Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല ..പ്രളയത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും പലർക്കും കുലുക്കമില്ല; തലസ്ഥാനത്ത് കഠിനംകുളത്ത് കായൽ കൈയേറിയും നിലം നികത്തിയും തീരദേശ പരിപാലന നിയമം ലംഘിച്ചും കെട്ടിപ്പൊക്കിയത് പഞ്ചനക്ഷത്ര ഹോട്ടൽ; ലേക്ക് പാലസ് ഹോട്ടൽ നിർമ്മിക്കാനുള്ള ബിൽഡിങ് പെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റും നൽകിയത് തീരദേശ പരിപാലന അഥോറിറ്റിയുടെ എൻഒസി ഇല്ലാതെ; അനുമതി കിട്ടിയതിന് പിന്നിൽ വൻഅഴിമതിയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി

ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല ..പ്രളയത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും പലർക്കും കുലുക്കമില്ല; തലസ്ഥാനത്ത് കഠിനംകുളത്ത് കായൽ കൈയേറിയും നിലം നികത്തിയും തീരദേശ പരിപാലന നിയമം ലംഘിച്ചും കെട്ടിപ്പൊക്കിയത് പഞ്ചനക്ഷത്ര ഹോട്ടൽ; ലേക്ക് പാലസ് ഹോട്ടൽ നിർമ്മിക്കാനുള്ള ബിൽഡിങ് പെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റും നൽകിയത് തീരദേശ പരിപാലന അഥോറിറ്റിയുടെ എൻഒസി ഇല്ലാതെ; അനുമതി കിട്ടിയതിന് പിന്നിൽ വൻഅഴിമതിയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:'എത്രപേർ പ്രകൃതി ദുരന്തങ്ങളിൽ മരിക്കുന്നുണ്ടെന്ന് അറിയാമോ? ദുരന്തമുണ്ടായാൽ ആദ്യം മരിക്കുക 4 ഫ്ളാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാൽ ഒന്നും അവശേഷിക്കില്ല. ആൾനാശത്തിനു കാരണം അനധികൃത നിർമ്മാണങ്ങൾ' മരട് ഫ്‌ളാറ്റ് കേസിൽ അതിശക്തമായ ഭാഷയിൽ സുപ്രീംകോടതിയുടെ വിമർശനം വന്നിട്ട് ഒരുമാസം തികഞ്ഞതേയുള്ളു. അപ്പോഴാണ് തിരുവനന്തപുരത്തെ പ്രാന്തപ്രദേശമായ കഠിനംകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കായൽ കയ്യേറ്റത്തിന് അധികൃതർ ഒത്താശ ചെയ്ത കഥ പുറത്തുവരുന്നത്. കഠിനംകുളത്ത് തോണിക്കടവിന് സമീപത്തുള്ള ഹോട്ടൽ ലേക് പാലസ് അനധികൃതമായി കഠിനംകുളം കായൽ കൈയേറിയെന്നാണ് പരാതി. പോരാത്തതിന് നിലം നികത്തിയും തീരദേശ പരിപാലന നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചും, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം ലംഘിച്ചുമാണ് പഞ്ചനക്ഷത്ര ഹോട്ടൽ പടുത്തുയർത്തിയിരിക്കുന്നത്. പൊതുപ്രവർത്തകനായ ഗിരീഷ് ബാബു.എ കയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി ഇപ്പോൾ ജില്ലാ കളക്ടർക്ക് കൈമാറിയിരിക്കുകയാണ്.

റോയൽ ബ്ലു ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ ലേക്ക് പാലസ്. നിയമപരമായി തരം മാറ്റാതെ ഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയും, കഠിനംകുളം കായലിന്റെ ഒരു ഭാഗം അനധികൃതമായി കൈയേറി മണ്ണിട്ട് നികത്തിയും, നിലംനികത്തിയും, സിആർസെഡ് നിയമം ലഘിച്ചും, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം ലംഘിച്ചുമാണ് ഹോട്ടൽ നിർമ്മിച്ചതെന്ന് പരാതിയിൽ പറയുന്നു. പഞ്ചനക്ഷത്രഹോട്ടലിന് കേരള തീരദേശ പരിപാലന അഥോറിറ്റിയിൽ നിന്നും എതിർപ്പില്ലാ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ഈ സർട്ടിഫിക്കറ്റ് കിട്ടാതെയാണ് കഠിനംകുളം പഞ്ചായത്ത് ഹോട്ടൽ നിർമ്മിക്കാനുള്ള ബിൽഡിങ് പെർമിറ്റും, ഒക്യുപെൻസി സർട്ടിഫിക്കറ്റും നൽകിയത്. KCZMA യിൽ നിന്ന് NOC ഇതുവരെയായി ഹോട്ടലിന് കിട്ടാത്തത് തീരദേശപരിപാലന ചട്ടം ലംഘിച്ച് നിർമ്മാണം നടത്തിയിട്ടുള്ളതുകൊണ്ടാണെന്നും പരാതിയിൽ പറയുന്നു.

നിയമലംഘനമില്ലെന്ന് ഒത്തുതീർപ്പിൽ എത്തിയത് എങ്ങനെ?

കേരള കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റി നടത്തിയ സാറ്റ്‌ലെറ്റ് സർവ്വേയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്ഥലപരിശോധനയിൽ ഹോട്ടൽ നിർമ്മാണം നടത്തിയത് കായൽ നികത്തിയും CRZ നിയമം ലഘിച്ചുമാണെന്നും കണ്ടെത്തിയിരുന്നു. സിആർസെഡ് നിയമം അട്ടിമറിച്ച് നിർമ്മിച്ചിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ മുഴുവൻ അനധികൃതനിർമ്മാണങ്ങളും പൊളിച്ച് നീക്കം ചെയ്യണമെന്നും തുടർന്നുള്ള എല്ലാവിധ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്നും കാണിച്ചുകൊണ്ട് കഠിനകുളം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിക്കും ഹോട്ടൽ ലേക് പാലസ് ഉടമകൾക്കും 2012 ജൂൺ 6 ന് തീരദേശപരിപാലന അഥോറിറ്റി നോട്ടീസ് നൽകിയിരുന്നു.

ഈ നോട്ടീസിന്മേലുള്ള കേസിൽ 2012 ഒക്‌ടോബർ 1 ന് തീരദേശ പരിപാലന അഥോറിറ്റി ആസ്ഥാനത്ത് അസ്ഥാനത്ത് ഹോട്ടൽ ഉടമകളുമായി നടത്തിയ സിറ്റിങ്ങിൽ വൻ അട്ടിമറി നടന്നുവെന്നാണ് ആരോപണം. ഹോട്ടൽ ഇതുവരെ ഒരുകയ്യേറ്റവും, നിയമലംഘനവും നടത്തിയിട്ടില്ലെന്ന് തീർപ്പുകൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഹോട്ടലിന് തീരദേശപരിപാലന അഥോറിറ്റിയുടെ എതിർപ്പില്ലാ രേഖ ആവശ്യമില്ലെന്നും ഈ സിറ്റിങ്ങിൽ ധാരണയായിരുന്നു. ലക്ഷങ്ങളുടെ അഴിമതി ഇടപാടിലൂടെയാണ് ഹോട്ടലിന് യാതൊരു നിയമലംഘനങ്ങളും ഇല്ലെന്ന ഒത്തുതീർപ്പിലെത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.

കഠിനംകുളം ഗ്രാമപഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും തീരദേശപരിപാലന അതോറ്റി ഉദ്യോഗസ്ഥരും ഹോട്ടൽ ലേക്ക് പാലസ് ഉടമകളിൽ  നിന്ന ലക്ഷങ്ങൾ കോഴ വാങ്ങിയാണ് അനധികൃത നിർമ്മാണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം എന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ആരോപണം. പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയം നിൽക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തി തിരിച്ചെടുക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. അനധികൃതമായി കായൽ കൈയേറിയ ഭൂമിയിലെ നിർമ്മാണങ്ങളും, CRZ നിയമം ലംഘിച്ച് നടത്തിയിട്ടുള്ള മുഴുവൻ നിർമ്മാണങ്ങളും പൊളിച്ച് നീക്കണം. ഹോട്ടൽഉടമകൾക്കെതിരെയും, അതിനുവേണ്ടി ഒത്താശ ചെയ്ത മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി കർശന ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഇപ്പോൾ കളക്ടറുടെ മുന്നിലാണ്.

മരട് കേസ് പരിഗണിക്കവേ മൊത്തം തീരദേശനിർമ്മാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. അമൃതപുരിയിൽ മാതാ അമൃതാനന്ദമയി മഠത്തിന്റെ ചില നിർമ്മാണങ്ങൾക്കെതിരെയും തീരദേശ പരിപാലന നിയമലംഘന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

കഠിനംകുളം കായൽ പ്രദേശം വലിയ കുളമായിരുന്നെന്നും ഏതു സമയവും ക്ഷോഭമുണ്ടാകാനും അപകടമുണ്ടായാൽ രക്ഷപ്പെടാനും പ്രയാസമുണ്ടായിരുന്നുവെന്നും ഇക്കാരണത്താലാണ് ഈ കായലിനെ കഠിനകുളം കായൽ എന്ന് വിളിക്കുന്നതെന്നും ഇതിൽ നിന്നും കഠിനംകുളം എന്ന പേര് ലഭിച്ചതെന്നും പറയാറുണ്ട്. കൈയേറ്റങ്ങൾക്ക് നേരേ കണ്ണടച്ചാൽ കാര്യങ്ങൾ ഇനിയും കഠിനമാകുമെന്നാണ് നാട്ടുകാർക്കും പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP