Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കൂ..കൂ...കൂ...പൈസാ കള്ളൻ ദാ പോണേ'; കോടികൾ വെട്ടിച്ച് മുങ്ങി സുഖിച്ച് കഴിയുന്ന മല്യയെ ഓവലിലെ ലോകകപ്പ് വേദിയിൽ വെച്ച് കൂവി കളിയാക്കി ഇന്ത്യൻ ആരാധകർ; 'മദ്യരാജാവിനെ' പുറത്തെത്തിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കിണഞ്ഞ് ശ്രമിച്ച്; കാറിലേക്ക് കയറും മുൻപ് ഫോണിൽ ചിത്രമെടുത്ത് മല്യയുടെ പ്രകോപന ശ്രമം; ബ്രിട്ടണിൽ 'നാടുകടത്തൽ' ഭീഷണി നേരിടുമ്പോഴും മത്സരം ആസ്വദിച്ച് മല്യയുടെ സുഖ ജീവിതം

'കൂ..കൂ...കൂ...പൈസാ കള്ളൻ ദാ പോണേ'; കോടികൾ വെട്ടിച്ച് മുങ്ങി സുഖിച്ച് കഴിയുന്ന മല്യയെ ഓവലിലെ ലോകകപ്പ് വേദിയിൽ വെച്ച് കൂവി കളിയാക്കി ഇന്ത്യൻ ആരാധകർ; 'മദ്യരാജാവിനെ' പുറത്തെത്തിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും കിണഞ്ഞ് ശ്രമിച്ച്; കാറിലേക്ക് കയറും മുൻപ് ഫോണിൽ ചിത്രമെടുത്ത് മല്യയുടെ പ്രകോപന ശ്രമം; ബ്രിട്ടണിൽ 'നാടുകടത്തൽ' ഭീഷണി നേരിടുമ്പോഴും മത്സരം ആസ്വദിച്ച് മല്യയുടെ സുഖ ജീവിതം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രാജ്യത്തെ ഞെട്ടിച്ച ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യ ഇപ്പോൾ സമയം ചെലവിടുന്നത് ലോകകപ്പ് ക്രിക്കറ്റ് മത്സരം വീക്ഷിക്കാൻ വരെ. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ- ഓസ്‌ട്രേലിയാ മത്സരം കാണാനെത്തിയ വിജയ് മല്യയെ കളി കാണാൻ വന്ന ഇന്ത്യൻ ആരാധകർ കള്ളനെന്ന് കൂക്കി വിളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. ഓവലിലെ മത്സരം കണ്ട ശേഷം മല്യ പുറത്തേക്ക് ഇറങ്ങിയ വേളയിൽ ഇന്ത്യൻ കാണികൾ ഇദ്ദേഹത്തിന്റെ ചുറ്റും കൂടുകയും അസഭ്യ വർഷവും കൂക്കിവിളികളുമായി അടുക്കുകയുമായിരുന്നു. മദ്യരാജാവിന്റെ ചുറ്റും തിങ്ങിക്കൂടി നിന്ന് താളത്തിലാണ് ഇവർ മല്യയെ കളിയാക്കിയത്.

ജനക്കൂട്ടത്തിന്റെ ഇടയിൽ നിന്നും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണ് മല്യയെ പുറത്തെത്തിച്ചത്. ഇതിനിടെയിലും മല്യയുണ്ടെന്നറിഞ്ഞ് ഒട്ടേറെ ഇന്ത്യക്കാർ മല്യയുടെ അടുത്തേക്ക് നടന്നടുത്തു. ഇതിനിടെ കാറിന്റെ അടുത്തെത്തിയപ്പോൾ ചുറ്റും കൂടി നിന്നവരുടെ ചിത്രങ്ങളെടുക്കാൻ മല്യ ശ്രമിച്ചത് ഇവരെ പ്രകോപിപ്പിക്കുകയുണ്ടായി. 9000 കോടി രൂപ തട്ടിച്ചാണ് മല്യ ഇന്ത്യ വിട്ടത്. ഇതിനിടെ സകല സുഖ സൗകര്യങ്ങളോടും കൂടി ലണ്ടനിൽ താമസിക്കുന്ന മല്യയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. കേസുമായി ബന്ധപ്പെട്ട് മല്യയെ തിരിച്ച് കൊണ്ടു വരാൻ ഇന്ത്യ കിണഞ്ഞ് ശ്രമിക്കുമ്പോഴും ഇതിനെതിരെയുള്ള പ്രതിരോധം തീർക്കുകയാണ് മല്യ.

കള്ളപ്പണം വെളിപ്പിക്കലിനും വഞ്ചനയ്ക്കും ഗൂഢാലോചനയടക്കമുള്ള കേസിലും മല്യ കുറ്റക്കാരനാണെന്ന് യു.കെയിലെ വെസ്റ്റ് മിനിസ്റ്റർ കോടതിയും യു.കെ ആഭ്യന്തര ഓഫീസും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവും ഇറക്കിയിരുന്നു. ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിൽ അപ്പീലിനുള്ള അനുമതിയും ഏപ്രിലിൽ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച വിജയ് മല്യയ്ക്ക് കോടതി നിഷേധിച്ചിരുന്നു.

ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരമാണ് ഓസ്‌ട്രേലിയയുമായി ഞായറാഴ്ച നടന്നത്. അതിനിടെ, സ്റ്റേഡിയത്തിലേക്കുള്ള കവാടത്തിനരികിൽ മല്യയെ കണ്ട ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായ പ്രതികരണത്തിനു നിൽക്കാതെ മല്യ അകത്തേക്കു പോയി. 'ഞാൻ കളി കാണാൻ വന്നതാണ്' എന്നു മാത്രം പറഞ്ഞ് അനിഷ്ടത്തോടെയാണ് അദ്ദേഹം പോയത്. പിന്നീട് മല്യ ഓവലിലെ ഗാലറിയിൽ നിൽക്കുന്ന ചിത്രങ്ങളും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. മല്യയോടൊപ്പം ഓവൽ സ്റ്റേഡിയത്തിൽ നിൽക്കുന്ന ചിത്രം മകൻ സിദ്ധാർഥ് മല്യ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

2017 ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്ക മൽസരം കാണാൻ ഇതേ വേദിയിലെത്തിയപ്പോൾ ആരാധകർ 'കള്ളൻ, കള്ളൻ' വിളികളുമായി മല്യയെ പരിഹസിച്ചിരുന്നു.മല്യയുടെ കേസ് വരുന്ന ജൂലായിൽ ആണ് വാദം കേൾക്കുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടന്ന് വരുന്നതായി വിജയ് മല്യ പ്രതികരിച്ചു.

ജീവിക്കുന്നത് പങ്കാളി നൽകുന്ന പണം കൊണ്ടെന്ന് മല്യയുടെ അടവ്

ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് കോടികൾ തട്ടിച്ച് ബ്രിട്ടനിലേക്ക് മുങ്ങിയ വിജയ് മല്യ, ഇപ്പോൾ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുകയാണ്. മല്യയെ നാടുകടത്താനുള്ള ബ്രിട്ടീഷ് കോടതിയുടെ വിധി തടയുന്നതിനുവേണ്ടി പാപ്പർ സ്യൂട്ടുമായാണ് മല്യയുടെ പുതിയ അരങ്ങേറ്റം. താൻ ജീവിക്കുന്നത് പങ്കാളിയും മക്കളും സുഹൃത്തുക്കളും നൽകുന്ന പണം കൊണ്ടാണെന്നും തന്റെ ആകെ സ്വത്തുക്കൾ വിറ്റാലും 2956 കോടി രൂപയോളമോ ലഭിക്കൂവെന്നുമാണ് ലണ്ടൻ ഹൈക്കോടതിയിൽ നൽകിയ പാപ്പർ സ്യൂട്ടിൽ പറയുന്നത്.

ഈ സ്വത്തുവകകളൊക്കെ കർണാടക ഹൈക്കോടതിയിൽ കെട്ടിവെച്ചിരിക്കുകയാണന്നും മല്യ അവകാശപ്പെടുന്നു. പങ്കാളിയായ പിങ്കി ലാൽവാനിക്ക് വർഷം 1.35 കോടി രൂപയോളം വരുമാനമുണ്ടെന്നും ഇതിൽ പറയുന്നു. ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ത്യയിലെ 13 ബാങ്കുകൾ നൽകിയ പരാതിയിലാണ് മല്യയുടെ പാപ്പർ വാദം. ഈ കേസിൽ ഇനി ഇക്കൊല്ലം ഡിസംബറിലാണ് വാദം കേൾക്കുക. തന്നെ സഹായിക്കുന്നതിനായി പേഴ്സണൽ അസിസ്റ്റന്റ് മഹൽ, ബിസിനസ് പങ്കാളി ബേദി എന്നിവർ യഥാക്രമം 75.7 ലക്ഷം രൂപയും 1.15 കോടി രൂപയും കടം തന്നിട്ടുണ്ടെന്നും മല്യ പറയുന്നു.

ഇന്ത്യയിലെ 13 ബാങ്കുകൾക്കായി മല്യ 11,000 കോടി രൂപയാണ് കൊടുത്തുതീർക്കാനുള്ളത്. അതിനുള്ള ഗതിയില്ലെന്ന് വരുത്തുകയാണ് മല്യയുടെ ലക്ഷ്യവും. ബ്രിട്ടനിൽത്തന്നെ രണ്ടരക്കോടിയോളം രൂപ നികുതിയനത്തിലും കോടിക്കണക്കിന് രൂപ അഭിഭാഷകർക്ക് ഫീസിനത്തിലും നൽകാനുണ്ടെന്നും മല്യ പറയുന്നു. ഇന്ത്യൻ ബാങ്കുകൾക്ക് കോടതിച്ചെലവിനത്തിൽ 3.37 കോടി രൂപയിൽ 1.75 കോടി രൂപയും നൽകാനുണ്ട്.

പണം തിരിച്ചടയ്ക്കാനായി ആഴ്ചയിൽ ചെലവാക്കാൻ കോടതി അനുവദിച്ചിട്ടുള്ള തുകയിൽ കുറവുവരുത്താൻ തയ്യാറാണെന്നും മല്യ കോടതിയിൽ അറിയിച്ചിട്ടുണ്ട്. ആഴ്ചയിൽ 26.57 ലക്ഷം രൂപയാണ് മല്യക്ക് ചെലവഴിക്കാൻ അനുമതി. അത് 16.21 ലക്ഷം രൂപയായി കുറയ്ക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP