Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഐഎം നേതാക്കളുടെ കൽപന അനുസരിച്ചില്ല: പന്തളം സിഐക്ക് പിന്നാലെ അടൂർ ഡിവൈ എസ്‌പിക്കും കോന്നി എസ്ഐക്കും പണി കിട്ടി: ഗുണ്ടകൾക്ക് ഓശാന പാടി മടുത്തുവെന്ന് ഒരു ഉദ്യോഗസ്ഥൻ മറുനാടനോട്

സിപിഐഎം നേതാക്കളുടെ കൽപന അനുസരിച്ചില്ല: പന്തളം സിഐക്ക് പിന്നാലെ അടൂർ ഡിവൈ എസ്‌പിക്കും കോന്നി എസ്ഐക്കും പണി കിട്ടി: ഗുണ്ടകൾക്ക് ഓശാന പാടി മടുത്തുവെന്ന് ഒരു ഉദ്യോഗസ്ഥൻ മറുനാടനോട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സംസ്ഥാനത്ത് പൊലീസ് സ്റ്റേഷൻ ഭരണം സിപിഐഎം കൈയാളാൻ തുടങ്ങിയതോടെ ഉദ്യോഗസ്ഥർ അസംതൃപ്തിയിൽ. പെണ്ണുപിടിച്ചും കവർച്ച നടത്തിയും കൊലപാതകത്തിന് ശ്രമിച്ചും പിടിയിലാകുന്ന ഗുണ്ടകളെ വരെ സല്യൂട്ട് ചെയ്യേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് ഒരു ഉദ്യോഗസ്ഥൻ മറുനാടനോട്. സിപിഐഎം നേതാക്കളുടെ ആജ്ഞ അനുസരിക്കാത്തതിന്റെ പേരിൽ പന്തളം സിഐ സസ്പെൻഷനിലായതിന് പിന്നാലെ പാർട്ടിക്ക് അനഭിമതരായ അടൂർ ഡിവൈഎസ്‌പിക്കും കോന്നി എസ്ഐക്കും പണി കിട്ടി. അടൂർ ഡിവൈഎസ്‌പി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചപ്പോൾ കോന്നി എസ്ഐയെ സ്ഥലം മാറ്റിയിരിക്കുകയാണ്. അടൂർ ഡിവൈഎസ്‌പിയുടെ പരിധിയിലാണ് കോന്നി, പന്തളം സ്റ്റേഷനുകൾ എന്നതാണ് മറ്റൊരു രസകരമായ വസ്തുത.

പാർട്ടിക്കാരുടെ ആജ്ഞ അനുസരിക്കാത്തതിനാണ് പന്തളം സിഐ ആർ സുരേഷിനെ ഇന്നലെ ഡിജിപി ലോകനാഥ് ബഹറ സസ്പെൻഡ് ചെയ്തത്. പറഞ്ഞ കാര്യമാകട്ടെ, പാർട്ടിക്കാരുടെ പ്രകടനം വന്നപ്പോൾ ഒളിച്ചോടി സ്റ്റേഷനിൽ ഇരുന്നുവെന്നും. ഇതേ അവസ്ഥ തന്നെയാണ് അടൂർ ഡിവൈഎസ്‌പി പിഡി ശശിക്കുമുണ്ടായത്. സി.പി.എം-ബിജെപി സംഘർഷം വ്യാപകമായ അടൂരിൽ പാർട്ടി നിർദേശിച്ച ബിജെപിക്കാർക്ക് എതിരേ നടപടി എടുക്കാത്തതിന് സമ്മർദം ചെലുത്തി ശശിയെ അവധി എടുപ്പിക്കുകയായിരുന്നു. അടുത്ത വർഷം വിരമിക്കാനിരിക്കുന്ന ഈ ഉദ്യോഗസ്ഥൻ നീണ്ട അവധിയിലാണ് പ്രവേശിച്ചിരിക്കുന്നത്.

വഴിയിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാരന്റെ തല അടിച്ചു പൊട്ടിച്ച സിപിഐഎം നേതാവിനെ അറസ്റ്റ് ചെയ്തതിനാണ് കോന്നി എസ്ഐ ബി രാജഗോപാലിനെ റാന്നിയിലേക്ക് മാറ്റിയത്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ സിപിഐഎം പഞ്ചായത്തംഗം കൂടിയായ പ്രതി എസ്ഐയെയും രണ്ടു പൊലീസുകാരെയുംമർദിക്കുകയും ചെയ്തിരുന്നു. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി തന്നെ ലോക്കപ്പിൽ മർദിച്ച എസ്ഐയെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തി ഫേസ്‌ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു.

പന്തളം, അടൂർ മേഖലയിൽ ബിജെപി-സി.പി.എം സംഘർഷം പതിവാണ്. അടൂരിലാകട്ടെ സിപിഐമ്മും സിപിഐയും തമ്മിലും സംഘട്ടനം പതിവാണ്. ഇവിടെ ക്രമസമാധാന ചുമതല ഭംഗിയായി നിർവഹിച്ചിരുന്ന ഡിവൈഎസ്‌പി എസ് റഫീഖിനെ മാറ്റിയാണ് പകരം ജില്ലാ ആസ്ഥാനത്ത് അഡ്‌മിനിസ്ട്രേഷൻ ഡിവൈഎസ്‌പിയായിരുന്ന പിഡി ശശിയെ നിയമിച്ചത്. പകരം റഫീഖിനെ അഡ്‌മിനിസ്ട്രേഷൻ ഡിവൈഎസ്‌പിയുമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടുവെന്നത് മാറ്റമായിരുന്നു റഫീഖ് ചെയ്ത കുറ്റം. ശശി ചുമതലയേറ്റതിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായുള്ള സിപിഐഎം-ബിജെപി അക്രമങ്ങളുടെ തുടർന്ന പന്തളത്തുംഅടൂരിലും അരങ്ങേറിയത്.

രണ്ടിടത്തും പരസ്പരം ഏറ്റുമുട്ടലും മർദനവും വെട്ടുമൊക്കെയുണ്ടായി. പന്തളം സ്റ്റേഷൻ പരിധിയിൽ ജില്ലാ കലക്ടർ 144 പ്രഖ്യാപിക്കുകയും ചെയ്തു. കുരമ്പാലയിൽ സിപിഐഎം ലോക്കൽ കമ്മറ്റി ഓഫീസും കൊടിമരങ്ങളും സംഘപരിവാർ സംഘടനകൾ അടിച്ചു തകർത്തു. ഇതിനിടെ സിപിഐഎം ചൂണ്ടിക്കാണിച്ച പ്രതികളെ പന്തളം സിഐ ആർ സുരേഷ് കസ്റ്റഡിയിൽ എടുത്തില്ല. ഇതു കാരണം, സിപിഐഎം നടത്തിയ പ്രകടനത്തിൽ നിന്ന് സിഐ വിട്ടു നിന്നു. തനിക്കെതിരേ കൈയേറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിട്ടു നിന്നത്. ഇത് ഒളിച്ചോട്ടമായി ചിത്രീകരിച്ച് ജില്ലാ പൊലീസ് മേധാവി മുഖേനെ ഡിജിപിക്ക് റിപ്പോർട്ട് അയപ്പിച്ചാണ് ഇന്നലെ സിഐയെ സസ്പെൻഡ് ചെയ്തത്.

വളരെ മികച്ച ഉദ്യോഗസ്ഥൻ എന്നു പേരെടുത്തയാളാണ് സിഐ ആർ സുരേഷ്. കോന്നി സിഐയായിരുന്ന ആർ ജോസ് ഡിവൈഎസ്‌പിയായി സ്ഥാനക്കയറ്റം കിട്ടിപ്പോയ ഒഴിവിൽ കോന്നിയുടെ ചുമതല കൂടി സുരേഷിനായിരുന്നു. പന്തളത്തും അടൂരിലും നടന്ന പ്രമാദമായ കൊലക്കേസുകൾ, മോഷണക്കേസുകൾ എന്നിവയ്ക്കെല്ലാം തുമ്പുണ്ടാക്കിയതും സുരേഷാണ്. പാർട്ടിയുടെ നിർദേശപ്രകാരമാണ് സുരേഷിനെ
ഈ സർക്കാർ പന്തളത്ത് പോസ്റ്റ് ചെയ്തത്. എന്നാൽ, വഴിവിട്ട രീതിയിൽ പ്രവർത്തിക്കാൻ തയാറാകാത്തതാണ് ഇദ്ദേഹത്തിന്റെ സസ്പെൻഷനിൽ കലാശിച്ചത്.

അടൂർ ഡിവൈഎസ്‌പിയും സമാന നിലപാടാണ് സ്വീകരിച്ചത്. പാർട്ടിക്കാരുടെ നിർദ്ദേശം അവഗണിച്ച് സ്വന്തം നിലയിൽ സെറ്റിൽമെന്റ് ഉണ്ടാക്കാൻ പോയതാണ് ഇദ്ദേഹത്തിന് വിനയായത്. പാർട്ടി നിർദ്ദേശം മറികടന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗമായ
മുൻ എംഎൽഎ ശശിയെ അടൂരിൽ ഡിവൈഎസ്‌പിയാക്കിയത്. തിരുവല്ലയാണ് ശശി ചോദിച്ചത്. കിട്ടിയത് അടൂരും. ഇദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അടൂരിൽ സിപിഐഎം-ബിജെപി സംഘർഷം ആരംഭിച്ചു. പറക്കോട്ട് സി.പി.എം പ്രവർത്തകർ ക്ഷേത്രത്തിലേക്ക് കല്ലെറിഞ്ഞത് വൻ വിവാദമായി. അവിടെ ഉണ്ടായിരുന്ന ആർഎസ്എസുകാർ സിപിഎമ്മുകാടെ ഓടിച്ചിട്ട് അടിച്ചു. ഇതിൽ നടപടി എടുക്കാൻ ഡിവൈഎസ്‌പി തയാറായില്ല. ഇതൊക്കെയാണ് ശശിയെ അവധിയിൽ പോകാൻ നിർബന്ധിതനാക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ സ്ഥലം കൂടിയാണ്. സിപിഎമ്മിന്റെ നിർദേശത്തിന് വഴങ്ങിയാണ് ശശി അവധി എടുത്തത് എന്നാണ് കോൺഗ്രസുകാർ പറയുന്നത്.

കോന്നിയിൽ പൊലീസുകാരെ ആക്രമിച്ചത് സിപിഐഎം ഗ്രാമപഞ്ചായത്തംഗമായിരുന്നു. തെരുവുഗുണ്ടയെപ്പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. ആൾക്കൂട്ടത്തിന് മുന്നിൽ അഭിമാനം വ്രണപ്പെട്ട പൊലീസ് അതിന് പകരം ചോദിക്കുകയും ചെയ്തു. ഇതോടെ എസ്ഐക്ക് സ്ഥാനചലനമായത്. ലോക്കൽ സ്റ്റേഷനുകളിലെ ക്രമസമാധാന പാലനം വെല്ലുവിളിയായിരിക്കുകയാണെന്ന് പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരു സർക്കിൾ ഇൻസ്പെക്ടർ മറുനാടനോട് പറഞ്ഞു.

ഏതു കേസിൽ ഗുണ്ടകളെയും മോഷ്ടാക്കളെയും പിടിച്ചാൽ അപ്പോൾ മുകളിൽ നിന്ന് വിളിയെത്തും. പാർട്ടിയുടെ ആളാണ്. വിടാൻ ഒരഞ്ചു മിനിട്ട് താമസിച്ചാൽ ഭീഷണിയുമായി ലോക്കൽ നേതാക്കൾ നേരിട്ടെത്തും. എന്തെങ്കിലും മറുത്തു പറഞ്ഞാൽ അവരുടെ വായിൽ നിന്ന് ഭീഷണിയും തെറിയും. കോൺഗ്രസ് ഭരിക്കുമ്പോൾ ഇങ്ങനെ വരുന്ന നേതാക്കളെ കാര്യം പറഞ്ഞ് മനസിലാക്കാമായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് സേനയുടെ ആത്മവീര്യം തന്നെ തകർന്നിരിക്കുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP