Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഘർഷമുണ്ടാക്കി നേതാവാകുന്ന തന്ത്രം പയറ്റുന്ന സമർത്ഥൻ; വ്യക്തിപരമായ പ്രശ്നങ്ങളെ പാർട്ടി പ്രശ്നമാക്കി വലുതാക്കി ചിത്രീകരിക്കുന്ന വിരുതൻ; തീരുമാനിക്കുന്നത് എന്തും നടപ്പാക്കാൻ എന്തിനും തയ്യാറായി നിൽക്കുന്ന വിശ്വസ്തരുടെ നേതാവും; എതിരഭിപ്രായമുണ്ടെങ്കിലും ആരും പുറത്തു പറയാൻ മടിക്കുന്നതിന് കാരണം പാർട്ടിയിലെ ഉന്നത ബന്ധങ്ങളും; ലോക്കൽ കമ്മറ്റി അംഗമെങ്കിലും സ്ഥാനം സെക്രട്ടറിക്ക് മുകളിലും! പെരിയയിൽ കാട്ടു നീതി നടപ്പാക്കിയ പീതാംബരൻ കല്യോട്ടെ രാഷ്ട്രീയക്കാരിൽ കുപ്രസിദ്ധൻ

സംഘർഷമുണ്ടാക്കി നേതാവാകുന്ന തന്ത്രം പയറ്റുന്ന സമർത്ഥൻ; വ്യക്തിപരമായ പ്രശ്നങ്ങളെ പാർട്ടി പ്രശ്നമാക്കി വലുതാക്കി ചിത്രീകരിക്കുന്ന വിരുതൻ; തീരുമാനിക്കുന്നത് എന്തും നടപ്പാക്കാൻ എന്തിനും തയ്യാറായി നിൽക്കുന്ന വിശ്വസ്തരുടെ നേതാവും; എതിരഭിപ്രായമുണ്ടെങ്കിലും ആരും പുറത്തു പറയാൻ മടിക്കുന്നതിന് കാരണം പാർട്ടിയിലെ ഉന്നത ബന്ധങ്ങളും; ലോക്കൽ കമ്മറ്റി അംഗമെങ്കിലും സ്ഥാനം സെക്രട്ടറിക്ക് മുകളിലും! പെരിയയിൽ കാട്ടു നീതി നടപ്പാക്കിയ പീതാംബരൻ കല്യോട്ടെ രാഷ്ട്രീയക്കാരിൽ കുപ്രസിദ്ധൻ

രഞ്ജിത്ത് ബാബു

കാസർഗോഡ്: പെരിയ ഇരട്ട കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ സ്ഥാനം ലോക്കൽ സെക്രട്ടറിക്ക് മുകളിലാണ്. പീതാംബരൻ തീരുമാനിക്കുന്നതെന്തും നടപ്പാക്കുന്ന ഒരു സംഘം കൂട്ടാളികളും അയാൾക്കൊപ്പമുണ്ട്. പീതാംബരന്റെ ചെയ്തികളെക്കുറിച്ച് പാർട്ടിയിൽ എതിരഭിപ്രായമുണ്ടെങ്കിലും അത് പുറത്ത് പറയാൻ ആരും ധൈര്യം കാട്ടാറില്ല.

ഉന്നതങ്ങളിൽ പീതാംബരനുള്ള പിടിപാട് അത്രയും വലുതാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ ശരത്ത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്താൻ അക്രമികൾക്ക് നിർദ്ദേശം നൽകിയത് പീതാംബരനാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊലയാളി സംഘത്തിനൊപ്പം പീതാംബരനും വാഹനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അങ്ങിനെയെങ്കിൽ ശരത്ത് ലാലിനേയും കൃപേഷിനേയും അറിയാത്ത ഒരു ക്വട്ടേഷൻ സംഘം പീതാംബരനൊപ്പം ഉണ്ടായിട്ടുണ്ടാവാം.

പെരിയയിൽ രാഷ്ട്രീയ പ്രശ്നങ്ങളുണ്ടാക്കുന്നതിൽ പീതാംബരൻ ഏകപക്ഷീയ നിലപാടാണ് എടുക്കാറുള്ളത്. സംഘർഷമുണ്ടാക്കി നേതാവാകുക എന്ന ലക്ഷ്യം കൂടി പീതാംബരനുണ്ടെന്ന് സാഹചര്യങ്ങൾ വെളിപ്പെടുത്തുന്നു. ഈ രാഷ്ട്രീയ കൊലപാതകം പീതാംബരനിൽ ഒതുക്കി തീർക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പീതാംബരന് മുകളിൽ നിന്ന് കാര്യമായ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചനയുമുണ്ട്. കൊല നടത്തിയതിന്റെ രീതി പരിശോധിച്ചാൽ പ്രൊഫഷണൽ ക്വട്ടേഷൻ സംഘമാണ് ഇതിന് പിറകിലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്.

കല്യോട് ക്ഷേത്രത്തിലെ പെരുങ്കളിയാട്ട സ്വാഗത സംഘം യോഗം നടക്കുന്നതിനിടയിൽ സംശയകരമായ സാഹചര്യത്തിൽ അപരിചിതരായ ചിലർ സഞ്ചരിച്ച വാഹനം അവിടെ എത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് നാട്ടുകാർ പൊലീസിൽ സൂചന നൽകിയെങ്കിലും അന്വേഷണം ആ വഴിക്ക് ഇനിയും നീങ്ങിയിട്ടില്ല. പീതാംബരൻ പൊലീസ് പിടിയിലാവും മുമ്പ് ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവുമുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങളെ പാർട്ടി പ്രശ്നമാക്കുകയും വലുതാക്കി ചിത്രീകരിച്ചുമാണ് ഇയാൾ നേതൃത്വത്തിന്റെ പ്രീതി കരസ്ഥമാക്കാറ്.

അതുകൊണ്ടു തന്നെ പീതാംബരനെ പാർട്ടി പുറത്താക്കിയാലും തുടർന്നുള്ള നിയമപോരാട്ടത്തിൽ സഹായിക്കുമെന്നത് പച്ച പരമാർത്ഥമാണ്. വിദ്യാർത്ഥി പ്രശ്നം ഏറ്റെടുത്ത് സംഘർഷമുണ്ടാക്കിയതിന് പീതാംബരന്റെ പങ്ക് നിസ്സാരമല്ല. തുടർന്നാണ് ഇയാൾക്കു നേരെ കോൺഗ്രസ്സ് അക്രമുണ്ടായത്. തന്നെ ചോദ്യം ചെയ്യാൻ ആരാണ് നിങ്ങളെന്ന് സ്വയം കരുതിയ പീതാംബരൻ പരിക്കേറ്റതോടെ എല്ലാം തീരുമാനിക്കപ്പെടുകയായിരുന്നു. തനിക്ക് പരിക്കേറ്റ സംഭവത്തിൽ റിമാന്റിലായ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ശരത്ത് ലാൽ ജയിലിൽ നിന്നും ഇറങ്ങിയപ്പോൾ തിരിച്ചടിക്കാൻ തീരുമാനിക്കുകയായിരുന്നു.

17 ാം തീയ്യതി ഞായറാഴ്ച കല്യോട് ക്ഷേത്രത്തിലെ പെരുങ്കളിയാട്ട സ്വാഗത സംഘം യോഗം കഴിഞ്ഞ് പുറത്ത് ഇറങ്ങിയ ശരത്ത് ലാലിനേയും കൃപേഷിനേയും വാഹനങ്ങളിലായി പിൻതുടർന്നായിരുന്നു അക്രമിച്ചത്. ശരത്തും കൃപേഷും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ സഞ്ചരിച്ച ജീപ്പ് തട്ടിയിടുകയായിരുന്നു. നിലത്ത് വീണ് രണ്ട് പേരേയും ഗുരുതരമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. മരണം ഉറപ്പ് വരുത്തിയാണ് അക്രമി സംഘം സ്ഥലം വിട്ടത്. കൃപേഷിന്റെ തലക്ക് വെട്ടേറ്റയുടൻ നിലം പതിച്ചിരുന്നു. ശരത്ത് ലാലിനോടായിരുന്നു കൂടുതൽ പ്രതികാരം. ഇയാളുടെ ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ചാണ് അക്രമികൾ സ്ഥലം വിട്ടത്. ഈ സംഭവത്തിൽ ഉദുമ എംഎൽഎ യായ കെ. കുഞ്ഞിരാമനു നേരെ ആരോപണമവുമായി ഡി.സി.സി. പ്രസിഡണ്ട് ഹക്കിം കുന്നേൽ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

എംഎൽഎ .യുടെ വീടിന് 200 മീറ്റർ അകലെ അക്രമി സംഘം സഞ്ചിരിച്ചെന്ന് പറയുന്ന ജീപ്പ് കണ്ടെത്തിയിരുന്നു. അന്ന് രാത്രി അവിടെ കിടന്ന വാഹനം 12 മണിക്കൂർ കഴിഞ്ഞാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാൻ എംഎൽഎ കൂട്ടു നിന്നുവെന്നാണ് ആരോപണം. പൊലീസിനെ അന്വേഷണത്തിൽ നിന്നും പിൻതിരിപ്പിക്കാൻ എംഎൽഎ. ശ്രമിച്ചുവെന്നും കോൺഗ്രസ്സ് ആരോപിക്കുന്നു. അറസ്റ്റിലായ പീതാംബരനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. അതിനിടെ പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരന്റെ കുടുംബം രംഗത്ത് വന്നു. പാർട്ടി അറിയാതെ കൊലപാതകം നടക്കില്ലെന്ന് പീതാംബരന്റെ ഭാര്യ മഞ്ജുവും മകൻ ദേവികയും മാധ്യമങ്ങളോട് പറഞ്ഞു. ഒരാളിൽ മാത്രം ആരോപണം ചാരി പാർട്ടി രക്ഷപ്പെടുകയാണെന്ന ആരോപണമാണ് പ്രധാനമായും കുടുംബം ഉന്നയിക്കുന്നത്. പാർട്ടി പറയാതെ പീതാംബരൻ സ്വയം കൊല നടത്തില്ല. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്നയാളാണ് അദ്ദേഹം. നേരത്തെയുണ്ടായ അക്രമങ്ങളിൽ പങ്കാളികളായത് പാർട്ടിക്കുവേണ്ടിയാണ്്.

അടിയുറച്ച പാർട്ടി പ്രവർത്തകനായിരുന്നു. നേരത്തെ സിപിഎം ലോക്കൽ സെക്രട്ടറിയും പിന്നീട് ലോക്കൽ കമ്മിറ്റി അംഗവുമായി. രാഷ്ട്രീയസംഘർഷത്തിന്റെ പേരിലാണ് കൊലപാതകം നടന്നത്. പാർട്ടിക്കുവേണ്ടി നിന്നിട്ട് അവസാനം പുറത്താക്കി. കൊലപാതകത്തിനുശേഷം ഒളിവിൽ പോവാൻ സഹായിച്ചതും പാർട്ടി തന്നെയായിക്കുമെന്നും ഭാര്യ മഞ്ജു പറഞ്ഞു. കൊലപാതകത്തിൽ പാർട്ടിക്കാണ് പൂർണ ഉത്തരവാദിത്തമെന്ന് മകൾ ദേവിക പറഞ്ഞു. പാർട്ടിക്ക് ചീത്തപ്പേരുണ്ടാവാതിരിക്കാനാണ് അച്ഛനെ പുറത്താക്കിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായതിനാലാണ് പാർട്ടി നടപടിയെടുത്തതെന്നും ദേവിക കൂട്ടിച്ചേർത്തു. കൊലപാതകം നടത്തിയത് സിപിഎമ്മാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബവും ആരോപിച്ചിരുന്നു. സിപിഎം നേതാക്കളിൽനിന്ന് മക്കൾക്ക് ഭീഷണിയുണ്ടായിരുന്നതായും ഇവർ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യൻ ആവർത്തിച്ചു. പ്രതി പീതാംബരൻതന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മിറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ പലതവണ വധഭീഷണി മുഴക്കിയിരുന്നു.

എംഎൽഎയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നൽകിയതെന്നും സത്യൻ ആരോപിച്ചു. കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ, കാസർകോഡ് ഇരട്ടക്കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും വാദം. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പീതാംബരനെ പാർട്ടിയിൽനിന്ന് പുറത്താക്കി സിപിഎം കൈയൊഴിയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP