Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയ നാടിന്റെ പുതിയ മുഖമാകാൻ ബ്രിട്ടീഷുകാരി അമ്മൂമ്മ ഡാഫെൻ ക്ലാര; കേരളത്തെ രണ്ടാം വീടാക്കുന്ന ക്ലാരയമ്മൂമ്മ വിദേശികളെ തിരിച്ചു പിടിക്കാൻ കേരള ടൂറിസത്തിനു വഴി കാട്ടും, സഞ്ചാരികളെ ഇതിലെ ഇതിലെയെന്നു പിണറായി വിജയനും

പ്രളയ നാടിന്റെ പുതിയ മുഖമാകാൻ ബ്രിട്ടീഷുകാരി അമ്മൂമ്മ ഡാഫെൻ ക്ലാര; കേരളത്തെ രണ്ടാം വീടാക്കുന്ന ക്ലാരയമ്മൂമ്മ വിദേശികളെ തിരിച്ചു പിടിക്കാൻ കേരള ടൂറിസത്തിനു വഴി കാട്ടും, സഞ്ചാരികളെ ഇതിലെ ഇതിലെയെന്നു പിണറായി വിജയനും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പ്രളയം കഴിഞ്ഞ നാളുകളിൽ യുകെ മലയാളികളിൽ പലരും പറഞ്ഞ ഒരു വാക്കുണ്ട് ഉടനെയൊന്നും നാട്ടിൽ പോകേണ്ട. അതിനവർക്ക് ചൂണ്ടിക്കാട്ടാൻ ഒന്നല്ല ഒട്ടേറെ കാരണങ്ങളും ഉണ്ടായിരുന്നു. മലിനമായ ജലവും പരിസരവും കോളറയും എലിപ്പനിയും പോലുള്ള പകർച്ച വ്യാധികൾ, അഴുക്കു നീർച്ചാലുകൾ, വൃത്തിഹീനമായ റോഡുകൾ, പ്രളയത്തിൽ തകർന്ന റോഡ് പോലും നേരെയായിട്ടു നാട്ടിലേക്കു പോകാമെന്നു പറഞ്ഞവർ പോലുമുണ്ട്. ഇതെലാം നേരെയാക്കാൻ ഉള്ള പണം നൽകാവുന്ന ഏക സ്രോതസായ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിപ്പണം നൽകാത്തവരാണ് ഇക്കൂട്ടരിൽ ഏറെയും. എന്നാൽ ഇത്തരം വാക്കുകൾ ചൊല്ലിയവരെ നാണിപ്പിക്കാനായി ഒരമ്മൂമ്മയുണ്ട് ബ്രിട്ടനിൽ, സാക്ഷാൽ വെള്ളക്കാരിയായ ഡാഫെൻ ക്ലാര റിച്ചാർഡ്‌സ് അമ്മൂമ്മ. പ്രളയം തകർത്ത നാടിനെ നോക്കി ടെലിവിഷൻ കാഴ്ചകളിൽ വേദനയോടെ ഡാഫെൻ അമ്മൂമ്മ നോക്കിയിരിക്കാൻ കാരണവുമുണ്ട്. കേരളം അവർക്കു രണ്ടാം വീടാണ്.

അവധിക്കാല യാത്രയുടെ ചെലവ് ഓർത്തു സാധാരണക്കാരായ യുകെ മലയാളികൾ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിലേക്കൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഡാഫെൻ അമ്മൂമ്മക്ക് ആണ്ടിൽ രണ്ടു വട്ടം എങ്കിലും കേരളത്തിൽ എത്തിയില്ലെങ്കിൽ സങ്കടമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഇന്ത്യയിൽ 30 വട്ടം പോയി വന്ന അമ്മൂമ്മ ഇതിൽ 27 തവണയും കേരളത്തിൽ എത്തിയിരുന്നു എന്നതാണ് മലയാളക്കരോടുള്ള അവരുടെ ഇഷ്ടം വ്യക്തമാക്കുന്നത്. പ്രളയം ഉണ്ടായപ്പോൾ തന്റെ മറ്റൊരു യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഡാഫെൻ അമ്മൂമ്മ. എന്നാൽ കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതം അല്ലെന്നു ബ്രിട്ടീഷ് സർക്കാരും കൊച്ചി എയർപോർട്ട് അടച്ചത് ഉൾപ്പെടെയുള്ള വാർത്തകളുമായി ബിബിസിയും എത്തിയപ്പോൾ നിസ്സഹായതയോടെ തനിക്കിഷ്ട്ടമായ നാടിന്റെ ദുർവിധിയിൽ കേഴുകയായിരുന്നു ഡാഫെൻ.

എന്നാൽ നാലഞ്ച് നാളുകൾക്കകം പ്രളയ ജലം ഇറങ്ങിയ സന്തോഷ വാർത്ത കേട്ടപ്പോൾ അടങ്ങിയിരിക്കാനായില്ല ഡാഫെൻ അമ്മൂമ്മയ്ക്ക്. നേരത്തെ സൂചിപ്പിച്ച കോളറയോ എലിപ്പനിയോ തന്റെ പ്രായമോ ഒന്നും 89 കാരിയായ മുത്തശ്ശിയെ അലട്ടിയില്ല. കാരണം എത്രയോ നാളുകളായി അവരീ നാട് കാണുന്നു. പ്രളയ ശേഷ കേരളം സന്ദർശിക്കാൻ പറ്റിയ അവസ്ഥിയിലാണോ എന്ന് സഞ്ചാരികൾ സദാ സമയം ട്രാവൽ വെബ് സൈറ്റുകളിൽ തിരയുമ്പോൾ ആരോടും ചോദിക്കാതെയാണ് സെപ്റ്റംബർ നാലിന് കേരളത്തിൽ എത്താനായി ഡാഫെൻ മുത്തശ്ശി വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തത്. പതിവായി അവർ യാത്ര ചെയുന്ന ബ്രിട്ടീഷ് എയർവെയ്‌സിൽ കോക്‌സ് ആൻഡ് കിങ്‌സ് ട്രാവൽ ഏജൻസി വഴി കേരളത്തിൽ എത്തിയ ഡാഫെൻ ക്ലരയെ കാത്തു ഏജൻസിയുടെ കൊച്ചി ഏരിയ മാനേജർ ജൂബി കാട്ടാമ്പള്ളി സകല തയ്യാറെടുപ്പുമായി എയർപോർട്ടിൽ എത്തിയിരുന്നു.

തങ്ങളുടെ പതിവ് യാത്രക്കാരിയെ സ്‌നേഹപൂർവ്വം വരവേറ്റ ജൂബിയോട് കേരളത്തിൽ എത്തിയപ്പോഴാണ് സമാധാനമായത് എന്ന് ഡാഫെൻ മുത്തശ്ശി പാതി കളിയായും പാതി കാര്യമായും സൂചിപ്പിച്ചു. ഡാഫെൻ നടത്തുന്ന യാത്രകളിൽ സഹായിക്കാൻ കഴിയുന്നത് സന്തോഷവും ഇതൊരുപക്ഷേ ഉടനെ ആർക്കും ഭേദിക്കാൻ കഴിയാത്ത റെക്കോർഡും ആയിരിക്കുമെന്നാണ് ജൂബി പറയുന്നത്. പ്രളയകാലത്തു ഹോട്ടലുകൾ ബുക്ക് ചെയ്തിരുന്ന മുഴുവൻ വിദേശ സഞ്ചാരികളും തന്നെ ബുക്കിങ് ക്യാൻസൽ ചെയ്തപ്പോൾ അതിനു മുതിരാതെ മുൻകൂർ പ്ലാൻ അനുസരിച്ചു തന്നെ യാത്ര ചെയ്താണ് ഡാഫെൻ വീണ്ടും കേരളത്തിൽ എത്തിയത്. കേരളത്തിലെ പോലെ സുരക്ഷിതമായ ഒരിടം ലോകത്തു വേറെ ഉണ്ടോ എന്ന് ഈ ബ്രിട്ടീഷ് വനിതാ ചോദിക്കുമ്പോൾ അതിലും വലിയൊരു അംഗീകാരം മലയാളിക്ക് വേറെ കിട്ടാനില്ല. തന്റെ യാത്രകളിലൂടെ കേരളത്തിൽ തനിക്കു ഒട്ടേറെ സുഹൃത്തുക്കളെയും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഡാഫെൻ കൂട്ടിച്ചേർക്കുന്നു.

ഇപ്പോൾ ഡാഫെൻ മുത്തശ്ശി കേരള ടൂറിസത്തിനും പ്രിയങ്കരിയാണ്. പ്രതിവർഷം 34000 കോടി രൂപ വരുമാനം നൽകുന്ന ടൂറിസം രംഗം പ്രളയത്തിൽ അപ്പാടെ മുങ്ങിയ സാഹചര്യത്തിൽ ഏതു വിധേനെയും സഞ്ചാരികളെ മടക്കി എത്തിക്കാൻഉള്ള ശ്രമമാണ് കേരള ടൂറിസം നടത്തുന്നത്. സാധാരണ ഗതിയിൽ ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന നാടുകളിൽ വിദേശ സഞ്ചാരികൾ വീണ്ടും മടങ്ങി എത്താൻ രണ്ടു വർഷം വരെ സമയമെടുക്കും എന്നതാണ് ഇപ്പോൾ കേരള ടൂറിസത്തിന്റെ ആശങ്ക. അടിസ്ഥാന സൗകര്യങ്ങൾ വീണ്ടും മെച്ചപ്പെടാൻ സഞ്ചാരികൾ കാത്തിരിക്കുന്നതാണ് രണ്ടു വർഷത്തെ കാലതാമസത്തിനു കാരണമായി പറയപ്പെടുന്നത്.

തന്റെ ഇഷ്ട താവളമായ മാരാരിക്കുളം സിജിഎച്ച്ഏർത് ഹോട്ടലിലേക്കാണ് ഇത്തവണയും ഡാഫെൻ എത്തിയത്. കേരളത്തിൽ എത്തിയ 27 യാത്രകളിൽ 24 തവണയും ഡാഫെൻ ക്ലാര തങ്ങിയത് സിജിഎച്ചിൽ ആണെന്നത് ഈ ഹോട്ടൽ ഗ്രൂപ്പിനും അഭിമാനിക്കാൻ ഉള്ള കാരണമാകുകയാണ്. ഈ ഹോട്ടലിലെ എട്ടാം നമ്പർ കോട്ടേജ് താമസിക്കാൻ ഏറ്റവും കൂടുതൽ അവസരം ലഭിച്ചിട്ടുള്ളതും ഈ ബ്രിട്ടീഷ് വനിതയ്ക്കു തന്നെ. കേരളം തന്റെ രണ്ടാം വീടാണെന്ന് പറയുന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നാണ് ഡാഫെൻ വ്യക്തമാക്കുന്നത്. വർഷത്തിൽ രണ്ടു തവണ മുടക്കമില്ലാതെ എത്തുമ്പോൾ ആദ്യ യാത്രയിൽ 14 രാത്രികളും രണ്ടാം യാത്രയിൽ 21 രാത്രികളുമാണ് ഡാഫെൻ മുത്തശ്ശി തിരഞ്ഞെടുക്കുന്നത്.

എന്നാൽ ഡാഫെനെ പോലുള്ള പതിവ് സഞ്ചാരികൾ അവരുടെ പ്രായം പോലും നോക്കാതെ എത്തിയപ്പോൾ ചെറുപ്പക്കാരായ സഞ്ചാരികൾ ഒട്ടും മടിച്ചു നിൽക്കരുതെന്ന സന്ദേശവുമായാണ് പ്രളയ കേരളത്തിന്റെ അതിജീവനം എന്ന മന്ത്രവുമായി രണ്ടു നാൾ മുൻപ് കൊച്ചിയിൽ കേരള ട്രാവൽ മാർട്ടിന് തുടക്കമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി സഞ്ചാരികളെ ക്ഷണിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രചാരണ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ഹലോ വേൾഡ്, കേരള ഈസ് ഓപ്പൺ എന്നാണ് ലോക ടൂറിസം ദിനവുമായി ബന്ധപ്പെട്ടു ഇറക്കിയ പോസ്റ്ററിലെ വാചകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP