Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാപ്പാടും താനൂരും കടൽ ഉൾവലിഞ്ഞു; പത്ത് കിലോമീറ്റർ അകലെ വരെ കടലിൽ ഭീമൻ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ആറ് മീറ്റർ ഉയരത്തിൽ വരെ തിരമാല വീശാൻ സാധ്യത; കടലിൽ നിന്നും 218 പേർ രക്ഷപെടുത്തി; ദുരന്തത്തിൽ മരിച്ചത് ഏഴ് പേർ; പരിക്കേറ്റ ഒമ്പത് പേർ ചികിത്സയിൽ; രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലേക്ക്: ഒാഖി വിതച്ച ഭീതിയിൽ ആശങ്ക ഒഴിയാതെ കേരളാ തീരം

കാപ്പാടും താനൂരും കടൽ ഉൾവലിഞ്ഞു; പത്ത് കിലോമീറ്റർ അകലെ വരെ കടലിൽ ഭീമൻ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ആറ് മീറ്റർ ഉയരത്തിൽ വരെ തിരമാല വീശാൻ സാധ്യത; കടലിൽ നിന്നും 218 പേർ രക്ഷപെടുത്തി; ദുരന്തത്തിൽ മരിച്ചത് ഏഴ് പേർ; പരിക്കേറ്റ ഒമ്പത് പേർ ചികിത്സയിൽ; രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലേക്ക്: ഒാഖി വിതച്ച ഭീതിയിൽ ആശങ്ക ഒഴിയാതെ കേരളാ തീരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ഭീതിവിതച്ച കേരളാ തീരം ഇപ്പോഴും കടുത്ത ആശങ്കയിലാണ്. കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്താത്താണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 218 മത്സ്യ തൊഴിലാളികളെ തീരദേശ സേനയും നാവികസേനയും ചേർന്ന് രക്ഷപെടുത്തിയിട്ടുണ്ട്. ഇതിൽ 60 പേരെ രക്ഷപെടുത്തിയത് ജാപ്പനീസ് കപ്പലാണ്. ഇവരെയും കൊണ്ടുള്ള കപ്പൽ കേരളത്തിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടി സജ്ജീകരണങ്ങൾ ഒരുക്കാൻ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

രക്ഷപെടുത്തി നാട്ടിലെത്തിയവരിൽ രണ്ട് പേർ മരണപ്പെട്ടു. ഏഴ് മരണം ഇതിനോടകം തന്നെയുണ്ടായിട്ടുണ്ട് ഒമ്പത് പേർ ചികിത്സയിൽ കഴിയുന്നു. രക്ഷപെടുത്തിയവരിൽ ഒരാളുടെ നില ഗുരുതരമാണ്. 48 മണിക്കൂറോളം കടലിൽ കഴിഞ്ഞതുകൊണ്ട് പലരും തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. ഇതിൽ പലരേയും മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലർക്കും സംസാരിക്കാനോ നടക്കാനോ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.

നേവിയുടെയും എയർഫോഴ്സിന്റേയും സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളെയും വകുപ്പുകളേയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കാണാതായ 38 ഫിഷിങ് ബോട്ടുകൾ കണ്ടെത്തിയതായി നാവിക സേന അറിയിച്ചു. ഇവർക്കാവശ്യമായ റസ്‌ക്യൂ കിറ്റുകളും ആഹാരവും നൽകിയിട്ടുണ്ട്. മറ്റു ബോട്ടുകൾ കണ്ടെത്തുതിനും തൊഴിലാളികളെ കരയിൽ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്. കേരളത്തിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയും എത്തുന്നുണ്ട്.

മർച്ചന്റ് ഷിപ്പുകൾക്കും പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയായിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. രക്ഷാപ്രവർത്തന ഏകീകരണവും രക്ഷപെട്ടവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും കൺട്രോൾ റൂം വഴിയാണ്. നാവികസേനയുടെ ഷാർധൂ, നിരീക്ഷക്, കബ്രാ, കൽപേനി കപ്പലുകൾ സജീവമായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവർത്തനം നടത്തുന്നു.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റ് കേരള തീരം വിടുംവരെ കപ്പലുകളും വിമാനവും ഹെലികോപ്ടറും സജീവമായി രക്ഷാപ്രവർത്തനം തുടരും. കേരളത്തിന്റെ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാർ, പൊഴിയൂർ, പുതിയതുറ, തുമ്പ, കുളച്ചൽ, കൊല്ലം ജില്ലയിലെ പരവൂർ, തങ്കശ്ശേരി, നീണ്ടകര, മയ്യനാട്, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

സതേൺ നേവൽ കമാൻഡിന്റെ റിയർ അഡ്‌മിറൽ ആർ.ജെ. നട്ക്കർണി, കമാൻഡോ ദീപക് കുമാർ, ക്യാപ്റ്റൻ സുദീപ് നായിക് എന്നിവരാണ് നാവികസേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ കമാൻഡിന്റെ ബി.കെ. വർഗ്ഗീസാണ് നിയന്ത്രിക്കുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടുന്നതിനായി നാവിക സേനയുടെ അഞ്ചു യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്‌മിറൽ എ.ആർ കാർവെ പറഞ്ഞു.

പൂന്തുറയിലെ പ്രക്ഷോഭം അവസാനിപ്പിച്ചു

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയെന്നാരോപിച്ച് പൂന്തുറയിൽ നടത്തിവന്ന പ്രക്ഷോഭം പ്രദേശവാസികൾ അവസാനിപ്പിക്കുന്നു. മൽസ്യബന്ധനത്തിനു പോയവരിൽ അധികംപേരെയും കണ്ടെത്താൻ സാധിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. പൂന്തുറ സെന്റ് തോമസ് പള്ളിയിലാണ് 'ഓഖി' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. അതിനിടെ, കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറ്റി ഡയറക്ടർ ജനറലുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.

രാവിലെ മുതൽ പൂന്തുറയിൽ പ്രതിഷേധം ശക്തമായിരുന്നു. അധികൃതർ ആരും തങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്നില്ലെന്നും കലക്ടർ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവർത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പൂന്തുറയിൽ സന്ദർശനം നടത്തി. സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് ഇരുവരും മടങ്ങിയത്.

കൊച്ചിയിൽ നിന്നും പോയ 200 ബോട്ടുകളെ കുറിച്ച് വിവരമില്ല

തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരം ലഭിക്കാത്തത് തീരദേശത്തെ ആശങ്കയിലാഴ്‌ത്തുന്നു. കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെക്കുറിച്ച് കൃത്യമായ വിവരം അറിയിക്കാൻ കഴിയാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് വിവരം ലഭിച്ച ബോട്ടുകൾ തീരത്ത് മടങ്ങിയെത്തിയിട്ടുണ്ട്. ഗിൽനെറ്റ് വിഭാഗത്തിലുള്ള ബോട്ടുകളാണ് കൊച്ചിയിൽ നിന്ന് പോയിരിക്കുന്നത്. ഒരു തവണ കടലിറങ്ങിയാൽ ഇവർ 10 മുതൽ 15 ദിവസം വരെ കഴിഞ്ഞേ മടങ്ങിയെത്താറുള്ളൂ. ഇതിനിടെ ഇവർ തീരവുമായി ബന്ധപ്പെടാറുമില്ല.

മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തേക്കാണ് സാധാരണ മത്സ്യബന്ധനത്തിനായി പോകാറുള്ളത്. എന്നാൽ, ചിലപ്പോൾ ഒമാൻ തീരം വരെയും ഡീഗോ ഗാർഷ്യ തീരം വരെയുമൊക്കെ എത്തിയെന്നുവരാമെന്ന് തീരദേശവാസികൾ പറയുന്നു. നിലവിൽ ആരും അപകടത്തിൽ പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നില്ലെങ്കിലും ബോട്ടുകളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലാത്തതാണ് ആശങ്കയുണർത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ അധികവും.

ബോട്ടുകൾ തിരിച്ചുവരുമ്പോൾ അപകടത്തിൽ പെട്ടേക്കുമോ എന്നതാണ് തങ്ങൾക്ക് ഭയമെന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളി മുരുകന്റെ മകൻ ശക്തിവേൽ പറയുന്നു. മുരുകന്റേതുൾപ്പെടെ പലരുടെയും കുടുംബാംഗങ്ങൾ ഇതിനകം തന്നെ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേസമയം, ഏറ്റവുമധികം മൽസ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയിൽ പ്രതിഷേധം ശക്തമായി. രക്ഷാപ്രവർത്തന നടപടികൾ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡുപരോധിച്ചു. അതിനിടെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറ്റി ഡയറക്ടർ ജനറലുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.

കേരള തീരത്ത് ഭീമൻ തിരമാലയ്ക്ക് സാധ്യത

കേരള തീരത്തിന് പത്ത് കിലോമീറ്റർ അകലെ വരെ കടലിൽ ഭീമൻ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ ജില്ലകളിൽ 4.4 മീറ്റർ മുതൽ 6.1 മീറ്റർ വരെ തിരയുയരും. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഡിസംബർ രണ്ട് രാത്രി 11.30 വരെ രണ്ടു മുതൽ 3.3 മീറ്റർ ഉയരത്തിൽ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കൻ തമിഴ്‌നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂർ മഴയുണ്ടാവും. 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

താനൂരിലും കാപ്പാടും കടൽ ഉൾവലിഞ്ഞു

അതിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കടൽ ഉൾവലിയുന്നതായി റിപ്പോർട്ട്. മലപ്പുറം താനൂർ, തിരൂരങ്ങാടി സദ്ദാം ബീറ്റ്, ആലപ്പുഴ കാട്ടൂർ കടപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് കടൽ ഉൾവലിയുന്നതായുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. തീരമേഖലയിൽ നിന്നുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. താനൂർ താലൂക്കിലെ കോവർമൺ കടപ്പുറത്ത് കടൽ 100 മീറ്ററോളം ഉൾവലിഞ്ഞു. സുനാമിക്ക് മുൻപാണ് സാധാരണമായി കടൽ ഉൾവലിയുന്നത്. മുൻപ് സുനാമി ഉണ്ടായപ്പോഴത്തെ അന്തരീക്ഷമാണ് ഇപ്പോൾ തീരത്ത് അനുഭവപ്പെടുന്നതെന്ന് തീരദേശവാസികൾ പറയുന്നു.

ഉൾക്കടൽ പ്രക്ഷുബ്ധമെന്ന് രക്ഷപെട്ടവർ

കടലിനുൾവശം പ്രക്ഷുബ്ധമാണെന്നും ഒരാൾക്ക് മറ്റൊരാളെ കാണാൻ സാധിക്കാത്ത അവസ്ഥയാണെന്നും രക്ഷപ്പെട്ടവർ പറയുന്നു. തമിഴ്‌നാടിന്റെ കപ്പലാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡിന്റെ വാഹനങ്ങൾ കണ്ടില്ല. രക്ഷമായ കാറ്റിനെയും തിരയെയും തുടർന്ന് വള്ളങ്ങൾ മറിഞ്ഞ് വീണുപോയി. അതിന് മുകളിൽ പിടിച്ച് കിടന്നതിനാലാണ് തങ്ങൾ രക്ഷപ്പെട്ടത്.

 തിരിഞ്ഞു നോക്കാനോ മറ്റോ സാധിക്കാത്തത്ര പ്രക്ഷുബ്ധമാണ് കടൽ. ഹെലികോപ്റ്ററിൽ നിരീക്ഷിച്ച് ആളുകളെ കണ്ടെത്തിയാൽ മത്രമേ കപ്പലുകൾക്ക് രക്ഷപ്പെടുത്താൻ സാധിക്കൂ. അല്ലാതെ കടലിൽ പോയവരെ കണ്ടെത്താനാകില്ലെന്നും രക്ഷപ്പെട്ടവർ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്ഷപെടുത്തിയവർക്കായി പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP