Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെങ്ങന്നൂരിലെ ആ വിമുക്തഭടന്റെ ദുരനുഭവം സത്യം തന്നെ! പട്ടാപ്പകൽ പച്ചക്കറിക്കട സിപിഎം പ്രവർത്തകർ കൊള്ളയടിച്ചു; ആദ്യം ചാക്കുമായി എത്തിയ സംഘം ചേന പണം നൽകാതെ എടുത്തുകൊണ്ടുപോയി; വൈകീട്ട് സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ എത്തിയ സംഘം ചാക്കുമായെത്തി പച്ചക്കറിയും 19,000 രൂപയും കൊള്ളയടിച്ചു;സഖാക്കളെ പേടിച്ച് നടപടി എടുക്കാതെ പൊലീസും; ശശികുമാർ എന്ന വ്യാപാരിയുടെ ദുരവസ്ഥ പറഞ്ഞ് കോളേജ് മുൻ പ്രൊഫസർ

ചെങ്ങന്നൂരിലെ ആ വിമുക്തഭടന്റെ ദുരനുഭവം സത്യം തന്നെ! പട്ടാപ്പകൽ പച്ചക്കറിക്കട സിപിഎം പ്രവർത്തകർ കൊള്ളയടിച്ചു; ആദ്യം ചാക്കുമായി എത്തിയ സംഘം ചേന പണം നൽകാതെ എടുത്തുകൊണ്ടുപോയി; വൈകീട്ട് സിപിഎം കൗൺസിലറുടെ നേതൃത്വത്തിൽ എത്തിയ സംഘം ചാക്കുമായെത്തി പച്ചക്കറിയും 19,000 രൂപയും കൊള്ളയടിച്ചു;സഖാക്കളെ പേടിച്ച് നടപടി എടുക്കാതെ പൊലീസും; ശശികുമാർ എന്ന വ്യാപാരിയുടെ ദുരവസ്ഥ പറഞ്ഞ് കോളേജ് മുൻ പ്രൊഫസർ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: സംസ്ഥാനത്ത് പ്രളയം കാര്യമായി ബാധിച്ച സ്ഥലങ്ങളിൽ ഒന്നാണ് ചെങ്ങന്നൂർ. പ്രളയം ബാധിച്ച് വൻകെടുതി സംഭവിച്ച ഈ നാട്ടിൽ ശരിക്കും നടന്നത് എന്താണ്? പട്ടാപ്പകൽ പോലും ഉത്തരവാദിത്തപ്പെട്ടവർ കൊള്ളയടിക്കുന്ന അവസ്ഥ നാട്ടിൽ ഉണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. ഭരണപ്പാർട്ടിയുടെ പിണിയാളായി നടന്ന് കൊള്ളയടിക്കുന്ന അവസ്ഥ ചെങ്ങന്നൂരിൽ സാധാരണമാണെന്ന് വ്യക്തമാക്കുന്ന സംഭവമാണ് പുറത്തുവന്നത്. ഒരാഴ്‌ച്ചയായി സൈബർ ലോകത്ത് പ്രചരിക്കുന്ന ഒരു വീഡിയോയിൽ ശശികുമാർ എന്ന വ്യാപാരി തന്റെ സ്ഥാപനം കൊള്ളയടിക്കപ്പെട്ട സംഭവം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഈ വീഡിയോ കണ്ട് എന്താണ് വാസ്തവം എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുകയുണ്ടായി.

പ്രളയക്കെടുതിക്കിടെയാണ് ക്യാമ്പിലേക്കെന്ന് പറഞ്ഞെത്തിയ സിപിഎം പ്രവർത്തകർ പച്ചക്കറി പണം നൽകാതെ ആദ്യം എടുത്തുകൊണ്ടു പോയത്. പിന്നാലെ കൗൺസിലർ അടക്കമുള്ള സംഘമെത്തി ചാക്കുകളിലാക്കി സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തുവെന്നാണ് ശശികുമാർ വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പരാതി പറയാൻ ക്യാമ്പിൽ എത്തിയപ്പോൾ അവിടെ വെച്ച് തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നും വിമുക്തഭടൻ കൂടിയായ ശശികുമാർ വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. മുൻസിപ്പൽ ചെയർമാന്റെയും പൊലീസിന്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്നാണ് വ്യാപാരി പറയുന്നത്.

ഇത് തന്റെ മാത്രം അവസ്ഥയല്ലെന്നും ചെങ്ങന്നൂരിൽ ഒരുപാട് വീടുകൾ സമാനമായ വിധത്തിൽ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്നും ശശകുമാർ വ്യക്തമാക്കുന്നു. താനടക്കമുള്ളവർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. ലോഡ് കണക്കിന് സാധനങ്ങൾ ദിവസവും ചെങ്ങന്നൂരിൽ എത്തിക്കാറുണ്ടെങ്കിലും അതൊന്നും വേണ്ടപ്പെട്ടവരിലേക്ക് എത്തുന്നില്ല. മുൻ ബിസ്‌ക്കറ്റ് കമ്പനിയുടെ ഡീലർ കൂടിയായ സിപിഎം നേതാവ് സാധനങ്ങൾ തരപ്പെടുത്തി മറിച്ചു വിൽക്കുന്നു എന്ന ആക്ഷേപവും വ്യാപാരി ഉന്നയിച്ചിരുന്നു. പ്രളയത്തിന്റെ മറവിൽ സിപിഎമ്മുകാർ കാശുണ്ടാക്കാൻ ഇറങ്ങിയിരിക്കയാണെന്നുമായിരുന്നു ആരോപണം.

ഈ തുറന്നു പറച്ചിലിന്റെ പേരിൽ തനിക്ക് നാളെ കച്ചവടം ചെയ്യാൻ സാധിക്കുമോ എന്ന കാര്യം അറിയില്ല. താൻ പറയുന്നത് കേട്ട് തന്റെ കട പൊളിച്ചു കൊണ്ടു പോകാൻ പോലും സാധ്യതയുണ്ട്. എങ്കിലും താൻ സത്യംപറഞ്ഞതു കൊണ്ട് കച്ചവടം തുടരാൻ സാധിക്കാത്ത അവസ്ഥയുണ്ടെങ്കിൽ അങ്ങനെ ആകട്ടെയെന്നും ശശികുമാർ വീഡിയോയിൽ പറയുന്നു. ഈ പ്രളയത്തിന്റെ പേരു പറഞ്ഞ നിങ്ങൾ ആരെയാണ് നന്നാക്കാൻ നോക്കുന്നത്? കാക്കത്തൊള്ളായിരം ഓഫീസർമാർ ഉണ്ടായിട്ടും സിപിഎം നേതാക്കളെ ഭയന്ന നടപടി എടുക്കാൻ ഭയക്കുകയാണെന്നും ശശികുമാർ ആരോപിച്ചു.

ശശികുമാർ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണോ ഇങ്ങനെയൊക്കെ കേരളീയർ ചെയ്യുമോ എന്നു പോലും സംശയം പ്രകടിപ്പിച്ച് പലരും രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സംഭവത്തിന്റെ വാസ്തവം തേടി കോതമംഗലം മാർ അത്തനാസിയോസ് കോളേജിലെ മുൻ പ്രൊഫസർ പോൾ മാത്യു രംഗത്തിറങ്ങിയത്. അദ്ദേഹം നടത്തിയ അന്വേഷണത്തിൽ സംഭവം സത്യമാണെന്നും ഉത്രാട ദിനത്തിൽ സിപിഎം പ്രവർത്തകർ പച്ചക്കറിക്കട കൊള്ളയടിച്ചത് സത്യമാണെന്നും ബോധ്യമായി അദ്ദേഹം ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയതു. പോൾമാത്യുവും സംഘവും നടത്തിയ അന്വേഷണത്തിൽ സമാനമായി നിരവധി പച്ചക്കറി സ്റ്റാളുകൾ ചെങ്ങന്നൂരിൽ കൊള്ളയടിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. രാജശേഖരക്കുറിപ്പ് എന്നയാളുടെ പച്ചക്കറികടയിലാണ് മോഷണം നടന്നത്. ഒരു സംഘം ആളുകൾ സ്റ്റാൾ കുത്തിത്തുറന്ന് സാധനങ്ങളുമായി കടക്കുടയായിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദഹംപോസ്റ്റു ചെയ്തിട്ടുണ്ട്.

ശശികുമാറിന്റെ കാര്യം വീശദീകരിച്ചു കൊണ്ട് പോൾമാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ചെങ്ങന്നൂരിൽ പ്രളയ ദുരന്തം മറയാക്കി തന്റെ പച്ചക്കറിക്കട പട്ടാപ്പകൽ കൊള്ളയടിച്ചു എന്ന് ശശികുമാർ എന്ന വ്യക്തി വീഡിയോ ഇട്ടിരുന്നത് പലരും ശ്രദ്ധിച്ചിരുന്നല്ലോ. എന്റെ അടുത്ത സുഹ്രുത്തുക്കളായ ഇടതുപക്ഷ അനുയായികളുൾപ്പെടെ പലരും 'ഇത് വാസ്തവമാകാൻ ഇടയുണ്ടോ?' എന്ന് സംശയം പ്രകടിപ്പിക്കുകയും മറ്റു ചിലർ 'അയാളുടെ സംസാര രീതിയും ബോഡി ലാംഗ്വെജും കണ്ടാൽ പറയുന്നത് സത്യമാണെന്നേ തോന്നൂ' എന്നും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വാർത്ത സത്യമെങ്കിൽ അത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥയുടെ അതി ദാരുണമായ ഒരു നേർച്ചിത്രമാകും എന്നതുകൊണ്ട് സുഹ്രുത്തുക്കളുടെ നിർദ്ദേശപ്രകാരം ഞങ്ങൾ മൂന്നുപേർ - അഭിലാഷ് ശ്രീധരൻ, ജിതിൻ മോഹൻ ദാസ്, ഞാൻ - മിനിയാന്ന് ഞായറാഴ്‌ച്ച ചെങ്ങന്നൂർ ചെന്ന് ശശിയോടും കുടുംബാംഗങ്ങളോടും അടുത്ത് താമസിക്കുന്നവരോടും സംസാരിച്ചു. ഇതിനേക്കാൾ ദയനീയമായി കൊള്ളയടിക്കപ്പെട്ട് ആത്മഹത്യയുടെ മുനമ്പിലെത്തി നിൽക്കുന്ന രാജൻ (രാജശേഖരക്കുറുപ്പ്, ശ്രീനന്ദനം, ബുധനൂർ, കോടഞ്ചിറ പഞ്ചായത്ത്) എന്ന കടയുടമയേയും സന്ദർശ്ശിച്ച് വിവരങ്ങൾ ക്രുത്യമായി ശേഖരിച്ചു. ( മൂന്നാമത് ഒരു കടകൂടി കൊള്ളചെയ്യപ്പെട്ടു എന്ന് അറിഞ്ഞെങ്കിലും - പഴയാറ്റിലമ്പലം കഴിഞ്ഞ് സൺ ഡേ സ്‌കൂളിനടുത്ത് തൈത്തറയിൽ രാജു എന്നയാളുടെ കട - അവിടെ ജലനിരപ്പ് താഴ്ന്നിട്ടില്ല എന്ന് കേട്ടതുകൊണ്ട് അങ്ങോട്ട് പോയില്ല.)

ഞങ്ങൾ മനസ്സിലാക്കിയത്. ശ്രീ. ശശികുമാർ ഒരു മുൻ സൈനികനാണ്. സൈനിക സേവനത്തിനിടയ്ക്ക് ഇദ്ദേഹത്തിന് ഒരു തവണ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ല. പഞ്ചായത്ത് റെക്കമെൻഡ് ചെയ്ത് അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ശശിക്ക് പരിസ്ഥിതി പ്രവർത്തനത്തിനുള്ള 'വന മിത്ര' 'പ്രകൃതി മിത്ര' എന്നീ അവർഡുകൾ ലഭിച്ചിട്ടുണ്ട്. സമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി വ്യാജമദ്യ വിൽപ്പനയ്ക്കും മയക്കുമരുന്ന് വിൽപ്പനയ്ക്കും എതിരെ നിലപാടുകളെടുക്കുകയും പരാതി അയയ്ക്കുകയും ചെയ്തതുമുതൽ നാട്ടിലെ ചുരുക്കം ചില രാഷ്ട്രീയക്കാരുടെ നീരസത്തിന് പാത്രമായിട്ടുമുണ്ട്. കൂടാതെ വഴിയോര കച്ചവടക്കാരുടെ ഒരു സംഘടനയിൽ അംഗമാകണം എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ പാർട്ടി സമ്മർദ്ദം ചെലുത്തിയെങ്കിലും ശശികുമാർ അതിന് തയ്യാറായില്ല. ഇതും രാഷ്ട്രീയക്കാരുടെ വൈരാഗ്യത്തിന് കാരണമായി. ഒരു പെട്ടി ഓട്ടോ റിക്ഷയും ഒരു മഹീന്ദ്ര റോഡ് കിങ്ങും ശശികുമാറിന് സ്വന്തമായി ഉണ്ട്.

തമിഴ് നാട്ടിൽ നിന്ന് മഹീന്ദ്ര റോഡ് കിങ്ങിൽ സവാളയുൾപ്പെടെയുള്ള പച്ചക്കറി പലചരക്ക് സാധനങ്ങൾ ഹോൾ സെയിൽ വാങ്ങി നാട്ടിലെത്തിച്ച് റീട്ടെയിൽ കടക്കാർക്ക് നൽകുകയും കുറേ സാധനങ്ങൾ വഴിയോര കച്ചവടമായി പടുത കെട്ടിയ ഓട്ടോറിക്ഷയിൽ കൊണ്ടു നടന്ന് വിൽക്കുകയുമാണ് ശശികുമാറിന്റെ പതിവ്. ഈ വാഹനങ്ങൾ ഇയാളുടെ താമസ സ്ഥലത്ത് വരെ കൊണ്ടുവരാവുന്ന രീതിയിൽ ഇയാളുടെ വീടിന് മുന്നിലൂടെ പന്ത്രണ്ട് അടി വീതിയിൽ പഞ്ചായത്ത് റോഡ് ഉണ്ടായിരുന്നു. ഒന്നു രണ്ടു മാസം മുൻപ് ഇയാളുടെ വീടിന് എതിർ വശം താമസിക്കുന്ന ഗൾഫുകാരൻ ഈ റോഡിന്റെ വീതി അഞ്ചടിയായി കുറച്ച് റോഡിലേക്കിറക്കി വച്ച് അയാളുടെ ചുറ്റുമതിൽ കെട്ടി.

ശശികുമാർ വഴിയോര കച്ചവടത്തിന് പോയിരുന്ന സമയം നോക്കിയാണ് മതിൽ കെട്ടൽ നടന്നത്. (മതിലിന്റെ ഫോട്ടോ താഴെ കമന്റിൽ.) ഇദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും മതിൽ കെട്ടുന്നതിന് തടസ്സം പറഞ്ഞു. അവരെ അയൽക്കാരനും പണിക്കാരായി കൊണ്ടുവന്ന ഗുണ്ടകളും ചേർന്ന് മർദ്ദിച്ചു. ചുറ്റിക കൊണ്ട് ചെവിക്കടിയേറ്റ മകന്റെ ചെവി മുറിഞ്ഞ് തൂങ്ങി. അവർ ദൂരെയായിരുന്ന ശശികുമാറിനെ ഫോൺ ചെയ്തു. ശശി പൊലീസിനെ ഫോണിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയില്ല. പത്തുമിനിറ്റ് കഴിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നറിഞ്ഞ ശശികുമാർ മൊബയിലിൽ 'സിറ്റിസൺ സേഫ്റ്റി' എന്ന ആപ് ഉപയോഗിച്ച് പൊലീസിന്റെ ഏതോ ഒരു സംവിധാനത്തിൽ വീണ്ടും വിവരമറിയിച്ചു. എന്നിട്ട് വീട്ടിലേക്ക് ചെന്നു. അപ്പൊഴേക്കും പൊലീസ് എത്തിയിട്ടുണ്ടായിരുന്നു. ഒന്നു രണ്ടുപേരെ ജീപ്പ്പിൽ കയറ്റി കൊണ്ടുപോയെങ്കിലും പൊലീസിന്റെ നിലപാട് റോഡ് കയ്യേറ്റക്കാരന് അനുകൂലമായിരുന്നു. 12 അടി പഞ്ചായത്ത് റോഡിന്റെ വീതി അഞ്ചടിയായി കുറച്ച് മതിൽ കെട്ടിത്തീർത്തു. (ഇടയ്ക്ക് പറയട്ടെ,, അടുത്തിയിടെ ഒരു മുറി വാടകയ്‌ക്കെടുത്ത് ശശികുമാർ അവിടെ കച്ചവടം തുടങ്ങിയിരുന്നു - ഐ.റ്റി.ഐ ജങ്ങ്ഷന് അടുത്ത് ബിവറെജസിന് 50 മീറ്റർ അകലെയാണ് കട.) രണ്ടു ദിവസം കഴിഞ്ഞ് കച്ചവടം ചെയ്തുകൊണ്ടിരുന്ന ശശികുമാറിനെ പൊലീസുകാർ സ്റ്റേഷനിൽ വിളിച്ചുകൊണ്ടു പോയി. ശശികുമാർ പറയുന്നത് ശരിയാണെങ്കിൽ 'ഞങ്ങൾ സ്ഥലത്തുവന്നില്ലെന്ന് പറഞ്ഞ് നീ മുകളിൽ പരാതി കൊടുക്കും അല്ലേടാ?' എന്ന് ചോദിച്ച് പൊലീസ് ശശികുമാറിനെ മർദ്ദിച്ചു. 'എന്നെ അകാരണമായി മർദ്ദിക്കരുത്, ഇന്ത്യയുടെ അതിർത്തി കാത്ത സൈനികനാണ് ഞാൻ' എന്ന രീതിയിൽ ശശി മറുപടി പറഞ്ഞത് പൊലീസിനെ വീണ്ടും ചൊടിപ്പിച്ചു. മൊബയിലിൽ പോലും ആരെയും ബന്ധപ്പെടാൻ അനുവദിക്കാതെ രണ്ടു ദിവസം സ്റ്റേഷനിലിട്ടിട്ട് മൂന്നാം ദിവസം 'പൊലീസ് സ്റ്റേഷനിൽ കയറി പൊലീസിനെ മർദ്ദിച്ചു' എന്ന് കേസ് ചാർജ്ജ് ചെയ്ത് കോടതി 21 ദിവസം റിമാൻഡ് ചെയ്തു. പുറത്തുവന്നിട്ട് ഒന്നു രണ്ടാഴ്‌ച്ചയേ ആയുള്ളു. (തന്നെ റിമാൻഡ് ചെയ്ത ജഡ്ജി റിമാൻഡിന് മുൻപും അതിന് ശേഷവും തന്റെ കടയിൽ നിന്നാണ് സാധനങ്ങൾ വാങ്ങാറ് എന്ന് ശശികുമാർ പറയുന്നു. )

പമ്പ കവിഞ്ഞ് വെള്ളം കയറിയ രാത്രി മുതൽ തുടർച്ചയായി മൂന്നുദിവസം റ്റൗണിന്റെ പലഭാഗത്തുനിന്നും സുഹ്രുത്തുക്കൾ ഫോണിൽ വിളിച്ച് ശശിയോട് വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരേക്കുറിച്ച് വിവരം നൽകി. ശശിയും ചങ്ങാതിമാരും രാത്രിയും പകലും വ്യത്യാസമില്ലാതെ റോഡ് കിങ്ങിൽ കഴിയുന്നത്ര പേരെ വീടുകളിൽ നിന്ന് രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു. വലിയ റ്റയറുകളുള്ളതുകൊണ്ട് വെള്ളം ഉയർന്നെങ്കിലും റോഡ് കിങ്ങിന് പല ഇടങ്ങളിലും വെള്ളം കയറിയ റോഡുകളിലൂടെ പോയി ആളുകളെ രക്ഷിക്കാൻ കഴിഞ്ഞു. റോഡ് കിങ് പോകാൻ സാധ്യമല്ലാത്ത ലെവലിലേക്ക് വെള്ളം ഉയർന്നപ്പോൾ പരിചയക്കാരന്റെ റ്റിപ്പർ കടം വാങ്ങി രക്ഷാപ്രവർത്തനം തുടർന്നു. അപ്പോഴേക്കും റ്റിപ്പറും ഓടാത്തത്ര വെള്ളം ഉയർന്നു. പിന്നെ ബോട്ടുകൾ വന്നു.

ഉത്രാടത്തിന്റെ തലേന്ന് (ഓഗസ്റ്റ് 23) ശശിയും സഹായിയായ പയ്യനും കൂടി കട തുറന്നു. രവിലെ 10 മണിയോടെ ഒരാൾ വന്ന് 10 കിലോ ചേന വാങ്ങി. പണം നൽകാതെ ബൈക്കിൽ കയറി 'ദുരിതാശ്വാസ ക്യാമ്പിലേക്കാ. ഗോപി വരച്ചോ' എന്നും പറഞ്ഞ് ഓടിച്ച് പോയി. വൈകിട്ട് മറ്റൊരാൾ വന്ന് 10 ചേന (ഇത്തവണ 10 കിലോയല്ല, 10 ചേന) വാങ്ങി. അതിനും പണം കൊടുക്കാതെ 'ക്യമ്പിലേക്കാ' എന്ന് പറഞ്ഞ് കൊണ്ടുപോയി. സഹായി പയ്യൻ 'ഇങ്ങനെ കൊണ്ടുപോകാനാണെങ്കില് നമ്മളെന്തിനണ്ണാ ഇനി തുറന്നു വയ്ക്കുന്നത്, നമുക്ക് കടയടക്കാം' എന്ന് പറഞ്ഞു. 'വേണ്ടടാ , നാളെ ഉത്രാടമല്ലേ? മറ്റ് ഇടത്തൊന്നും കടകൾ തുറന്നിട്ടുമില്ല, നമ്മൾ അടച്ചാൽ അത്യവശ്യക്കാർ പിന്നെ എന്തുചെയ്യും?' എന്ന് മറുപടി പറഞ്ഞു. സന്ധ്യയ്ക്ക് ഏഴുമണിയോടെ 'വെണ്മണിയിൽ ഒരു കല്യാണത്തിനാണ്' എന്ന് പറഞ്ഞ് ഒരാൾ കുറേ സാധനങ്ങൾ വാങ്ങി. അത് മുഴുവൻ പൊതിഞ്ഞ് പാക്ക് ചെയ്ത് ബില്ല് കൂട്ടി '9360 രൂപ, അതിന് 9,300 തന്നാൽ മതി' എന്ന് പറഞ്ഞു. അതുവരെ കടയിൽ ആ ഒരു അപരിചിതനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. പൈസ എടുക്കാൻ എന്ന മട്ടിൽ അയാൾ പുറത്തേക്കിറങ്ങി. ഒന്നുകൂടി കൂട്ടി തെറ്റില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു ശശി.

ഇതിനിടയിൽ നിശ്ശബ്ദരായി അഞ്ചുപേർ തനിക്കു പിറകിൽ കടയിൽ കയറിയത് അറിഞ്ഞതേയില്ല. പെയ്‌മെന്റിന് വെയ്റ്റ് ചെയ്യുമ്പോഴാണ് പെട്ടെന്ന് പിന്നിൽ ഒരാൾ ചാക്കുകളുമായി വന്നിരുന്ന മറ്റുള്ളവരോട് 'അതു വാരെടാ, ഇത് വാരെടാ' എന്നൊക്കെ പറയുന്നത് കേട്ടത്. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ സ്ഥലം രാഷ്ട്രീയക്കാരനും അയാളുടെ പിണിയാളുകളും ചേർന്ന് കട കൊള്ള ചെയ്യുകയാണ്. 'നിങ്ങളെന്താ ഈ കാണിക്കുന്നേ?' എന്നും ചോദിച്ച് ചാടിയെണീച്ച ശശിയെ തള്ളി രണ്ടുചാക്കുകൾക്കിടയിലേക്ക് വീഴിച്ചു. രഷ്ട്രീയക്കാരന്റെ ശിങ്കിടിയായി ജൂബാ ഇട്ട ഒരുത്തനുണ്ടായിരുന്നു. പലിശയ്ക്ക് കടം മേടിച്ചാണ് ശശി ചരക്കെടുക്കുന്നത്. ഓരോ ദിവസവും കച്ചവടം കഴിയുമ്പോൾ പറ്റുന്നിടത്തോളം തുക തിരികെ കൊടുക്കാറുണ്ട്. അന്ന് 19,000 രൂപ സഹായി പയ്യനേക്കൊണ്ട് എണ്ണിച്ച് തിട്ടപ്പെടുത്തി ഒരു വീഞ്ഞപ്പെട്ടിയിലെ ഡ്രോവറിൽ ഇട്ടുവച്ചിരുന്നതാണ്. ജൂബാക്കാരൻ ഡ്രോ തുറന്ന് (ഡ്രോയും വീഞ്ഞപ്പെട്ടിയും താഴെ കമന്റിൽ വെളുത്തുള്ളിക്കൂടിനടുത്ത്) ആ പണം ജൂബയുടെ പോക്കറ്റിലിട്ട് നാലഞ്ച് ചാക്കുകളിലെ കൊള്ളമുതലും ആ 19,000 രൂപയുമായി പുറത്ത് പാർക്ക് ചെയ്തിരുന്ന നാലഞ്ച് സ്‌കൂട്ടറുകളിൽ സ്ഥലം വിട്ടു. ശശി കടയടച്ച് അവർക്കു പിറകേ സമീപത്തെ അങ്ങാടിക്കൽ തെക്ക് ഗവ. ഹായ് സ്‌കൂളിലെ റിലീഫ് ക്യാമ്പിലെത്തി. അവിടെ നിന്ന രണ്ട് യുവാക്കളായ പൊലീസുകാരോട് 'ക്യാമ്പ് ഓഫീസർ എവിടെയാണ്? എന്റെ കട മുഴുവൻ കൊള്ളയടിച്ച് ഇങ്ങോട്ടാണ് കൊണ്ടുപോന്നത്' എന്ന് പറഞ്ഞു. ഇത് ശ്രദ്ധിച്ച് സ്ഥലം രാഷ്ട്രീയക്കാരനും ഗുണ്ടകളും അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. ഇതുകേട്ട് ഉടനെ തെറിവിളിച്ചുകൊണ്ട് ശശിയെ അടിക്കാനായി കയ്യോങ്ങിക്കൊണ്ട് രാഷ്ട്രീയക്കാരനും അയാളുടെ ഒരു ശിങ്കിടിയും പാഞ്ഞടുത്തു. പക്ഷേ ആ പൊലീസുകാർക്ക് സത്യം പെട്ടെന്ന് മനസ്സിലായി. അവരിലൊരാൾ കയ്യുമുയർത്തി ആക്രോശിച്ചുവന്ന ശിങ്കിടിയുടെ കഴുത്തിനു പിടിച്ച് പിറകോട്ട് ഒന്നു തള്ളി. 'അടിയും ഇടിയും ഒന്നും ഇവിടെ നടപ്പില്ല' എന്ന് പറഞ്ഞു. അയാൾ വേച്ച് വേച്ച് പിറകോട്ട് പോയി. (നമ്മുടെ ചെറുപ്പക്കാരായ പൊലീസുകാർ ഭാവി സമൂഹത്തേക്കുറിച്ച് നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്). രാഷ്ട്രീയക്കാരനെ അവർ പിറകോട്ട് തള്ളിയില്ല. പക്ഷേ ശിങ്കിടിക്ക് കിട്ടിയ ട്രീറ്റ്മന്റ് കണ്ടപ്പോൾ അയാളുടെ തല്ലാനോങ്ങിയ കൈ താനേ താണു. എന്നിട്ട് പൊലീസുകാർ ശശിയോട് പറഞ്ഞു. 'ഞങ്ങൾക്കിത്രയൊക്കെയേ ചെയ്യാനാവുള്ളു. ഈ സമയം കൊണ്ട് ചേട്ടനിവിടന്ന് രക്ഷപ്പെട്ട് എവിടെയെങ്കിലും ചെന്ന് പരാതി നൽകൂ.' ശശി നേരേ കണ്ട്രോൾ റൂമിൽ പോയി നോക്കി. റെസ്‌ക്യു നടക്കുന്ന സമയമായതുകൊണ്ടാകാം. അവിടം വിജനമായിരുന്നു. പിന്നെ ശശി മുനിസിപ്പൽ ചെയർമാൻ ജോൺ മുളങ്കാട്ടിലിനെ വിളിച്ചു. ( സംഭവം ശരിയാണെങ്കിൽ ഈ കോൾ ശശിയുടെ കോൾ ലിസ്റ്റിൽ കാണണം) ' എന്തുചെയ്യാനാ? ആ മതിലിന്റെ വിഷയത്തിൽ നീ പൊലീസ് സ്റ്റേഷനിൽ പോയിട്ട് പൊലീസിനെ തല്ലിയെന്ന് നിന്റെ പേരിൽ കേസ് ആയില്ലേ? ' എന്ന് ചോദിച്ചു. ഹതാശനായി ശശി തിരിച്ച് വീട്ടിൽ വന്ന് സംഭവം പറഞ്ഞ് ഫെയ്‌സ് ബുക്കിൽ വീഡിയോ ഇട്ടു.

(ഏതായാലും തപാൽ വഴിയെങ്കിലും പൊലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകണമെന്ന് ഉപദേശിച്ച് ഞങ്ങൾ രാജന്റെ കടയിലേക്ക് നീങ്ങി. അത് നാളെ മറ്റൊരു പോസ്റ്റ് ആക്കാം.) പിന്നെ 'ഇത് സംഭവിച്ചത് 'ഇന്ന' പാർട്ടിയുടെ സ്വഭാവം അങ്ങനായതുകൊണ്ടാണ്. ഞങ്ങളുടെ പാർട്ടിയാണെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു,' എന്ന് തുടങ്ങുന്ന അവകാശവാദങ്ങൾ ഈ പോസ്റ്റിനു കീഴിൽ ഒഴിവാക്കുക. ഏത് പാർട്ടിയായാലും ഇന്നത്തെ കേരളത്തിൽ ആ പാർട്ടിയിൽ ഇതുപോലെ കുറേ സാമൂഹ്യ വിരുദ്ധരുണ്ടാവും. അവർ ഏത് പാർട്ടിയിലായാലും അതത് പാർട്ടികളും പൊതുസമൂഹവും അവരെ തിരിച്ചറിയുകയും മാറ്റി നിർത്തുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP