Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

276 ഡോക്ടർമാരെ പിഎസ്‌സി വഴി അടിയന്തരമായി നിയമിക്കും; നിയമനം വീഡിയോ കോൺഫറൻസിലൂടെ ഇന്റർവ്യൂ നടത്തി ഒറ്റ ദിവസം കൊണ്ട്; ക്ഷേമപെൻഷൻ മാർച്ച് 31നകം വീടുകളിൽ എത്തിച്ച് നൽകും; ഹോം ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾ ഫോൺ വഴി ആവശ്യപ്പെട്ടാൽ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു നൽകും; കോവിഡിനെ നേരിടാൻ നടപടി ക്രമങ്ങൾ ഊർജിതമാക്കി പിണറായി സർക്കാർ

276 ഡോക്ടർമാരെ പിഎസ്‌സി വഴി അടിയന്തരമായി നിയമിക്കും; നിയമനം വീഡിയോ കോൺഫറൻസിലൂടെ ഇന്റർവ്യൂ നടത്തി ഒറ്റ ദിവസം കൊണ്ട്; ക്ഷേമപെൻഷൻ മാർച്ച് 31നകം വീടുകളിൽ എത്തിച്ച് നൽകും; ഹോം ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾ ഫോൺ വഴി ആവശ്യപ്പെട്ടാൽ   നിത്യോപയോഗ സാധനങ്ങൾ  എത്തിച്ചു നൽകും; കോവിഡിനെ നേരിടാൻ നടപടി ക്രമങ്ങൾ ഊർജിതമാക്കി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വൈറസ് ഭീതിയെതുടർന്ന് സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ ശക്തമായ നടപികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പിഎസ്‌സി വഴി അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരിൽ നിന്നാണ് നിയമനം. എല്ലാവർക്കും നിയമന ഉത്തരവ് നൽകിക്കഴിഞ്ഞു.വീഡിയോ കോൺഫറൻസിലൂടെ ഇന്റർവ്യൂ നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റു പാരമെഡിക്കൽ വിഭാഗക്കാരേയും നിയമിക്കുമെന്നും മന്ത്രി അറിയിച്ചത്. സാഹചര്യം പരിഗണിച്ച് ആരോഗ്യവകുപ്പിൽ അടിയന്തര നിയമനങ്ങൾ നടത്താൻ പിഎസ്‌സി തീരുമാനിച്ചിരുന്നു.ആരോഗ്യവകുപ്പിലെ അസി.സർജൻ തസ്തികയുടെ 276 ഒഴിവുകളുടെ നിയമന ശുപാർശ ഡയറക്ടർക്ക് കൈമാറുകയും ചെയ്തു. നിയമന ശുപാർശ സംബന്ധിച്ച അറിയിപ്പ് പ്രൊഫൈലിൽ നൽകി. ഒറ്റ ദിവസം കൊണ്ടാണ് ഈ ജോലികൾ പൂർത്തിയാക്കിയത്

സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ മാർച്ച് 31നകം വീടുകളിൽ എത്തിച്ച് നൽകുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങൾ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തി ക്ഷേമപെൻഷൻ വിതരണം നടത്തണം. ഹോം ക്വാറന്റീനിൽ കഴിയുന്ന കുടുംബങ്ങൾ നിത്യോപയോഗ സാധനങ്ങൾ ഫോൺ മുഖാന്തിരം ആവശ്യപ്പെട്ടാൽ കൺസ്യൂമർ ഫെഡറേഷന്റെ നേതൃത്വത്തിൽ അതാത് പ്രദേശത്തെ നീതി സ്റ്റോറുകൾ മുഖാന്തരം അവശ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകും.തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ച മുതൽ ഇത്തരത്തിൽ വിതരണം ആരംഭിക്കും. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ, ആശുപത്രികൾ, ലാബുകൾ അടക്കമുള്ള സഹകരണ സ്ഥാപനങ്ങൾ തുടർന്നും യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ പൊതുജനങ്ങളുടെ സൗകര്യാർഥം പ്രവർത്തിക്കും. വർഷാന്ത്യ കണക്കെടുപ്പ് ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാൻ പാടില്ലെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ വായ്പക്കാർക്കു സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി നിർദ്ദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിനു മൊറൊട്ടോറിയം അനുവദിക്കും. എന്നാൽ മനഃപൂർവം കാലങ്ങളായി വായ്പ തിരിച്ചടയ്ക്കാതെ വൻകുടിശിക വരുത്തിയവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചെറുകിട വായ്പ കുടിശികക്കാരെ വീടുകളിൽ നിന്നും ജപ്തി നടപടി നടത്തി ഇറക്കി വിടരുത് എന്ന നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.അപ്പെക്സ് സ്ഥാപനങ്ങൾ, മറ്റു സംസ്ഥാനതല സ്ഥാപനങ്ങളുടെ ഹെഡ് ഓഫിസുകൾ, റീജനൽ ഓഫിസുകൾ, കൂടുതൽ ജീവനക്കാരുള്ള ധനകാര്യ ഇടപാടു നടത്തുന്ന സ്ഥാപനങ്ങൾ, പ്രാഥമിക കാർഷിക വായ്പാസംഘങ്ങൾ, അവയുടെ ശാഖകൾ എന്നിവ, സർക്കാർ ഉത്തരവിനു വിധേയമായി ജീവനക്കാരെ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരാകുന്ന വിധത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം വരാത്ത രീതിയിൽ ആവശ്യമായ ക്രമീകരണം നടത്തും.

ക്രമീകരണങ്ങൾ വരുത്തുമ്പോൾ ഇടപാടുകാർക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു യാതൊരു വിധ തടസ്സവും നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തും. എല്ലാ സ്ഥാപനങ്ങളിലും ഹാൻഡ് സാനിറ്റൈസർ, കൈ കഴുകാനുള്ള സൗകര്യം എന്നിവ ക്രമീകരിക്കും. ഇടപാടുകാർ കൗണ്ടറുകളിൽ ഒരേ സമയം കൂടുതലായി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടുന്ന ക്രമീകരണം നടത്തും. ജീവനക്കാർ ആവശ്യമായ മുൻകരുതലുകൾ കൃത്യമായി സ്വീകരിക്കണം. ഇടപാടുകാരിൽ നിന്നും നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കണം.ജനങ്ങൾ കൂടുതലായി പങ്കെടുക്കുന്ന എംഡിഎസ്/ജിഡിഎസ് ലേലം, അദാലത്തുകൾ തുടങ്ങിയവ ഈ കാലയളവിൽ പരമാവധി ഒഴിവാക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യും. ദിവസനിക്ഷേപ പിരിവുകാർ കോവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും സന്ദർശിച്ചുള്ള കളക്ഷൻ ഉണ്ടായിരിക്കില്ല. ഓരോ ജില്ലകളിലെയും പ്രത്യേക സാഹചര്യം കണക്കിലെടുത്തു കലക്ടർമാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ജില്ലാ ജോയിന്റ് രജിസ്റ്റ്രാർ ജനറൽ ആവശ്യമായ അധിക നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

കുടിവെള്ളം ലഭ്യമല്ലാത്ത വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ 15 കിലോ കാനുകളിൽ കുടിവെള്ളം സൗജന്യമായി എത്തിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചു. ജലസേചന വകുപ്പ്, ജല അഥോറിറ്റി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനമായത്. രണ്ട് ആഴ്ചത്തേക്കുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. കുടിവെള്ളം ആവശ്യമായ എല്ലായിടത്തും ഈ സേവനം ലഭ്യമാക്കും. നിലവിലുള്ളതിന് പുറമേ ജല അഥോറിറ്റിയുടേയും ജലസേചന വകുപ്പിന്റേയും കീഴിലുള്ള 120 വാഹനങ്ങൾ കൂടി ഇതിനായി ഉപയോഗിക്കും. കുടിവെള്ളത്തിന് ഒപ്പം വീട്ടുകാർ ആവശ്യപ്പെടുന്ന അവശ്യസാധനങ്ങളും വാങ്ങി നൽകും. ഇതിനുള്ള തുക വീട്ടുകാർ നൽകേണ്ടിവരും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജല അഥോറിറ്റി നോഡൽ ഓഫിസർമാരെ നിയോഗിക്കും. ഈ കാലയളവിലും ജലസേചനത്തിനായുള്ള കനാലുകളിലൂടെ കൃഷിക്കായുള്ള ജലവിതരണം തുടരും. ജല അഥോറിറ്റിയുടെ കീഴിൽ നടന്നുവരുന്ന ജലവിതരണ സംവിധാനത്തിന്റെ അറ്റകുറ്റപ്രവൃത്തികൾ, പൈപ്പ് പൊട്ടൽ പരിഹരിക്കൽ, ടാങ്കർ ലോറികളിലൂടെയുള്ള ജലവിതരണം എന്നിവ തടസമില്ലാതെ തുടരും. പമ്പ് ഹൗസുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ, ഇൻടേക്കുകൾ എന്നിവയ്ക്കും തടസമുണ്ടാകില്ല. കരാറുകാർക്കും സപ്ലെയർമാർക്കും നൽകേണ്ട തുക അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കും.

നിലവിലെ സാഹചര്യത്തിൽ ആവശ്യമായ ജീവനക്കാരെ വിന്യസിക്കാനുള്ള ചുമതല ഇരു വകുപ്പുകളിലേയും ചീഫ് എൻജിനീയർമാർ, സുപ്രണ്ടിങ് എൻജിനീയർമാർ, എക്സിക്യുട്ടീവ് എൻജിനീയർമാർ എന്നിവർക്ക് നൽകി. പ്രത്യേക നിർദ്ദേശമില്ലാതെ ആരും ഓഫിസിൽ എത്തേണ്ടതില്ല. എന്നാൽ ജോലിക്ക് നിയോഗിക്കപ്പെടാത്തവർ മുഴുവൻ സമയം ഫോണിൽ ലഭ്യമായിരിക്കണം. ജോലിക്ക് എത്തുന്നവർക്കു സുരക്ഷയ്ക്ക് ആവശ്യമായ മാസ്‌ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ലഭ്യമാക്കേണ്ട ഉത്തരവാദിത്തം എക്സിക്യുട്ടീവ് എൻജിനീയർമാർക്കാണ്. മാസ്‌ക് ലഭ്യമായില്ലെങ്കിൽ നല്ല കർചീഫ് ലഭ്യമാക്കണം. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അതത് മേലധികാരിക്കാണ്. ആരോഗ്യ സംരക്ഷണത്തിൽ ജാഗരുകരായി തന്നെ, അവശ്യ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് എല്ലാ ജീവനക്കാരോടും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP