Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവൻ നൽകി ഊർജ്ജം പകർന്നു സിപിഎമ്മിനെ വളർത്തുന്നത് രക്തസാക്ഷികൾ; മൂന്നു കോടിയിലേറെ പിരിച്ച അഭിമന്യു ഫണ്ടിൽ നിന്നും കുടുംബത്തിനായി ചിലവഴിച്ചത് ഇടുക്കി ജില്ലാ കമ്മറ്റിയുടെ 71 ലക്ഷം രൂപ മാത്രം; എറണാകുളം ജില്ലാകമ്മറ്റി സമാഹരിച്ച രണ്ടരക്കോടി രൂപ പാർട്ടി ചെലവിടുന്നത് അഭിമന്യു സ്മാരക മന്ദിരം പണിതുയർത്താൻ വേണ്ടി; സ്മാരകം അഭിമന്യുവിന്റെതെങ്കിലും സ്വത്ത് പാർട്ടിയുടേതാകും: ശതകോടികൾ ആസ്തിയുള്ള സ്ഥാപനമായി സിപിഎം വളരുന്ന 'രക്തസാക്ഷി വഴികൾ'

ജീവൻ നൽകി ഊർജ്ജം പകർന്നു സിപിഎമ്മിനെ വളർത്തുന്നത് രക്തസാക്ഷികൾ; മൂന്നു കോടിയിലേറെ പിരിച്ച അഭിമന്യു ഫണ്ടിൽ നിന്നും കുടുംബത്തിനായി ചിലവഴിച്ചത് ഇടുക്കി ജില്ലാ കമ്മറ്റിയുടെ 71 ലക്ഷം രൂപ മാത്രം; എറണാകുളം ജില്ലാകമ്മറ്റി സമാഹരിച്ച രണ്ടരക്കോടി രൂപ പാർട്ടി ചെലവിടുന്നത് അഭിമന്യു സ്മാരക മന്ദിരം പണിതുയർത്താൻ വേണ്ടി; സ്മാരകം അഭിമന്യുവിന്റെതെങ്കിലും സ്വത്ത് പാർട്ടിയുടേതാകും: ശതകോടികൾ ആസ്തിയുള്ള സ്ഥാപനമായി സിപിഎം വളരുന്ന 'രക്തസാക്ഷി വഴികൾ'

എം മനോജ് കുമാർ

തിരുവനന്തപുരം: രക്തസാക്ഷികളിൽ നിന്ന് ആവേശം ഉൾക്കൊള്ളുന്ന പാർട്ടിയാണ് സിപിഎം. രക്തസാക്ഷികളാണ് പാർട്ടിയുടെ ഏറ്റവും വലിയ കരുത്ത് എന്ന് വിശ്വസിക്കുന്നവർകൂടിയാണ് സിപിഎം. ഇല്ലാ ഇല്ലാ മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് തുടങ്ങിയുള്ള സിപിഎമ്മിന്റെ ആവേശോജ്വലമായ മുദ്രാവാക്യങ്ങൾ തന്നെ സിപിഎമ്മിന്റെ രക്തസാക്ഷി സ്‌നേഹത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. കഴിഞ്ഞ ഫെബ്രുവരി തൃശൂരിൽ സമാപിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിൽ തന്നെ വലിയ പ്രാധാന്യമാണ് രക്തസാക്ഷികൾക്ക് നൽകിയത്. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു വിവിധ ജില്ലകളിലെ 577 രക്തസാക്ഷി കുടീരങ്ങളിൽ നിന്നുമാണ് പാർട്ടി തൃശൂരിലേക്കു ദീപശിഖാ പ്രയാണം നടത്തിയത്.

രക്തസാക്ഷികളിൽ സിപിഎം ഊന്നാൻ കാരണവുമായുണ്ടായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ രക്തസാക്ഷികൾ ഉള്ള പാർട്ടിയാണ് സിപിഎം എന്ന് തെളിയിക്കാൻകൂടി വേണ്ടിയാണ് 577 രക്തസാക്ഷികുടീരങ്ങളിൽ നിന്നും പാർട്ടി ദീപശിഖാ യാത്രകൾ സംസ്ഥാന സമ്മേളനത്തിനായി നടത്തിയത്. അതിനെ സാധൂകരിച്ചുകൊണ്ട് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് ഇങ്ങിനെയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്ന പാർട്ടിയാണു സിപിഎമ്മെന്നു സംഘപരിവാർ പ്രചാരണമുണ്ട്. ഇത് ദേശീയ തലത്തിൽ ഉള്ള പ്രചാരണമാണ്. ഈ പ്രചാരണം ശരിയല്ല. ഏറ്റവും കൂടുതൽ രക്തസാക്ഷികൾ ഉള്ളത് സിപിഎമ്മിന് തന്നയാണെന്നു ഞങ്ങൾക്ക് തെളിയിക്കേണ്ടതുണ്ട്. രക്തസാക്ഷികളോടുള്ള പാർട്ടിയുടെ കൂറ് തന്നെയാണ് കോടിയേരിയുടെ വാക്കുകളിലും തെളിയുന്നത്. പക്ഷെ മറുവശം പരിശോധിക്കുകയാണെങ്കിലോ? ര

ക്തസാക്ഷികൾ പാർട്ടിയുടെ അടിത്തറതന്നെയാണെങ്കിലും രക്തസാക്ഷികളെ കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം പാർട്ടിക്ക് തന്നെയാണെന്ന് കാണാം. രക്തസാക്ഷികൾ വഴി തന്നെയാണ് ശതകോടികളുടെ സ്വന്തം സാമ്രാജ്യം സിപിഎം കേരളത്തിൽ പണിതുയർത്തിയതും. ഈയിടെ പാർട്ടിക്ക് വേണ്ടി രക്തസാക്ഷിയായ മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ ഫണ്ട് സമാഹരണത്തിൽ തന്നെ ഇത് പ്രകടവ്മാണ്. രക്തസാക്ഷികൾ വരുമ്പോൾ പാർട്ടി എങ്ങിനെ നേട്ടം കൊയ്യുന്നു എന്ന് മനസിലാക്കാൻ അഭിമന്യു രക്തസാക്ഷി ഫണ്ടിന്റെ ഉപയോഗം തന്നെ ശ്രദ്ധിച്ചാൽ മതി. പാർട്ടി കോടിയേരി ബാലകൃഷ്ണൻ തന്നെ പരസ്യമായി പ്രഖ്യാപിച്ച കണക്ക് നോക്കിയാൽ മതി. അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഎം ആഹ്വാനം ചെയ്ത അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് ലഭിച്ചത് പാർട്ടിക്ക് ലഭിച്ചത് 3,10,74,887 രൂപ.

കോടിയേരി തന്നെ അറിയിച്ചതാണിത്. ഇടുക്കി ജില്ലാ കമ്മറ്റി വഴി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലൂടെ 2,39,74,887 രൂപയും ലഭിച്ചു. ഔദ്യോഗിക കണക്ക് പ്രകാരം മൂന്ന് കോടിയിലേറെ രൂപ പാർട്ടിക്ക് ലഭിച്ചു. ഈ ഫണ്ടിൽ ചില ശരികളൂം കണക്കുകൂട്ടലുകളും പാർട്ടിക്കകത്തുണ്ട്. അത് പ്രകാരം വൻ തുകയിൽ നിന്ന്, അതായത് 2,39,74,887 രൂപയിൽ നിന്ന് അഭിമന്യുവിന്റെ വീട്ടിലേക്ക് ഒന്നും പോകില്ല. അത് സിപിഎം അഭിമന്യുവിനായി പണിയുന്ന വമ്പൻ സ്മാരകത്തിനായുള്ള നീക്കിയിരുപ്പാണ്. അതായത് അഭിമന്യുവിനായി പിരിഞ്ഞ പാർട്ടിയുടെ രണ്ടരക്കോടിയിലേറെ രൂപ പോകുന്നത് പാർട്ടിയുടെ സ്വന്തം അകൗണ്ടിലേക്കാണ്. ഈ ഫണ്ട് വെച്ച് സിപിഎം കൊച്ചിയിൽ അഭിമന്യുവിന് സ്മാരകം പണിയും.

അതായത് അഭിമന്യു മഹാരാജാസ് കോളേജിൽ നിന്നും പാർട്ടിക്കായി രക്തസാക്ഷിയായപ്പോൾ പാർട്ടിക്ക് ഒറ്റയടിക്ക് ലഭിച്ചത് പുറത്തുവിട്ട കണക്ക് പ്രകാരം 2,39,74,887 രൂപ. ഈ ഫണ്ട് ഉപയോഗിച്ച് അഭിമന്യുവിന്റെ പേരിൽ എറണാകുളം നഗരത്തിൽ അഭിമന്യു സ്മാരകമായ വിദ്യാർത്ഥി സേവന കേന്ദ്രം പാർട്ടി നിർമ്മിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകൾക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോർമെറ്ററികൾ, വർഗ്ഗീയ വിരുദ്ധ പാഠശാല എന്നിവയെല്ലാം ഉൾക്കൊള്ളുന്ന കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ഇത് താമസിയാതെ യാഥാർഥ്യമാകും. അഭിമന്യുവിന്റെ പേരിലാണ് ഉയരുന്നതെങ്കിലും ഇത് പാർട്ടിയുടെ സ്വന്തം സ്വത്താണ്. അഭിമന്യു സ്മാരകത്തിനായി കൊച്ചി നഗരത്തിൽ തന്നെ സിപിഎം ഭൂമിക്കായി അന്വേഷണം നടത്തുകയാണ് എന്നാണ് സിപിഎമ്മിലെ ഒരുന്നത നേതാവ് മറുനാടനോട് പറഞ്ഞത്.

ഈ ഭൂമി ശരിയായാൽ ഉടൻ തന്നെ സ്മാരകം പണി ആരംഭിക്കും. ഉന്നത നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇനി രണ്ടാമത് ഇടുക്കി ജില്ലാ കമ്മറ്റി വഴി ലഭിച്ച ഫണ്ട് 71 ലക്ഷം രൂപ. ഇത് അഭിമന്യുവിന്റെ കുടുംബത്തിനു ഭൂമി, വീട്, സഹോദരിയുടെ വിവാഹം, മാതാപിതാക്കൾക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് എന്നീ കാര്യങ്ങൾക്ക് പാർട്ടി നൽകി. അഭിമന്യുവിനായി പാർട്ടി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ നിർവഹിക്കുകയാണ്. ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. അഭിമന്യുവിനായി സ്വരൂപിച്ച രണ്ടു ഫണ്ടിൽ ഇവിടെ വലിയ ഫണ്ട് പാർട്ടി തന്നെയാണ് സ്മാരകത്തിനായി സ്വന്തമാക്കിയത്.

പക്ഷെ ഇടുക്കി ഫണ്ട് ഉപയോഗിച്ച് വീടും മറ്റു കാര്യങ്ങളും പാർട്ടി നടത്തുകയും ചെയ്തു. കൊച്ചി ഫണ്ട് ഇടുക്കിയിലേക്ക് വന്നിട്ടില്ല എന്ന് ഇടുക്കിയിലെ പാർട്ടി ഉന്നതൻ മറുനാടനോട് പറഞ്ഞു. കൊച്ചി ഫണ്ടിന്റെ കാര്യം കൊച്ചിയിൽ തന്നെ അറിയുകയുള്ളൂവെന്നും നേതാവ് പറഞ്ഞു. കൊച്ചിയിൽ തിരക്കിയപ്പോൾ കൊച്ചിയിൽ ലഭിച്ച രണ്ടരകോടിക്ക് അടുത്തുള്ള ഫണ്ട് മുഴുവൻ അഭിമന്യു സ്മാരകത്തിനായി മാറ്റിവെച്ചതായി കൊച്ചിയിലെ ഉന്നത നേതാവും മറുനാടനോട് വെളിപ്പെടുത്തി. രണ്ടരക്കോടിയിലേറെ സമാഹരിച്ച് കൊച്ചിയിൽ ഉയരുന്ന അഭിമന്യു സ്മാരകം അഭിമന്യുവിന്റെ പേരിലാണെങ്കിലും അത് പാർട്ടിയുടെ മാത്രം സ്വത്താണ്. ഈ രീതിയിലാണ് കേരളത്തിൽ സിപിഎം വളർന്നത്. കേരളത്തിൽ ശതകോടികളുടെ ആസ്തികൾ സിപിഎം സൃഷ്ടിച്ചതും ഇതേ രീതിയിൽ തന്നെയാണ്.

രക്തസാക്ഷികൾ പാർട്ടിയുടെ ശക്തിയായി മാറുമ്പോൾ ഓരോ രക്തസാക്ഷികൾ വഴിയും പാർട്ടിയും പാർട്ടിയുടെ സാമ്പത്തിക അടിത്തറയും ഇങ്ങിനെ വിപുലമാകുന്നുണ്ട്. ഇങ്ങനെയുള്ള 577 രക്തസാക്ഷികൾ പാർട്ടിക്ക് ഉണ്ടെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി തന്നെ കോടിയേരി തന്നെ വെളിപ്പെടുത്തിയത്. ഇങ്ങിനെയുള്ള ഓരോ രക്തസാക്ഷികൾക്കായും അഭിമന്യു രീതിയിൽ പാർട്ടി ഫണ്ടുകൾ സ്വരൂപിക്കയും കുടുംബത്തെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തെ സഹായിക്കുമ്പോൾ തന്നെ പാർട്ടിക്കായി ഒരു സ്വത്ത് കൂടി ഒപ്പം ഉയരുകയും ചെയ്യുന്നുണ്ട്.

ഇങ്ങിനെ തന്നെയാണ് കേരളത്തിലെ ഏറ്റവും കൂടുതൽ സ്വത്ത് വകകൾ ഉള്ള പാർട്ടിയായി സിപിഎം മാറിയിരിക്കുന്നത്. രക്തസാക്ഷികൾ ജീവൻ കൊടുത്ത് നിലനിർത്തുന്ന പാർട്ടിയാണ് സിപിഎം എന്ന് സിപിഎം നേതാക്കൾ പറയുന്നതും രക്തസാക്ഷികളും പാർട്ടിയും തമ്മിലുള്ള ബന്ധം ഈ ബന്ധം മനസിലാക്കി തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP