Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായത്; വീഡിയോ വിവാദമാക്കിയത് ബോധപൂർവം; എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രശ്‌നമുണ്ടാക്കിയത്; 'എവിടെ' സിനിമ പ്രമോഷൻ വിവാദമായതിന് പിന്നാലെ തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി ആശ ശരത്; മുമ്പും ഇത്തരം പ്രമോഷൻ നടന്നിട്ടുണ്ടെന്നും താരം

സ്ത്രീയായതുകൊണ്ടാണ് സംഘടിത ആക്രമണമുണ്ടായത്; വീഡിയോ വിവാദമാക്കിയത് ബോധപൂർവം; എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രശ്‌നമുണ്ടാക്കിയത്; 'എവിടെ' സിനിമ പ്രമോഷൻ വിവാദമായതിന് പിന്നാലെ തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ ഡിജിപിക്ക് പരാതി നൽകി ആശ ശരത്; മുമ്പും ഇത്തരം പ്രമോഷൻ നടന്നിട്ടുണ്ടെന്നും താരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'എവിടെ' സിനിമയുടെ സിനിമാ പ്രമോഷന്റെ പേരിൽ തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിനെതിരെ നടി ആശ ശരത് ഡിജിപ്ക്ക് പരാതി നൽകി. സ്ത്രീയായതുകൊണ്ടാണു തനിക്കെതിരേ സംഘടിത ആക്രമണമുണ്ടായത്. വീഡിയോ വിവാദമാക്കിയതു ബോധപൂർവമാണെന്നും ആശ പറഞ്ഞു. എഡിറ്റ് ചെയ്ത വീഡിയോ ആണു പ്രശ്‌നമുണ്ടാക്കിയതെന്നും അവർ കൂട്ടിച്ചേർത്തു.വർഷങ്ങൾക്കു മുൻപേ ഇതുപോലുള്ള പ്രചാരണ രീതികൾ അവലംബിച്ചിട്ടുണ്ടെന്നും ആശ പറയുന്നു.

'എവിടെ' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഭർത്താവിനെ കാണാനില്ല എന്നു പറഞ്ഞ് ആശ നടത്തിയ ഫേസ്‌ബുക്ക് ലൈവാണു പ്രശ്‌നമായത്. തന്റെ ഭർത്താവിനെ കാണുന്നില്ലെന്നു പറഞ്ഞാണ് ആശ ശരത് ലൈവിൽ വന്നത്. ഇതിന് പിന്നാലെ സംഭവം വിവാദമായി. താരത്തിന്റെ ഭർത്താവിനെ കാണാതായതായി വാർത്തകൾ പ്രചരിക്കുകയും ചെയ്തു.

വീഡിയോയിൽ വന്നത് കഥാപാത്രമായിട്ടാണെന്നും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വിഷമമുണ്ടെന്നും നടി പിന്നീട് വ്യക്തമാക്കിയിരുന്നു. വീഡിയോ വന്നത് തന്നെ 'എവിടെ' എന്ന സിനിമയുടെ ഫേസ്‌ബുക്ക് പേജിലായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടതെന്ന് ആശാ ശരത്ത് പറഞ്ഞു. ഭർത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോൾ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവർത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണൽ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെന്നും ആശാ ശരത്ത് പറഞ്ഞു. ചിലർക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വിഷമമുണ്ടെന്നും ആശാ ശരത് പറഞ്ഞു.

'കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം. എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. 'എവിടെ' എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.'-ഈ വാക്കുകളാണ് ഫെയ്സ് ബുക്ക് വീഡിയോയിലൂടെ ആശാ ശരത് പങ്കുവച്ചത്. ഇതോെട പ്രേക്ഷകരും പരിഭ്രാന്തരായി. എന്നാൽ വിഡിയോ മുഴുവൻ കണ്ടതോടെ പരിഭ്രാന്തി ആകാംക്ഷയായി.

പിന്നീടാണ് സത്യം അറിഞ്ഞത്. പുതിയ ചിത്രം 'എവിടെ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ഫേസ്‌ബുക്ക് ലൈവ്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയത്. പലരും വിചാരിച്ചത് നടിയുടെ യഥാർഥ ഭർത്താവിനെ കാണാതെപോയെന്നു തന്നെയാണ്. 'എവിടെ പ്രമോഷൻ വിഡിയോ' എന്ന തലക്കെട്ട് നൽകിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും കൂടുതൽ ആളുകവും അതുപിന്നീടാണ് ശ്രദ്ധിച്ചതെന്നു മാത്രം. കെ.കെ. രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എവിടെ'. ആശ ശരത്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥ സഞ്ജയ് ബോബിയുടേതാണ്. ഇത് മനസ്സിലാക്കിയതോടെയാണ് പ്രതിഷേധവുമായി സോഷ്യൽ മീഡിയ രംഗത്ത് എത്തിയത്. പ്രെമോഷൻ വീഡിയോ എന്നത് പിന്നീട് കൂട്ടിച്ചേർത്തതാണെന്നും മനസ്സിലായി. ആദ്യം വീഡിയോ കണ്ടവർക്ക് ഇത് ശരിക്കും യഥാർത്ഥ സംഭവമാണെന്ന് മാത്രമേ തോന്നുകയുള്ളൂ. ഇതാണ് വിവാദത്തിന് ഇടനൽകുന്നത്.

അതിനിടെ സിനിമ പ്രൊമോഷൻ എന്നപേരിൽ സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ ആശ ശരത്തിനെതിരെ പരാതിയും പൊലീസിന് നൽകി. ശ്രീജിത് പെരുമനയാണ് പരാതിക്കാരൻ. സാമൂഹിക മധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ വിവിധ ഹൈക്കോടതികൾ നിലപാടുകൾ എടുത്തിട്ടുള്ള ഘട്ടത്തിലും, സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തിരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാറ്റിങ് മന്ത്രി ലോക്‌സഭയിൽ പ്രസ്താവിച്ച അതേ ദിവസം തന്നെ പരസ്യത്തിനായി പൊലീസ് വകുപ്പിനെ ഉൾപ്പെടെ ബന്ധപ്പെടുത്തി നടത്തിയ വ്യാജ വീഡിയോ അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കുമെന്നും പരാതിയിൽ പറയുന്നു. നിസാരമെന്ന് തോന്നിക്കുമെങ്കിലും വിഷയത്തിന്റെ ഗൗരവം ഇടുക്കി അഡീഷണൽ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫി ഐപി എസിനെ നേരിട്ട് വിളിച്ച് അറിയിച്ചുവെന്ന് ശ്രീജിത്ത് പറയുന്നു കട്ടപ്പന പൊലീസിനെ ഉൾപ്പെടെ അറിയിച്ച് ആവശ്യ നടപടിയുണ്ടാകും എന്നദ്ദേഹം അറിയിച്ചതായും പറയുന്നു.

ഈ കേസിനൊപ്പമാണ് സോഷ്യൽ മീഡിയയിലെ കളിയാക്കലും ആക്രമണവും ആശാ ശരത്തിന് തലവേദനയായത്. ലൈവിന് താഴെയുള്ള കമന്റുകളിൽ അധികവും ആശാ ശരത്തിന് എതിരായിരുന്നു. ചർച്ചകളിൽ ഭൂരിഭാഗം പേരും ഇത്തരമൊരു പ്രെമോഷനെ എതിർക്കുന്നു. വളരെ വിഷമത്തോടെയാണ് ഈ വീഡിയോ കണ്ടു തീർത്തത്. ആടിനെ പട്ടിയാക്കുന്ന ഈ വീഡിയോ നിങ്ങളുടെ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് മനസ്സിലായപ്പോൾ വല്ലാത്ത വെറുപ്പും അവജ്ഞയുമാണ് നിങ്ങളോട് തോന്നിയത് .. സിനിമയുടെ പ്രമോഷന് വേണ്ടി നാട്ടുകാരെ വിഡ്ഢികളാക്കാൻ നാണമില്ലേ നിങ്ങൾക്ക്... ആശ ശരത് എന്ന ഐക്കൺ ഇവിടെ പരാജയപ്പെട്ടു...ദയനീയമായി...-ഇതാണ് പോസ്റ്റിന് താഴെയള്ള കമന്റുകളിൽ ഒന്ന്. നിങ്ങളിലെ കലാകാരിയോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു.. പക്ഷെ ഇത് പോലെ ജനങ്ങളെ മണ്ടന്മാർ ആക്കുന്ന പ്രമോഷൻ വീഡിയോ ആയി ഇങ്ങനെ വന്നത് മോശം ആയിപ്പോയി-ഇത് മറ്റൊരു കമന്റ്.

എവിടെ എന്ന ചിത്രത്തിൽ ആശയുടെ ഭർത്താവിന്റെ വേഷത്തിൽ മനോജ് കെ. ജയൻ അഭിനയിക്കുന്നു. മനോജ് അവതരിപ്പിക്കുന്ന സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. മിനിസ്‌ക്രീനിൽ ഏറെ ജനപ്രിയമായ ഒരുപിടി സീരിയലുകൾ ഒരുക്കിയ സംവിധായകനാണ് രാജീവ്. അവിചാരിതം, ഓർമ്മ, സ്വപ്നം, ആഗ്നേയം, ഈശ്വരൻ സാക്ഷിയായി, പോക്കുവെയിൽ തുടങ്ങി നിരവധി സീരിയലുകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. അദ്ദേഹം ആദ്യമായി ഒരുക്കുന്ന സിനിമയാണ് എവിടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP