Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടികൊണ്ടു നിലത്ത് വീണ പ്രണവിനെ തല്ലിച്ചതയ്ക്കുന്നത് എസ്എഫ്‌ഐ-സിപിഎം സംഘം; നെന്മാറയിൽ കഴിഞ്ഞ വർഷം സിപിഎം അഴിച്ചുവിട്ട ആൾക്കൂട്ട ആക്രമണം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ; അടികൊണ്ടും കേസുകൊണ്ടും മതിയാവാതെ കാപ്പ ചുമത്തിയും പ്രതികാരം; കാപ്പ കോടതി തള്ളിയപ്പോൾ കെ.സുരേന്ദ്രനെ നേരിട്ട രീതിയിൽ പ്രൊഡക്ഷൻ വാറന്റ് വെച്ചുള്ള രാഷ്ട്രീയക്കളികൾ; പാലക്കാട്ട് സിപിഎമ്മിൽ നിന്നും ബിജെപിയിലെത്തിയ പഴയ എസ്എഫ്‌ഐക്കാരനെ നാളെ ജയിലിൽ നിന്നിറക്കാൻ ബിജെപിയും

അടികൊണ്ടു നിലത്ത് വീണ പ്രണവിനെ തല്ലിച്ചതയ്ക്കുന്നത് എസ്എഫ്‌ഐ-സിപിഎം  സംഘം; നെന്മാറയിൽ കഴിഞ്ഞ വർഷം സിപിഎം അഴിച്ചുവിട്ട ആൾക്കൂട്ട ആക്രമണം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ; അടികൊണ്ടും കേസുകൊണ്ടും മതിയാവാതെ കാപ്പ ചുമത്തിയും പ്രതികാരം; കാപ്പ കോടതി തള്ളിയപ്പോൾ കെ.സുരേന്ദ്രനെ നേരിട്ട രീതിയിൽ പ്രൊഡക്ഷൻ വാറന്റ് വെച്ചുള്ള രാഷ്ട്രീയക്കളികൾ; പാലക്കാട്ട് സിപിഎമ്മിൽ നിന്നും ബിജെപിയിലെത്തിയ പഴയ എസ്എഫ്‌ഐക്കാരനെ നാളെ ജയിലിൽ നിന്നിറക്കാൻ  ബിജെപിയും

എം മനോജ് കുമാർ

 പാലക്കാട്: ആൾക്കൂട്ട ആക്രമണത്തെ അപലപിക്കുന്ന സിപിഎമ്മും എസ്എഫ്‌ഐയും ആൾക്കൂട്ട ആക്രമണത്തിനു മുൻ എസ്എഫ്‌ഐക്കാരനെ ഇരയാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. പാലക്കാട് നെന്മാറയിലെ ഹയർസെക്കണ്ടറി സ്‌കൂളിൽ വെച്ച് പ്രണവ് എന്ന മുൻ എസ്എഫ്‌ഐക്കാരനെ എസ്എഫ്‌ഐ-സിപിഎം സംഘം ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നെന്മാറ സ്‌കൂളിൽ എസ്എഫ്‌ഐ-സിപിഎം നടത്തിയ നരനായാട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. ആൾക്കൂട്ട ആക്രമണത്തെ അടിമുടി എതിർക്കുകയും നോർത്ത് ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളെ സംഘപരിവാറിന്റെ ചുമലിൽ വെച്ച് കേരളത്തിൽ വ്യാപകമായ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുകയും ചെയ്ത സിപിഎമ്മും എസ്എഫ്‌ഐയും തന്നെയാണ് ഈ ആൾക്കൂട്ട ആക്രമണത്തിനു നേതൃത്വം നൽകുന്നത് എന്നതാണ് ഇപ്പോൾ വീണ്ടും പുറത്ത് വരുന്ന പ്രണവിന്റെ നേർക്കുള്ള ആക്രമണ വീഡിയോയെ വ്യത്യസ്തമാക്കുന്നത്. എസ്എഫ്‌ഐക്കാരനായപ്പോൾ സൃഷ്ടിച്ച കേസുകളിൽ ഉൾപ്പെട്ട് ഇപ്പോൾ ജയിലിൽ തുടരുന്ന പ്രണവ് നാളെ പുറത്ത് വരാനിരിക്കെയാണ് ഇന്നു വീണ്ടും പ്രണവിന്റെ ആക്രമണ വീഡിയോ വൈറൽ ആയിരിക്കുന്നത്.

എസ്എഫ്‌ഐ മുൻ നേതാവിന്റെ പഴയ കേസുകൾ ഇപ്പോൾ പാലക്കാട് ബിജെപി നേതൃത്വമാണ് ഏറ്റെടുത്ത് നടത്തുന്നത്. നെന്മാറയിലെ ബിജെപി നേതാവാണ് പഴയ എസ്എഫ്‌ഐക്കാരനായ പ്രണവ് ഇപ്പോൾ. പാർട്ടി കേഡർ ആയ പ്രണവ് പാർട്ടി വിടുകയും വർഗ ശത്രുവായ ബിജെപിയുടെ നേതാവായി മാറുകയും ചെയ്ത വിരോധമാണ് പ്രണവിൽ സിപിഎം തീർക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി പ്രണവിന്റെ കാര്യത്തിൽ ഇടപെടുകയും രാഷ്ട്രീയ പ്രതിരോധം ബിജെപി ഉയർത്തുകയും ചെയ്യുന്നതുകൊണ്ട് തന്നെ പ്രണവ് പ്രശ്‌നം ഒരു രാഷ്ട്രീയ പ്രശ്‌നമായി ഇപ്പോൾ മാറുന്നുമുണ്ട്. ഓഗസ്റ്റിലും അതിനു ശേഷവും പ്രണവിനു നേരെ സിപിഎം ആക്രമണം നടന്നു. ഇതും കൂടാതെ ഈ മേയിൽ 17 ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി പ്രണവിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം കാപ്പ ചുമത്തി. അതിനു ശേഷം പ്രണവ് പൊലീസിന് മുന്നിൽ കീഴടങ്ങി. പക്ഷെ കാപ്പ ചുമത്തിയത് കോടതി സ്വീകരിച്ചില്ല. കാപ്പയ്ക്ക് മാത്രമുള്ള ക്രിമിനൽ പശ്ചാത്തലം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് കാപ്പ കോടതി റദ്ദ് ചെയ്തത്. ഇപ്പോൾ മറ്റു കേസുകളിൽപ്പെട്ട് മലമ്പുഴ ജയിലിലാണ് പ്രണവ് ഉള്ളത്. കെ.സുരേന്ദ്രനെ ശബരിമല പ്രശ്‌നത്തിൽ സിപിഎം നേരിട്ടത് പോലെ പ്രൊഡക്ഷൻ വാറന്റ് വെച്ചുള്ള കളിയാണ് പ്രണവിനെ പുറത്തിറക്കാതിരിക്കാൻ സിപിഎം നടത്തുന്നത്. സിപിഎമ്മിന്റെ പ്രൊഡക്ഷൻ വാറന്റ് കളി മനസിലാക്കിയപ്പോൾ പാലക്കാട് ബിജെപി ജില്ലാ നേതൃത്വവും ഉണർന്നു കളിച്ചു. ശക്തമായ നിയമസഹായം ഏർപ്പെടുത്തിയപ്പോഴാണ് നാളെ പ്രണവിനു മലമ്പുഴ ജയിലിൽ നിന്നും പുറത്തിറങ്ങാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്. ഒരു കേസിൽ ജാമ്യം ലഭിക്കുന്ന അവസ്ഥ വരുമ്പോൾ മറ്റൊരു കേസിലെ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കും. പിന്നേയും ജയിലിൽ തന്നെ തളച്ചിടും. ഈ സിപിഎം കളികൾ ശബരിമല സമയത്ത് ബിജെപി തിരിച്ചറിഞ്ഞതാണ് പ്രണവിനു തുണയായത്. നാളെ പ്രണവ് പുറത്തിറങ്ങും എന്നാണ് ബിജെപി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നത്.

നെന്മാറ സ്‌കൂളിൽ എസ്എഫ്‌ഐ-എബിവിപി പ്രശ്‌നം നടക്കുന്നത് കണ്ടപ്പോൾ എബിവിപിയെ സഹായിക്കാനാണ് നെന്മാറ സ്‌കൂളിൽ എത്തുന്നത്. പ്രണവിനെ കണ്ടപ്പോൾ എസ്എഫ്‌ഐ-എബിവിപി പ്രശ്‌നം പാതിവഴിയിൽ നിർത്തി സഖാക്കൾ പ്രണവിനെ കയറി മേയുകയായിരുന്നു. അടികൊണ്ടു നിലത്ത് വീണ പ്രണവിന്റെ മേൽ ഗുരുതരമായ മർദ്ദനമാണ് എസ്എഫ്‌ഐ-സിപിഎം സംഘം അഴിച്ചു വിടുന്നത്. കൈക്കും കാലിനും ഒടിവും കണ്ണിനു പരുക്കും പറ്റിയ പ്രണവ് രണ്ടു മാസത്തോളം ചികിത്സയിലുമായിരുന്നു. ആൾക്കൂട്ട ആക്രമണത്തെ അടിമുടി എതിർക്കുന്ന എസ്എഫ്‌ഐയും സിപിഎമ്മും ആൾക്കൂട്ട ആക്രമണം തന്നെയാണ് പ്രണവിന്റെ മേൽ നടപ്പാക്കുന്നത്. വടികൊണ്ട് തീരാത്ത പക കൊടികെട്ടിയ വടി കൊണ്ട് എസ്എഫ്‌ഐ തീർക്കുന്നതും മർദ്ദന ദൃശ്യങ്ങളിൽ വ്യക്തമാണ്.

അടിമുടി സിപിഎമ്മുകാരനായ പ്രണവ് നെന്മാറ പഞ്ചായത്ത് തലത്തിൽ സിപിഎം നേതൃത്വവുമായി ഉടക്കുന്നതോടെയാണ് സിപിഎമ്മിൽ നിന്നും പുറത്താകുന്നത്. ഈ ചൊരുക്കാണ് പ്രണവിന്റെ മേൽ സിപിഎം സംഘം തീർക്കുന്നത്. ഇപ്പോഴത്തെസിപിഎമ്മുകാരനായ നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേമന്റെ വീട്ടിനു മുന്നിലുള്ള കോളനിയിലെ ഒരു വീട്ടിലാണ് പ്രണവിന്റെ താമസം. ഡാമിൽ നിന്ന് മീൻ പിടിച്ച് ഉപജീവനം കഴിക്കുന്നയാളാണ് പ്രണവിന്റെ അച്ഛൻ അയ്യപ്പൻ. ലളിതയാണ് അമ്മ. ഇവർക്കുള്ള മൂന്നു ആൺമക്കളിൽ രണ്ടാമത് മകനാണ് പ്രണവ്. അടിമുടി സിപിഎമ്മുകാരനായ പ്രണവ് പ്രേമൻ അടക്കമുള്ള സിപിഎം നേതൃത്വവുമായി ഉടക്കുന്നതോടെയാണ് പാർട്ടിക്ക് പുറത്തേക്ക് നീങ്ങുന്നത്. എസ്എഫ്‌ഐക്കാരനായ വിദ്യാർത്ഥി നേതാവായാണ് പ്രണവ് വളർന്നു വന്നത്. എസ്എഫ്‌ഐക്കാരനായ നേതാവായതുകൊണ്ട് കേസുകളും പ്രണവിന്റെ മേൽ ധാരാളമായി വന്നിരുന്നു. സിപിഎമ്മുകാരനായപ്പോൾ ഈ കേസുകൾ പ്രശ്‌നമായിരുന്നില്ല. പക്ഷെ സിപിഎം വിട്ടപ്പോൾ എല്ലാ കേസുകളും ഒരുമിച്ച് പ്രണവിനെ തിരിഞ്ഞു കുത്തി. കേസുകളും പ്രശ്‌നങ്ങളുമായി പ്രണവ് മുന്നോട്ടു നീങ്ങുമ്പോഴാണ് സിപിഎം നെന്മാറ നേതൃത്വവുമായി പ്രണവ് ഉടക്കുന്നത്. പാർട്ടിക്ക് അപ്രിയനായാൽ ഒരു ശരാശരി സഖാവിനു വരുന്ന എല്ലാ പ്രശ്‌നങ്ങളും പ്രണവിനും വന്നു. വർഗ ശത്രുവായി പ്രണവും മുദ്രകുത്തപ്പെട്ടു. ആ രീതിയിലുള്ള ആക്രമണം വീണ്ടും പ്രണവിന്റെ നേർക്ക് നടന്നു.

ഓഗസ്റ്റിൽ പ്രണവ് നെന്മാറ സ്‌കൂളിൽ ആക്രമിക്കപ്പെട്ടപ്പോൾ ആ പരുക്കുകൾ മാറും മുൻപ് രണ്ടു മാസത്തിനു ശേഷം പ്രണവ് വീണ്ടും ആക്രമിക്കപ്പെട്ടു. ഇക്കുറി സിഐടിയുക്കാരായിരുന്നു ആക്രമണത്തിനു പിന്നിൽ. ഈ രണ്ടു കേസുകളിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. സിഐടിയു ആക്രമണം പ്രണവിന്റെ നേർക്ക് നടന്നപ്പോൾ അത് അന്വേഷിക്കാൻ പോലും പൊലീസ് തയ്യാറായില്ല. സിപിഎമ്മുമായി ഇടഞ്ഞപ്പോൾ കള്ളക്കേസുകളും പ്രണവിന്റെ പേരിൽ വന്നു. ഇതിൽ പ്രണവ് റിമാൻഡിൽ ആവുകയും പുറത്ത് വരുകയുമൊക്കെ ചെയ്തു. ഇതിന്നിടയിൽ പ്രണവ് തന്റെ തട്ടകം ബിജെപിയിലേക്ക് മാറ്റുകയും ചെയ്തു. ഈ ഘട്ടത്തിൽ തന്നെയാണ് നെന്മാറ സ്‌കൂളിൽ പ്രണവിന്റെ നേർക്ക് ആൾക്കൂട്ട ആക്രമണം നടത്തുന്നതും.

നെന്മാറ ഹയർസെക്കണ്ടറി സ്‌കൂളിൽ എബിവിപിക്കാർക്ക് നേരെ ആക്രമണം നടക്കുന്നു എന്നറിഞ്ഞപ്പോഴാണ് പ്രണവ് നെന്മാറ സ്‌കൂളിൽ എത്തുന്നത്. ഇതോടെയാണ് വൻ സംഘം പ്രണവിനെ വളഞ്ഞുവെച്ച് മർദ്ദിക്കുന്നത്. ഇതിനു ശേഷം രണ്ടു മാസം കഴിഞ്ഞു വീണ്ടും പ്രണവ് ആക്രമിക്കപ്പെട്ടു. ഈ ആക്രമണത്തിലും അന്വേഷണം ഇഴയുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രണവ് പ്രശ്‌നത്തിൽ സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്.

മലബാർ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ വന്മരമായി നിലകൊണ്ട ടി.പി.ചന്ദ്രശേഖരൻ പാർട്ടി വിട്ടപ്പോൾ കോൺഗ്രസിലോ ബിജെപിയിലോ ചേരാൻ വിമുഖത കാട്ടിയതാണ് കേരളത്തിലെ നീറുന്ന ഒരു രാഷ്ട്രീയ പ്രശ്‌നമായി ഇപ്പോഴും തുടരുന്ന ടിപി വധത്തിനു വഴിവെച്ചത്. സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തിനു തീരുമാനിച്ച സമയത്ത് തന്നെ ടിപിയെ വെട്ടിനുറുക്കാനും കഴിഞ്ഞു. കോൺഗ്രസോ ബിജെപിയോ ഒപ്പമില്ലാത്ത ടിപി രാഷ്ട്രീയ ദുർബലതയായി തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ടിപിയെ ഇല്ലാതാക്കാൻ സിപിഎമ്മിന് അനായാസം കഴിയുകയും ചെയ്തു. ടിപി പോലുള്ള ഒരു പ്രശ്‌നമാണ് പ്രണവ് പ്രശ്‌നത്തിലും സിപിഎമ്മിന് മുന്നിൽ ഉയരുന്നത്.

പാർട്ടിക്കൊപ്പം വെട്ടാനും തല്ലാനും കൂട്ടുനിന്നയാളാണ് പ്രണവ്. സ്വന്തം കേഡർ ആയ പ്രണവ് ആജന്മ ശത്രുവായ ബിജെപിയിൽ ചേർന്നത് അതുകൊണ്ട് തന്നെ സിപിഎമ്മിന് രുചിച്ചിട്ടില്ല. രാഷ്ട്രീയവും അല്ലാത്തതുമായ സഹായത്തിനു പാലക്കാട് ജില്ലയിൽ ശക്തരായ ബിജെപി പ്രണവിനൊപ്പം നിൽക്കുന്നതും സിപിഎമ്മിനെ ചൊടിപ്പിക്കുന്നുണ്ട്. പ്രണവ് ബിജെപിയുടെ കുന്തമുനയായി തുടരുന്നത് സിപിഎമ്മിന് സഹിക്കാവുന്നതിലും അപ്പുറമാണ് എന്നതാണ് പ്രണവിനെ നേർക്കുള്ള ആക്രമണങ്ങൾ വിരൽ ചൂണ്ടുന്നത്. അതുകൊണ്ട് തന്നെ നാളെ പ്രണവ് ജാമ്യത്തിൽ ഇറങ്ങുമ്പോൾ പാലക്കാട്ടെ ബിജെപി-സിപിഎം രാഷ്ട്രീയം ആ അർത്ഥത്തിൽ തിളച്ചു തന്നെ തുടങ്ങാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP