Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈയിൽ 25,000 രൂപയുടെ ആപ്പിൾവാച്ചും പോക്കറ്റിൽ 30,000ന്റെ പേനയും; ആഡംബര ജീവിതം ചോദ്യം ചെയ്ത പാർട്ടി അനുഭാവിയുടെ ജോലിയും തെറിപ്പിച്ചു; പാവപ്പെട്ടവന്റെ പാർട്ടിയെ നാണക്കേടിലാക്കിയ ഋതബ്രത എംപിക്കു സസ്‌പെൻഷൻ; പാർട്ടി നേതാക്കൾ ലളിതജീവിതം നയിച്ചു മാതൃക നല്കണമെന്ന് ബംഗാൾ സി.പി.എം

കൈയിൽ 25,000 രൂപയുടെ ആപ്പിൾവാച്ചും പോക്കറ്റിൽ 30,000ന്റെ പേനയും; ആഡംബര ജീവിതം ചോദ്യം ചെയ്ത പാർട്ടി അനുഭാവിയുടെ ജോലിയും തെറിപ്പിച്ചു; പാവപ്പെട്ടവന്റെ പാർട്ടിയെ നാണക്കേടിലാക്കിയ ഋതബ്രത എംപിക്കു സസ്‌പെൻഷൻ; പാർട്ടി നേതാക്കൾ ലളിതജീവിതം നയിച്ചു മാതൃക നല്കണമെന്ന് ബംഗാൾ സി.പി.എം

കോൽക്കത്ത: ജീവിതശൈലിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചയാൾക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ട സിപിഎമ്മിന്റെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗം ഋതബ്രത ബാനർജിയെ മൂന്നു മാസത്തേക്ക് പാർട്ടി സസ്‌പെൻഡ് ചെയ്തു. ആഡംബര ജീവിതം നയിക്കുന്നുവെന്നുള്ള ആരോപണത്തിനു പുറമേ പാർട്ടി അംഗത്തിനെതിരേ നടപടി എടുക്കാൻ തൊഴിലുടമയോട് ആവശ്യപ്പെട്ടതുമാണ് ഋതബ്രതയ്ക്കു വിനയായത്. സംഭവത്തിൽ ബംഗാളിലെ സി.പി.എം സംസ്ഥാന സമിതി ഋതബ്രതയെ പരസ്യമായ ശാസിച്ചിരുന്നു. ഇതിനു പിന്നാലെ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് എംപിയെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

പാവപ്പെട്ടവന്റെ പാർട്ടിയെന്ന വിശേഷണം പേറുന്ന സിപിഎമ്മിന്റെ രാജ്യസഭാംഗമായ ഋതബ്രത ആഡംബര ജീവിതം നയിക്കുന്നുവെന്നാണ് ആരോപണം. എസ്എഫ്‌ഐയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയാണ് ഋതബ്രത. ആപ്പിൾ കമ്പനിയുടെ സ്മാർട്ട് വാച്ചും മോണ്ട് ബ്ലാങ്കിന്റെ പേനയും ധരിച്ച് അദ്ദേഹം ഇരിക്കുന്ന ചിത്രം സുമിത താലൂക്ദാർ എന്ന പാർട്ടി അനുഭാവിയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. സി.പി.എം എംപി ധരിച്ച വാച്ചിന് ഇന്ത്യയിൽ 25,000 രൂപയും പേനയ്ക്ക് 30,000 രൂപയും വിലയുണ്ടെന്നും ആരോപിക്കപ്പെട്ടു.

എങ്ങിനെയാണ് ഇത്രയും ആഡംബര വസ്തുക്കൾ സ്വന്തമാക്കിയതെന്നും കേവലം ആറായിരം രൂപയാണ് പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകൻ എന്ന നിലയ്ക്ക് താങ്കളുടെ വരുമാനമെന്നും താലൂക്ദാർ പോസ്റ്റിലൂടെ ഓർമിപ്പിച്ചിരുന്നു. അതു കൊണ്ട് ഇത് വാങ്ങാനാകുമോ എന്നും കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പാലിക്കേണ്ട മര്യാദ ഇതാണോ എന്നും ചോദ്യമുന്നയിച്ചു. ഈ പോസ്റ്റ് വൈറലായതോടെ ഋതബ്രത ബാനർജി രോഷാകുലനായി ഈ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കത്തയച്ച് ജോലി തെറിപ്പിച്ചെന്നാണ് ആരോപണം.

ഋതബ്രത കമ്പനിയിലേക്കയച്ച മെയിൽ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. പാർലമെന്റ് അംഗമായ തനിക്കെതിരേ നിങ്ങളുടെ ജോലിക്കാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയെന്നും അതിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകാൻ പോവുകയാണെന്നും ഔദ്യോഗിക ലെറ്റർപാഡിൽ കത്ത് അയക്കുന്നുമുണ്ടെന്നും ഇ-മെയിലിൽ പറയുന്നു. അതോടെ ജീവനക്കാരനോട് ജോലിയിൽ നിന്ന് പുറത്തുപോകാൻ ബംഗളുരു ആസ്ഥാനമായ സ്റ്റാർട് അപ് ആവശ്യപ്പെട്ടു. മാറ്റിനിർത്താൻ നടപടിയുണ്ടായില്ലെങ്കിൽ കമ്പനിക്കെതിരെയും കേസ് നൽകുമെന്ന ഭീഷണി സ്വരമായിരുന്നു ഋതബ്രത കമ്പനിക്കയച്ച മെയിലിലുണ്ടായിരുന്നത്. പാർലമെന്റ് അംഗവുമായി ഏറ്റുമുട്ടാൻ മാത്രം കരുത്തില്ലാത്ത കമ്പനി സുമതിനെ ജോലിയിൽ നിന്ന് നീക്കുകയായിരുന്നുവെന്നാണ് സൂചന.

തൊഴിലാളി പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഋതബ്രത ബാനർജിയുടെ നടപടി അതിരുകടന്നെന്നും അദ്ദേഹത്തിനെതിരേ നടപടി വേണമെന്നും ഡൽഹിയിൽ ചേർന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ അഭിപ്രായമുയർന്നു. എംപിക്കെതിരേ തിരുത്തൽ നടപടി എടുക്കണമെന്ന് പബി ബംഗാൾ ഘടകത്തിനു നിർദ്ദേശം നല്കി. ജനറൽ സെക്രട്ടറി യെച്ചൂരി അടക്കമുള്ള നേതാക്കൾ ഋതബ്രതയ്‌ക്കെതിരേ നടപടി ഉണ്ടാകുമെന്ന സൂചന നല്കിയിരുന്നു.

ബംഗാളിലെ നേതാക്കളുടെ ആഡംബര ജീവിതവും ജനങ്ങളിൽ നിന്നുള്ള അകൽച്ചയുമാണ് സംസ്ഥാനത്ത് പാർട്ടിയുടെ തകർച്ചയ്ക്കു കാരണമായതെന്ന് സി.പി.എം പലതവണ വിലയിരുത്തിയതാണ്. കഴിഞ്ഞ കൊൽക്കത്ത പ്ലീനത്തിലും ഇക്കാര്യം ചർച്ചയായിരുന്നു.
എന്നിട്ടും നേതാക്കൾ ആഡംബര ജീവിതം ഒഴിവാക്കുന്നില്ലെന്നത് തിരിച്ചടിയിൽനിന്നു പാഠം പഠിച്ചില്ലെന്നതിന്റെ സൂചനയായി കാണണമെന്നും പാർട്ടി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എംപിയെ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

ഋതബ്രതയുടെ ജീവിത ശൈലികൾ ഇടത് ആശയത്തിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടി അംഗങ്ങൾ ലളിത ജീവിതം പിന്തുടരണമെന്ന നയത്തിന് വിരുദ്ധമാണ് റിതബ്രതയുടെ ശൈലികളെന്ന് പാർട്ടി വിലയിരുത്തി. ബംഗാൾ സംസ്ഥാന സെക്രട്ടറിയും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവുമായ സൂര്യകാന്ത് മിശ്രയാണ് നടപടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ അറിയിച്ചത് എന്നാണ് വിവരം. സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ, പാർട്ടി നടപടിയെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ഋതബ്രതയുടെ പ്രതികരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP