Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഐയെ പുറത്താക്കി പരിവാറുകാരനെ എടുത്ത് പിണറായി സർക്കാർ; ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് എ ഐ ടി യു സി പ്രതിനിധിയെ ഒഴിവാക്കിയത് ബി എം എസ് നേതാവിന് വേണ്ടി; മന്ത്രി ടി.പി രാമകൃഷ്ണനും എളമരം കരീമും ഒത്തുകളിച്ചെന്ന് ആരോപണം

സിപിഐയെ പുറത്താക്കി പരിവാറുകാരനെ എടുത്ത് പിണറായി സർക്കാർ; ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡിൽ നിന്ന് എ ഐ ടി യു സി പ്രതിനിധിയെ ഒഴിവാക്കിയത് ബി എം എസ് നേതാവിന് വേണ്ടി; മന്ത്രി ടി.പി രാമകൃഷ്ണനും എളമരം കരീമും ഒത്തുകളിച്ചെന്ന് ആരോപണം

കെ വി നിരഞ്ജൻ

കോഴിക്കോട്: സി പി എമ്മും സിപിഐയും ഒരു മുന്നണിയിൽ ഒരുമിച്ച് നീങ്ങുന്ന പാർട്ടികളാവാം. എ ഐ ടി യു സിയും സി ഐ ടിയുവും പരസ്പരം കൈകോർത്ത് പോവുന്ന ഇടത് തൊഴിലാളി സംഘടനകളും. എന്നാൽ ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ എ ഐ ടി യു സി പ്രതിനിധിയെ ഒഴിവാക്കി പകരം ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബി എം എസ് നേതാവിനെ കമ്മിറ്റിയിലെടുത്ത് സി പി എം മന്ത്രി ടി.പി രാമകൃഷ്ണനും, സി ഐ ടി യു നേതാവ് എളമരം കരീമും ഇടത്- തൊഴിലാളി സ്നേഹം കാത്തുസൂക്ഷിച്ചു. ഇതോടെ കോഴിക്കോട്ട് ആരംഭിച്ച എ ഐ ടി യു സി- സി ഐ ടി യു പോര് സംസ്ഥാന തലത്തിലേക്കും വ്യാപിക്കുന്നു.

കഴിഞ്ഞ മുപ്പത് വർഷമായി ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പ്രാതിനിധ്യമുണ്ടായിരുന്ന എ ഐ ടി യു സിയെ പുനഃസംഘടനയുടെ പേരിലാണ് സി പി എം നേതാക്കൾ വെട്ടിയത്. പകരം തൊഴിൽ വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ബി എം എസ് പ്രതിനിധിയെ ഉൾപ്പെടുത്തി. ഇരുന്നൂറിൽ പരം അംഗങ്ങളുള്ള എ ഐ ടി യു സിയെ ഒഴിവാക്കി ചരിത്രത്തിൽ ആദ്യമായി ബി എം എസ് പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടി ഞെട്ടിച്ചുവെന്നാണ് സിപിഐഫ എ ഐ ടി യു സി നേതാക്കൾ വ്യക്തമാക്കുന്നത്. വെറും മുപ്പതിൽ താഴെ അംഗങ്ങൾ മാത്രമാണ് ബി എം എസിനുള്ളത്. എന്ത് സാഹചര്യത്തിലാണ് ഇടതുപക്ഷ പ്രതിനിധിയെ വെട്ടി ആർഎസ്എസ് നേതാവിനെ സി പി എം- സി ഐ ടി യു നേതാക്കൾ ചേർന്ന് ബോർഡിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രിയും കരീമും വ്യക്തമാക്കണമെന്നും എ ഐ ടി യു സി നേതാക്കൾ പറയുന്നു.

1987 ലാണ് ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് രൂപീകരിക്കപ്പെട്ടത്. അന്ന് മുതൽ കോഴിക്കോട് ജില്ലാ ക്ഷേമ ബോർഡിൽ എ ഐ ടി യു സി പ്രതിനിധി ഉണ്ടായിരുന്നു. ഇതാണ് പരസ്പര ധാരണയുടെ ഭാഗമായി മന്ത്രിയും നേതാക്കളും ചേർന്ന് വെട്ടിമാറ്റിയതെന്ന് എ ഐ ടി യു സി നേതാക്കൾ പറയുന്നു. സംഭവത്തിലുള്ള പ്രതിഷേധം എൽ ഡി എഫിന് മുന്നിലെത്തിക്കാനാണ് സിപിഐ തീരുമാനം. ബി എം എസിന് വേണ്ടി വിടുപണി ചെയ്തത് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനും എളമരം കരീമുമാണെന്നാണ് സിപിഐ- എ ഐ ടി യു സി നേതാക്കൾ പറയുന്നത്. മുന്നണി മര്യാദ ലംഘിച്ച് വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുകയാണ് മന്ത്രി ചെയ്തതെന്നും ഇവർ ആരോപിക്കുന്നു.

എളമരം കരീമിന്റെ തനി നിറമാണ് സംഭവത്തിലൂടെ പുറത്ത് വന്നതെന്നാണ് എ ഐ ടി യു സി നേതാക്കൾ പറയുന്നത്. കരീമിന്റെ ഇടത് - തൊഴിലാളി സ്നേഹമെല്ലാം കാപട്യമാണെന്നും പണം മാത്രമാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഇവർ വ്യക്തമാക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എ ഐ ടി യു സി ക്ഷേമനിധി ഓഫീസ് മാർച്ച് ഉൾപ്പെടെ നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. വിശാലമായ കമ്മ്യൂണിസ്റ്റ് ബോധമില്ലാത്തവരാണ് സി പി എമ്മിലെ കൊമ്പന്മാരെന്ന് ടി വി ബാലൻ ആരോപിച്ചു. എ ഐ ടി യു സി പ്രവർത്തകരുടെ കൂടി അധ്വാനത്തിന്റെ ഫലമായാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ അധികാരം കിട്ടിയപ്പോൾ എ ഐ ടി യു സിയെ തട്ടിക്കളയാനുള്ള ശ്രമം ആർക്കും നല്ലതല്ല. സിപിഐയില്ലാതെ സി പി എമ്മിന് ഭരിക്കാനാവില്ലെന്ന് ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എ ഐ ടി യു സി പ്രതിനിധിയെ ക്ഷേമബോർഡ് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ല. സംഭവിച്ച തെറ്റ് അടിയന്തിരമായി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് നടന്ന എൽ ഡി എഫ് സർക്കാറിന്റെ വാർഷികാഘോഷ പരിപാടിയുടെ സ്വാഗതസംഘം രൂപകരണത്തിൽ അവഗണിച്ചെന്നാരോപിച്ച് സിപിഐ കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോക്ക് വരെ നടത്തിയിരുന്നു. ഇതോടെ ശക്തമായ എതിർപ്പുകൾ ഇരുപാർട്ടികളുടെയും നേതൃത്വം ഒരുമിച്ച് ചർച്ച നടത്തിയാണ് പരിഹരിച്ചത്. ഇതിന് ശേഷം കോഴിക്കോട് സി പി എംഫ സിപിഐ പോര് വീണ്ടും ശക്തമായിരിക്കുകയാണ്. ജില്ലയിൽ സിപിഐ നേതൃത്വത്തെ സി പി എം നിരന്തരം അവഗണിക്കുകയാണെന്ന ആക്ഷേപം സിപിഐയ്ക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP