Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവനക്കാരുടെ സഹകരണ സംഘത്തിൽ രണ്ടു ഒഴിവുകൾ വന്നപ്പോൾ പ്രൊഫഷണൽ രീതിയിൽ പരീക്ഷ നടത്തിയത് സ്വകാര്യ ഏജൻസി; അഭിമുഖം നടത്തിയത് യൂണിയൻ നേതാക്കളും; 31 പേർ പങ്കെടുത്ത എഴുത്ത് പരീക്ഷയിൽ 29 പേർക്കും ലഭിച്ചത് മുപ്പതിന് ചുവടെയുള്ള മാർക്കുകൾ; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചതോ അറുപത്തിയഞ്ചും എഴുപത് മാർക്കും; റാങ്ക് ലിസ്റ്റ് എങ്ങിനെ വെളിയിൽ വന്നുവെന്ന് അറിയില്ലെന്ന് പ്രസിഡന്റ്; സിപിഎമ്മിന് നാണക്കേടായി മണ്ണുത്തി കാർഷിക സർവ്വകലാശാല സഹകരണ സംഘത്തിലെ നിയമനത്തട്ടിപ്പ്

ജീവനക്കാരുടെ സഹകരണ സംഘത്തിൽ രണ്ടു ഒഴിവുകൾ വന്നപ്പോൾ പ്രൊഫഷണൽ രീതിയിൽ പരീക്ഷ നടത്തിയത് സ്വകാര്യ ഏജൻസി; അഭിമുഖം നടത്തിയത് യൂണിയൻ നേതാക്കളും; 31 പേർ പങ്കെടുത്ത എഴുത്ത് പരീക്ഷയിൽ 29 പേർക്കും ലഭിച്ചത് മുപ്പതിന് ചുവടെയുള്ള മാർക്കുകൾ; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചതോ അറുപത്തിയഞ്ചും എഴുപത് മാർക്കും; റാങ്ക് ലിസ്റ്റ് എങ്ങിനെ വെളിയിൽ വന്നുവെന്ന് അറിയില്ലെന്ന് പ്രസിഡന്റ്; സിപിഎമ്മിന് നാണക്കേടായി മണ്ണുത്തി കാർഷിക സർവ്വകലാശാല സഹകരണ സംഘത്തിലെ നിയമനത്തട്ടിപ്പ്

എം മനോജ് കുമാർ

തൃശൂർ: മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ ജീവനക്കാരുടെ സഹകരണ സംഘത്തിൽ ഈയിടെ വന്നത് രണ്ടു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളാണ്. നിയമനം പ്രൊഫഷനൽ രീതിയിൽ നടത്താമെന്നാണ് സഹകരണ സംഘത്തിൽ നിന്നും വന്ന തീരുമാനം. അത് പ്രകാരം ഇടതു പാർട്ടി മുഖപത്രങ്ങളിൽ പരസ്യവും നൽകി. പുറത്ത് നിന്നുള്ള സ്വകാര്യ ഏജൻസിയാണ് പരീക്ഷ നടത്തിയത്. സഹകരണ സംഘം നേരിട്ട് അഭിമുഖവും നടത്തി. ഫലം വന്നപ്പോഴാണ് ഉദ്യോഗാർത്ഥികളുടെ കണ്ണ് തള്ളിയത്. 31 പേർ പങ്കെടുത്ത എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും 29 പേർക്കും ലഭിച്ചത് പത്ത് മുതൽ മുപ്പത്തി രണ്ടു വരെ മാർക്കുകൾ. എന്നാൽ രണ്ടു സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചതോ അറുപത്തിയഞ്ചു മാർക്കും എഴുപത് മാർക്കും. റാങ്ക് ലിസ്റ്റിൽ മുന്തിയ മാർക്ക് ലഭിച്ച സിപിഎം നേതാക്കളുടെ ഭാര്യമാർ ഇതേ യൂണിയനിൽ താത്കാലിക ജീവനക്കാരാണ്. ഇവരെ സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് പ്രൊഫഷണൽ രീതിയിൽ എഴുത്ത് പരീക്ഷയും അഭിമുഖവുമെന്ന തട്ടിപ്പ് പരിപാടി സിപിഎം സഹകരണ സംഘം നടത്തിയത്. ഇതിൽ നിയമനം ലഭിച്ച ഒരാളുടെ ഭർത്താവ് ഇതേ സർവ്വകലാശാലയിലെ ജീവനക്കാരനും സിപിഎം നേതാവുമാണ്. ഇതോടെയാണ് നിയമനത്തിനുള്ള പരസ്യവും എഴുത്ത് പരീക്ഷയും അഭിമുഖവും എല്ലാം തട്ടിപ്പ് ആയിരുന്നുവെന്നു ഉദ്യോഗാർത്ഥികൾ തിരിച്ചറിയുന്നത്.

രണ്ടു സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നിയമനം നൽകാൻ ഇരുപത്തിയൊൻപത് പേരുടെ ഭാവി തുലച്ച നടപടിക്കെതിരെ സഹകരണ സംഘത്തിലും പാർട്ടിയിലും അമർഷം പുകയുകയാണ്. യൂണിയൻ ഭരിക്കുന്നത് സിപിഎമ്മും സിപിഐയുമാണ്. രണ്ടു നിയമനങ്ങളും സിപിഎം അടിച്ചെടുത്തതിൽ സിപിഐ യൂണിയനും പ്രതിഷേധമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. റാങ്ക് ലിസ്റ്റ് എങ്ങിനെ വെളിയിൽ വന്നു എന്നാണ് ഇപ്പോൾ സഹകരണ സംഘം നേതാക്കൾ പരസ്പരം ചോദിക്കുന്നത്. റാങ്ക് ലിസ്റ്റ് ഇവർ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. സംഘത്തിന്റെ തട്ടിപ്പ് മനസിലാക്കിയ ചിലർ റാങ്ക് ലിസ്റ്റ് പതുക്കെ പുറത്ത് വിടുകയായിരുന്നു. റാങ്ക് ലിസ്റ്റ് മറുനാടനും ലഭിച്ചു. റാങ്ക് ലിസ്റ്റ് എങ്ങിനെ പുറത്ത് വന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് സഹകരണ സംഘം പ്രസിഡന്റ് മധുസൂദനൻ മറുനാടനോട് പറഞ്ഞത്. പുറത്ത് നിന്നുള്ള ഏജൻസി വഴി പരീക്ഷയും അത് കഴിഞ്ഞു അഭിമുഖവും നടത്തിയുള്ള റാങ്ക് ലിസ്റ്റ് ആണ് കൈവശമുള്ളത്. ആർക്ക് ഒക്കെ മാർക്ക് കൂടുതൽ ലഭിച്ചു എന്ന് അറിയില്ല. റാങ്ക് ലിസ്റ്റ് കൈവശമുണ്ടെങ്കിലും അത് പ്രസിദ്ധപ്പെടുത്തിയില്ല. ചോർച്ച വന്നത് എങ്ങിനെ എന്ന് അറിയില്ല-മധുസൂദനൻ പറയുന്നു.

രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് പ്രശ്‌നത്തിൽ സംഘത്തിനുള്ളിൽ പുകയുന്നത്. വാർത്ത ചോർത്തിയത് ആരൊക്കെയാണ് എന്നാണ് സംഘം നേതാക്കൾ അന്വേഷിക്കുന്നത്. റാങ്ക് ലിസ്റ്റും മാർക്കും വെളിയിൽ വന്നത് സഹകരണ സംഘത്തിനും സർവ്വകലാശാലയ്ക്കും ക്ഷീണമായി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വാർത്ത വെളിയിൽ വന്നതോടെ സർവ്വകലാശാലയ്ക്ക് സഹകരണ സംഘവുമായി ഒരു ബന്ധവുമില്ല എന്ന രീതിയിൽ വാർത്താക്കുറിപ്പ് തയ്യാറാക്കുന്ന പരിപാടിയിലാണ് സർവ്വകലാശാല എന്നാണ് അറിയാൻ കഴിഞ്ഞത്. വാർത്ത സർവ്വകലാശാലയ്ക്ക് ദോഷം ചെയ്തു എന്ന അഭിപ്രായത്തിൽ നിന്നാണ് സർവകലാശാല തന്നെ പത്രക്കുറിപ്പ് ഇറക്കാൻ തീരുമാനിക്കുന്നതും. പക്ഷെ സർവ്വകലാശാലയുടെ സ്ഥലത്ത്, സർവ്വകലാശാല കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യൂണിയൻ ആണിത്. അതുകൊണ്ട് നിയമന അഴിമതിയിൽ നിന്ന് സർവ്വകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സർവ്വകലാശാല ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ ഈ സഹകരണ സംഘത്തിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്നു ആവശ്യമുള്ളതായും അറിയുന്നു. രണ്ടു സഹകരണ സംഘങ്ങളാണ് സർവ്വകലാശാല സ്ഥലത്ത്, സർവ്വകലാശാലയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. രണ്ടു സഹകരണ സംഘങ്ങളെക്കുറിച്ചും പരാതിയുമുണ്ട്. ഇതിൽ ഇപ്പോൾ നിയമന അഴിമതി നടത്തിയത് സർവ്വകലാശാല ജീവനക്കാരുടെ സഹകരണ സംഘമാണേങ്കിൽ പുറത്ത് നിന്നുള്ള ഒരു സഹകരണ സംഘവും സർവ്വകലാശാലയുടെ വളപ്പിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. വെള്ളാനിക്കര സഹകരണ സംഘമാണ് യൂണിവേഴ്‌സിറ്റിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. വാടക നൽകിയാണ് ബാങ്കിന്റെ രീതിയിലുള്ള സഹകരണ സംഘം ഇവിടെ പ്രവർത്തിക്കുന്നത്.

വൻ നിക്ഷേപമുള്ള സഹകരണ സംഘം കൂടിയാണിത്. സർവകലാശാലയുടെ വളപ്പിൽ ഇവരുടെ തന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘമാണിത്. വൻ നിക്ഷേപങ്ങളാണ് ഈ സഹകരണ സംഘത്തിൽ യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ളവർ നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. അദ്ധ്യാപകരുടെയും യൂണിയൻ നേതാക്കളുടെയും മറ്റും അനധികൃത പണമാണ് ഈ സഹകരണ സംഘത്തിലുള്ളത് എന്നാണ് മുൻപ് തന്നെ ഉയർന്ന ആരോപണം. സർവ്വകലാശാലയുടെ വിവിധ ബോഡികളിൽ ഈ സഹകരണ സംഘത്തിന്നെതിരെ പരാതി വന്നിരുന്നു. എന്നാൽ സഹകരണ സംഘത്തിനെ കാമ്പസിൽ നിന്നും കുടിയിറക്കാൻ സർവ്വകലാശാല തയ്യാറായില്ല. സഹകരണ സംഘത്തിൽ നിക്ഷേപം നടത്തിയിരിക്കുന്ന ജീവനക്കാരുടെയും യൂണിയൻ നേതാക്കളുടെയും സമ്മർദ്ദമാണ് ഈ സഹകരണ സംഘത്തെ കുടിയിറക്കാനുള്ള വൈമനസ്യത്തിനു പിന്നിൽ എന്നാണ് സർവ്വകലാശാലയെക്കുറിച്ച് അറിയുന്നവർ വിരൽ ചൂണ്ടുന്നത്. സർവ്വകലാശാലയിലെ പ്രോജക്റ്റ് ഫണ്ടുകളും ഈ സഹകരണ സംഘത്തിലേക്ക് ഒഴുകുകയാണ് എന്നും ആരോപണമുണ്ട്. ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കേണ്ട പണമാണ് ഈ സഹകരണ സംഘത്തിൽ പ്രോജക്റ്റ് കോർഡിനെറ്റർമാർ നിക്ഷേപിക്കുന്നത്. ഇതിന്റെ പേരിലും മുൻപ് പരാതി വന്നിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP