Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്റർഫെറോണയെ വികസിപ്പിച്ചത് കാർട്ടറിൽ നിന്ന് കിട്ടിയ കാസ്‌ട്രോയുടെ തിരിച്ചറിവ്; ഡെങ്കുവിനേയും മസ്തിഷ്‌ക ജ്വരത്തേയും എയ്ഡ്‌സിനേയും ത്വക്ക് രോഗങ്ങളേയും ക്യൂബ അതിജീവിച്ചത് ഈ അത്ഭുത മരുന്നുമായി; വുഹാനെ സാധാരണ നിലയിലെത്തിക്കാൻ ചൈനയും കൂട്ടു പിടിച്ചത് പ്രതിരോധ ശേഷി നൽകുന്ന ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കാനാകുന്ന വൈറസ് നാശിനിയെ; ആൽഫ2ബി മരുന്ന് ഉപയോഗിച്ചുള്ള പരീക്ഷണത്തിനു കേരളവും; ക്യൂബൻ മോഡലിൽ കേന്ദ്രാനുമതി കിട്ടിയേക്കും

ഇന്റർഫെറോണയെ വികസിപ്പിച്ചത് കാർട്ടറിൽ നിന്ന് കിട്ടിയ കാസ്‌ട്രോയുടെ തിരിച്ചറിവ്; ഡെങ്കുവിനേയും മസ്തിഷ്‌ക ജ്വരത്തേയും എയ്ഡ്‌സിനേയും ത്വക്ക് രോഗങ്ങളേയും ക്യൂബ അതിജീവിച്ചത് ഈ അത്ഭുത മരുന്നുമായി; വുഹാനെ സാധാരണ നിലയിലെത്തിക്കാൻ ചൈനയും കൂട്ടു പിടിച്ചത് പ്രതിരോധ ശേഷി നൽകുന്ന ശ്വേത രക്താണുക്കളെ ഉത്തേജിപ്പിക്കാനാകുന്ന വൈറസ് നാശിനിയെ; ആൽഫ2ബി മരുന്ന് ഉപയോഗിച്ചുള്ള പരീക്ഷണത്തിനു കേരളവും; ക്യൂബൻ മോഡലിൽ കേന്ദ്രാനുമതി കിട്ടിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിനു കേരളം ഇന്റർഫെറോൺ ചികിത്സാരീതി പരീക്ഷിക്കും. ക്യൂബൻ മോഡലാണ് ഇത്. കാൻസർ, എച്ച്‌ഐവി രോഗികളിൽ ഫലപ്രദമെന്നു തെളിഞ്ഞ ഇന്റർഫെറോൺ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് കേരളം വിലയിരുത്തുന്നു. ഈ പരീക്ഷണത്തിന് കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി കിട്ടിയേക്കും. ക്യൂബയിൽ ഉൽപാദിപ്പിക്കുന്ന ഇന്റർഫെറോൺ ആൽഫ-2ബി മരുന്ന് ഉപയോഗിച്ചുള്ള പരീക്ഷണത്തിനു കേന്ദ്ര ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ അനുമതി ഉടൻ നൽകുമെന്നാണ് സൂചന.

ക്യൂബയിൽ ഉൽപാദിപ്പിക്കുന്ന ഇന്റർഫെറോൺ ആൽഫ2ബി മരുന്ന് ഉപയോഗിച്ചുള്ള പരീക്ഷണത്തിനു കേന്ദ്ര ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ അനുമതി തേടും. ലോകത്ത് പല സ്ഥലത്തും ഈ മരുന്ന് പരീക്ഷിച്ചിരുന്നു. ഇത് വിജയിച്ചുവെന്നും വിലയിരുത്തലെത്തി. ഈ സാഹചര്യത്തിലാണ് കേരളവും ഈ മാതൃകയിലേക്ക് പോകുന്നത്. നേരത്തെ കളമശ്ശേരിയിൽ ബ്രിട്ടീഷ് പൗരനിൽ എയ്ഡ്‌സിനുള്ള മരുന്ന് പരീക്ഷിച്ചിരുന്നു. ഇത് വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ക്യൂബൻ മരുന്നുമായി മുമ്പോട്ട് പോകാനുള്ള കേരളത്തിന്റെ തീരുമാനം.

വൈറസുകളെ പ്രതിരോധിക്കാൻ ശരീരത്തിലുള്ള പ്രോട്ടീനുകളാണ് ഇന്റർഫെറോണുകൾ. വൈറസ് ബാധിച്ച കോശങ്ങൾ മുന്നറിയിപ്പ് എന്ന നിലയിൽ ഇന്റർഫെറോൺആൽഫ, ബീറ്റ എന്നിവ ഉൽപാദിപ്പിക്കും. ഇതു തിരിച്ചറിഞ്ഞ് പ്രതിരോധകോശങ്ങൾ വൈറസിനെ നേരിടാൻ ഇന്റർഫെറോൺ ഗാമ ഉൽപാദിപ്പിക്കും. അങ്ങനെ വൈറസുകളെ നശിപ്പിക്കാം. ഇതാണ് ഇന്റർഫെറോൺ മരുന്നുകൾ. വൈറസുകളുടെ ജനിതകവസ്തുവായ ആർഎൻഎയെ തകർക്കാൻ ശേഷിയുള്ള ജീനുകളെ ഇത് ഉത്തേജിപ്പിക്കും.

കോവിഡ്19 ആർഎൻഎ വൈറസാണ്. ലോകാരോഗ്യസംഘടനയും ചൈനയുടെ നാഷനൽ ഹെൽത്ത് കമ്മിഷനും ഈ ചികിത്സാരീതിയെക്കുറിച്ചു പഠനം തുടങ്ങിയിട്ടുണ്ട്്. ഇതു മനസ്സിലാക്കിയാണ് കേരളത്തിന്റെ നീക്കം. ചൈനയിലെ വുഹാനിൽനിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 പിടിച്ചുകെട്ടാൻ ചൈന ഏറ്റവും കൂടുതൽ ആശ്രയിച്ചതും ക്യൂബയിൽനിന്നുള്ള ആന്റി വൈറൽ മരുന്നായ ഇന്റർഫെറോൺ ആൽഫ 2ബി എന്ന അത്ഭുത മരുന്നാണ്. എന്നാൽ, ഇത് സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കിൽ ഡ്രഗ് കൺട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്.

ഡെങ്കു വൈറസിനെ പ്രതിരോധിക്കാൻ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്. കൊറോണ വൈറസിന്റെ സ്വഭാവസവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാൻ ഇന്റർഫെറോൺ 2ബി ഫലപ്രദമാണെന്നു മുൻപ് കണ്ടെത്തിയിരുന്നു. ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ക്യൂബ കാലങ്ങളായി നടത്തിവരുന്നുണ്ട്. ഇതുവരെ ആറോളം മെഡിക്കൽ സംഘത്തെ ക്യൂബ കൊവിഡ് 19 വലിയ തോതിൽ ബാധിച്ച ചൈനയിലേക്കും ഇറ്റലിയിലേക്കും അയച്ചിട്ടുണ്ട്. ഇത് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റേയും നീക്കം. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതൽ ചൈനയിൽ തന്നെ നിർമ്മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ കൊവിഡ് ചികിൽസക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഒന്നാണ്.

കൊറോണ വൈറസിന്റെ സ്വഭാവ സവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാൻ ഇന്റർഫെറോൺ 2ബി ഫലപ്രദമാണെന്ന് മുമ്പ്് കണ്ടെത്തിയിരുന്നു. രോഗികളിൽ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവും. എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ശ്വേത രക്താണുക്കൾ) ഉത്തേജിപ്പിക്കാൻ ഇന്റർഫെറോണിന് സാധിക്കുമെന്ന് ഇയോൺ ഗ്രെസർ എന്ന യുഎസ് ഗവേഷകൻ 1960ൽ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ൽ ഇയോണിന്റെ ഗവേഷണത്തുടർച്ച യുഎസ് കാൻസർ വിദഗ്ധനായ റാൻഡോൾഫ് ക്ലാർക്ക് ലീ ഏറ്റെടുത്തു. ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ ശക്തമാക്കിയത്. ക്യൂബയിലെത്തി ഇന്റർഫെറോണെന്ന മരുന്നിനെക്കുരിച്ച് കാസ്ട്രോയെ വിശദമായി ധരിപ്പിച്ചത് റാൻഡോൾഫായിരുന്നു.

കാസ്ട്രോ നിയോഗിച്ച ഗവേഷകർ റാൻഡോൾഫിന്റെ ലബോറട്ടറിയിൽ സമയം ചെലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാർച്ചിൽ ആറ് ക്യൂബൻ ഗവേഷകർ 12 ദിവസം ഫിൻലൻഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ൽ ആദ്യമായി മനുഷ്യ കോശങ്ങളിൽ നിന്ന് ഇന്റർഫെറോൺ വേർതിരിച്ചെടുത്തത്. ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവൻ ഇന്റർഫെറോണിന്റെ ഉൽപാദനത്തിനു പലതരം ഗവേഷണങ്ങൾ ശക്തമായതും അതിനാലാണ്. ക്യൂബൻ ഗവേഷകർ ക്യൂബയിൽ തിരിച്ചെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയിൽ വേർതിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റർഫെറോൺ ഗവേഷകർ പുറത്തെത്തിച്ചു. ഫിൻലൻഡിൽ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു.

ഇതിനിടെ ക്യൂബയിൽ ഡെങ്കു പിനി പടർന്നു പിടിച്ചു. കൊതുകുകൾ വഴി പരക്കുന്ന ഈ രോഗം ക്യൂബയെ പ്രതിസന്ധിയിലാക്കി. ദിവസവും 11,000ത്തിലേറെ പുതിയ കേസുകൾ. 108 പേർ മരിച്ചു, അന്ന് ആ മരുന്ന് അവർ പരീക്ഷിച്ചു. വിജയിക്കുകയും ചെയ്തു. ലോകത്ത് ഇന്റർഫെറോൺ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംഭവം എന്നാണ് ഇതിനെ ക്യൂബ വിശേഷിപ്പിച്ചത്. ക്യൂബയിൽ പടർന്ന മസ്തിഷ്‌ക ജ്വരത്തെയും രാജ്യം പ്രതിരോധിച്ചത് ഈ രംഗത്തെ മികവ് വച്ചാണ്. വൈറസ് രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി, എയ്ഡ്സ്, ഡെങ്കു, ചിലയിനം ത്വക് രോഗങ്ങൾ എന്നിവയെ ക്യൂബ പ്രതിരോധിച്ചതും ഇന്റർഫെറോൺ ഉപയോഗിച്ചായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP