Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

129 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനത്തെ പിടിച്ചു കുലുക്കി ചുഴലിക്കാറ്റ്; നിസർഗ തീരം തൊട്ടതോടെ മുംബെയിൽ അതിശക്തമായ കാറ്റും പേമാരിയും; മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകീട്ട് ഏഴ് മണിവരെ നിർത്തിവെച്ചു; കാറ്റിന്റെ സഞ്ചാരപാതയിലുള്ള വ്യവസായശാലകളും പവർ പ്ലാൻറുകളും പ്രവർത്തനം അവസാനിപ്പിക്കാനും നിർദ്ദേശം; കടലാക്രമണവും രൂക്ഷം; കോവിഡിന് പിന്നാലെ മഹാന​ഗരത്തെ നടുക്കി മഴയും കാറ്റും

129 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനത്തെ പിടിച്ചു കുലുക്കി ചുഴലിക്കാറ്റ്; നിസർഗ തീരം തൊട്ടതോടെ മുംബെയിൽ അതിശക്തമായ കാറ്റും പേമാരിയും; മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകീട്ട് ഏഴ് മണിവരെ നിർത്തിവെച്ചു; കാറ്റിന്റെ സഞ്ചാരപാതയിലുള്ള വ്യവസായശാലകളും പവർ പ്ലാൻറുകളും പ്രവർത്തനം അവസാനിപ്പിക്കാനും നിർദ്ദേശം; കടലാക്രമണവും രൂക്ഷം; കോവിഡിന് പിന്നാലെ മഹാന​ഗരത്തെ നടുക്കി മഴയും കാറ്റും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: നിസർ​ഗ ചുഴലിക്കാറ്റ് തീരം തൊട്ടതോടെ മുംബെയിൽ പേമാരിയും അതിശക്തമായ കാറ്റും. അറബിക്കടലിൽ രൂപപ്പെട്ട അതീതീവ്ര ന്യൂനമർദ്ദമാണ് നിസർഗ ചുഴലിക്കാറ്റായി മുംബൈയിൽ ആഞ്ഞുവീശുന്നത്. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അലിബാഗിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ആറ് മണിക്കൂറിന് ശേഷം കാറ്റ് ദുർബലപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകീട്ട് ഏഴ് മണിവരെ നിർത്തിവെച്ചു.

മുംബൈയിൽ നിന്നുള്ളതും മുംബൈയിലേക്ക് വരുന്നതുമായ ട്രെയിനുകൾ നേരത്തെ സമയം പുനഃക്രമീകരിച്ചിരുന്നു. കാറ്റിന്റെ സഞ്ചാരപാതയിലുള്ള വ്യവസായശാലകളും പവർ പ്ലാൻറുകളും പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകി. മുംബൈ, താനെ, പുണെ, റായ്‍ഗഡ്, പാൽഘർ, കൊങ്കൺ ജില്ലകളിൽ കനത്ത കാറ്റും മഴയും ലഭിക്കും. മുംബൈ വിമാനത്താവളത്തിൽനിന്നുള്ള ഒട്ടേറെ സർവീസുകൾ റദാക്കി. കൊങ്കൺ വഴിയുള്ള റെയിൽ ഗതാഗതത്തിനും നിയന്ത്രണമുണ്ട്. ദുരന്തനിവാരണസേനയുടെ 31 യൂണിറ്റുകളെയാണ് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുള്ളത്. മണിക്കൂറിൽ നൂറ് കിലോമീറ്ററിലേറെ വേ​ഗതയിലാണ് കാറ്റ് വീശുന്നത്.

129 വർഷങ്ങൾക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. സമീപകാലത്തൊന്നും മറ്റൊരു ചുഴലിക്കാറ്റും മുംബൈ തീരമേഖലയിലേക്ക് അഭിമുഖമായി വന്നിട്ടില്ല. മഹാരാഷ്ട്രയുടെ വടക്കൻ തീരത്ത് ശക്തമായ കടൽക്ഷോഭം അനുഭവപ്പെടുന്നുണ്ട്. ദക്ഷിണ മുംബൈയിൽ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തിൽ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. മുംബൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴമാപിനികൾ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് 33 മില്ലിമീറ്റർ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തിൽ പെയ്തത്. കടൽ കാര്യമായി കരയിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും, നഗരത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.

കോവിഡ് മഹാമാരിയായി പടരുന്നതിനിടെയാണ് മുംബൈയിൽ ചുഴലിക്കാറ്റും ആഞ്ഞടിക്കുന്നത് എന്നതാണ് ആശങ്കയേറ്റുന്നത്. ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കൊന്നും, ആരോടും എത്തരുതെന്ന് ബൃഹന്മുംബൈ കോർപ്പറേഷൻ അധികൃതരും പൊലീസും ക‍ർശനനിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ദാമൻ & ദിയു, ദാദ്ര & നാഗർഹവേലി എന്നീ തീരങ്ങൾ അതീവജാഗ്രതയിലാണ്.

മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് ആ‌ഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കടലാക്രമണവും രൂക്ഷമാകും. കേരളത്തിൽ പരക്കെ മഴ ലഭിക്കും. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. ''സംസ്ഥാനം ഇപ്പോൾ നേരിടുന്ന കോവിഡ് വെല്ലുവിളിയേക്കാൾ വലുതാകാം ഇപ്പോഴത്തെ ചുഴലിക്കാറ്റ്. ലോക്ക്ഡൗൺ ഇളവുകൾ അടുത്ത രണ്ട് ദിവസത്തേക്ക് ഉണ്ടാകുന്നതല്ല. എല്ലാവരും ജാഗ്രതയിൽ തുടരണം'', എന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. 70,000-ത്തിലധികം കോവിഡ് കേസുകളുണ്ട് നിലവിൽ മുംബൈയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP