Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തുകൊവിഡ് 19 മരണം 79000 കടന്നു; രോ​ഗം സ്ഥിരീകരിച്ചത് 1,346,299 പേർക്ക്; മരണ സംഖ്യയിൽ മുന്നിൽ ഇറ്റലി തന്നെ; ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസ​​ന്റെ നില മെച്ചപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ; ന്യൂയോർക്കിൽ ഈ ആഴ്ച കൂടുതൽ മരണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോ​ഗ്യ പ്രവർത്തകർ; മാരക വൈറസിന്റെ ജന്മദേശമായ ചൈനയിൽ ഇന്ന് സ്ഥിതി ശാന്തം

ലോകത്തുകൊവിഡ് 19 മരണം 79000 കടന്നു; രോ​ഗം സ്ഥിരീകരിച്ചത് 1,346,299 പേർക്ക്; മരണ സംഖ്യയിൽ മുന്നിൽ ഇറ്റലി തന്നെ; ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസ​​ന്റെ നില മെച്ചപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ; ന്യൂയോർക്കിൽ ഈ ആഴ്ച കൂടുതൽ മരണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ആരോ​ഗ്യ പ്രവർത്തകർ; മാരക വൈറസിന്റെ ജന്മദേശമായ ചൈനയിൽ ഇന്ന് സ്ഥിതി ശാന്തം

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കോവിഡ്19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം എൺപതിനായിരത്തോടടുക്കുന്നു. ഇതുവരെ 79,065 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 1,346, 299 പേർക്ക് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചു. 297,583 പേർ സുഖം പ്രാപിച്ചു. ബ്രിട്ടനിൽ 786 മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സ്‌പെയിനിൽ, മരണനിരക്ക് 743 ആയി ഉയർന്നു. റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണസംഖ്യ ആയിരത്തിലധികം ഉയർന്ന് 7,497 ൽ എത്തി. ചൈനയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആശ്വാസത്തിന്റെ ദിനമാണ് കടന്ന് പോയത്. ജനുവരിയിൽ കൊറോണ വൈറസ് ബാധ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനുശേഷം രാജ്യം ആദ്യമായി പുതിയ കൊറോണ വൈറസ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ലോകമെമ്പാടുമുള്ള പോസിറ്റീവ് കേസുകളുടെ എണ്ണം 1,346, 299 ആണ്. യുഎസ് റിപ്പോർട്ട് ചെയ്തത് 367,507, സ്പെയിൻ - 1,36,675, ഇറ്റലി -1,32,547, ജർമ്മനി -1,03,374, ഫ്രാൻസ് -98,984, ചൈന - 82,665 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ എണ്ണം. കോവിഡ്​ രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 11,877 ആളുകൾക്കാണ്​ പുതിയതായി രോഗം സ്​ഥിരീകരിച്ചത്​. വൈറസ് ബാധ ഏറ്റവും കൂടുതൽ ആഘാതമേൽപ്പിച്ച ന്യൂയോർക്കിൽ ഈ ആഴ്ച കൂടുതൽ മരണമുണ്ടാകുമെന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുണ്ട്. പ്രധാന നഗരമായ ന്യൂജേഴ്​സിയിലും രോഗം പടർന്നുപിടിച്ച അവസ്ഥയാണ്​. മിഷിഗണിലും കാലിഫോണിയയിലും ലൂസിയാനയിലും 15000ത്തിലധികം രോഗികളുണ്ട്​. ഇവിടുത്തെ ആശുപത്രികളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്​.

അതേസമയം, മരണസംഖ്യയിൽ ഇറ്റലി തന്നെയാണ് ഇപ്പോഴും മുന്നിൽ. 16,523 പേരാണ് ഇതുവരെ അവിടെ മരിച്ചത്. സ്‌പെയിൻ 13,341 ഉം ഫ്രാൻസ് 8,911 ഉം യുണൈറ്റഡ് കിങ്ഡം 5,373, ഇറാൻ 3,739, ന്യൂയോർക്ക് 3,485 എന്നിങ്ങനെയാണ് മരണ നിരക്ക്.

കോവിഡ്​ ബാധിച്ച്​ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസ​​ന്റെ നില മെച്ചപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന്​ തിങ്കളാഴ്​ച രാത്രി മുഴുവൻ അദ്ദേഹം ഇൻറൻസീവ്​ കെയർ യൂണിറ്റിലായിരുന്നു. ശ്വാസതടസ്സമനുഭവപ്പെട്ടതിനാൽ ഓക്​സിജൻ നൽകിയതായും സെ​ൻറ്​ തോമസ്​ ആശുപത്രി അധികൃതർ പറഞ്ഞു. ജോൺസെ​ൻറ അഭാവത്തിൽ വിദേശകാര്യ സെക്രട്ടറി ഡൊമിനിക്​ റഅബിനാണ്​ ചുമതല. കുടുംബത്തിലൊരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ മന്ത്രി മൈക്കിൾ ഗോവ്​ ഐസൊലേഷനിലാണ്​.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 508 കേസുകളാണ്. 4789 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ 124 ആയി ഉയർന്നു. ഇതിൽ ഇന്ന് മരിച്ചത് 13 പേരാണ്. മഹാരാഷ്ട്രയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 150 പുതിയ കോവിഡ് 19 കേസുകളാണ്. ഇതിൽ നൂറെണ്ണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിൽ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,018 ആയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയിൽ മാത്രം 590 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ചുപേർ മരിച്ചു. ഇതോടെ മരണസംഖ്യ 40 ആയി ഉയർന്നു. കോവിഡ് 19 രോഗികളുടെ എണ്ണം ഉയർന്ന സാഹചര്യത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിട്ടുണ്ട്. പൂണെയിൽ അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട കടകൾ ഇനിമുതൽ രാവിലെ 10 മുതൽ 12 മണി വരെയാകും പ്രവർത്തിക്കുകയെന്ന് പുണെ പൊലീസ് അറിയിച്ചു. ആശുപത്രിയെയും മെഡിക്കൽ സേവനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്പതു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട്ട് നാലുപേർക്കും കണ്ണൂരിൽ മൂന്നുപേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേർ നിസാമുദ്ദീനിൽനിന്നു വന്നവരും മൂന്നുപേർക്ക് സമ്പർക്കം മൂലവുമാണ് രോഗം ബാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP