Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങൾ പകുതിയും സഹകരണ ബാങ്കുകളിൽ എന്നതു പച്ചക്കള്ളം; ഇന്ത്യൻ സഹകരണ മേഖലയിലെ മുക്കാൽ ഭാഗവും കേരളത്തിൽ നിന്നെന്നത് അതിനേക്കാൾ വലിയ കള്ളം; മോദിയെ അപഹസിക്കാൻ തോമസ് ഐസക് ഉണ്ടാക്കിയ കള്ളക്കണക്കുകൾ വിശ്വസിച്ച് എം ടി വിവാദനായകനായത് ഇങ്ങനെ; കള്ളക്കണക്ക് ഉണ്ടാക്കാൻ കൂട്ടുനിന്ന ഐഎഎസ് ഉദ്യോഗസ്ഥനോടു കേന്ദ്രം വിശദീകരണം തേടിയേക്കും

കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങൾ പകുതിയും സഹകരണ ബാങ്കുകളിൽ എന്നതു പച്ചക്കള്ളം; ഇന്ത്യൻ സഹകരണ മേഖലയിലെ മുക്കാൽ ഭാഗവും കേരളത്തിൽ നിന്നെന്നത് അതിനേക്കാൾ വലിയ കള്ളം; മോദിയെ അപഹസിക്കാൻ തോമസ് ഐസക് ഉണ്ടാക്കിയ കള്ളക്കണക്കുകൾ വിശ്വസിച്ച് എം ടി വിവാദനായകനായത് ഇങ്ങനെ; കള്ളക്കണക്ക് ഉണ്ടാക്കാൻ കൂട്ടുനിന്ന ഐഎഎസ് ഉദ്യോഗസ്ഥനോടു കേന്ദ്രം വിശദീകരണം തേടിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2016 നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധനം ജനങ്ങളിൽ സൃഷ്ടിച്ച ബുദ്ധിമുട്ടു ചില്ലറയല്ല. രാജ്യത്ത് 85 ശതമാനത്തോളം പ്രചാരത്തിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റരാത്രികൊണ്ടാണ് അസാധുവായത്. അതിനു പിന്നാലെ പണം മാറ്റിയെടുക്കാൻ ബാങ്കുകൾക്കു മുന്നിൽ ഇന്ത്യൻ ജനത ക്യൂ നിന്നത് നിരവധി നാളുകളാണ്.

അമ്പതു ദിവസം കൊണ്ട് ഇന്ത്യക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊക്കെ പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനമെങ്കിലും നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴും രാജ്യം അനുഭവിക്കുന്നുണ്ട്. കറൻസിരഹിത-ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്പായാണു നോട്ട് അസാധുവാക്കൽ നടപടിയെ വിലയിരുത്തുന്നത്. എന്നാൽ, ഇത്തരമൊരു വലിയ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ചെയ്യേണ്ടിയിരുന്ന അടിസ്ഥാന സൗകര്യവികസനങ്ങളൊന്നും നടപ്പാക്കാതെയാണു മോദി സർക്കാർ കറൻസിനിരോധനം കൊണ്ടുവന്നതെന്നു വ്യാപക വിമർശനം ഉയരുകയും ചെയ്തു.

കേരളത്തിലും നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാ വിഭാഗം ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. ഇതിനിടെ, സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്രനിലപാടുകളും വന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധമാണു കേന്ദ്രസർക്കാർ നടപടിക്കെതിരെ ഉയർന്നുവന്നത്. എന്നാൽ, സഹകരണബാങ്കു വിഷയത്തിൽ തെറ്റായ പ്രചാരണമാണു കേരളത്തിൽ നിന്നുണ്ടാകുന്നതെന്നാണു കേന്ദ്രത്തിന്റെ വാദം. നോട്ട് അസാധുവാക്കലിന്റെ പേരിൽ പ്രധാനമന്ത്രിയെ അപമാനിക്കാനാണു സാമ്പത്തിക വിദ്ഗധരുടെ പേരിൽ സംസ്ഥാന ആസൂത്രണബോർഡ് കള്ളക്കണക്കുകൾ പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രം പറയുന്നു. ഇക്കാര്യത്തിൽ പ്ലാനിങ് സെക്രട്ടറി വി എസ് സെന്തിൽ ഐഎഎസിനോടു കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്നാണു പുറത്തുവരുന്ന വാർത്തകൾ.

500/ 1000 രൂപാ കറൻസി റദ്ദാക്കൽ കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനായി സംസ്ഥാന ആസൂത്രണ ബോർഡ് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ സി. പി. ചന്ദ്രശേഖരൻ ചെയർമാനും ഡൽഹിയിലെ തന്നെ എൻഐപിഎഫ്പിയിലെ പിനാക്കി ചക്രവർത്തി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നാരായണ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി പ്ലാനിങ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായ വിദഗ്ദ്ധ കമ്മിറ്റിയെ നിയമിച്ചിരുന്നു. സമിതി 2016 ഡിസംബറിൽ ഇടക്കാല റിപ്പോർട്ടു പുറത്തിറക്കുകയും ചെയ്തു. രേഖകളും കണക്കുകളും അറിഞ്ഞു കൊണ്ടു തന്നെ തെറ്റായി രേഖപ്പെടുത്തുകയായിരുന്നെന്നും സംസ്ഥാന ധന മന്ത്രിയുടെ നോമിനികളായ കമ്മറ്റി അംഗങ്ങൾ തെറ്റായ കണക്കുകൾ നൽകി മോദിയുടെ നോട്ടു റദ്ദാക്കൽ നടപടിയെ അടിസ്ഥാനമാക്കി കരിവാരി തേക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഉയരുന്ന ആക്ഷേപം.

കേരളത്തിലെ ബാങ്കു നിക്ഷേപങ്ങളിൽ പകുതിയിലധികം പ്രാദേശിക സർവ്വീസ് സഹകരണം ബാങ്കുകളിലാണെന്നും (പിഎസിഎസ്) രാജ്യത്തെ സഹകരണ ബാങ്കു നിക്ഷേപങ്ങളിൽ മുക്കാൽ പങ്കും കേരളത്തിൽ നിന്നാണെന്നുമായിരുന്നു വ്യാപക പ്രചാരണം. സഹകരണ ബാങ്കുകളെ നോട്ടു റദ്ദാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലാക്കിയെന്നും സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്ക് വിശദീകരിക്കുകയും ചെയ്തിരുന്നു.

''കള്ളപ്പണ വേട്ട: മിഥ്യയും യാഥാർത്ഥ്യവും'' എന്ന പുസ്തകത്തിലൂടെ നോട്ടുപിൻവലിക്കലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തോമസ് ഐസക് എഴുതുകയും ചെയ്തു. ജനങ്ങളുടെ ദുരിതം കണ്ട് എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ള പ്രമുഖർ നോട്ടുനിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംഘപരിവാർ അനുകൂലികളുടെ കടുത്ത എതിർപ്പാണ് എം ടിക്കു നേരിടേണ്ടി വന്നത്. എം ടി ആരാണെന്നും നോട്ട് അസാധുവാക്കലിനെക്കുറിച്ചു പറയാൻ എം ടിക്ക് എന്താണ് അവകാശമെന്നും ചോദിച്ചു ബിജെപി നേതാക്കൾ രംഗത്ത് എത്തിയിരുന്നു.

എന്നാൽ, എം ടി ആക്രമിക്കപ്പെട്ടെന്നും സാംസ്‌കാരിക സാഹിത്യ നായകർ രണ്ടു ചേരിയായി നിന്നു പോരാടുന്നതൊക്കെ തെറ്റായ സാമ്പത്തിക നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന തരത്തിലാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ആരും ഒന്നും ഗൗരവമായി പഠിക്കുന്നില്ലെന്നും ഐസക്കിനെപ്പോലെ ഉള്ള സെലിബ്രിറ്റികൾ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുകയാണെന്നുമാണ് ആക്ഷേപം.

സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ബാങ്കിങ് ഇടപാടുകൾ നടക്കുന്ന സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെ (പിഎസിഎസ്) തകർക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നായിരുന്നു എൽഡിഎഫിന്റെ വിലയിരുത്തൽ. അതിനനുസൃതമായിരുന്നു അവരുടെ സമര പ്രചരണ പരിപാടികൾ. അതിന്റെ കേന്ദ്ര ബിന്ദു തന്നെ കേരളത്തിലെ ബാങ്കു നിക്ഷേപങ്ങളിൽ 50% സർവ്വീസ് സഹകരണ ബാങ്കുകളിലാണെന്ന പ്രചാരണമായിരുന്നു. ധനമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയുമൊക്കെ ലേഖനങ്ങളും വാർത്താ കുറിപ്പുകളും ഈ നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു.

എൽഡിഎഫിനു ശേഷം യുഡിഎഫും സമാനമായ ആരോപണങ്ങൾ കേന്ദ്രത്തിനെതിരെ ആരോപിക്കുകയും ജനകീയ സമരങ്ങൾ നടത്തുകയും ചെയ്തു. കറൻസി റദ്ദാക്കൽ പഠന വിദഗ്ദ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ 25 പേജിലെ 4 ാം നമ്പർ 37 മുതൽ 51 വരെയുള്ള ഖണ്ഡികകളാണിപ്പോൾ വിവാദത്തിലായത്. 4 ാം നമ്പർ പട്ടികയിലെ കണക്കുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആസൂത്രണ ബോർഡിന്റെ തന്നെ വാർഷിക പ്രസിദ്ധീകരണമായ ഇക്കണോമിക് റിവ്യൂവിൽ കൊടുത്ത കണക്കുകൾക്ക് വിരുദ്ധമാണെന്നുമാണിപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ കണക്കുകൾ പ്രകാരം 2014 - 15 കാലഘട്ടത്തിൽ കേരളത്തിലെ ബാങ്കിങ് നിക്ഷേപങ്ങൾ 1, 17, 380 കോടി രൂപയായിരുന്നു. അതിൽ 46806 കോടി രൂപ വാണിജ്യ ബാങ്കുകളുടെയും (40%) 338 കോടി സംസ്ഥാന സഹകരണ ബാങ്കിന്റെയും 11327 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളുടെയും 58908 കോടി രൂപ സർവ്വീസ് സഹകരണ ബാങ്കുകളുടെ (പിഎസിഎസ്) അങ്ങനെ മൊത്തം നിക്ഷേപത്തിന്റെ (50%) സഹകരണ ബാങ്കുകളിലാണ്.

2011 ലെ ബസ് ചാർജ് വർദ്ധനവു വിവാദത്തിൽ സ്വകാര്യ ബസുടമകളെ സഹായിക്കാനായി ലോകത്തൊരിടത്തുമില്ലാത്ത മിനിമം ചാർജ്ജ് പ്ലസ് കിലോമീറ്റർ നിരക്ക് എന്ന പുതിയ ബസ് ചാർജ് ഫോർമുല കൊണ്ടു വന്നു സ്വകാര്യ ബസുടമകളെ വഴിവിട്ടു സഹായിച്ചു എന്നതിന്റെ പേരിൽ ഫെയർ ഡിവിഷൻ കമ്മറ്റിയിൽ നിന്നു രാജി വച്ച നാരായണ ആണ് നോട്ടു റദ്ദാക്കൽ വിഷയ ഇടക്കാല റിപ്പോർട്ടിൽ ഇങ്ങനെ തെറ്റായ വിവരങ്ങൾ നൽകിയതെന്നാണ് സൂചന. സംസ്ഥാന ധന മന്ത്രിയുടെ അടുത്ത സുഹൃത്തായ നാരായണ ഇപ്പോൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്.

2014 - 15 കാലഘട്ടത്തിലെ സംസ്ഥാന ബാങ്കു നിക്ഷേപങ്ങളെപ്പറ്റി ഇക്കണോമിക് റിവ്യൂവിൽ പറയുന്നത് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ മാത്രം നിക്ഷേപം 3,19,890 കോടി രൂപയാണെന്നാണ്. ആ കാലഘട്ടത്തിൽ ജില്ലാ ബാങ്കുകളുടെ നിക്ഷേപം 40,132 കോടിയാണെന്നും സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപം 5509 കോടിയാണെന്നും സംസ്ഥാന ബാങ്കേഴ്‌സ് കമ്മറ്റി വ്യക്തമാക്കുന്നു. 2015 മാർച്ചിൽ പ്രാദേശിക സഹകരണ ബാങ്കുകളുടെ നിക്ഷേപം 69926 കോടിയാണെന്ന് ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു. ഇത്രയൊക്കെ വ്യക്തമായ കണക്കുകൾ സംസ്ഥാന ആസൂത്രണ ബോർഡ് നൽകിയിട്ടും കണക്കുകൾ തെറ്റിച്ചു നൽകിയത് ഈ ഇടക്കാല റിപ്പോർട്ട് മോദിക്കെതിരെയുള്ള പോരാട്ടത്തിന് ആധികാരികത നൽകാനായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തെ കഴിഞ്ഞ 3 വർഷത്തെ ബാങ്കു നിക്ഷേപ കണക്കെടുത്താലും സർവ്വീസ് സഹകരണ ബാങ്കുകളിലെ നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 20% ൽ അധികം വരുന്നില്ല എന്നു കണക്കുകൾ തെളിയിക്കുന്നുണ്ടെന്നിരിക്കെയാണ് വ്യാജ പ്രചാരണമെന്നാണ് ആക്ഷേപം.

മൊത്തം നിക്ഷേപത്തിൽ സഹകരണ ബാങ്കു നിക്ഷേപത്തിന്റെ ശതമാനം

  • വാണിജ്യ ബാങ്ക് നിക്ഷേപം: 2014 മാർച്ച് - 279655 (72) 2015 മാർച്ച് - 319890 (74) 2016 ജൂൺ 370412 (72)
  • സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപം: 2014 മാർച്ച് - 7696 (2) 2015 മാർച്ച് - 5509 (1), 2016 ജൂൺ 6307 (1)
  • ജില്ലാ സഹകരണ ബാങ്കുകൾ: 2014 മാർച്ച് 32373 (8) 2015 മാർച്ച് - 40133 (9), 2016 ജൂൺ - 60385 (12)
  • ആർബിഐ നിയന്ത്രിത ബാങ്കുകൾ ആകെ (a, b, c) 2014 മാർച്ച് 319724, 2015 മാർച്ച് - 365532, 2016 ജൂൺ - 407104
  • സർവ്വീസ് സഹകരണ ബാങ്കുകൾ (പിഎസിഎസ്) 2014 മാർച്ച് - 67785 (18), 2015 മാർച്ച് - 69926 (16)
  • ആകെ ബാങ്ക് നിക്ഷേപം (D + E) 2014 മാർച്ച് 387509 (100) 2015 മാർച്ച് - 435458 (100), 2016 ജൂൺ - 512104 (100)

സഹകരണ ബാങ്കുകളെ സംബന്ധിച്ച യഥാർത്ഥ പ്രശ്‌നങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളൊന്നും ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ലെന്നും നിലവിലുള്ള സർവ്വീസ് സഹകരണ ബാങ്കുകളുടെ കാര്യത്തിൽ എൽഡിഎഫ് കാര്യമായ നീക്കം നടത്തുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. എൽഡിഎഫ് മാനിഫെസ്റ്റോ പ്രകാരം സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെ ഏകോപിപ്പിച്ച് കേരള ബാങ്ക് ആക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ യുപിഎ കേന്ദ്ര സർക്കാരിന്റെ ഭരണ കാലത്ത് നിയമിച്ച നബാർഡ് ചെയർമാനായിരുന്ന പ്രകാശ് ബാക്ഡി കമ്മറ്റി 2013 ജനുവരിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ സർവ്വീസ് സഹകരണ ബാങ്ക് ബോർഡുകളെ പിരിച്ചു വിട്ടു അവയെ ജില്ലാ ബാങ്കുകളുടെ വെറും ഏജൻസിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കേരള ബാങ്ക് സഹകരണത്തോടെ ബാക്ഡി കമ്മറ്റി റിപ്പോർട്ടു നടപ്പിലാക്കി കേരളത്തിലെ സർവ്വീസ് സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തന്ത്രമാണ് എൽഡിഎഫ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

സർവ്വീസ് സഹകരണ ബാങ്കുകളിലെ 80% യുഡിഎഫ് ഭാഗത്തായതിനാൽ യുഡിഎഫ് ആണ് ഇക്കാര്യത്തിൽ സമയോചിത നീക്കം നടത്തേണ്ടതെങ്കിലും അവരിൽ നിന്നും ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടാകുന്നില്ല. എൽഡിഎഫിന്റെ മോദി വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുന്ന കണക്കുകൾ സമിതിയുടെ വിശ്വാസ്യതയെ തകർക്കും. മാത്രമല്ല ഡൽഹിയിലെ രണ്ടു സാമ്പത്തിക വിദഗ്ദ്ധരുടെയും കേരളത്തിലെ 2 ഐഎഎസ് ഉദ്യോഗസ്ഥരുടെയും മോദി വിരുദ്ധ കേന്ദ്ര സർക്കാർ വിരുദ്ധ നിലപാടുകൾ അവരുടെ സർവ്വീസ് റഗുലേഷനെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP