Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വമ്പൻ സംഭവമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച രണ്ട് സംഭവങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാതെ മോദിയും പിണറായിയും; കള്ളപ്പണം മുഴുവൻ വെളിയിൽ കൊണ്ടുവരുമെന്നും രാജ്യത്തെ വലിയ വിപ്‌ളവമെന്നും അവകാശപ്പെട്ട നോട്ടുനിരോധനത്തെ പറ്റി മിണ്ടാതെ മോദിയുടെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് പ്രചരണം; മതിൽകെട്ടിയും നാടുമുഴുവൻ ഇളക്കിമറിച്ചും നവോത്ഥാന കേരളം പടുത്തുയർത്തുമെന്ന് പറഞ്ഞത് വിഴുങ്ങി പിണറായിയും സിപിഎമ്മും

വമ്പൻ സംഭവമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച രണ്ട് സംഭവങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാതെ മോദിയും പിണറായിയും; കള്ളപ്പണം മുഴുവൻ വെളിയിൽ കൊണ്ടുവരുമെന്നും രാജ്യത്തെ വലിയ വിപ്‌ളവമെന്നും അവകാശപ്പെട്ട നോട്ടുനിരോധനത്തെ പറ്റി മിണ്ടാതെ മോദിയുടെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് പ്രചരണം; മതിൽകെട്ടിയും നാടുമുഴുവൻ ഇളക്കിമറിച്ചും നവോത്ഥാന കേരളം പടുത്തുയർത്തുമെന്ന് പറഞ്ഞത് വിഴുങ്ങി പിണറായിയും സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാധാരണഗതിയിൽ ഭരണത്തിൽ ഇരിക്കുന്ന പാർട്ടികൾ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയാക്കുക അവർ നാട്ടുകാരുടെ നന്മയ്ക്കായി നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളും വികസന പ്രവർത്തനങ്ങളുമാണ്. എന്നാൽ ഇത്തരത്തിൽ രാജ്യ നന്മയ്ക്കായി എന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ രണ്ട് പദ്ധതികളെ പറ്റി ഒരക്ഷരംപോലും മിണ്ടാതെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ് മോദിയും പിണറായിയും. കേന്ദ്രസംസ്ഥാന സർക്കാരുകൾ സുപ്രധാനമെന്ന് കൊട്ടിഘോഷിച്ച അവരുടെ രണ്ടു നടപടികൾ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

വോട്ടർമാരെ ആ നടപടികൾ ഓർമിപ്പിക്കാൻ ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. നോട്ടു നിരോധനം എന്ന് പറഞ്ഞാൽ നല്ല തട്ടുകിട്ടും എന്ന് അറിയാവുന്നതുകൊണ്ട് അതേപ്പറ്റി ഒന്നും പറയാതെ പ്രചരണം നടത്തുകയാണ് മോദിയും ബിജെപിയും. അതുപോലെ തന്നെ ശബരിമലയിൽ യുവതീപ്രവേശനം നടപ്പാക്കും എന്ന് പ്രതിജ്ഞയെടുത്ത് പിണറായിയും സിപിഎമ്മും കേരളത്തിൽ പുതിയ നവോത്ഥാനം കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ യുവതീപ്രവേശനം നിർബന്ധപൂർവം രാത്രിയുടെ മറവിൽ നടപ്പാക്കിയതോടെ പാർട്ടിയിലെ തന്നെ വലിയൊരു വിഭാഗം വിശ്വാസികൾ പാർട്ടിക്ക് എതിരായി. അതിനാൽ അതേപ്പറ്റി ഈ തിരഞ്ഞെടുപ്പുകാലത്ത് ഒരക്ഷരംപോലും മിണ്ടാതെയാണ് പിണറായിയുടേയും സിപിഎമ്മിന്റെയും പ്രചരണം.

ആയിരവും അഞ്ഞൂറും ഓർമ്മയായ ആ രാത്രി

2016 നവംബർ 8നാണു രാത്രി എട്ടുമണിയോടെ രാജ്യത്തെ അമ്പരപ്പിച്ച് 1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നത് കള്ളപ്പണവും കള്ളനോട്ടുകളും കണ്ടെത്തുക പണമിടപാടു പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാക്കുക എന്നീ ലക്ഷ്യങ്ങളെല്ലാം പാളിപ്പോയെന്നു റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ തന്നെ പിന്നീടു വ്യക്തമാക്കി. 99% നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണത്തിന്റെ ഒരംശം മാത്രമേ ഒഴിവാക്കാനായുള്ളൂ. കള്ളനോട്ട് കുറഞ്ഞതുമില്ല. ഡിജിറ്റൽ കൈമാറ്റങ്ങളിൽ വലിയ വളർച്ച കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് അതും നടന്നില്ല. മാത്രവുമല്ല ബാങ്കിങ് ഇടപാടുകൾക്ക് സർവീസ് ചാർജ് കൂട്ടിയത് പുതുതായി അക്കൗണ്ട് തുടങ്ങിയവർക്കുപോലും കയ്യിലെ പണംപോകുന്ന അവസ്ഥയുണ്ടാക്കി.

പണമിടപാടിന്റെ കാര്യങ്ങൾ ഇങ്ങനെയെങ്കിൽ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതു കനത്ത ആഘാതമായി. രാജ്യത്തെ സാമ്പത്തിക സ്ഥിതി താറുമാറായി. വളർച്ച കുത്തനെ ഇടിഞ്ഞു. പാവപ്പെട്ടവരാണ് ഏറെ ദുരിതത്തിലായത്. തൊഴി്ൽപോലും ഇല്ലാതെ വലഞ്ഞു പലരും. കൃഷി, അസംഘടിത മേഖലകളിലെല്ലാം നോട്ട് നിരോധനം ദുരിതമായി മാറി. കള്ളപ്പണവിരുദ്ധ ദിനാചരണം തുടർവർഷം നടത്തിയ ബിജെപി പിന്നീട് നോട്ടുനിരോധനം നേട്ടമായി മുന്നോട്ടുവച്ചില്ല. സഹകരണ മേഖലയെ ഇതു തകർത്തതടക്കം ചൂണ്ടിക്കാട്ടി കേരളത്തിൽ ഭരണ പ്രതിപക്ഷങ്ങൾ ഒരുമിച്ചു കേന്ദ്രത്തിനെതിരെ നിലയുറപ്പിക്കുകയും പ്രചാരണം അഴിച്ചുവിടുകയും ചെയ്തിരുന്നു. കേരളത്തിലെ ബിജെപി അന്നേ ആശയക്കുഴപ്പത്തിൽ ആയിരുന്നതിനാൽ ആ ഘട്ടത്തിൽപ്പോലും സംസ്ഥാന നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നില്ല. ജിഎസ്ടി കൂടി വന്നതോടെ ഇരട്ടപ്രഹരമെന്ന നിലയ്ക്കാണു കേരളത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികൾ ചിത്രീകരിക്കപ്പെട്ടത്. ഇതു രണ്ടും പറഞ്ഞു കേരളത്തിൽ വോട്ട് ചോദിക്കാൻ എൻഡിഎ തയാറാവാത്തതിന് കാരണവും അതുതന്നെ.

നവോത്ഥാനം തോട്ടിൽക്കളഞ്ഞ് സിപിഎം

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധി വരുന്നത് 2018 സെപ്റ്റംബർ 28നാണ്. അതിന് പിന്നാലെ ഈ ഫെബ്രുവരി വരെയെല്ലാം സിപിഎം വലിയ സംഭവമായി നവോത്ഥാന നായകനായി പിണറായിയെ ചിത്രീകരിച്ചുകൊണ്ടിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്കു കടന്നതോടെ ഇങ്ങനെയൊരു സംഭവമേ ഇല്ലെന്ന നിലപാടിൽ നവോത്ഥാനത്തെ പറ്റി ഒരക്ഷരം മിണ്ടാതെയാണ് ഇടതുക്ഷ പ്രചരണം. യുവതീ പ്രവേശനം യുവതീപ്രവേശത്തെ അനുകൂലിച്ചുള്ള സമീപനം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നു ചൂണ്ടിക്കാട്ടി നാടിളക്കുന്ന പ്രചാരണത്തിലേക്കു സർക്കാരും ഇടതുമുന്നണിയും കടന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പ്രചാരണ യോഗങ്ങൾ എല്ലാ ജില്ലകളിലും നടന്നു. മുഖ്യമന്ത്രി മുൻകൈയെടുത്ത് നവോത്ഥാനമൂല്യ സംരക്ഷണ സമിതി രൂപീകരിക്കുകയും അവരുടെ പിന്തുണയോടെ ജനുവരി ഒന്നിന് 620 കിലോമീറ്റർ നീളത്തിൽ കേരളമാകെ വനിതാ മതിൽ തീർക്കുകയും ചെയ്തു. സർക്കാർ ഖജനാവിൽനിന്നു തന്നെ സ്ത്രീകളുടെ ഉന്നമനത്തിന് എന്ന പേരിൽ ഫണ്ട് എടുത്താണ് ചെലവഴിച്ചത്.

എന്നാലിപ്പോൾ, നവോത്ഥാനത്തെക്കുറിച്ചു പറയാതെ കേരളത്തിനു മുന്നോട്ടുപോകാൻ കഴിയില്ലെന്ന നിലപാട് പൊടുന്നനെ ഇടതുമുന്നണി മാറ്റിവച്ചു. നവോത്ഥാനം പറഞ്ഞാൽ പെട്ടിയിൽ വോട്ടുവീഴില്ലെന്ന് മാത്രമല്ല, വലിയ തിരിച്ചടിയുണ്ടാകും എന്ന് പാർട്ടിയിൽ നിന്നുതന്നെ വലിയൊരു വിഭാഗം മുന്നറിയിപ്പ് നൽകിയതോടെയാണ് നവോത്ഥാനം പെട്ടിയിൽവച്ച് പൂട്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് സിപിഎം ഇറങ്ങിയത്. ഇതിനിടെ പിണറായിക്ക് വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളിപോലും അറിയാതെ പ്രസംഗിച്ചുപോയതും ചർച്ചയായി.

ദൈവത്തെ തൊട്ടുകളിച്ചാൽ പണികിട്ടുമെന്ന് കണ്ടതോടെയാണ് നവോത്ഥാനം എന്ന് മിണ്ടാതെ പ്രചരണം നടത്തുന്നത്. ശബരിമലയുടെ കാര്യത്തിലെ സർക്കാർ നിലപാട് വിശ്വാസികളെയും എൻഎസ്എസിനെയും ശത്രുപക്ഷത്താക്കിയ സാഹചര്യത്തിൽ, നവോത്ഥാന സന്ദേശം വീണ്ടുമുയർത്തി കൂടുതൽ പ്രകോപനം ക്ഷണിച്ചു വരുത്താനില്ല. ശബരിമലയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഉയർത്തുന്ന ചോദ്യങ്ങൾക്കു മറുപടി നൽകി കുഴപ്പത്തിൽ പെടാതിരിക്കാനും ജാഗ്രത പുലർത്തുന്നുണ്ട് ഇടതുപക്ഷം. ശബരിമലയിലെ വിശ്വാസ സംരക്ഷണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ ബിജെപി നടപടി ആ ചർച്ചകൾ വീണ്ടും തുടങ്ങിയാൽ ഇടതുപക്ഷം എന്തു സമീപനം സ്വീകരിക്കുമെന്നാണ് കാണേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP