Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു രക്തഹാരം അങ്ങോട്ടും.. ഒരു രക്തഹാരം ഇങ്ങോട്ടും.. ഒരു കട്ടൻ ചായ... തീർന്നു..; ശ്രീനിവാസന്റെ 'സന്ദേശം' ജീവിത സന്ദേശമാക്കിയ സഖാവിന് 27 വർഷത്തിന് ശേഷം ക്രൈസ്തവ ആചാരപ്രകാരം വീണ്ടും മിന്നുകെട്ട്; പാർട്ടി ചടങ്ങിൽ പണ്ട് ജീവിതസഖിയാക്കിയ ജയശ്രീയെ ആചാരം പാലിച്ച് വിവാഹം ചെയത് മണിയാശാന്റെ അടുപ്പക്കാരനായ ജോസഫ്; ഗൗരവമായി കാണണമെന്ന് പാർട്ടിക്ക് കത്തയച്ച് അണികൾ

ഒരു രക്തഹാരം അങ്ങോട്ടും.. ഒരു രക്തഹാരം ഇങ്ങോട്ടും.. ഒരു കട്ടൻ ചായ... തീർന്നു..; ശ്രീനിവാസന്റെ 'സന്ദേശം' ജീവിത സന്ദേശമാക്കിയ സഖാവിന് 27 വർഷത്തിന് ശേഷം ക്രൈസ്തവ ആചാരപ്രകാരം വീണ്ടും മിന്നുകെട്ട്; പാർട്ടി ചടങ്ങിൽ പണ്ട്  ജീവിതസഖിയാക്കിയ ജയശ്രീയെ ആചാരം പാലിച്ച് വിവാഹം ചെയത് മണിയാശാന്റെ അടുപ്പക്കാരനായ ജോസഫ്; ഗൗരവമായി കാണണമെന്ന് പാർട്ടിക്ക് കത്തയച്ച് അണികൾ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: സിപിഎം ഉയർത്തുന്ന മുദ്രാവാക്യങ്ങൾ അറുപഴഞ്ചനാണെന്ന് ആരാണ് പറയുന്നത്!. മതങ്ങളേയും ആചാരങ്ങളേയും പാർട്ടി തള്ളിപ്പറയുന്നു എന്ന് ആരോപിക്കുന്നവരും ഇത് കാണണം. ഒരിക്കലും പാർട്ടി മതങ്ങളേയോ ജാതിയേയോ ആചാരങ്ങളേയോ തള്ളപ്പറയില്ല.. നൂറുവട്ടം..!.

പറയുന്നത് സിപിഎമ്മിന്റെ കാര്യം തന്നെയാണ്. പാർട്ടി പണ്ട് ശീലിച്ച കാര്യങ്ങൾ മതങ്ങളുടെ ആചാരങ്ങൾക്ക് വേണ്ടി ഒന്നു വഴിമാറ്റിയാൽ എന്താണ് തെറ്റ്? ഒരു തെറ്റുമില്ല. കാരണം നവോത്ഥാനത്തിന്റെ കാലമാണല്ലോ. ആചാരം ലംഘിക്കുക എന്നതാണ് പുതിയ നയം. അത് പാർട്ടി പണ്ട് പുലർത്തിയ ആചാരമാണെങ്കിൽ അത് ലംഘിക്കുക തന്നെ വേണം.

'സന്ദേശം' എന്ന സത്യൻ അന്തിക്കാട് സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ് ഓർമ്മകാണും പലർക്കും. പാർട്ടി വിവാഹത്തിന്റെ ഒരു സംക്ഷിപ്തം. 'ഒരു രക്തഹാരം അങ്ങോട്ടും.. ഒരു രക്തഹാരം ഇങ്ങോട്ടും... ഒരു കട്ടൻചായ.. തീർന്നു... ഇങ്ങനെ പോകുന്ന ഡയലോഗ് പണ്ടത്തെ പാർട്ടിയുടെ മതാതീത വിശ്വാസത്തിന്റെ നേർക്കാഴ്ച. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ എ്ന്നാണ് പുതിയൊരു വർത്തമാനം പറഞ്ഞുതരുന്നത്.

കാര്യം ഇത്രയേയുള്ളൂ. പണ്ടത്തെ പാർട്ടി വിശ്വാസ പ്രകാരം പാർട്ടി നടത്തിയ ചടങ്ങിൽ വിവാഹിതനാവുകയും 27 വർഷത്തിനുശേഷം, ക്രൈസ്തവ മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്ത സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം ഇപ്പോൾ മതാചാര പ്രകാരം വീണ്ടും വിവാഹിതനായി. മാത്രമല്ല, ഇക്കാര്യം പ്രവർത്തകർ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് പാർട്ടിതന്നെ പ്രവർത്തകർക്ക് കത്ത് അയക്കുകയും ചെയ്തിരിക്കുകയാണ്. മൂലമറ്റം ഏരിയാ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കുന്ന കെ.എൽ. ജോസഫാണു ശനി രാവിലെ കുളമാവ് സെന്റ് മേരീസ് പള്ളിയിൽ വച്ച് 27 വർഷത്തിന് ശേഷം മതാചാര പ്രകാരം വിവാഹം കഴിച്ചത്.

വിവാഹം ചെയ്യുന്നതിനു മുൻപായി ജോസഫ്, ഭാര്യ ജയശ്രീ, ഇവരുടെ മക്കളായ നിബിൻ, നിഥിൻ എന്നിവരും മാമോദീസ മുങ്ങി ക്രൈസ്തവ മതം സ്വീകരിക്കുകയും ചെയ്തു. കാളിയാർ സെന്റ് മേരീസ് പള്ളി വികാരി ഫാ.തോമസ് പരുത്തിപ്പാറയാണ് വിവാഹ കൂദാശ നടത്തിയത്. ഇതിന് ശേഷം പാലാ രൂപതയിൽ നിന്നു ലഭിച്ച പ്രത്യേക അനുമതി പ്രകാരമാണ് വിവാഹം നടന്നത്.

മന്ത്രി എം.എം. മണിയുടെ വളരെ അടുപ്പക്കാരനാണ് ജോസഫ്. അങ്കണവാടി അദ്ധ്യാപികയാണു ജയശ്രീ. 27 വർഷം മുൻപാണു ജോസഫ് ജയശ്രീയെ വിവാഹം ചെയ്തത്. അന്ന് പാർട്ടി ഇക്കാര്യങ്ങളിലൊന്നും വിശ്വസിച്ചിരുന്നില്ല. ഇപ്പോഴും വിശ്വസിക്കുന്നു എന്ന് പരസ്യമായി പറയുന്നുമില്ല. കാര്യം നവോത്ഥാനം തന്നെ. മതവും ജാതിയുമൊന്നും പാർട്ടിയുടെ വിഷയമല്ല.. അന്നും.. ഇന്നും!.. അന്നു പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിവാഹത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. പക്ഷേ, ജോസഫ് ഇപ്പോൾ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞു. പാർട്ടി സമ്മതിച്ചു.

ഇപ്പോൾ നടന്ന വിവാഹം ഗൗരവമായി കാണണമെന്നു കാണിച്ചു പാർട്ടിക്കുള്ളിലെ ഒരു വിഭാഗം സിപിഎം ജില്ലാ നേതൃത്വത്തിനു കത്തയക്കുകയും ചെയ്തിട്ടുണ്ട്. നവോത്ഥാന സന്ദേശം നൽകേണ്ട നേതാക്കൾ മതങ്ങളുടെ ചട്ടക്കൂടുകളിലേയ്ക്ക് ഒതുങ്ങുന്നത് അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നു കത്തിൽ ആരോപിച്ചിട്ടുണ്ട് ഒരു കൂട്ടർ. പക്ഷേ, ഇതൊക്കെയെന്ത്.. നവോത്ഥാനം ഒരുവഴിക്ക് നടക്കും.. അത്രതന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP