Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമർശനം സഹിക്കാനാവാതെ മുഖ്യമന്ത്രിയും പൊലീസും; ട്രോളുകൾ നടത്തുന്നവരെ തെരഞ്ഞുപിടിച്ച് ഹൈടെക് സെൽ കേസെടുക്കുന്നു; മുഖ്യമന്ത്രിയെ കളിയാക്കിയാൽ കേസ് എടുക്കുമെന്ന മുന്നറിയിപ്പ് നൽകി ഔട്‌സ്‌പോക്കൺ ഗ്രൂപ്പിന് സൈബർ പൊലീസിന്റെ നോട്ടീസ്; ഏതുകൊമ്പത്തെ മുഖ്യനായാലും ട്രോളുമെന്ന് എഫ് ബി കൂട്ടായ്മയും

വിമർശനം സഹിക്കാനാവാതെ മുഖ്യമന്ത്രിയും പൊലീസും; ട്രോളുകൾ നടത്തുന്നവരെ തെരഞ്ഞുപിടിച്ച് ഹൈടെക് സെൽ കേസെടുക്കുന്നു; മുഖ്യമന്ത്രിയെ കളിയാക്കിയാൽ കേസ് എടുക്കുമെന്ന മുന്നറിയിപ്പ് നൽകി ഔട്‌സ്‌പോക്കൺ ഗ്രൂപ്പിന് സൈബർ പൊലീസിന്റെ നോട്ടീസ്; ഏതുകൊമ്പത്തെ മുഖ്യനായാലും ട്രോളുമെന്ന് എഫ് ബി കൂട്ടായ്മയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു തരത്തിലുമുള്ള വിമർശനങ്ങൾ സഹിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. സി.പി.എം അനുകൂല ട്രോൾ സൈറ്റുകൾ എതിർ രാഷ്ട്രീയക്കാരെ കളിയാക്കി ട്രോളുകൾ അയക്കുന്നത് പതിവാണ്. ഇതിന് പ്രത്യേക സൈബർ സേനയും ഉണ്ട്. ഇത്തരം ട്രോളുകളുടെ ആക്ഷേപ സാഹിത്യം സോളാർ കേസിലും ബീഫ് വിഷയത്തിലുമെല്ലാം നിറയാറുണ്ട്. മോദിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനുമെല്ലാം ഇവിടെ കളിയാക്കൽ കഥാപാത്രങ്ങളാണ്. ഇതെല്ലാം കണ്ട് ആസ്വദിക്കുന്നവർക്ക് തങ്ങൾക്കെതിരായ ട്രോളുകൾ സഹിക്കാനാകുന്നില്ല. സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയയിൽ പ്രതികരണ സ്വാതന്ത്ര്യം നിഷേധിച്ചതിന് പിന്നാലെ ട്രോളുകൾക്കെതിരേയും നിലപാട് കടുപ്പിക്കുകയാണ് പിണറായി സർക്കാർ.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കളിയാക്കുന്ന ട്രോളിങ് സൈറ്റുകളാണ് പ്രധാന ലക്ഷ്യം. ഇവർക്ക് കേരളാ പൊലീസിന്റെ സൈബർ വിഭാഗം മുന്നറിയിപ്പ് നൽകുകയാണ്. മുഖ്യമന്ത്രിയെ കളിയാക്കുന്ന തരത്തിലുള്ള പ്രചരണം നടത്തിയാൽ കർശനമായ നടപടിയെന്ന മുന്നറിയിപ്പാണ് സൈബർ സെൽ നൽകുന്നത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്നും കൂട്ടിച്ചേർക്കുന്നു. ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. കേരളാ പൊലീസ് ആക്ടും ഐപിസിയും അനുസരിച്ചും ട്രോളുകൾ കുറ്റകരമാണത്രേ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കളിയാക്കുന്ന ട്രോളുകൾ ഉടൻ നീക്കണമെന്നാണ് ആവശ്യം. ഭാവിയിൽ ഇത്തരം പോസ്റ്റുകൾ നടത്തരുത്. ഈ നിർദ്ദേശം ലംഘിക്കുന്നതിനെ ഗൗരവത്തോടെ കാണുമെന്നാണഅ ഹൈടെക് ക്രം എൻക്വയറി സെല്ലിന്റെ നിലപാട്. ആരാണ് പരാതിക്കാരനെന്ന് വ്യക്തമാക്കിയിട്ടുമില്ല.

ഔട്‌സ്‌പോകൺ ന്റെ ട്രോളുകൾ വെറും ട്രോളുകൾ ആണെന്ന് കരുതിയവർക്ക് തെറ്റി അത് വെറും ട്രോളുകൾ അല്ലാ അത് ചിലരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിരിക്കുന്നു കാര്യം വേറൊന്നുമല്ല കേരള മുഖ്യമന്ത്രിയെ ട്രോളിയതിനു പൊലീസിൽ പരാതി പോയിരിക്കുന്നു പെട്ടന്ന് തന്നെ നടപടിയും ഉണ്ടായിരിക്കുന്നു. നമ്മുടെ പൊലീസിന്റെ കാര്യം ഓർത്ത് സത്യത്തിൽ നാണകേടാ തോന്നുന്നെ. അവർക്ക് ചെയ്യാൻ എന്തല്ലാം കാര്യങ്ങൾ വേറെ ഉണ്ട്. സ്ത്രീ പീഡനം മുതൽ മാല പൊട്ടിക്കൽ വരെ ഇനി സോഷ്യൽ മീഡിയയിൽ ആണെങ്കിൽ മാന്യമായി ജീവിക്കുന്നവരുടെ ഫോട്ടോകൾ മോശമായി പ്രചരിപ്പിക്കുന്നത് മുതൽ സെക്‌സ് റാക്കറ്റുകൾ വരെ. ഇതിനെതിരെയൊന്നും ചെറുവിരലനക്കാൻ ചങ്കുറപ്പില്ലെങ്കിൽ വച്ചിട്ട് പോണം ഏമാന്മാരെ ട്രോൾ ഇട്ടതിന്റെ പേരിൽ നടപടിയുമായി വന്നിരിക്കുന്നു-ഇതാണ് നോട്ടീസ് കിട്ടിയതിനോട് ഔട് സ്‌പോക്കൺ ഗ്രൂപ്പിന്റെ പ്രതികണം.

ട്രോളിനെ അതിന്റെ സെൻസിൽ എടുക്കാൻ പറ്റാത്തത് അസഹിഷ്ണുത അല്ലെ ? ട്രോൾ ചെയ്യുന്നതിനു സ്വാതന്ത്ര്യം ഇല്ലെ ? രാഷ്ട്ര പിതാവ് മുതൽ പ്രധാനമന്ത്രി വരെ ട്രോളുകൾക്ക് ഇരയായിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത അസഹിഷ്ണുത കേവലം ഒരു മുഖ്യമന്ത്രിയെ ട്രോളിയപ്പൊ എവിടുന്നുണ്ടായി? എതിർക്കുന്നവരെ അധികാരവും കയ്യൂക്കും കൊണ്ട് ഒതുക്കുന്ന ഇതിനെ അല്ലെ ഫാസിസം എന്ന് വിളിക്കേണ്ടത്. ഞങ്ങൾ ട്രോളും ഇനിയും ട്രോളും. ഏതുകൊമ്പത്തെ മുഖ്യനായാലും ട്രോളും അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങളത് ചെയ്യും സൈബർ സെല്ലിന്റെ വിരട്ടലിനോട് ഇത്തരത്തിലാണ് ഔട് സ്‌പോക്കൺ പ്രതികരിക്കുന്നത്. സൈബർ സെല്ലിന്റെ ഇടപെടൽ പുതിയ നിയമ പ്രശ്‌നങ്ങൾക്കും കാരണമാകും.

ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രഷൻ- അഭിപ്രായ സ്വാതന്ത്ര്യം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് അനുവദിച്ചുതന്നിട്ടുള്ള ഏറ്റവും വിലപ്പെട്ട അവകാശങ്ങളിൽ ഒന്നാണിത്. കാലവും സാങ്കേതിക വിദ്യയും മാറിയപ്പോൾ, ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളും സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിക്കുന്ന ഘട്ടം വന്നപ്പോൾ ഇന്ത്യ അതിന്റെ പ്രഖ്യാപിത തത്വങ്ങളിൽ നിന്ന് പിറകോട്ട് പോയോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഐടി ആക്ടിലെ 66എ എന്ന വകുപ്പ്. 2000 ൽ പാസാക്കിയ ഇന്ത്യൻ വിവരാവകാശ നിയമം 2008 ൽ ഭേദഗതികളോടെ കരിനിയമമായി മാറുകയായിരുന്നു. പ്രത്യേകിച്ച് അതിലെ 66എ എന്ന വകുപ്പ്. തനിക്കെതിരെ അപകീർത്തികരമായി മൊബൈൽ ഫോൺ, ഇൻർനെറ്റ് എന്നിവയിലേതെങ്കിലും ഉപയോഗിച്ചു എന്ന പരാതി മാത്രം മതിയായിരുന്നു ഒരാൾ അറസ്റ്റിലാകാൻ. അല്ലെങ്കിൽ വിദ്വേഷം പരത്തുന്നതെന്നോ, സ്പർദ്ധ വളർത്തുന്നതെന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ മതിയായിരുന്നു. ഈ സാഹചര്യമാണ് സുപ്രീം കോടതി ഈ വകുപ്പ് റദ്ദാക്കിയത്. അതിലൂടെ സോഷ്യൽ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പുതിയ തലം വരികയും ചെയ്തു. ഇതോടെ ഭരണാധികാരികളുടെ നടപടികൾക്കെതിരായ ട്രോളുകൾ അതിശക്തമാവുകയും ചെയ്തു. ഇതിനെയാണ് അപകീർത്തികരമെന്ന ടാഗ് ലൈനിൽ കൊണ്ടു വന്ന് തടയാൻ സൈബർ പൊലീസിനെ ഉപയോഗിച്ച് സർക്കാർ ശ്രമം നടത്തുന്നത്.

സോഷ്യൽ മീഡിയയിലെ സർക്കാർ ജീവനക്കാരുടെ ഇടപെടൽ നിരോധിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ട്രോളുകൾക്കെതിരായ നീക്കം. അധികാരത്തിലെത്തി ഒരു വർഷം ആയില്ല. അതിന് മുമ്പേ വിമർശനങ്ങൾ ഏറെയുണ്ടായി. സർക്കാർ ജീവനക്കാരുടെ നിലപാടും എതിരായി. പലരും പലതും പറയുന്നു. അതുകൊണ്ട് തന്നെ ഇനിയത് വേണ്ട. അങ്ങനെ നിലപാട് കടുപ്പിക്കുകയായിരുന്നു പിണറായി വിജയൻ സർക്കാർ. സർക്കാർ ജീവനക്കാർ സാമൂഹികമാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെയും സർക്കാർനയങ്ങളെയും നടപടികളെയും കുറിച്ച് മുൻകൂർ അനുമതിവാങ്ങാതെ അഭിപ്രായപ്രകടനം നടത്തരുതെന്ന് നിർദേശമെത്തുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിർദ്ദേശം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താൽ മേലധികാരി കർശനനടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചതും വിവാദമായി.

ഇത്തരത്തിൽ ചട്ടലംഘനം നടത്തുന്ന ജീവനക്കാർക്കെതിരെ ഉചിതനടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരമായ വീഴ്ചയായി കണക്കാക്കും. അതായത് എന്ത് പരാതി കിട്ടിയാലും നടപടി ഉടൻ വേണം. സർക്കാരിനെ പൊലീസുകാർ അടക്കമുള്ളവർ വിമർശിക്കുന്ന സാഹചര്യം നിലവിലുണ്ട്. പല ഗ്രൂപ്പുകളിലും ചർച്ച കൊഴുക്കുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ അഭിപ്രായ പ്രകടനം നിയന്ത്രിക്കുന്നത്. ആരെന്ത് എഴുതിയാലും അതിൽ സർക്കാർ വിരുദ്ധതയുണ്ടെങ്കിൽ നടപടി ഉറപ്പാണ്. 1960 ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സർക്കാർ അനുവർത്തിക്കുന്ന നയത്തേയോ, നടപടിയേയോ കുറിച്ച് എഴുത്തിലൂടെയോ, ഏതെങ്കിലും സംഭാഷണത്തിലൂടെയോ പൊതുജനമധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചർച്ചചെയ്യാനോ വിമർശിക്കാനോ പാടില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് സർക്കാരിന്റെ വാദം. ഇതിന് പിന്നാലെയാണ് ഐടി ആക്ടും ഐപിസിയും കേരളാ പൊലീസ് ആക്ടും ഉപയോഗിച്ച് ട്രോൾ സൈറ്റുകളെ നിയന്ത്രിക്കാനും നീക്കം.

ഈ വ്യവസ്ഥയെ ഏറ്റവും എതിർത്തിരുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. അവർ തന്നെ ഇപ്പോൾ അതുപയോഗിക്കുന്നുവെന്നതാണ് രസകരം. ഇതിനിടെ ജീവനക്കാർക്കിടയിൽ അമർഷം ശക്തമാണ്. പക്ഷേ പ്രതികരിക്കാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്. എന്നാൽ ട്രോളർമാർ എന്തുവന്നാലും പ്രതികരിക്കുമെന്ന നിലപാടിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP