Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലും തമിഴ്‌നാട്ടിലും കലി തുള്ളി ഓഖി ചുഴലിക്കാറ്റ്; തെക്കൻകേരളത്തിലും കന്യാകുമാരി തീരത്തും കനത്ത മഴ; മഴക്കെടുതിയിൽ കേരളത്തിൽ നാലുമരണം; കന്യാകുമാരിയിലും നാലുപേർ മരിച്ചു; ദുരന്തമേറെയും മരങ്ങൾ കടപുഴകി വീണ്; ഇടുക്കി ജില്ലയിൽ കനത്ത നാശനഷ്ടം; കടലിൽ പോയ മുപ്പതിലേറെ ബോട്ടുകൾ തിരിച്ചെത്താത്തതിൽ ആശങ്ക; പൂന്തുറയിൽ നിന്ന് പോയ 13 മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തി; നാവികസേന തിരച്ചിൽ തുടരുന്നു; തെക്കൻ ജില്ലകളിൽ കനത്ത ജാഗ്രത

കേരളത്തിലും തമിഴ്‌നാട്ടിലും കലി തുള്ളി ഓഖി ചുഴലിക്കാറ്റ്; തെക്കൻകേരളത്തിലും കന്യാകുമാരി തീരത്തും കനത്ത മഴ;  മഴക്കെടുതിയിൽ കേരളത്തിൽ നാലുമരണം; കന്യാകുമാരിയിലും നാലുപേർ മരിച്ചു;  ദുരന്തമേറെയും മരങ്ങൾ കടപുഴകി വീണ്; ഇടുക്കി ജില്ലയിൽ കനത്ത നാശനഷ്ടം; കടലിൽ പോയ മുപ്പതിലേറെ ബോട്ടുകൾ തിരിച്ചെത്താത്തതിൽ ആശങ്ക; പൂന്തുറയിൽ നിന്ന് പോയ 13 മൽസ്യത്തൊഴിലാളികൾ തിരിച്ചെത്തി; നാവികസേന തിരച്ചിൽ തുടരുന്നു; തെക്കൻ ജില്ലകളിൽ കനത്ത ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ തീരത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ് കാറ്റം രൂപപ്പെട്ടത്. തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ഇതോടെ സർക്കാർ അതീവ ജാഗ്രത നിർദ്ദേശം നൽകി. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കടൽക്ഷോഭവവും രൂപപ്പെട്ടു.

കന്യാകുമാരി, നാഗർകോവിൽ മേഖലയിൽ ചുഴലിക്കാറ്റ് ആഞ്ഞിടിച്ചു.കന്യാകുമാരിയിൽ ശക്തമായ കാറ്റിൽ മരം വീണ് നാലു പേർ മരിച്ചു. ദേശീയ പാതയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.തമിഴ്‌നാട്ടിൽ മാത്രം 250 മൊബൈൽ ടവറുകൾ തകർന്നതായതാണ് റിപ്പോർട്ട്. ഇതോടെ വാർത്താ വിനിമയ ബന്ധം തകരാറിലായിട്ടുണ്ട്. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. കന്യാകുമാരിയിലേക്ക് 70 അംഗ ദുരന്ത നിവാരണ സേനയെ അയച്ചിട്ടുണ്ട്. ഇവർ കന്യാകുമാരിയിലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 853 പേരെ മാറ്റി പാർപ്പിച്ചു

കനത്ത മഴയിൽ കൊല്ലം കുളത്തൂപ്പുഴയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്. തിരുവനന്തപുരത്ത് കനത്ത മഴയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ദമ്പതികൾ ഷോക്കേറ്റു മരിച്ചു. കാട്ടാക്കട കിള്ളി തുരുമ്പാട് തടത്തിൽ അപ്പുനാടാർ (75), ഭാര്യ സുമതി (67) എന്നിവരാണ് മരിച്ചത്.വിഴിഞ്ഞത്ത് മരംവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. വിഴിഞ്ഞം സ്വദേശി അൽഫോൻസയാണ് (65) മരിച്ചത്.

കെഎസ്ആർടിസി ബസിന് മീതെ വൈദ്യുതി പോസ്റ്റ് വീണു. മൂന്നാറിൽ നിന്ന് വരികയായിരുന്നു ബസ്.തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മരം കടപുഴകി വീണു. വിഴിഞ്ഞത്ത് മഴയിൽ മരം കടപുഴകി വീണ് സ്ത്രീക്ക് പരിക്കേറ്റു.ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഉച്ചയ്ക്ക് ശേഷം സർക്കാർ അവധി നൽകി.

 

 
കടലിൽ പോയ മുപ്പതിലേറെ ബോട്ടുകൾ തിരിച്ചെത്താത്തതിൽ ആശങ്ക ഉയർന്നിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്ന് പോയ 34 ബോട്ടുകളും 120 മൽസ്യത്തൊഴിലാളികളുമാണ് കടലിലുള്ളത്.കടലിൽ പോയവരിൽ 13 പേർ തിരിച്ചെത്തിയതായാണ് റിപ്പോർട്ട്
കൊച്ചിയിൽ 6 മൽസ്യബന്ധന ബോട്ടുകളും, മറൈൻ ഫിഷറീസ് ബോട്ടും കടലിലാണ്. തിരച്ചിലിനായി നാവികസേനയുടെ രണ്ടുകപ്പലുകളും നാല് ഹെലികോപ്ടറുകളും നിയോഗിച്ചിട്ടുണ്ട്.

ന്യൂനമർദത്തിന്റെ ഫലമായി രൂപപ്പെട്ട, ഓഖി ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. സിവിയർ സൈക്ലോണിക് സ്‌ട്രോം (എസ്സിഎസ്) വിഭാഗത്തിൽപ്പെട്ട ഓഖി ചുഴലിക്കാറ്റിന്റെ വേഗം 220 കിലോമീറ്റർ വരെ വർധിക്കാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വിഭാഗം പറയുന്നു. തിരുവനന്തപുരത്തിനു തെക്കു പടിഞ്ഞാറു മാറി രൂപപ്പെട്ട ന്യൂനമർദം കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ വടക്കു പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുകയാണ്.

കേരള തീരത്തുനിന്നു ന്യൂനമർദം അകന്നു പോവുകയാണെങ്കിലും കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ന്യൂനമർദ പാത്തിയുടെ നേരിട്ടുള്ള സ്വാധീനമേഖലയിലുള്ള തിരുവനന്തപുരം ജില്ലയുടെ തെക്കൻപ്രദേശത്ത് കനത്ത മഴയും കാറ്റുമുണ്ടാകും. പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ കനത്ത കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെട്ടത്. ശക്തമായതും ഇടിയോടുകൂടിയ മഴയും നാളെ വരെ സംസ്ഥാനത്ത് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 7 മുതൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്.

ഇതിനിടെയാണ് കന്യാകുമാരിയിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഇതോടെ സ്ഥിതി ആശങ്കാജനകമാവുകയാണ്. മലവെള്ളം ഇറങ്ങിയതിനാൽ ആറുകളും പുഴകളുമെല്ലാം നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്. നിർത്താതെ പെയ്യുന്ന മഴയിൽ തിരുവനന്തപുരം നഗരം പോലും വെള്ളത്തിന് അടിയിലായി. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം മഴ തെക്കൻ കേരളത്തിൽ പെയ്യുന്നത്. കനത്ത മഴയെ തുടർന്നു ചില ട്രെയിനുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. ചിലത് റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകൾ

56318 നാഗർകോവിൽ കൊച്ചുവേളി
56317 കൊച്ചുവേളി നാഗർകോവിൽ
66304 കൊല്ലം കന്യാകുമാരി മെമു
66305 കന്യാകുമാരി കൊല്ലം

വെള്ളിയാഴ്ച സർവീസ് നടത്തേണ്ട നാഗർകോവിൽ- തിരുവനന്തപുരം പാസഞ്ചർ (56310), കോട്ടയം- എറണാകുളം പാസഞ്ചർ (56386), എറണാകുളം- നിലന്പൂർ പാസഞ്ചർ (56362), നിലന്പൂർ- എറണാകുളം പാസഞ്ചർ (56363), എറണാകുളം- കോട്ടയം പാസഞ്ചർ(56389), പുനലൂർ- പാലക്കാട് പാലരുവി എക്സ്‌പ്രസ് (16791), പാലക്കാട്- പുനലൂർ പാലരുവി എക്സ്‌പ്രസ് (16792), എന്നിവയാണു റദ്ദാക്കിയത്.

ശനിയാഴ്ചത്തെ കോട്ടയം- കൊല്ലം പാസഞ്ചർ (56305), കൊല്ലം- പുനലൂർ പാസഞ്ചർ (56334), പുനലൂർ- കൊല്ലം പാസഞ്ചർ (56333), കൊല്ലം- തിരുവനന്തപുരം പാസഞ്ചർ (56309), തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ (56313), പുനലൂർ- കന്യാകുമാരി പാസഞ്ചർ (56715) എന്നിവയും പൂർണമായും റദ്ദാക്കി.

പുനഃക്രമീകരിച്ച ട്രെയിനുകൾ

16723/16724 അനന്തപുരി എക്സ്‌പ്രസ് കൊല്ലത്തുനിന്നാവും പുറപ്പെടുക
രാവിലെ 6.40ന് കന്യാകുമാരിയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന 16382 കേപ്പ് മുംബൈ എക്സ്‌പ്രസ് ഉച്ചയ്ക്കു രണ്ടിനേ പുറപ്പെടൂ.
രാവിലെ 10.30ന് കന്യാകുമാരിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെടേണ്ടിയിരുന്ന കേപ്പ് എസ്ബിസി എക്സ്‌പ്രസ് മൂന്നു മണിക്കേ പുറപ്പെടൂ.

പലയിടത്തും കടൽ പ്രക്ഷുബ്ധമായതിനാൽ മൽസ്യത്തൊഴിലാളികൾ അതീവജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പലയിടത്തും ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം ജില്ലയുടെ മലയോരമേഖലകളിൽ കനത്ത മഴയെതുടർന്ന് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കാറ്റിലും മഴയത്തും പലയിടത്തും മരങ്ങൾ വീണതിനെത്തുടർന്ന് റോഡ് ഗതാഗതവും തടസ്സപ്പെട്ടു.

നെയ്യാർ ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിന്റെ 4 ഷട്ടറുകൾ 6 അടി ഉയർത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കിൽ ഷട്ടറുകൾ ഇനിയും ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നെയ്യാറിന്റെതുൾപ്പെടെയുള്ള ഡാമിന് സമീപം താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്.

അച്ചൻകോവിലിൽ ഉരുൾപ്പൊട്ടിയതായും റിപ്പോർട്ടുകളുണ്ട്. ആദിവാസികൾ വനത്തിൽ ഒറ്റപ്പെട്ടനിലയിലാണ്. അച്ചൻ കാവിലാർ കരകവിഞ്ഞൊഴുകുകയാണ്. കൊല്ലം ചെങ്കോട്ട ദേശീയപാതയിൽ മരങ്ങൾ കടപുഴുകി വീണതോടെ വാഹന ഗതാഗതവും തടസപ്പെട്ടു. അമ്ബൂരിയിൽ വനത്തിനുള്ളിലും ഉരുൾപൊട്ടലുണ്ടായി. വാമനപുരം നദിയിലെ പൊന്നാംചുണ്ട് പാലം വെള്ളത്തിനടിയിലായി. പൊന്മുടിയിലും കല്ലാറിലും ശക്തമായ മഴ തുടരുകയാണ്.

 

ശക്തമായ മഴയിൽ പാറശാലയിൽ സബ് ജില്ലാ കലോത്സവവേദികളിൽ മൂന്നെണ്ണം തകർന്നു വീണു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരങ്ങൾ. തലസ്ഥാന ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് പൊന്മുടി അടക്കം മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലക്കുള്ള യാത്ര നിരോധിച്ചു. ജില്ലയിലെ എല്ലാ താലൂക്കിലും കൺട്രോൾ റൂ തുറന്നു. കനത്ത മഴയെ തുടർന്നു കൊല്ലം - തിരുമംഗലം ദേശീയപാതയിൽ ഗതാഗത തടസമുണ്ടായി. പുനലൂർ മുതൽ കോട്ടവാസൽ വരെയുള്ള പല പ്രദേശങ്ങളിലും റോഡിലേക്കു മരം വീണു. മേഖലയിൽ വൈദ്യുതി ബന്ധവും തകരാറിൽ.

തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് കൂടി. ഡാം ഏതു നിമിഷവും തുറന്നു വിടാൻ സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കടലും പ്രക്ഷുബ്ധമാണ്. മൽസ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്നു നിർദ്ദേശം നൽകി.

ശബരിമലയിലും പുലർച്ചെ ശക്തമായി മഴ പെയ്തു. മരത്തിന്റെ കൊമ്പ് വീണ് തീർത്ഥാടകനായ ആലപ്പുഴ സ്വദേശി വിവേകിനു പരുക്കേറ്റു. സന്നിധാനത്ത് വാവരുനടയ്ക്കുമുന്നിലെ വന്മരത്തിന്റെ ശിഖരങ്ങളെല്ലാം വെട്ടിമാറ്റി. ഇതുവരെ തീർത്ഥാടകർക്കു നിയന്ത്രണമില്ല. ദർശനത്തിനു തിരക്കു കുറവാണ്. ഇടുക്കിയിൽ പലഭാഗത്തും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഉടുമ്പൻചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയത്തും രാവിലെ മുതൽ മൂടികെട്ടിയ അന്തരീക്ഷവും മഴയുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP