Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുരിശുകുത്തി സഖറിയാ മുതലാളി കൈയേറിയ സ്ഥലം കാക്കാൻ അവസാന അടവുമായി സി.പി.എം നേതാക്കൾ; ശ്രീറാമും സംഘവും പൊളിച്ച സ്പിരിറ്റ് ഓഫ് ജീസസിന്റെ കുടിലുകൾ തങ്ങളുടേതെന്ന് പറഞ്ഞ് തമിഴ് പട്ടികജാതി കുടുംബങ്ങളെ രംഗത്തിറക്കി അട്ടിമറിക്കു നീക്കം; പൊലീസ് ഓടിച്ചു വിട്ടവർ ഭയം മാറി മടങ്ങി വന്നത് ഇപ്പോഴാണെന്ന് നേതാക്കളുടെ വാദം

കുരിശുകുത്തി സഖറിയാ മുതലാളി കൈയേറിയ സ്ഥലം കാക്കാൻ അവസാന അടവുമായി സി.പി.എം നേതാക്കൾ; ശ്രീറാമും സംഘവും പൊളിച്ച സ്പിരിറ്റ് ഓഫ് ജീസസിന്റെ കുടിലുകൾ തങ്ങളുടേതെന്ന് പറഞ്ഞ് തമിഴ് പട്ടികജാതി കുടുംബങ്ങളെ രംഗത്തിറക്കി അട്ടിമറിക്കു നീക്കം; പൊലീസ് ഓടിച്ചു വിട്ടവർ ഭയം മാറി മടങ്ങി വന്നത് ഇപ്പോഴാണെന്ന് നേതാക്കളുടെ വാദം

ഇടുക്കി: പാപ്പാത്തിച്ചോലയിൽ സർക്കാർ ഭൂമിയിലെ കുരിശ് എഉൾപ്പെടെയുള്ള കൈയേറ്റം സാധൂകരിക്കാൻ തമിഴ് വംശജരായ പട്ടികജാതി കുടുംബങ്ങളെ രംഗത്തിറക്കി പുതിയ അടവുനയവുമായി സി.പി.എം നേതാക്കൾ. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുടെ പേരിൽ കൈയേറി കുരിശ് സ്ഥാപിച്ച ഭൂമിയുടെ അവകാശികൾഓയിക്കാടൻ, മരിയ പൊന്നയ്യൻ എന്നീ രണ്ടുപേരാണെന്നാണ് സി.പി.എം നേതാക്കലുടെ വാദം. ഇതിന്റെ ഭാഗമായി ഇന്ന് ഇടുക്കിയിൽ പത്രസമ്മേളനം വിളിപ്പിച്ച സി.പി.എം ശാന്തൻപാറ ഏരിയാ കമ്മിറ്റി ഓയിക്കാടൻ, മരിയ പൊന്നയ്യൻ എന്നിവരുടെ പിൻഗാമികളെന്ന പേരിൽ രണ്ടു പേരെ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ഹാജരാക്കി.

പാപ്പാത്തിച്ചോലയിലെ കൈയേറ്റഭൂമിയിൽ സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപിച്ച കുരിശ്, സമീപമുണ്ടായിരുന്ന കുടിൽ, ക്ഷേത്രം, പ്രാർത്ഥനാലയം എന്ന് തോന്നിക്കുന്ന ഹാൾ എന്നിവ കഴിഞ്ഞമാസം ഇരുപതിനാണ് ദേവികളും സബ്കളക്ടർ ശ്രീറാം വെങ്കിടേഷിന്റെ നേതൃത്വത്തിലെത്തിയ റവന്യും സംഘം പൊളിച്ചുമാറ്റിയത്.

എന്നാൽ കൈയേറ്റമേഖലയിൽ ഉൾപ്പെട്ടിട്ടുള്ള രണ്ടേക്കർ 80 സെന്റ് ഓയിക്കാടന്റെ പേരിലുള്ളതാണെന്നാണ് സി.പി.എം ഇന്നലെ ഹാജരാക്കിയവർ അവകാശപ്പെടുന്നത്. രണ്ടേക്കർ പത്ത് സെന്റ് മരിയ പൊന്നയ്യന്റെ മകൻ രാജന്റെ പേരിലുള്ളതാണെന്നും ഇവർ അവകാശപ്പെടുന്നു. അതേസമയം റവന്യൂസംഘം പൊളിച്ചുമാറ്റിയ പ്രാർത്ഥാനാലയത്തിലും ഇവർ അവകാശവാദമുന്നയിക്കുന്നത് സംശയത്തിനിടയൈാക്കുന്നതാണ്. ഇവിടെ സ്ഥാപിച്ചിരുന്ന കുടിലുകൾക്ക് പഞ്ചായത്ത് വീട്ടുനമ്പർ നൽകിയിരുന്നതായും ഇവർഡ അവകാശപ്പെടുന്നുണ്ട്. റവന്യൂസംഘവും പൊലീസും ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് ഇവർ ഇവിടെ നിന്നും ഓടിപ്പോയതെന്ന് സി.പി.എം നേതാക്കളും വിശദീകരിക്കുന്നു.

അതേസമയം പാപ്പാത്തിച്ചോലയിലെ സർക്കാർ ഭൂമി കൈയേറി കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ വെള്ളൂക്കുന്നേൽ ടോമി സഖറിയയെയും മക്കളെയും സംരക്ഷിക്കാനുള്ള സി.പി.എം നേതാക്കളുടെ അവസാനവട്ടശ്രമത്തിന്റെ ഭാഗമായാണ് തമിഴ്കുടുംബങ്ങളെ രംഗത്തിറക്കിയതിന് പിന്നിലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ആത്മീയ ടൂറിസത്തിന്റെ പേരിൽ ചിന്നക്കനാലിൽ 2000 ഏക്കർ തട്ടാനായിരുന്നു സ്പിരിറ്റ് ഇൻ ജീസസിന്റെ ശ്രമം. ഉന്നത രാഷ്ട്രീയ സ്വാധീനവും പണ ബലവും കൈമുതലാക്കിയുള്ള സ്പിരിറ്റ് ഇൻ ജീസസിന് മുമ്പിൽ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാൻ മുട്ടുമടക്കിയില്ല. ഇതോടെയാണ് ആത്മീയതയുടെ മറവിൽ ഭൂമി കൈയേറാനുള്ള സ്പിരിറ്റ് ഇൻ ജീസസിന്റെ ശ്രമം പുറംലോകം അറിയുന്നത്.

മൂന്നാർ പാപ്പാത്തിച്ചോലമേട്ടിൽ മതസംഘടനയുടെ പേരിൽ കൈയേറ്റം നടത്തിയത് ഇവിടുത്തെ പ്രധാന കൈയേറ്റക്കാർ തന്നൊയായിരുന്നു. ഇതുസംബന്ധിച്ചു നേരത്തേ റവന്യു അധികൃതർ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് പ്രാർത്ഥനാഗ്രൂപ്പിന്റെ പേരിലായിരുന്നു കൈയേറ്റം. ആയിരമേക്കർ വരുന്ന പാപ്പാത്തിച്ചോലമേട്ടിൽ വെള്ളുക്കുന്നേൽ ടോം സ്‌കറിയയുടെ നേതൃത്വത്തിലാണു കൈയേറ്റം നടന്നതെന്ന് ഉടുമ്പൻചോല അഡീഷണൽ തഹസീൽദാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ വെള്ളൂക്കുന്നേൽ ടോമി സഖറിയയുടെ സഹോദരനാണ് ടോം. മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരനായ ജിമ്മി സ്‌കറിയായുടെ സഹോദരനാണ് ടോമെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാറിലെ കൈയേറ്റക്കാരെ സംബന്ധിച്ച് സർക്കാരിന് ആഭ്യന്തര വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി 2013 ൽ നൽകിയ പട്ടികയിലും വെള്ളുക്കുന്നേൽ സ്‌കറിയായും മക്കളും കൈയേറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഈ കൈയേറ്റത്തിന് ആത്മീയതയുടെ പരിവേഷം നൽകാനാണ് സ്പിരിറ്റ് ഇൻ ജീസസിലൂടെ ശ്രമം നടന്നതെന്ന് വ്യക്തം.

കേരളത്തിൽ തൃശ്ശൂർ കുരിയച്ചിറ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് 'സ്പിരിറ്റ് ഇൻ ജീസസ് മിനിസ്ട്രി'. യേശുവിന്റെ വെളിപാട് 24 വർഷംമുമ്പാണ് തനിക്കുണ്ടായതെന്ന് സ്പിരിറ്റ് ഇൻ ജീസസ് അധ്യക്ഷൻ അവകാശപ്പെടുന്നു. ഇവർ കുരിശിനെ ആരാധിക്കുന്നവരെങ്കിലും ഇതരകാര്യങ്ങളിൽ മറ്റുസഭകളിൽനിന്ന് വ്യത്യസ്തരാണ്. കരിസ്മാറ്റിക് ഗ്രൂപ്പുകളുടേതിന് സമാനമാണ് ആരാധന. മരിച്ചുപോയവരുടെ ആത്മാവിനെ തിരികെ ഭൂമിയിലേക്ക് വിളിച്ചുവരുത്തി അവരുടെ പാപങ്ങൾ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ഈ സംഘടന ഉന്നയിക്കുന്നുണ്ട്. വ്യക്തികേന്ദ്രീകൃത സഭയായതിനാൽ മുഖ്യധാരാ ക്രൈസ്തവ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല. സ്പിരിറ്റ് ഇൻ ജീസസ് എന്നത് വ്യക്തിയുടെ വഴിതെറ്റൽ മാത്രമാണെന്നും ഇത് സാത്താൻ ആരാധനയാണെന്നും മറ്റു ക്രൈസ്തവസഭകൾ പറയുന്നു.

പാപ്പാത്തിച്ചോലയിൽ സ്ഥിതി ചെയ്യുന്ന കുരിശിന് ദൈവിക പരിവേഷം നൽകാനും സ്പിരിറ്റ് ഇൻ ജീസസ് ശ്രമിച്ചിരുന്നു. 50 വർഷത്തിലധികമായി കുരിശ് അവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ആദ്യം മരത്തിന്റെ കുരിശായിരുന്നു, പിന്നീട് അത് ദ്രവിച്ചപ്പോഴാണ് കോൺക്രീറ്റ് കുരിശ് സ്ഥാപിച്ചത്. 1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ സ്പിരിറ്റ് ഇൻ ജീസസ് പ്രവർത്തനമാരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം തൃശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു.

തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ. ഇംഗ്ലണ്ടിൽ അന്താരാഷ്ട്ര ആസ്ഥാനവുമുണ്ട്. പൂനയിലാണ് ദേശീയ ആസ്ഥാനം. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുവരെ ഭക്തരെ ആകർഷിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ വളർത്തി. സൂര്യന്റെ സവിശേഷ പ്രകാശം ലഭിക്കുന്ന കുരിശ് മൂന്നാറിലുണ്ടെന്ന് പറഞ്ഞ് ഇവിടെ നിന്നെല്ലാം ചിന്നകനാലിലേക്ക് ആളെ എത്തിച്ചിരുന്നത്.

സ്പിരിറ്റ് ഇൻ ജീസസിന്റെ കുരിശുകൃഷിയും നേതാക്കളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഒത്താശയിൽ കൈയേറ്റവും നടക്കുന്നതിനെ ഓർക്കാപ്പുറത്തുകിട്ടിയ അടിയെന്ന നിലയിലാണ് സബ്കളക്ടർ ശ്രീറാം വെങ്കിടേഷിന്റെ ഇടപെടലുണ്ടായതും കുരിശ് തകർന്നുവീണതും. എന്നാൽ കുരിശിന്റെ മറവിൽ കൈയേറിയ ഭൂമി എങ്ങനെയും തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ തമിഴ് വംശജരായ പട്ടിജാതിക്കാരെ രംഗത്തിറക്കിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP