Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്നുപറയും പോലെ മറിയാമ്മ തോമസിനോട് പറയും എല്ലാം നല്ലതിന് വേണ്ടിയല്ലേ അപ്പച്ചാ; ആശുപത്രിയിലെ മൊരിഞ്ഞ റൊട്ടിയും പൊടിയരിക്കഞ്ഞിയും കാണുമ്പോഴേ മുഖം കറുത്ത 93 കാരന് ഇനി വയറ് നിറയെ കപ്പയും മീനും കഴിക്കാം; കോവിഡ് മുക്തരായ റാന്നിയിലെ വയോധിക ദമ്പതികൾ നഴ്‌സിങ് കൊച്ചുങ്ങളോടും ഡോക്ടർസാറുമ്മാരോടും ടാറ്റ പറയുമ്പോൾ അവരും തലകുലുക്കുന്നു ഇതുപോലൊരു 'കപ്പിൾ' ഇപ്പോൾ എവിടെ?

'എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ' എന്നുപറയും പോലെ മറിയാമ്മ തോമസിനോട് പറയും എല്ലാം നല്ലതിന് വേണ്ടിയല്ലേ അപ്പച്ചാ; ആശുപത്രിയിലെ മൊരിഞ്ഞ റൊട്ടിയും പൊടിയരിക്കഞ്ഞിയും കാണുമ്പോഴേ മുഖം കറുത്ത 93 കാരന് ഇനി വയറ് നിറയെ കപ്പയും മീനും കഴിക്കാം; കോവിഡ് മുക്തരായ റാന്നിയിലെ വയോധിക ദമ്പതികൾ നഴ്‌സിങ് കൊച്ചുങ്ങളോടും ഡോക്ടർസാറുമ്മാരോടും ടാറ്റ പറയുമ്പോൾ അവരും തലകുലുക്കുന്നു ഇതുപോലൊരു 'കപ്പിൾ' ഇപ്പോൾ എവിടെ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പഴയ ആളുകളാണ്. വർഷം എത്ര ജീവിച്ചതാണ് ഈ ഭൂമിയിൽ. രണ്ടുപേരെയും ഒന്നിപ്പിക്കുന്നത് സ്‌നേഹത്തിന്റെ ആ ചരട് തന്നെ. ഒരിക്കലും പൊട്ടാത്ത ചരട് തന്നെ. ഇത്തിരി വിമ്മിട്ടമൊക്കെയുണ്ടായെങ്കിലും ഈ വയസാംകാലത്തും കോവിഡിനെ അവർ പേടിച്ചില്ല. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) യുടെയും കാര്യമാണ് പറഞ്ഞുവരുന്നത്. ഇരുവരും ഇന്ന് വീട്ടിലേക്ക് രോഗം ഭേദമായി മടങ്ങുമ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടർമാരും ഒക്കെ ഒരേ സ്വരത്തിൽ പറയുന്നു..ഇപ്പോൾ ഇങ്ങനെയുള്ള കപ്പിൾസിനെ കണി കാണാൻ കിട്ടുവോ?

ഇറ്റലിയിൽ നിന്ന് മകനും കുടുംബവും വന്നപ്പോഴാണ് അവരിൽ നിന്ന് തോമസ് ചേട്ടനും മറിയാമ്മചേട്ടത്തിക്കും കോവിഡ് പോസിറ്റീവായത്. അന്ന് മക്കളെ എല്ലാവരും പഴിച്ചെങ്കിലും ഇപ്പോൾ എല്ലാവരും കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. രോഗശുശ്രൂഷയിൽ അതീവജാഗ്രതയോടെ തങ്ങളെ നോക്കിയ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മകനും കുടുംബവും വീട്ടിലേക്ക് പോയി. അവർ കാത്തിരിക്കുകയായിരുന്നു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വരവ്.

അസുഖം ഗുരുതരമായതോടെയാണ് ഇവരെ മാർച്ച് 9 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രമേഹവും രക്തസമ്മർദ്ദവും ഒക്കെയുള്ളതുകൊണ്ട് അതെല്ലാം കണക്കാക്കിയുള്ള ചികിത്സയാണ് കൊറോണ വാർഡിൽ നൽകിയത്. രണ്ടുപേരും രണ്ടുമുറികളിൽ ആയിരുന്നതുകൊണ്ട് തന്നെ പരസ്പരം കാണാതിരിക്കുന്നതിന്റെ ഉന്മേഷക്കുറവുണ്ടായിരുന്നു. പിന്നീട് ഇരുവർക്കും പരസ്പരം കാണാൻ കഴിയുന്ന വിധം ട്രാൻസ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഹൃദ്രോഗമുണ്ടായതിനെ തുടർന്ന് തോമസിനെ വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. ഇരുവർക്കും മൂത്രസംബന്ധമായ അണുബാധയും ഉണ്ടായി. 4 ദിവസത്തിനു ശേഷമാണ് തോമസിനെ വെന്റിലേറ്ററിൽ നിന്നു മാറ്റിയത്. ഇതിനെല്ലാം ഇടയിലും അൽപസമയം മറിയാമ്മയുടെ ശബ്ദം അൽപനേരം കേൾക്കാതിരുന്നാൽ തോമസ് നീട്ടി വിളിക്കും..എടീ മറിയാമ്മേ നീ ഉറക്കമായോ?മറിയാമ്മയും അതുപോലെ തന്നെ. ഭക്ഷണകാര്യത്തിലും ഇരുവർക്കും പരസ്പര കരുതൽ ഏറെ. ഒരാൾക്ക് കൊടുത്താൽ മറ്റേയാൽചോദിക്കും കൊടുത്തില്ലേ അപ്പുറത്ത്. ആശുപത്രി ശീലങ്ങളോട് തോമസ് ആദ്യമൊന്നും പൊരുത്തപ്പെട്ടില്ല. എളുപ്പം ദഹിക്കുന്ന പൊടിയരിക്കഞ്ഞിയും ബ്രഡുമൊക്കെയാണ് ആശുപത്രിയിൽ നിന്ന് നൽകിയത്. അത് കാണുമ്പോഴേ തോമസ് ഇടയും. കൊച്ചുകുട്ടികളെ പോലെ പിണങ്ങും. കപ്പയും മീനും വേണമെന്ന് വാശിപിടിക്കും.

അതുകൊണ്ടാവാം ആശുപത്രിയിലെ ഐസിയുവിൽ നഴ്‌സുമാർ കൈപിടിച്ച് നടത്തിയപ്പോൾ മറിയാമ്മ ആദ്യം നടന്നെത്തിയത് തോമസിന്റെ അടുത്തേക്കാണ്. 'അപ്പച്ചൻ വിഷമിക്കേണ്ട. വീട്ടിലെത്തിയാൽ ഉടൻ ഇഷ്ടപ്പെട്ട കപ്പയും മീനും ഉണ്ടാക്കിത്തരാം. അവിടെ മക്കളും കൊച്ചുമക്കളും നമ്മളെ കാത്തിരിപ്പാണ്. ഏതായാലും പുതിയ ടെസ്റ്റുകൾ നെഗറ്റീവായതോടെ ഇരുവർക്കും ആശ്വാസമായി. വീട്ടിൽ പോകാമല്ലോ.

93കാരന്റെയും 88 കാരിയുടെയും തിരിച്ചുവരവ് ഡോക്ടർമാർക്കും അത്ഭുതമാണ്. കോവിഡ് മാത്രമല്ല ഹൃദ്രോഗത്തെയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെയും അതിജീവിച്ചാണ് തോമസിന്റെ വീട്ടിലേക്കുള്ള മടക്കം. മറിയാമ്മയ്ക്കും ഉണ്ട് പ്രായത്തിന്റേതായ അവശതകൾ. രോഗം ബാധിച്ചപ്പോൾ ഇരുവരും മൂഡ്ഒട്ടായിരുന്നു, മരിച്ചാൽ മതിയെന്ന് പോലും തോന്നുന്നതായി തോമസ് പറയുമ്പോൾ എല്ലാം നല്ലതിന് വേണ്ടി എന്ന ശുഭപ്രതീക്ഷ കൊടുക്കുന്നത് മറിയാമ്മ തന്നെ. നഴ്‌സിങ് കൊച്ചുങ്ങളോടും ഡോക്ടർ സാറന്മാരോടും മക്കളുടെയും കൊച്ചുമക്കളുടെയും കാര്യംപങ്കിടാനും ഇവർക്കിഷ്ടമായിരുന്നു. ഏതായാലും ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് പച്ചക്കൊടി വീശിയതോടെ ഇനി മക്കൾക്കും കൊച്ചുമക്കൾക്കും ഒപ്പം കൂടാം. തമാശകൾ പങ്കിടാം. ചിരിക്കാം. പിന്നെ കപ്പയും മീനും കഴിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP