Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ചുമ്മാ ബുദ്ധിയും ബോധവും ഇല്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും... ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ'; എൻഒസി വാങ്ങാതെ പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയ ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച് എസ് രാജേന്ദ്രൻ എംഎൽഎ; കൈയേറ്റക്കാർക്ക് വിടുപണി ചെയ്യാത്തെ തെറിപ്പിക്കുന്നത് പതിവാക്കിയ ഇടതു എംഎൽഎയുടെ പുതിയ 'നവേത്ഥാന വിപ്ലവം' ഇങ്ങനെ

'ചുമ്മാ ബുദ്ധിയും ബോധവും ഇല്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും... ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ'; എൻഒസി വാങ്ങാതെ പണിയുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയ ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച് എസ് രാജേന്ദ്രൻ എംഎൽഎ; കൈയേറ്റക്കാർക്ക് വിടുപണി ചെയ്യാത്തെ തെറിപ്പിക്കുന്നത് പതിവാക്കിയ ഇടതു എംഎൽഎയുടെ പുതിയ 'നവേത്ഥാന വിപ്ലവം' ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മൂന്നാറിലെ കൈയേറ്റക്കാർക്കും റിസോർട്ട് മാഫിയകൾക്കും വിടുപണി ചെയ്യുന്നത് ജീവിതചര്യ ആക്കിയ ജനപ്രതിനിധിയാണ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. അദ്ദേഹം പലതവണ തന്റെ പ്രവർത്തിയിലൂടെ ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്കൊപ്പമാണ് എന്നു പറയുമ്പോൾ തന്നെ മുതലാൡമാർക്കൊപ്പം ചേർന്ന് വഞ്ചിച്ചു എന്ന ആരോപണവും മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിലൂടെ രാജേന്ദ്രൻ് നേരിടുന്നുണ്ട്. കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീരാം വെങ്കിട്ടരാമനെയും വി ആർ പ്രേംകുമാറിനെയും കസേരയിൽ നിന്നും തെറുപ്പിക്കാൻ സർക്കാറിൽ സമ്മർദ്ദം ശക്തമാക്കിയത് ഈ സിപിഎം എംഎൽഎയാണ്. ഇപ്പോഴിതാ അനധികൃത നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന മൂന്നാർ സബ് കലക്ടർ ഡോ. രേണുരാജിനെതിരെയും എസ് രാജേന്ദ്രൻ രംഗത്തെത്തി.

വനിതാ മതിൽ നടത്തി സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇടതു മുന്നണിയിലെ എംഎൽഎ ഒരു വനിതാ ഐഎഎസ് ഉദ്യോഗസ്ഥയെ അവഹേളിച്ചുകൊണ്ടാണ് രംഗത്തുവന്നത്. റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ പഞ്ചായത്ത് നടത്തുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കലക്ടറുടെ നടപടിയാണ് എംഎൽഎയെ ചൊടിപ്പിച്ചത്. ഇതോടെ രേണു രാജിനെ അധിക്ഷേപിച്ചു കൊണ്ട് എംഎൽഎ രംഗത്തെത്തുകയായിരുന്നു.

''ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ 'എസ് രാജേന്ദ്രൻ എംഎൽഎ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. പഞ്ചായത്തിന്റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വച്ചാണ് എംഎൽഎ അപമാനിച്ചത്.

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻഒസി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതൽ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനം ആരംഭിച്ച കാലം മുതൽ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിർമ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എൻഒസി വാങ്ങാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ ദേവികുളം സബ് കളക്ടർ രേണുരാജ് ഉത്തരവിട്ടു. എന്നാൽ സ്റ്റോപ് മെമോ നൽകിയിട്ടും നിർമ്മാണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും ബോധമില്ലാത്ത സബ് കളക്ടർ കാര്യങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികൾ അടക്കമുള്ളവർ പ്രതിഷേധവുമായിയെത്തിയതോടെ നിർമ്മാണം തടയാൻ കഴിയാതെ റവന്യൂ ഉദ്യോഗസ്ഥരും മടങ്ങി. പുഴയുടെ തീരങ്ങൾ സംരക്ഷിക്കേണ്ട പഞ്ചായത്ത് അധികൃതർ എംഎൽഎയുടെ ഒത്താശയോടെ നിയമലംഘനം നടത്തുന്നത് വരും ദിവസങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തും. ഈ സംഭവത്തോടെല ഡോ.രേണുരാജ് ഐഎഎസും മുൻഗാമികളുടെ വിധിയാണോ കാത്തിരിക്കുന്നതെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനിടെ 14 സബ്കളക്ടർമാരാണ് ദേവികുളത്ത് ചുമതല നിർവഹിച്ചത്. രാഷ്ട്രീയകളികളെത്തുടർന്ന് കസേര തെറിച്ച വി ആർ പ്രേംകുമാറിന്റെ പിൻഗാമിയായാണ് തൃശൂർ സബ് കളക്ടറായി ജോലി നോക്കവേ രേണൂ രാഗ് എത്തിയത്.

സബ് കളക്ടർമാരെ വാഴിക്കാത്ത ഇടമായാണ് ദേവികുളം അറിയപ്പെടുന്നത് 2010 മുതൽ ഇന്നു വരെയുള്ള കണക്കു പരിശോധിക്കുകയാണെങ്കിൽ അഞ്ചു ദിവസം മുതൽ ഏതാനും മാസങ്ങൾ മാത്രമാണ് പല കളക്ടർമാരും ജോലി ചെയ്തിട്ടുള്ളത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ തെറിച്ചില്ലെങ്കിൽ അതു മഹാഭാഗ്യം. അനീതിക്കെതിരേ ശബ്ദമുയർത്തുന്നവരെ സ്ഥലം മാറ്റി നിശബ്ദരാക്കുന്ന രാഷ്ട്രീയതന്ത്രമാണ് ഇവിടേയും പ്രയോഗിക്കുന്നത്. ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകമായ മൂന്നാറിൽ കുറ്റക്കാർക്കെതിരേ നടപടിയെടുത്താൽ അധികം താമസമില്ലാതെ കസേര തെറിക്കുന്ന അവസ്ഥയാണ് ഇവിടെയെത്തുന്ന ഉദ്യോഗസ്ഥർക്ക്.

രാഷ്ട്രീയക്കാരോട് കൊമ്പു കോർക്കേണ്ടി വന്നതിന്റെ പേരിൽ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂൺ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടർന്ന് എം ജി രാജമാണിക്യത്തിന് ചാർജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വർഷം സബ് കളക്ടറായി ജോലി നോക്കി. എന്നാൽ 2012 ഏപ്രിൽ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോൾ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യർ എത്തി. തുടർന്ന് എസ്. വെങ്കിടേശപതി, കെ.എൻ. രവീന്ദ്രൻ, മധു ഗംഗാധർ, ഇ.സി. സ്‌കറിയ, ഡി. രാജൻ സഹായ്, ജി.ആർ. ഗോകുൽ, എസ്. രാജീവ്, സാബിൻ സമീദ്, എൻ.ടി.എൽ. റെഡ്ഡി, ശ്രീറാം വെങ്കട്ടരാമൻ, വി.ആർ. പ്രേംകുമാർ എന്നിവരാണു സബ് കളക്ടർമാരായി ചുമതലയേറ്റത്.

വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടർ പദവിയിരുന്നത് ഇ സി സ്‌കറിയ ആണ്. ഒരു വർഷവും രണ്ടു മാസവും സബ് കളക്ടറായി ജി ആർ ഗോകുൽ സേവനമനുഷ്ഠിച്ചു. ഗോകുൾ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാർജെടുത്തു. എസ്. രാജീവ് രണ്ടു മാസവും, കെ.എൻ. രവീന്ദ്രൻ, എൻ.ടി.എൽ. റെഡ്ഡി എന്നിവർ ഒരു മാസം വീതവും സബ് കലക്ടറായിരുന്നു. എന്നാൽ പിന്നീട് വന്ന ശ്രീറാം വെങ്കട്ടരാമൻ ചങ്കൂറ്റത്തോടെ കയ്യേറ്റക്കാരെ വിറപ്പിക്കാൻ തുടങ്ങിയതോടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ശ്രീറാമിനെതിരേ പടവാളെടുത്തു. മന്ത്രി എം എം മണി, ജോയ്സ് ജോർജ് എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ തുടങ്ങിയവർക്കെതിരേ നടപടി സ്വീകരിച്ചാണ് ശ്രീറാം ഏവരെയും ഞെട്ടിച്ചത്. അതിന്റെ പ്രതിഫലമായി ഉടൻ സ്ഥലംമാറ്റവുമെത്തി.

എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോൾ 2017 ജൂലൈയിൽ പ്രേം കുമാർ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം പോയതിന്റെ ആശ്വസത്തിൽ നിന്ന രാഷ്ട്രീയക്കാർക്ക് മേൽ പതിച്ച വെള്ളിടിയായിരുന്നു പ്രേംകുമാർ. ജോയ്സ് ജോർജ് എംപി ഉൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂമി വിവാദത്തിൽ ശ്രീറാം ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങാതിരുന്നതിനെത്തുടർന്ന് പ്രേംകുമാറിനെ ഒടുവിൽ ദേവികുളം സബ് കളക്ടർ പദവിയിൽ നിന്ന് ഇപ്പോൾ മാറ്റുകയും ചെയ്തു.

ഒരു വർഷവും മൂന്നുമാസവും ഭൂമാഫിയയെ കിടുകിടാ വിറപ്പിച്ച ശേഷമാണ് പ്രേംകുമാർ മൂന്നാർ ഇറങ്ങിയത്. ഈ സ്ഥാനത്താണ് രേണു രാജ് എത്തിയത്. കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാൻസിൽ തന്നെ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായ മിടുക്കിയാണ്. തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് എത്തിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP