Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രിമിനൽ കേസ് പ്രതി രണ്ടുതവണ കോടതിയിലെ പ്രതിക്കൂട്ടിൽ നിന്നിറങ്ങിയോടി; പൊലീസ് പിന്നാലെയും; രണ്ടാമത്തെ ഓട്ടത്തിൽ പറവൂർപട്ടണത്തിൽ ഗതാഗതം സ്തംഭിച്ചു; കോടതിക്കു മുമ്പിൽ ക്ഷോഭിച്ച എസ് ഐയെ ജഡ്ജി ശാസിച്ചു

ക്രിമിനൽ കേസ് പ്രതി രണ്ടുതവണ കോടതിയിലെ പ്രതിക്കൂട്ടിൽ നിന്നിറങ്ങിയോടി; പൊലീസ് പിന്നാലെയും; രണ്ടാമത്തെ ഓട്ടത്തിൽ പറവൂർപട്ടണത്തിൽ ഗതാഗതം സ്തംഭിച്ചു; കോടതിക്കു മുമ്പിൽ ക്ഷോഭിച്ച എസ് ഐയെ ജഡ്ജി ശാസിച്ചു

കൊച്ചി: കഞ്ചാവ്, വടിവാൾ വെട്ടുകേസുകളിലെ പ്രതി കോടതിയിലെ പ്രതിക്കൂട്ടിൽനിന്നു രണ്ടു വട്ടം ഇറങ്ങിയോടി. ക്ഷമ നശിച്ചു കോടതിക്ക് മുന്നിൽ ക്ഷുഭിതനായ എസ് ഐയെ ജഡ്ജി ശാസിച്ചു. പ്രതിയെ പിടികൂടാനുള്ള പൊലീസിന്റെ ഓട്ടത്തിൽ പറവൂർ നഗരത്തിൽ ഗതാഗതം സ്തംഭിച്ചു.

ഇന്നു രാവിലെ 10 മണിയോടെയാണ് വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളും കഞ്ചാവ്, വടിവാൾ വെട്ട്, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസിലെ പ്രതിയുമായ വരാപ്പുഴ മുട്ടിനകം സ്വദേശി മനു ബാബുവിനെ (26) വരാപ്പുഴ പ്രിൻസിപ്പൽ എസ്.ഐ ഷാരോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പറവൂർ പ്രിൻസിപ്പൽ സബ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. ബംഗാളികളെ വടിവാൾകൊണ്ട് വെട്ടിയ കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ടിൽ വരാപ്പുഴ പൊലീസ് പിടികുടിയത്.

രാവിലെ പൊലീസ് ജീപ്പിൽ കൊണ്ടുവന്ന പ്രതിയെ കൈവിലങ്ങ് അഴിച്ചാണ് കോടതി മുറിയിൽ പൊലിസ് കയറ്റിനിറുത്തിയത്. കോടതിക്കുള്ളിൽ കയറി 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് പ്രതി കോടതി മുറിയുടെ ഇടതുവാതിലുടെ പുറത്തേക്കിറങ്ങി ഓടിയത്'. പുറകെ ഓടിയ പൊലീസ് കോടതി കോമ്പൗണ്ടിൽനിന്നു തന്നെ പിടികൂടി പറവുർ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ സൂക്ഷിച്ചു. തുടർന്നു വീണ്ടും ഹാജരാക്കാനായി വൈകീട്ട് 4ന് കോടതിയിലെത്തിച്ചു.

കോടതിമുറിക്കുള്ളിൽ കൈ വിലങ്ങഴിച്ചു പ്രതിക്കുട്ടിൽ കയറ്റിനിറുത്തിയതോടെയാണ് വീണ്ടും പ്രതി കോടതി മുറിയുടെ ഇടത്തെ വാതിലിൽ കുടി ഇറങ്ങിയോടിയത്. പിന്നാലെ പൊലീസും പാഞ്ഞു. കച്ചേരിപ്പടി താലുക്ക് ആശുപത്രിക്ക് മുന്നിലൂടെ ഓടിയ പ്രതിയെ ഒടുവിൽ പറവൂരിലെ സ്വകാര്യ ബസ്സ്റ്റാൻഡിൽ നിന്നാണ് എസ് ഐയും പൊലീസുകാരും ചേർന്ന് പിടികൂടിയത്. പൊലീസ് ഓടുന്നത് കണ്ട് വഴിയാത്രക്കാരും തടിച്ചുകൂടിയതോടെ അൽപനേരം ഗതാഗതം സ്തംഭിച്ചു.

സമീപത്തുനിന്നും ഓട്ടോറിക്ഷ വിളിച്ചുവരുത്തി വീണ്ടും സ്റ്റേഷനിൽ എത്തിച്ചു. രണ്ടും വട്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ കേസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് എസ് ഐ ഷാരോൺ കോടതിക്ക് മുന്നിൽ ക്ഷുഭിതനായി. വിവരം അറിഞ്ഞ പറവുർ പ്രിൻസിപ്പൽ സബ് ജഡ്ജ് ആൻഡ് അസി സെഷൻസ് ജഡ്ജ് എസ്. ഭാരതി എസ് ഐയെ ചേംബറിലേക്ക് വിളിച്ചുവരുത്തി ശാസിച്ചു. കോടതിക്കു മുന്നിൽ മാപ്പ് പറഞ്ഞ് തൽകാലം എസ് ഐയും തടിയൂരി.

അതേസമയം പ്രതി മനു ബാബു വളരെ അപകടകാരിയാണെന്നും പൊലീസ് സ്റ്റേഷനിലും റിമാൻഡ് ജയിലിലും ശരീരത്തിൽ സ്വയം കുത്തി മുറിവേൽപ്പിക്കുന്നതടക്കം നിരവധി വിചിത്രസ്വഭാവങ്ങൾ കാട്ടുന്ന ക്രിമിനലാണെന്നും പൊലീസ് പറഞ്ഞു. കഞ്ചാവിന് അടിമയായ ഇയാൾ ലഹരിയിൽ പലവിധ അക്രമങ്ങൾ കാട്ടാറുണ്ടെന്നും പൊലീസ് പറഞ്ഞു. മെഡിക്കൽ പരിശോധനക്കു ശേഷം വീണ്ടും കൈവിലങ്ങിലാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP