Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

314 കോവിഡ് കേസുകളുള്ള കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേന്ദ്രം അനുവദിച്ചത് 157 കോടി മാത്രം; 122 കേസുകൾ മാത്രമുള്ള ഗുജറാത്തിന് കിട്ടിയത് 662 കോടിയും: എംപിമാരുടെ ഫണ്ട് രണ്ടുവർഷത്തേക്ക് നിർത്തി വയ്ക്കാനുള്ള തീരുമാനം കേരളത്തിന് ഇരുട്ടടിയാകുമോ? എംപി ഫണ്ടിൽ നിന്ന് മിന്നൽ വേഗത്തിൽ കോവിഡ് ടെസ്റ്റ് കിറ്റുകൾ എത്തിച്ച ശശി തരൂർ അടക്കമുള്ളവർ എതിർപ്പുമായി രംഗത്ത്; ഇവിടെ ഒരു രാജാവും ഷോയും മാത്രം മതി എന്നാണ് തീരുമാനത്തിന്റെ അർഥമെന്ന് സോഷ്യൽ മീഡിയ

314 കോവിഡ് കേസുകളുള്ള കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേന്ദ്രം അനുവദിച്ചത് 157 കോടി മാത്രം; 122 കേസുകൾ മാത്രമുള്ള ഗുജറാത്തിന് കിട്ടിയത് 662 കോടിയും: എംപിമാരുടെ ഫണ്ട് രണ്ടുവർഷത്തേക്ക് നിർത്തി വയ്ക്കാനുള്ള തീരുമാനം കേരളത്തിന് ഇരുട്ടടിയാകുമോ? എംപി ഫണ്ടിൽ നിന്ന് മിന്നൽ വേഗത്തിൽ കോവിഡ് ടെസ്റ്റ് കിറ്റുകൾ എത്തിച്ച ശശി തരൂർ അടക്കമുള്ളവർ എതിർപ്പുമായി രംഗത്ത്; ഇവിടെ ഒരു രാജാവും ഷോയും മാത്രം മതി എന്നാണ് തീരുമാനത്തിന്റെ അർഥമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ 2020-21, 2021-22 സാമ്പത്തിക വർഷങ്ങളിടെ എംപി ഫണ്ടുകൾ ഇല്ലാതാക്കിയതോടെ 7,900 കോടി രൂപയാണ് കൺസോളിഡേറ്റഡ് ഫണ്ടിലേക്ക പോവുക. ഇക്കാര്യം കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച മന്ത്രി പ്രകാശ് ജാവ്‌ദേക്കർ വ്യക്തമാക്കിയിരുന്നു. ഇതോടെ രണ്ടുവർഷത്തേക്ക് എംപി ഫണ്ട് അതാത് സംസ്ഥാനങ്ങൾക്ക് നഷ്ടമാവുകയാണ്. വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകരണം നടപ്പാക്കുന്ന തീരുമാനത്തിനെതിരെ ഇതിനകം പ്രതിഷേധം ഉയർന്നുകഴിഞ്ഞു. എംപിമാരുടെ പ്രാദേശിക വികസന നിധി കേന്ദ്രം ഏറ്റെടുത്തതോടെ കേരളത്തിൽ നിന്ന് 29 എംപിമാർക്ക് കിട്ടിക്കൊണ്ടിരുന്ന 145 കോടി രൂപ ഇല്ലാതാവും. അതൊപ്പം നോമിനേറ്റഡ് എംപിമാരുടെ വിഹിതം കൂടി ചേർത്ത് 300 കോടി കൂടി നഷ്ടമാകും. ഈ വിഷയത്തിലുള്ള ചില പ്രതികരണങ്ങൾ നോക്കാം. കേരളത്തിൽ റാപ്പിഡ് ടെസ്റ്റനുള്ള ഉപകരണങ്ങൾ എംപി ഫണ്ട് വഴി ദ്രുതഗതിയിൽ എത്തിച്ച ശശി തരൂർ എംപിയുടെ പ്രതികരണം ഇങ്ങനെ:

എംപിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ തരൂർ സ്വാഗതം ചെയ്തു. ഇത് രാജ്യത്ത് കോവിഡ് ബാധിച്ച് ദുരിതം അനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള നല്ല വഴിയാണ്. എന്നാൽ രണ്ടുവർഷത്തേക്ക് എംപി ഫണ്ട് നിർത്തലാക്കാനും അത് കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റാനുമുള്ള കേന്ദ്രസർക്കാർ തീരുമാനം കുഴപ്പം പിടിച്ചതാണ്.

തങ്ങളുടെ മണ്ഡലങ്ങളിൽ നേരിട്ട് വികസനത്തിനുള്ള വിഭവങ്ങൾ എത്തിക്കുന്നതിനുള്ള ഒരുമാർഗ്ഗം മാത്രമാണ് എംപി ഫണ്ട്. കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേണ്ടി എന്ന ഫണ്ടും നീക്കി വയ്ക്കുന്നതിനുള്ള ഉത്തരവും സ്വാഗതാർഹമായിരുന്നു, എന്റെ ഫണ്ട് തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകർക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ നൽകാൻ വിനിയോഗിച്ച കാര്യം ഓർക്കുക.

ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ മുൻഗണനങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചായിരിക്കും പദ്ധതികൾക്ക് പണം അനുവദിക്കുക. ഇത് 543 മണ്ഡലങ്ങളുടെപ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമാകണമെന്നില്ല. ഉദാഹരണത്തിന് 314 കോവിഡ് കേസുകളുള്ള കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേന്ദ്രം അനുവദിച്ചത് 157 കോടി മാത്രമാണ് അനുവദിച്ചത്. എന്നാൽ, 122 കേസുകൾ മാത്രമുള്ള ഗുജറാത്തിന് കിട്ടിയത് 662 കോടിയും. എംപി ഫണ്ട് അനുവദിക്കുന്നതിലും ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥ ഉണ്ടാകുമോ? ഇത്തരത്തിലുള്ള അനീതി ഒഴിവാക്കാൻ എംപി ഫണ്ടുകൾ മണ്ഡലാടിസ്ഥാനത്തിൽ ചെലവഴിക്കുന്നതാവും ഉചിതം. അതുകൊണ്ട് കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ പ്രാദേശിക ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ എംപിമാരെ അനുവദിക്കും വിധം തീരുമാനത്തിൽ പരിഷ്‌കരണം വരുത്തണമെന്നും തരൂർ തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടു.

മാധ്യമപ്രവർത്തകനായ കെ.ജെ.ജേക്കബിന്റെ പ്രതികരണം

എം പിമാരുടെ പ്രാദേശിക വികസന നിധി കേന്ദ്രം ഏറ്റെടുക്കും.

കേരളത്തിൽനിന്ന് 29 എം പിമാർ. അതുവഴി ഒരു വർഷം ഇവിടെ കിട്ടിക്കൊണ്ടിരുന്നത് 145 കോടി രൂപ. പിന്നെ നോമിനേറ്റഡ് എം പിമാർ. രണ്ടു വര്ഷം ഏകദേശം മുന്നൂറു കോടി രൂപ.

അത് പോയിക്കിട്ടി.

(മറ്റേ ദുരിതാശ്വാസനിധിയുടെ അനുപാതത്തിൽ എന്തെങ്കിലും കിട്ടിയാൽ സി പി ജോണിന്റെ ഭാഷയിൽ പറഞ്ഞാൽ ലോട്ടറി)

അവന്മാരുടെ ഒന്നാം നമ്പർ സ്റ്റെയ്റ്റ്! ഇനി മറ്റേ കിറ്റോക്കെ വരുന്നത് ഒന്ന് കാണണം.

മിത്രങ്ങളുടെ ആഘോഷം തുടങ്ങിക്കാണുമല്ലോ, അല്ലെ?

ബഷീർ വള്ളിക്കുന്ന്

കോവിഡ് പ്രതിസന്ധിയുടെ പാശ്ചാത്തലത്തിൽ എം പി മാരുടെ ശമ്പളം മുപ്പത് ശതമാനം കുറക്കാനുള്ള തീരുമാനം നല്ലത് തന്നെ,

എന്നാൽ രണ്ട് വർഷത്തേക്ക് എം പി ഫണ്ട് ഇല്ലാതാക്കുന്നത് അധികാരം വീണ്ടും ഒരു രാജാവിലേക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കമാണ്..

ധാരാളം പ്രാദേശിക വികസന സംരംഭങ്ങൾക്ക് എം പി മാർക്ക് ഈ ഫണ്ട് ഉപയോഗിക്കാൻ പറ്റുന്നുണ്ട്.. കഴിഞ്ഞ ദിവസം കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കാൻ ശശി തരൂർ ഉപയോഗിച്ചത് ഈ ഫണ്ടാണ്.. ഓരോ എം പി മാരുടേയും ജീവനാണ് അവരുടെ കയ്യിലുള്ള ഈ ഫണ്ട്.. അത് അടുത്ത രണ്ട് വർഷം കോവിഡുമായി ബന്ധപ്പെട്ട പ്രാദേശിക ആവശ്യങ്ങൾക്കും മെഡിക്കൽ സംരംഭങ്ങൾക്കും ഉപയോഗിക്കണം എന്ന് പറഞ്ഞാൽ അതിലൊരു ലോജിക്കുണ്ട് എന്ന് വെക്കാം. എന്നാൽ ആ ഫണ്ടും ഒരു ഷോ മാനിലേക്ക് മാത്രമായി പരിമിതപ്പെടുന്നത് തികഞ്ഞ സ്വേച്ഛാധിപത്യ നീക്കമാണ്.

എം പി മാർക്ക് പൊതുജനങ്ങൾക്കിടയിൽ പേര് ലഭിക്കുന്നത് വേണ്ട, ഇവിടെ ഒരു രാജാവും അയാളുടെ ഷോയും മാത്രം മതി എന്നാണ് ഈ തീരുമാനത്തിന്റെ അർത്ഥം. അത് നടപ്പിലാക്കാൻ കോവിഡിനെ ഒരവസരമാക്കി എന്ന് മാത്രം. പാർട്ടി വ്യത്യാസങ്ങൾക്കപ്പുറം എല്ലാ ജനാധിപത്യ വിശ്വാസികളുടേയും വലിയ പ്രതിഷേധം ഉയർന്നു വരേണ്ട ഒരു വിഷയമാണിത്..

ഇന്ത്യ ഒരു രാജാവിന്റേയും തറവാട്ട് സ്വത്തല്ല..

ഏപ്രിൽ ഒന്നുമുതൽതീരുമാനത്തിന് പ്രാബല്യം

ഈ ഏപ്രിൽ ഒന്നു മുതലാണ് തീരുമാനത്തിനു പ്രാബല്യമുണ്ടാവുക. ഒരു വർഷത്തേക്കാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതിന് 1954ലെ മെമ്പേഴ്‌സ് ഒഫ് പാർലമെന്റ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കുമെന്ന് കേന്ദ്ര മന്ത്രി പ്രപകാശ് ജാവ്‌ദേക്കർ അറിയിച്ചു. എംപിമാരുടെ ശമ്പളം നിയമ ഭേദഗതിയിലൂടെ കുറയ്ക്കുന്നതിനു പുറമേ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ എന്നിവർ സ്വമേധയാ ശമ്പളത്തിൽ വെട്ടിക്കുറവു വരുത്തും. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് ജാവഡേക്കർ പറഞ്ഞു.

എല്ലാ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിൽനിന്നു പത്തുകോടി വീതം കോവിഡ് ഫണ്ടിലേക്കു മാറ്റും. രണ്ടു വർഷത്തേക്കു പ്രാദേശിക വികസന ഫണ്ട് സസ്‌പെൻഡ് ചെയ്യാനും തീരുമാനമുണ്ട്. എംപി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവർഷത്തേക്കാണ് (202021, 202122)നിർത്തിവെക്കാനുമാണ് കാബിനെറ്റ് തീരുമാനിച്ചിരിക്കുന്ത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോവുക. പത്ത് കോടി രൂപയാണ് കോവിഡ് ഫണ്ടിലേക്ക് എംപിമാർ നൽകുക. കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരുകളും സമാന രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം രണ്ട് വർഷത്തേക്ക് എംപി ഫണ്ട് വെട്ടിച്ചുരുക്കിയതിൽ എതിർപ്പുമായി കേരളത്തിലെ എംപിമാർ രംഗത്തെത്തി. എംപി ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ചു നടക്കുന്ന വികസന പദ്ധതികൾക്ക് അടക്കം പണം കിട്ടാത്ത അവസ്ഥ ഇനി ഉണ്ടാകുമെന്നും ഇത് എങ്ങനെ പരിഹരിക്കുമെന്നും കേരളാ എംപിമാർ ചോദിക്കുന്നു. നേരത്തെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനിടെ തളരാനോ വീഴാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ 40-ാം വാർഷികദിനത്തോട് അനുബന്ധിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണം. മുഖാവരണങ്ങൾ മറ്റുള്ളവർക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു. അഞ്ച് നിർദ്ദേശങ്ങളും മോദി പാർട്ടി പ്രവർത്തകരുടെ മുന്നിൽ അവതരിപ്പിച്ചു. രാജ്യത്ത് ആരും പട്ടിണി കിടക്കാൻ ഇടവരരുത്. പാവപെട്ടവർക്ക് റേഷൻ എത്തിക്കാൻ ബിജെപി പ്രവർത്തകർ തയാറാകണം. ലോക്ക്ഡൗണിനെ തുടർന്നു യാത്രയ്ക്കു നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമീപത്തെ വീടുകളിൽ റേഷൻ എത്തിക്കാൻ പ്രവർത്തകർ ശ്രമിക്കണം. ഇത്തരത്തിൽ പുറത്തിറങ്ങുന്പോൾ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മുഖാവരണം മറ്റുള്ളവർക്ക് വിതരണം ചെയ്യാനും പ്രവർത്തകർ തയാറാകണം. ബാങ്ക് ജീവനക്കാർ, പൊലീസുകാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കത്ത് നൽകണം. പിഎം ഫണ്ടിലേക്ക് പ്രവർത്തകർ സംഭാവന നൽണം. പൊതു ജനങ്ങളോടും പിഎം ഫണ്ടിലേക്ക് സംഭാവന നൽകാൻ പ്രവർത്തകർ അഭ്യർത്ഥിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP