Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താനും രോഹിത് വെമൂലയുടെ പാതയിലാണെന്ന് ദലിത് വിദ്യാർത്ഥിനി; നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് ഇനി ഏക വഴി; ഉന്നത ജാതിക്കാരനായ കോളേജ് ഡയറക്ടർ ജാതിവിവേചനത്താൽ നിരന്തരം പീഡിപ്പിക്കുന്നതായി പരാതി; പരാതിയിൽ പൊലീസും സർവകലാശാലയും നടപടി വൈകിക്കുന്നു; കേരളത്തിൽനിന്ന് വീണ്ടും ജാതിവിവേചന വാർത്തകൾ

താനും രോഹിത് വെമൂലയുടെ പാതയിലാണെന്ന് ദലിത് വിദ്യാർത്ഥിനി; നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് ഇനി ഏക വഴി; ഉന്നത ജാതിക്കാരനായ കോളേജ് ഡയറക്ടർ ജാതിവിവേചനത്താൽ നിരന്തരം പീഡിപ്പിക്കുന്നതായി പരാതി; പരാതിയിൽ പൊലീസും സർവകലാശാലയും നടപടി വൈകിക്കുന്നു; കേരളത്തിൽനിന്ന് വീണ്ടും ജാതിവിവേചന വാർത്തകൾ

ആർ പീയൂഷ്

കോട്ടയം: കേരളത്തിൽനിന്ന് വീണ്ടും ജാതിവിവേചന വാർത്തകൾ. കോട്ടയത്തു നിന്ന് ഒരു ദളിത് വിദ്യാർത്ഥിനിയെ ഉന്നത ജാതിക്കാരനായ കോളേജ് ഡയറക്ടർ പീഡിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കോട്ടയം അതിരമ്പുഴയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി കോളേജിലെ പി.എച്ച.ഡി വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ ദീപാ പി മോഹനാണ് കോളേജ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്റെ ജാതി വിവേചനത്തിന് ഇരയായതായി ആരോപിക്കുന്നത്.

നാനോ ബയോ ടെക്‌നോളജിയിൽ പിഎച്ച്ഡി ചെയ്യുകയാണ് ദീപ എംഫിൽ ചെയ്തതും ഇവിടെയാണ്. അന്നു മുതൽ തുടങ്ങിയതാണ് ജാതി അവഹേളനം എന്ന് ദീപ പറയുന്നു. എംഫിൽ കംപ്ലീറ്റ് ചെയ്യാൻ തീസീസ് എക്‌സാമിനർക്ക് സമർപ്പിച്ചപ്പോൾ യാതൊരു കാരണവുമില്ലാതെ അത് നന്ദകുമാർ റിജെക്ട് ചെയ്തു. എന്നാൽ എക്‌സാമിനർ അത് നോക്കി സൈൻ ചെയ്തു. എന്നാൽ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഇയാൾ വീണ്ടും ലാബിൽ വർക്ക് ചെയ്ത റിപ്പോർട്ടുകൾ പ്രിന്റ് ചെയ്ത് വാങ്ങി. ഏകദേശം പതിനയ്യായിരം രൂപയാണ് ഇത് വഴി ദീപയ്ക്ക് നഷ്ടമായത്. എംഫിൽ പൂർത്തിയായതിന് ശേഷം പിഎച്ചഡിക്കും ഇതേ കോളേജിൽ തന്നെ പഠനം നടത്താനാണ് ദീപ തീരുമാനിച്ചത്. ഇതിനായുള്ള ഗേറ്റ് പരീക്ഷയും പാസ്സായി. എന്നാൽ നന്ദകുമാർ ഇവിടെയും തടസ്സം നിന്നു, എംഫിലിന്റെ ടിസി നൽകാതെ. എന്നാൽ തളരാതെ പോരാടി അടുത്തവർഷം ടിസി സ്വയം തയ്യാറാക്കി ഇവിടെ പഠനത്തിന് ചേർന്നു.

എന്നാൽ വീണ്ടും പീഡന പരമ്പര തുടർന്നു. ആദ്യ ആറു മാസത്തെ കോഴ്‌സ് വർക്ക് ചെയ്തു കൊടുത്തില്ല. പഠനത്തിനുള്ള മെറ്റീരിയൽസും നൽകിയില്ല. സഹപാഠികളുടെ പക്കൽ നിന്നും മെറ്റീരിയൽസ് കടം വാങ്ങി ഫിസിക്‌സ് ലാബിൽ ഇരുന്ന് ഗവേഷണം നടത്തിയപ്പോൾ നന്ദകുമാർ ലാബ് പൂട്ടി സ്ഥലം വിട്ടു. ഒടുവിൽ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ഇതിനെതിരെ പരാതി നൽകരുതെന്ന് ഇയാൾ ദീപയുടെ ഗൈഡിനോട് പറഞ്ഞു. എന്നാൽ വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിച്ച് ലാബിൽ കയറാൻ പറ്റാതാക്കിയതോടെയാണ് നന്ദകുമാറിനെതിരെ യൂണിവേഴ്‌സിറ്റിയിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജാതി അവഹേളനം നടത്തിയതിനാലും സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ വിദ്യാർത്ഥിക്ക് പിന്തുണ നൽകാൻ തയ്യാറല്ലെന്നും ഇത്് സ്ഥാപനത്തിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നുമാണ് നന്ദകുമാർ സിൻഡിക്കേറ്റിന് മുന്നിൽ പറഞ്ഞത്. ഇതോടെ പൊലീസിന് ഇയാൾക്കെതിരെ ക്രിമിനൽകേസ് എടുക്കാൻ നിർദ്ദേശം നൽകി.എന്നാൽ എല്ലാ ഇടങ്ങളിലും ശക്തമായ സ്വാധീനമുള്ള നന്ദകുമാർ പൊലീസ് അന്വേഷണം അട്ടിമറിപ്പിച്ചു.

പലതരത്തിൽ പൊലീസ് കേസുകളിൽ ഇയാൾ ദീപയെ കുടുക്കാനും ശ്രമിച്ചിട്ടുണ്ട്. വിവരാവകാശം നൽകിയതിന്റെ രശീതി വാങ്ങാൻ പോയപ്പോൾ തന്നെ കടന്നാക്രമിച്ചു എന്നു കാട്ടി പൊലീസിൽ പരാതി നൽകി. ക്രിമിനൽ കേസ് വരെ എടുപ്പിക്കാനും ശ്രമിച്ചു. എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നന്ദകുമാർ കളരിക്കലിനെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടിവന്നതുപോലും ദീപയുടെ ഒറ്റക്കുള്ള ഇടപെടൽ കൊണ്ട് മാത്രമാണ്. ദീപ തയ്യാറാക്കിയ പിഎച്ചഡി പ്രോജക്ട് ഡേറ്റാബെയ്‌സ് മറ്റൊരു കുട്ടിക്ക് നൽകി അത് ഇന്റർനാഷണൽ ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ പ്രസന്റേഷൻ ചെയ്തപ്പോൾ ഇത് കോപ്പിയടിച്ചതാണെന്നും പറഞ്ഞ് പരസ്യമായി നന്ദകുമാർ അപമാനിക്കുകയും ചെയ്തു. ഉത്തരവാദിത്വത്തോടെ ഒരു ജോലിയും ചെയ്യാനറിയില്ലെന്നുമൊക്കെ പറഞ്ഞ് താഴ്‌ത്തികെട്ടിഴയന്നും ദീപ പറയുന്നു.

എന്നാൽ വളരെ വിചിത്രമായ രീതിയിലാണ് നന്ദകുമാറിനെതിരെയുള്ള നടപടികൾ സർവ്വകലാശാല അവസാനിപ്പിച്ചത്. നന്ദകുമാർ തന്റെ വക്കീൽ കോടതിയിൽ കൊടുത്ത പരിഹാര നിർദ്ദേശത്തിനൊപ്പം ചേർത്ത് നൽകി തനിക്കെതിരെയുള്ള എഫ്.ഐ.ആർ ക്വാഷ്ഡ് ആയെന്നു സർവകലാശാലയോട് പറയുകയും, ഉടനടി അദ്ദേഹത്തിന് മാത്രമായി സ്പെഷ്യൽ സിൻഡിക്കേറ്റ് കൂടി നടപടികളെല്ലാം അവസാനിപ്പിക്കപ്പെടുകയാണുണ്ടായത്.

ദീപയുടെ കേസിൽ വാദി സർവ്വകലാശാലയാണ്. പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിൽ അതൃപ്തിയുണ്ടെന്നും, ആക്ഷേപ എതിർവാദം മജിസ്‌ട്രേറ്റ് കോടതിയിൽ ബോധിപ്പിക്കണമെന്നും നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് എന്ത് വേണമെന്ന് കോടതി സർവകലാശാലയോട് ചോദിച്ചു. ദീപയ്ക്ക് വേണ്ടി ഏറ്റുമാനൂർ കോടതിയിൽ ഹാജരാകേണ്ടതില്ല എന്നാണത്രേ നിയമ ഉപദേശം എന്നായിരുന്നു മറുപടി. എസ്.സി.എസ്.ടി അട്രോസിറ്റി കേസ് ആയതിനാൽ മജിസ്‌ട്രേറ്റ് കോടതി സെഷൻസിലേക്കു മാറ്റി. വൈസ് ചാൻസിലർ ബാബു സെബാസ്റ്റ്യൻ , രജിസ്ട്രാർ എം.ആർ ഉണ്ണി , പിവിസി സാബു തോമസ്, മുഴുവൻ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും വേട്ടക്കാരനെ അധികാരങ്ങളുപയോഗിച്ചു സംരക്ഷിക്കുകയും ഇരയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്.

ഹൈക്കോടതിയിൽ നിന്നും അനുകൂല ഓർഡർ ലഭിച്ചുവെങ്കിലും ദീപയ്ക്ക് ഇപ്പോഴും ഗവേഷണം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. നാനോ ബയോളജി ലാബ് മൊത്തത്തിൽ അണുബാധിതമാണ്. വിസിയെ വിവരം അറിയിച്ചിട്ടും ഒരു നടപടിയുമില്ല. പിവിസി,രജിസ്ട്രാർ,സിൻഡിക്കേറ്റ് തുടങ്ങിയവരെല്ലാം പ്രതിക്ക് വേണ്ടിയാണ് നിലനിൽക്കുന്നത്. കൂടാതെ നല്ല രാഷ്ട്രീയ ഇടപെടലും ഉണ്ട്. കാരണം ഇടത് അദ്ധ്യാപക സംഘടനയുടെ അംഗമാണ് നന്ദകുമാർ. ഞാനെന്താണ് വേണ്ടത്, ഒന്നും എന്നെക്കൊണ്ട് പറ്റുന്നില്ലെന്നുമാണ് വിസി നേരിട്ട് പറയുന്നതെന്ന് ദീപ പറയുന്നു.

ഇപ്പോൾ ദീപയ്ക്ക് നന്ദകുമാറിന്റെ വധഭീഷണിയുമുണ്ട്. കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷിച്ചിട്ടുപോലുമില്ല എന്നും നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് ഇനി ഏക വഴിയുമെന്നാണ് ദീപ പറയുന്നത്.കാര്യങ്ങൾ വിശദമാക്കി ദീപ വിശദമായി ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP