Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ണും ചാരി നിന്നയാൾ പെണ്ണും കൊണ്ട് പോകുമോ? കണ്ണന്താനത്തെ പോലെ ഇത്തവണയും അപ്രതീക്ഷിത മുഖം മന്ത്രിസഭയിലെത്തുമോ എന്ന ഭീതിയിൽ കേരള നേതാക്കൾ; സിവി ആനന്ദബോസിനെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്; ഫിഷറീസ് വകുപ്പോ ഭവന നിർമ്മാണമോ മുൻ ഐഎഎസ് ഉദ്യോഗസ്ഥന് മോദി നൽകുമെന്ന് അഭ്യൂഹം; കേന്ദ്രമന്ത്രി സഭയിലേക്ക് എത്തുന്ന മലയാളികളെ കുറിച്ചുള്ള ചർച്ച സജീവമാകുമ്പോൾ

മണ്ണും ചാരി നിന്നയാൾ പെണ്ണും കൊണ്ട് പോകുമോ? കണ്ണന്താനത്തെ പോലെ ഇത്തവണയും അപ്രതീക്ഷിത മുഖം മന്ത്രിസഭയിലെത്തുമോ എന്ന ഭീതിയിൽ കേരള നേതാക്കൾ; സിവി ആനന്ദബോസിനെ പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്; ഫിഷറീസ് വകുപ്പോ ഭവന നിർമ്മാണമോ മുൻ ഐഎഎസ് ഉദ്യോഗസ്ഥന് മോദി നൽകുമെന്ന് അഭ്യൂഹം; കേന്ദ്രമന്ത്രി സഭയിലേക്ക് എത്തുന്ന മലയാളികളെ കുറിച്ചുള്ള ചർച്ച സജീവമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോദി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ മണ്ണു ചാരി നിന്നയാൾ പെണ്ണും കൊണ്ടു പോകുമോ എന്ന ഭീതിയിൽ കേരളത്തിലെ ബിജെപി നേതാക്കൾ. മുമ്പ് മോദി കേരളത്തിൽ നിന്ന് മന്ത്രിയാക്കിയത് അൽഫോൻസ് കണ്ണന്താനത്തെയാണ്. മുൻ ഐഎഎസുകാരനെന്ന ലേബലാണ് തുണയായത്. ഇതിന് ശേഷം കണ്ണന്താനത്തെ രാജ്യസഭാ അംഗവുമാക്കി. ഇതിനിടെയാണ് ഇത്തവണ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സിവി ആനന്ദബോസ് രണ്ടാം നരേേ്രന്ദ മാദി മന്ത്രിസഭയിൽ അംഗമാവുമെന്ന് റിപ്പോർട്ട് എത്തുന്നത്. ഇന്ത്യൻ എക്സ്‌പ്രസിൽ അരുൺ ലക്ഷ്മൺ ഇത്തരത്തിലൊരു വാർത്ത നൽകിയതോടെ മന്ത്രിപദമോഹമുള്ള ബിജെപി നേതാക്കളെല്ലാം ആശയ കുഴപ്പത്തിലാണ്.

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായോ മറ്റ് ഏതെങ്കിലും വകുപ്പിൽ സഹമന്ത്രിയായോ ആനന്ദബോസിനെ ഉൾപ്പെടുത്തുമെന്ന് ന്യൂ ഇന്ത്യൻ എക്‌സപ്രസ് റിപ്പോര്ട്ട് ചെയ്യുന്നു. കേരളത്തിലെ മുൻ ചീഫ് സെക്രട്ടറിയായ ആനന്ദബോസ് ബിജെപി നേതൃത്വവുമായി അടുപ്പം പുലർത്തുന്നയാളാണ്. ആനന്ദബോസിനെ കൊല്ലത്ത് മത്സരിപ്പിക്കുമെന്ന്, ബിജെപിയുടെ സ്ഥാനാർത്ഥി നിർണയ വേളയിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ സ്ഥാനാർത്ഥിയാവാൻ താൽപര്യമില്ലെന്ന് ആനന്ദബോസ് അറിയിക്കുകയായിരുന്നു.

സ്ഥാനാർത്ഥിയായില്ലെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണ സമയത്തു തന്നെ ബിജെപി ചർച്ചകളിൽ ആനന്ദബോസ് സജീവമായി പങ്കെടുത്തിരുന്നു. സംസ്ഥാനത്ത് ചെലവു കുറഞ്ഞ വീടുകൾ പ്രചാരത്തിലാക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ചയാളാണ് ആനന്ദബോസ്. നിർമ്മിതി കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കു തുടക്കമിട്ടത് ആനന്ദബോസ് ആണ്. ഇത് ദേശീയ, അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ പാവപ്പെട്ടവർക്ക വീടു വച്ച് നൽകുന്ന പദ്ധതി ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു രൂപീകരിച്ചതാണ്. ഇതെല്ലാം കണക്കിലെടുത്താണ് ആനന്ദബോസിനെ കേന്ദ്ര മന്ത്രിയാക്കുന്നതിനെ കുറിച്ചുള്ള ചർച്ച നടക്കുന്നതെന്നാണ് റിപ്പോർട്ട്.

ഈ വാർത്ത ഇന്ത്യൻ എക്‌സ് പ്രസിൽ നൽകിയത് അരുൺ ലക്ഷ്മൺ എന്ന മാധ്യമ പ്രവർത്തകനാണ്. ബിജെപി നേതൃത്വവുമായി അരുൺ ലക്ഷ്മണിന് അടുത്ത ബന്ധമുണ്ട്. മുമ്പ് എബി വാജ്‌പേയ് സർക്കാരിൽ പിസി തോമസ് മന്ത്രിയായിരുന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു അരുൺ ലക്ഷ്മൺ. ആർഎസ്എസ് ദേശീയ നേതൃത്വത്തിലും സുഹൃത്തുക്കളുണ്ട്. ഈ സാഹചര്യത്തിലാണ് ആനന്ദബോസ് മന്ത്രിയാകുമെന്ന വാർത്തയെ ഭീതിയോടെ ചില നേതാക്കൾ നോക്കി കാണുന്നത്. കഴിഞ്ഞ തവണ അൽഫോൻസ് കണ്ണന്താനം മന്ത്രിയായതും അവരെ ഭയപ്പെടുത്തുന്നു.

മത്സ്യമേഖലയ്ക്കു പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ബിജെപി നേതൃത്വം ആനന്ദബോസിന്റെ സഹായം തേടിയിരുന്നു. പ്രൊഫഷനലുകളെ കൂടുതലായി ഭരണതലത്തിൽ ഉപയോഗിക്കുകയെന്നത് 2014 മുതൽ നരേന്ദ്ര മോദി സ്വീകരിച്ചുവരുന്ന നയമാണ്. ഇത് ഇക്കുറിയും തുടരുന്നതിന്റെ ഭാഗമായി ആയിരിക്കും ആനന്ദബോസിനെ മന്ത്രിസഭയിൽ അംഗമാക്കുക എന്നാണ് അരുൺ ലക്ഷ്മൺ എഴുതുന്നത്.

മേഘാലയ സർക്കാരിന്റെ ഉപദേശകനായി ആനന്ദബോസിനെ നേരത്തെ നിയമിച്ചിരുന്നു. കാബിനറ്റ് റാങ്കോടെയാണ് ബിജെപിയുടെ പങ്കാളിത്തമുള്ള മേഘാലയ സർക്കാരിന്റെ ഭാഗമായി ആനന്ദബോസ് മാറിയത്. ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ആനന്ദബോസ് നേരത്തേ മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ലാൽ ബഹദൂർ ശാസ്ത്രി ഫെലോയായിരുന്നു. നാലു തവണ യുഎന്നിന്റെ ഗ്ലോബൽ ബെസ്റ്റ് പ്രാക്ടീസ് അവാർഡ് നേടി. പത്തു വർഷത്തെ കോൺഗ്രസ് ഭരണത്തിനു ശേഷമാണ് കോണാർഡ് സാങ്മയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ മേഘാലയയിൽ അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെയായിരുന്നു ആനന്ദ ബോസിന്റെ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് ആനന്ദബോസ് ബിജെപിയിൽ ചേരുന്നത്.

പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായിൽ നിന്ന് ആനന്ദബോസ് അംഗത്വം സ്വീകരിച്ചത്. ലോക്‌സഭയിലേക്ക് മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഡോ.സി.വി.ആനന്ദബോസ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആനന്ദബോസിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. അഴിമതിരഹിതവും വികസനഭരിതവുമായ ഭരണത്തിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് ആനന്ദബോസ് വിശദീകരിച്ചത്.

കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കേന്ദ്രസർക്കാരിൽ ഉന്നതപദവികൾ, വൈസ് ചാൻസലർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാനുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP