Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം ലെ ഏത് ഭിന്നത മുതലെടുത്ത് ശക്തി വർദ്ധിപ്പിക്കാൻ ഉറച്ച് സിപിഐ; സിപിഎം അച്ചടക്കത്തിന്റെ പേരിൽ പുറത്തിറക്കായവരെ പോലും സിപിഐ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു: കാസർഗോഡ് കൂറുമാറി സിപിഐയിലേക്ക് എത്തുന്ന പാർട്ടിക്കാരുടെ എണ്ണം കൂടുന്നു

സിപിഎം ലെ ഏത് ഭിന്നത മുതലെടുത്ത് ശക്തി വർദ്ധിപ്പിക്കാൻ ഉറച്ച് സിപിഐ; സിപിഎം അച്ചടക്കത്തിന്റെ പേരിൽ പുറത്തിറക്കായവരെ പോലും സിപിഐ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു: കാസർഗോഡ് കൂറുമാറി സിപിഐയിലേക്ക് എത്തുന്ന പാർട്ടിക്കാരുടെ എണ്ണം കൂടുന്നു

രഞ്ജിത് ബാബു

കാസർഗോഡ്: സിപിഐ.(എം) ലെ ഏത് ഭിന്നതയും മുതലെടുത്ത് തങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് സിപിഐ. സിപിഐ.(എം) ൽ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരിൽ നടപടിക്ക് വിധേയരായവരെ പോലും പാർട്ടിയിൽ ചേർക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കയാണ് സിപിഐ. നേതാക്കൾ. അതുകൊണ്ടു തന്നെ ജില്ലയിൽ സിപിഐ.(എം) ൽ നിന്നും അഭിപ്രായ ഭിന്നതയുടെ പേരിലൊക്കെ സിപിഐ.യിലേക്ക് പ്രവർത്തകർ കൂറുമാറുന്നത് തുടരുകയാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം ബേഡകം ഏരിയായിൽ നിന്നും മുൻ കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു സിപിഐ.യിലേക്ക് ചേക്കേറുന്നതിന് തുടക്കം കുറിച്ചത്. അതിനെ തുടർന്ന് അടുത്ത കാലത്തായി പരപ്പ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ഇ.കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലും ഒരു കൂട്ടം പ്രവർത്തകർ സിപിഐ.യിൽ ചേർന്നിരുന്നു. തുടർന്ന് പനത്തടിയിലും ഇത് ആവർത്തിക്കുകയുണ്ടായി. ഇതിനൊക്കെ കാരണക്കാരൻ മന്ത്രി ഇ.ചന്ദ്രശേഖരനാണെന്നാണ് സി.,പി.ഐ.(എം). ആരോപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും സിപിഐ.(എം). കാർ സിപിഐ. നേതൃത്വവുമായി ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ പുറത്തായിരിക്കയാണ്.

സിപിഐ.(എം). ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്റെ ബ്രാഞ്ചിൽ നിന്നാണ് സിപിഐ.യോട് രണ്ട് നേതാക്കൾ കൂറു പ്രഖ്യാപിച്ചത്. രണ്ടു പേരും നേരത്തെ വി എസ്്.അനുഭാവികളായ ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ വോട്ടെടുപ്പിലൂടെ ഇ.കെ. സുനിൽ കുമാറും കല്ലുവള്ളി നാരായണനും പരാജയപ്പെട്ടു. ഇവർ ഉൾപ്പെടെ ആറു പേരാണ് കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ പുറത്തായത്. ഈ സംഭവം പ്രാദേശികമായി ഏറെ വിവാദങ്ങൾ കത്തി നിൽക്കുമ്പോഴാണ് സിപിഐ.നേതാവ് സത്യൻ മൊകേരിയുടെ നിലേശ്വരം സന്ദർശനം. സത്യൻ മൊകേരിക്കൊപ്പം ഇവർ സിപിഐ.(എം). ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്റെ സഹോദരി സരസ്വതിയുടെ വീട്ടിലെത്തി. സത്യൻ മൊകേരിയുടെ അടുത്ത സുഹൃത്താണ് സരസ്വതിയുടെ ഭർത്താവ് പരേതനായ ബാലൻ. ആ ബന്ധം വച്ചാണ് മൊകേരി നിലേശ്വരത്തെ വീട്ടിലെത്തിയത്.

എന്നാൽ ലോക്കൽ കമ്മിറ്റിയിൽ പരാജിതനായ സിപിഐ.(എം). പ്രാദേശിക നേതാക്കൾ സിപിഐ. നേതാവായ സത്യൻ മൊകേരിക്കൊപ്പം അദ്ദേഹം സന്ദർശിക്കുന്ന വീട്ടിലെത്തിയത് മുൻ ധാരണ പ്രകാരമാണെന്ന ആരോപണവും ഉയരുന്നുണ്ട്. സിപിഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലും ബങ്കളം പി.കുഞ്ഞികൃഷ്ണനും ഒപ്പമുണ്ടായിട്ടും ലോക്കൽ തെരഞ്ഞെടുപ്പിൽ പുറത്തായ സിപിഐ.( എം) പ്രാദേശിക നേതാക്കൾ എന്തിന് അവർക്കൊപ്പം കൂടി എന്നത് ചർച്ചാ വിഷയമായിരിക്കയാണ്.

സിപിഐ.യിൽ ചേരാനുള്ള നീക്കത്തിന്റെ ഭാഗമായാണോ ഇതെന്ന ആശങ്ക സിപിഐ. (എം) ൽ വളർന്നിട്ടുണ്ട്. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ നിന്നും അസംതൃപ്തരായ സിപിഐ.(എം) പ്രവർത്തകരെ തങ്ങളോടൊപ്പം നിർത്താനുള്ള ശ്രമവും സിപിഐ. തുടരുകയാണ്. സിപിഐ.(എം). കാർ കൂടു വിട്ട് സിപിഐ. യിൽ ചേർന്ന സ്ഥലങ്ങളിൽ ലോക്കൽ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റികളും സജീവമാവുകയാണ്. ഒരു ലോക്കൽ കമ്മിറ്റിയും രണ്ട് ബ്രാഞ്ച് കമ്മിറ്റിയും മാത്രമുള്ള കുറ്റിക്കോലിൽ ഇപ്പോൾ സിപിഐ. ക്ക് മൂന്ന് ലോക്കൽ കമ്മിറ്റികളും 20 ബ്രാഞ്ച് കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്.

പനത്തടിയിലും പരപ്പയിലുമെല്ലാം സിപിഐ. യുടെ അംഗബലം വർദ്ധിക്കുകയാണ്. മന്ത്രി ചന്ദ്രശേഖരൻ അദ്ദേഹത്തിന്റെ സ്വാധീനമുപയോഗിച്ച് ജില്ലയിലെ ചില കേന്ദ്രങ്ങളിൽ സിപിഐ.(എം). കാരെ വരുതിയിലാക്കുന്നുവെന്ന ആരോപണങ്ങൾക്ക് തടയിടാനാണ് സത്യൻ മൊകേരിയെപ്പോലുള്ള നേതാക്കളെ ഇറക്കി അണികളെ പിടിക്കുന്നതെന്നാണ് സിപിഐ. ക്കെതിരെയുള്ള പ്രചാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP