പിക്കാനാകും. സമൂഹവ്യാപനത്തോടെ രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകിയാൽ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ രോഗം സ്ഥിരീകരിക്കുന്ന എല്ലാവരെയും ആദ്യംതന്നെ ആശുപത്രികളിലേക്കു വിടാതെ ഇത്തരം കേന്ദ്രങ്ങളിലാക്കും.

ഹോസ്റ്റലുകൾ, അടഞ്ഞുകിടക്കുന്ന ആശുപത്രികൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ആയുർവേദകേന്ദ്രങ്ങൾ, ഓഡിറ്റോറിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ, മത-സമുദായ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയാണ് സി.എഫ്.ടി.സി.കളാക്കുക. ശുചീകരണത്തിനും മാലിന്യനീക്കത്തിനും പത്തുരോഗികൾക്ക് ഒരാൾ എന്ന കണക്കിലാകും ആളുകൾ തയ്യാറാക്കുക. കേന്ദ്രങ്ങളുടെ പ്രവർത്തനത്തിന് പണമായോ സാധനങ്ങളായോ സംഭാവന സ്വീകരിക്കും. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പിന് തദ്ദേശസ്ഥാപനങ്ങളുടെ തനത്-വികസന ഫണ്ടുകൾ, ദുരിതാശ്വാസനിധി, മറ്റു സംസ്ഥാനഫണ്ടുകൾ ഉപയോഗിക്കും. ബ്ലോക്ക്, ജില്ലാപഞ്ചായത്തുകൾ പരമാവധി പത്തുലക്ഷം രൂപവരെ നൽകും.

ദുരന്തനിവാരണനിയമപ്രകാരം കെട്ടിടം സൗജന്യമായി ഏറ്റെടുക്കും. ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് മുറികൾ, നിരീക്ഷണ മുറികൾ, ഫാർമസി, സ്റ്റോർ, ഫ്രണ്ട് ഓഫീസ്, നഴ്സിങ് സ്റ്റേഷൻ, സ്റ്റാഫ് റൂം. ഫ്രണ്ട് ഓഫീസിൽ സാമൂഹിക അകലം പാലിച്ച് 20 പേർക്ക് ഇരിക്കാം. വാർഡിനുപുറമേ കുളിമുറി, കക്കൂസ് സൗകര്യമുള്ള മുറികൾ. തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷനോ അധ്യക്ഷയോ കേന്ദ്രത്തിന്റെ അധ്യക്ഷനാകും. തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ നോഡൽ ഓഫീസറാണ്. ഒരാൾ ചാർജ് ഓഫീസറും. രാവിലെമുതൽ വൈകീട്ടുവരെ ഒ.പി., ടെലിമെഡിസിന് ലാൻഡ്ഫോൺ, ഇന്റർനെറ്റ്, ആംബുലൻസ്, ഭക്ഷണ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. കമ്യൂണിറ്റി കിച്ചൺ ഇല്ലെങ്കിൽ അതേ മാതൃകയിൽ ഭക്ഷണം നൽകാൻ സൗകര്യമുണ്ടാകും.

ഇനി ഹോം ക്വാറന്റൈൻ

വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന എല്ലാവർക്കും ഇനി 14 ദിവസം വീടുകളിൽ കർശനനിരീക്ഷണം മാത്രം. വീടുകളിൽ സൗകര്യമില്ലാത്തവർക്കും സർക്കാർ ക്വാറന്റൈൻ സൗകര്യം ആവശ്യമുള്ളവർക്കും അതത് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി ക്വാറന്റൈൻ, ഐസൊലേഷൻ മാർഗരേഖ ആരോഗ്യവകുപ്പ് പുതുക്കി. വീടുകളിൽ സൗകര്യമുണ്ടെന്നകാര്യം വാർഡുതലസമിതി ഉറപ്പാക്കും.

വിദേശത്തുനിന്നെത്തുന്നവർക്ക് ഏഴുദിവസം സർക്കാർ സംവിധാനത്തിലും ഏഴുദിവസം വീടുകളിലുമാണ് ഇപ്പോൾ ക്വാറന്റൈൻ. വിദേശത്തുനിന്ന് കൂടുതൽപേരെത്തുകയും രോഗികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹോം ക്വാറന്റീനുള്ള തീരുമാനം. സംസ്ഥാനത്തെ മിക്ക വിമാനത്താവളങ്ങളിൽനിന്നും രോഗലക്ഷണമില്ലാത്ത മിക്കവരെയും വീടുകളിലേക്ക് അയച്ചുതുടങ്ങി. ക്വാറന്റൈൻ ലംഘിക്കുന്ന കേസുകൾ പെരുകുന്നതിനാൽ ഇത്തരം നടപടി രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇത് സമൂഹ വ്യാപന സാധ്യത കൂട്ടും. എങ്കിലും രോഗികളുടെ എണ്ണം കൂടുമ്പോൾ ഇത് മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ നിലപാട്.

രണ്ടാഴ്ചയ്ക്കിടെ വിദേശത്തുനിന്നോ മറ്റുസംസ്ഥാനങ്ങളിൽനിന്നോ എത്തുന്നവർ, രോഗിയുമായി നേരിട്ട് സമ്പർക്കമുള്ളവർ തുടങ്ങി ഹൈ റിസ്‌ക് വിഭാഗത്തിൽ വരുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ. തുടർന്ന് 14 ദിവസത്തെ നിരീക്ഷണം. ഈ സമയം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം. കോവിഡ് ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ വീണ്ടും 14 ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയണം. തുടർച്ചയായി രണ്ടു സാംപിൾ പരിശോധനഫലം നെഗറ്റീവ് ആകുമ്പോഴാണ് രോഗിയെ ആശുപത്രിയിൽനിന്ന് വിട്ടയക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP