Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ ഡിസ്റ്റൻസിം​ങ് കാറ്റിൽ പറത്തി മലയാളി കടകളിലേക്കോടിയത് നിത്യോപയോ​ഗ സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ; പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ആളുകളെ വിളിക്കാൻ പുതിയ പേര് ഇംഗ്ലീഷിൽ കണ്ടുപിടിച്ച് അർബൻ ഡിക്ഷ്ണറി; മലയാളികളും കൊവിഡിയറ്റ് ആകുന്നോ എന്ന ആശങ്ക പങ്കുവെച്ച് സൈബർലോകം; കൊറോണയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗണിന്റെ പേരിൽ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാതിരിക്കാൻ കർശന നിർദ്ദേശങ്ങളുമായി പിണറായി വിജയനും

സോഷ്യൽ ഡിസ്റ്റൻസിം​ങ് കാറ്റിൽ പറത്തി മലയാളി കടകളിലേക്കോടിയത് നിത്യോപയോ​ഗ സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ; പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ആളുകളെ വിളിക്കാൻ പുതിയ പേര് ഇംഗ്ലീഷിൽ കണ്ടുപിടിച്ച് അർബൻ ഡിക്ഷ്ണറി; മലയാളികളും കൊവിഡിയറ്റ് ആകുന്നോ എന്ന ആശങ്ക പങ്കുവെച്ച് സൈബർലോകം; കൊറോണയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗണിന്റെ പേരിൽ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാതിരിക്കാൻ കർശന നിർദ്ദേശങ്ങളുമായി പിണറായി വിജയനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ കടകളിലും വസ്ത്രശാലകളിലും ഉൾപ്പെടെ അനുഭവപ്പെട്ടത് വൻ തിരക്ക്. ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും അതൊന്നും ചെവിക്കൊള്ളാതെയാണ് ആളുകൾ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യാനായി നെട്ടോട്ടമോടുന്നത്. സോഷ്യൽ ഡിസ്റ്റൻസിം​ഗ് എന്ന മുൻകരുതലുകൾ എല്ലാം മറന്നാണ് മലയാളി മാർക്കറ്റുകളിലേക്ക് ഓടിക്കയറിയത്. സ്വന്തം കുടുംബത്തിന് ഒരുമാസത്തേക്ക് എങ്കിലും സുഭിക്ഷമായി കഴിയാനുള്ള വസ്തുക്കൾ വാങ്ങി സൂക്ഷിക്കുക എന്നതായിരുന്നു ഇന്ന് വൈകിട്ട് ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ ലക്ഷ്യം. അത് വഴിതെളിച്ചതാകട്ടെ, പല കടകളിലും സൂപ്പർ മാർക്കറ്റുകളിലും വൻ തിരക്കിനും.

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷ്യക്ഷാമം ഉണ്ടാകുമോ എന്ന ഭയമാണ് ആളുകളെ ഇത്തരത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ പ്രേരിപ്പിക്കുന്നത്. ഇത്തരത്തിൽ പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ആളുകളെ വിളിക്കാൻ ഒരു പുതിയ പേര് ഇംഗ്ലീഷിൽ കണ്ടുപിടിച്ചിരിക്കയാണ് അർബൻ ഡിക്ഷ്ണറി. കൊവിഡിയറ്റ് (Covidiot) എന്നതാണ് ആ പദം. ഈ മഹാമാരിയുടെ കാലഘട്ടത്തിൽ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുകയും ഒരു കുടുംബത്തിന് വേണ്ടതിലും കൂടുതൽ ആഹാരസാധനങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന ആളുകളെയാണ് കോവിഡിയറ്റ് എന്ന് വിളിക്കുന്നത്. മലയാളികളും കൊവിഡിയറ്റ് ആകുകയാണോ എന്ന് സംശയംജനിപ്പിക്കുന്ന തരത്തിലായിരുന്നു ഇന്ന് പല ന​ഗരങ്ങളിലും ചെറു പട്ടണങ്ങളിലും ​ഗ്രാമങ്ങളിലും ഉൾപ്പെടെയുള്ള കച്ചവട സ്ഥാപനങ്ങളിലെ തിരക്ക്.

ഒരു കൊവിഡിയറ്റിന് മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് യാതൊരു ചിന്തയുമുണ്ടാകില്ല. മാത്രമല്ല അവൾക്ക് / അവന് ആവശ്യമുള്ളതിലും കൂടുതൽ വാങ്ങി കൂട്ടുകയും ചെയ്യുന്നു. അർബൻ നിഘണ്ടുവിലെ നിർവചനം അനുസരിച്ച്, “ഈ ആളുകൾ സ്വാർത്ഥരും, അശ്രദ്ധമായി പൊതുജനത്തെ അപകടത്തിലാക്കുകയും ചെയ്യുന്നവരാണ്". ഇത് മാത്രവുമല്ല, ഈ വൈറസിന്റെ വ്യാപനം അവസാനിപ്പിക്കാൻ സാമൂഹിക അകലം പാലിക്കണമെന്ന് പറയുമ്പോഴും, അത് അനുസരിക്കാതെ കറങ്ങി നടക്കുന്നവരെയും ഒരു കൊവിഡിയറ്റ് ആയി കണക്കാക്കാം. ട്വിറ്ററിൽ ഈ പുതിയ പദം എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഒരു കൊവിഡിയറ്റായി മാറരുതെന്ന് ആളുകൾ ട്വിറ്ററിൽ അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ. കേരളത്തിൽ ലോക് ഡൗൺ പ്രഖ്യാപിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു ജനങ്ങൾക്ക് നൽകിയത്. എന്നാൽ, അതൊന്നും ചെവിക്കൊള്ളാതെയാണ് മലയാളികൾ സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ തുടങ്ങിയത്.

കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. 14 ജില്ലകളിലെ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ഏതു പ്രതികൂല സാഹചര്യത്തിലും ഭക്ഷ്യസാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തുന്നതിന് ആവശ്യമായ സംവിധനം ഒരുക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സംഘടനാ പ്രതിനിധികൾ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ട്.

വിഡിയോ കോൺഫറൻസിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, ഇ.ചന്ദ്രശേഖരൻ, പി.തിലോത്തമൻ എന്നിവരും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. സാമൂഹ്യപ്രതിബദ്ധതയോടെയാണ് വ്യാപാരി-വ്യവസായി സമൂഹം പ്രവർത്തിക്കുന്നത്. കരിഞ്ചന്തയും പൂഴ്‌ത്തിവയ്പും ഒഴിവാക്കി നിലവിലുള്ള സാഹചര്യം നിലനിർത്തണം. ജനങ്ങൾക്കു കടയിൽ വന്നു സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ട് നേരിടും. ഈ സാഹചര്യത്തിൽ വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കണം. ഓരോ പ്രദേശത്തും കച്ചവടക്കാർ കൂടി ഉൾകൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഇതിനുവേണ്ടി ഒരുക്കണം. ഓൺലൈൻ വഴിയോ വാട്സാപ് വഴിയോ വീട്ടുകാരുടെ ഓർഡർ സ്വീകരിക്കുകയും അതനുസരിച്ച് വീടുകളിൽ സാധനങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംവിധാനം ഉണ്ടാക്കണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം എന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ വാടകയ്ക്ക് കട നടത്തുന്നവരുടെ വാടക ഇളവിന്റെ കാര്യം ആലോചിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വ്യാപാരി സംഘടനകളുടെ കെട്ടിടങ്ങളാണെങ്കിൽ അതു സംഘടനകൾ പരിഗണിക്കണം. അരി, പയർവർഗങ്ങൾ, പഞ്ചസാര, ഉപ്പ് മുതലായ അവശ്യ വസ്തുക്കളുടെ വില നിയന്ത്രിച്ച് നിർത്തണം. മാസ്ക്, സാനിറ്റൈസർ എന്നിവയ്ക്ക് കേന്ദ്രസർക്കാർ വില നിശ്ചയിച്ചിട്ടുണ്ട്. അതിലധികരിക്കാൻ പാടില്ല.

അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് വ്യാപാരികൾ ഉറപ്പാക്കണം. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കുള്ളതു സ്റ്റോക്ക് ചെയ്യണം. നിർമ്മാണ പ്രവൃത്തികൾക്ക് ഒരു തടസ്സവും ഉണ്ടാകില്ല. എന്നാൽ പൊതുവായ ക്രമീകരണങ്ങൾ ഇതിനും ബാധകമായിരിക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നു ലോറി വരുന്നതിന് തടസ്സമുള്ള സാഹചര്യത്തിൽ കേരളത്തിൽ മറ്റാവശ്യങ്ങൾക്ക് ഓടുന്ന ലോറികൾ അവശ്യസാധനങ്ങൾ എത്തിക്കാൻ ഉപയോഗിക്കാവുന്നതാണ്. അതിന് സംഘടനകൾ മുൻകയ്യെയെടുക്കണമെന്നും യോ​ഗത്തിൽ നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP