Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏത് ജാതിയിൽപ്പെട്ടയാൾക്കും ഇന്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിച്ചാൽ ബ്രാഹ്മണനാകാമോ ? ബ്രാഹ്മണസമൂഹത്തിന് സർക്കാരും സമൂഹവും നൽകിയിരിക്കുന്ന ഉന്നതകുലജാതൻ എന്ന നെറ്റിപ്പട്ടം എടുത്തുകളഞ്ഞ് സംവരണത്തിന്റെ ആനുകൂല്യം ഉറപ്പാക്കുമോ? ക്ഷേത്രങ്ങളിൽ ദളിത് പൂജാരിമാരെ നിയമിക്കുന്നതിനെതിരെ അഖിലകേരള തന്ത്രിമണ്ഡലം

ഏത് ജാതിയിൽപ്പെട്ടയാൾക്കും ഇന്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിച്ചാൽ ബ്രാഹ്മണനാകാമോ ? ബ്രാഹ്മണസമൂഹത്തിന് സർക്കാരും സമൂഹവും നൽകിയിരിക്കുന്ന ഉന്നതകുലജാതൻ എന്ന നെറ്റിപ്പട്ടം എടുത്തുകളഞ്ഞ് സംവരണത്തിന്റെ ആനുകൂല്യം ഉറപ്പാക്കുമോ? ക്ഷേത്രങ്ങളിൽ ദളിത് പൂജാരിമാരെ നിയമിക്കുന്നതിനെതിരെ അഖിലകേരള തന്ത്രിമണ്ഡലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയ ശക്തിയായി മാറുക. വോട്ട് ബാങ്കായി മാറുക .ഗായത്രീമന്ത്രത്തിന്റെ ഹോമാഗ്‌നിയിൽ നിന്ന് സർവ്വ ഊർജവും ചൈതന്യവും ഉൾക്കൊണ്ട് ഉദിച്ചുയരുക, അനീതിക്ക് എതിരെ ശബ്ദം ഉയർത്തുക. കേരളരാഷ്ട്രീയം ഇന്ന് ബ്രാഹ്മണ്യത്തിന്റെ അസ്തിത്വം അളക്കുന്ന തിരക്കിലാണ്.- അഖിലകേരള തന്ത്രിമണ്ഡലം നേതാവിന്റെ അഭിപ്രായമാണിത്.

ദളിതർ പൂജാരിമാരാകുന്നതിനെ സമൂഹം കൈയടിക്കുമ്പോൾ ഉയരുന്ന എതിർപ്പിന്റെ സ്വരം. ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയിലാണ് വാഴയിൽമഠം വിഷ്ണുനമ്പൂതിരി നിലപാടും പ്രതിഷേധവും അറിയിക്കുന്നത്. ഏത് ജാതിയിൽപ്പെട്ടയാൾക്കും ഇന്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിച്ചാൽ ബ്രാഹ്മണനാകാമോയെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.

ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനം ഇങ്ങനെ

ഹോമാഗ്‌നിയിൽനിന്ന് ഉദിച്ചുയരുന്ന ബ്രാഹ്മണ്യം
വാഴയിൽമഠം വിഷ്ണുനമ്പൂതിരി

രാഷ്ട്രീയ ശക്തിയായി മാറുക. വോട്ട് ബാങ്കായി മാറുക .ഗായത്രീമന്ത്രത്തിന്റെ ഹോമാഗ്‌നിയിൽ നിന്ന് സർവ്വ ഊർജവും ചൈതന്യവും ഉൾക്കൊണ്ട് ഉദിച്ചുയരുക, അനീതിക്ക് എതിരെ ശബ്ദം ഉയർത്തുക. കേരളരാഷ്ട്രീയം ഇന്ന് ബ്രാഹ്മണ്യത്തിന്റെ അസ്തിത്വം അളക്കുന്ന തിരക്കിലാണ്. ഏതൊക്കെവഴിയിൽ വോട്ടുകൾ സ്വന്തമാക്കാം എന്ന പരീക്ഷണത്തിൽ. ഈ പരീക്ഷണത്തിനിടയിൽ അവരെ വോട്ട് നൽകി ജയിപ്പിച്ച ഒരുവിഭാഗം സംവരണേതരസമൂഹം ഇവിടെ ഉണ്ട് എന്ന യാഥാർഥ്യം മറന്നുകൊണ്ട്, നിങ്ങൾ തുല്യം ചാർത്തിത്തന്ന ബ്രാഹ്മണ്യം എന്ന വരേണ്യവർഗപദവിയുടെ ദുരിതപർവം പേറുന്ന സാധുജീവിതങ്ങൾ. ഇതിനെ നിങ്ങൾ അറിയാതെ പോകുന്ന, അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്ന കുറച്ച് സത്യങ്ങൾ ഉണ്ട്. അനാദികാലം മുതൽ നാടിന്റെ നന്മയ്ക്കും ലോകരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്നവരായിരുന്നു ബ്രാഹ്മണർ എന്ന ഓമനപ്പേരിൽ നിങ്ങൾ ചവിട്ടിത്തേക്കുന്ന ജന്മങ്ങൾ.

നിത്യപൂജ അനുഷ്ഠിക്കുന്നവർക്കും പരിപാലകന്മാർക്കും യോഗീശ്വരതപസ്വികൾക്കും ദേശവാസികൾക്കും രാജ്യം ഭരിക്കുന്നവർക്കും ശാന്തിയും സൗഖ്യവും ഉണ്ടാകട്ടെ. ന്യായമായ മാർഗത്തിലൂടെ പ്രജാക്ഷേമം മാത്രം ലക്ഷ്യം വയ്ക്കുന്ന ഭരണകർത്താക്കൾക്കും പശുക്കൾക്കും ബ്രാഹ്മണർക്കും സമസ്തചരാചരങ്ങൾക്കും സൗഖ്യം ഉണ്ടാകട്ടെ- ഇതായിരുന്നു ഞങ്ങളുടെ പ്രാർത്ഥന.

ക്ഷേത്രങ്ങൾ നിത്യപൂജയ്ക്ക് വകയില്ലാതെ നശിച്ചുകൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. അന്ന് അഷ്ടിക്ക് വകയില്ലാതിരുന്ന ബ്രാഹ്മണർ സ്വയം പട്ടിണികിടന്ന് നിത്യപൂജയും നിവേദ്യവും നടത്തിയിരുന്ന ധാരാളം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. അക്കാലത്ത് വിശന്ന വയറുമായി ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ച് നിലനിർത്തുന്നതിന് ബ്രാഹ്മണർ വഹിച്ച പങ്ക് വിസ്മരിക്കരുത്. ബ്രാഹ്മണർക്ക് ക്ഷേത്രപൂജ എന്നത് ഒരു കൂലിവേല ആയിരുന്നില്ല. കുലത്തൊഴിലായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ നശിച്ചുകൊണ്ടിരിക്കുന്ന ദേവസ്വങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ നിയന്ത്രിത സംവിധാനങ്ങൾ നിലവിൽ വന്നപ്പോൾ സാധുക്കളും പരമസാത്വികരുമായിരുന്ന ബ്രാഹ്മണരെ ശമ്പളം, പെൻഷൻ, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് എന്നിവ കാണിച്ച് നിശ്ശബ്ദരാക്കി ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത്, ദേവസ്വവും ദേവന്റെ സ്വത്തുക്കളും തുച്ഛമായ ആനുവൽഗ്രാന്റ് കൊടുത്തുകൊണ്ട് സ്വന്തമാക്കിവച്ച് കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു.

ബ്രാഹ്മണരുടെ ആദ്യകുറവായി നിങ്ങൾ കണ്ടെത്തിയത് അക്കാദമിക്കൽ ക്വാളിഫിക്കേഷന്റെ കുറവായിരുന്നു. ഭാരതത്തിന്റെ സർവകലാശാലകൾ എന്നും വേദോപനിഷത്തുക്കളിൽ ഊന്നിനിന്നുകൊണ്ടുള്ള ഗുരുകുലസമ്പ്രദായത്തിൽ പാരമ്പര്യമായ ജ്ഞാനമാണ് പകർന്നുകൊടുത്തിരുന്നത്. അത് മറികടക്കാൻ ആചാരാനുഷ്ഠാനങ്ങളുടെ പാരമ്പര്യമോ ആത്മീയാചരണത്തിന്റെ പിതൃത്വമോ പറയാനില്ലാത്ത ഒരുവിഭാഗം അക്കാദമിക്കൽ ക്വാളിഫിക്കേഷന്റെ വിശേഷം പലവുരു ആവർത്തിച്ച് മഹത്ത്വവത്കരിക്കാൻ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് അപൂർവം ബ്രാഹ്മണർക്ക് അക്കാദമിക്കൽ ക്വാളിഫിക്കേഷൻ കുറഞ്ഞതെന്ന് ചിന്തിക്കുക. ബ്രഹ്മജ്ഞാനം എന്നത് കേവലം പുസ്തകങ്ങളിലൂടെ ക്യാപ്സൂൾ പരുവത്തിലുള്ള ഉത്തരങ്ങൾ പഠിച്ച് നേടേണ്ടതല്ല. ആചാര്യസ്ഥാനങ്ങളും മേൽശാന്തിസ്ഥാനങ്ങളും ഒന്നും കേവലം തൊഴിലല്ലെന്ന് തിരിച്ചറിയുക. പിതാമഹന്മാരുടെയും പ്രപിതാ മഹന്മാരുടെയും ഗുരുപരമ്പരകളിലൂടെയും കൈമാറിവരുന്ന മഹത്സാധനയുടെ ബാക്കിപത്രങ്ങളാണ് ബ്രാഹ്മണർക്ക് ഈ സ്ഥാനങ്ങൾ.

വേദവ്യാസനെയും വിശ്വാമിത്രമഹർഷിയെയുമൊക്കെ ഉപമിക്കുമ്പോൾ ഒന്ന് ആലോചിക്കണം, അവർ അതിനുവേണ്ടി അനുഷ്ഠിച്ച മാർഗവും തപശ്ശക്തിയും എന്തായിരുന്നുവെന്ന്. പൂർവ്വജന്മത്തിലെ തപസ്സിന്റെയും ഭഗവത് ചിന്തയുടെയും ബാക്കിപത്രമായിരുന്നു വേദവ്യാസന്റെയും വിശ്വാമിത്രന്റെയും ഒക്കെ പിൻജന്മം. ശ്രീനാരായണഗുരുപോലും പറഞ്ഞത് ഞാൻ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ്. അല്ലാതെ ഞാൻ പ്രതിഷ്ഠനടത്തിയതുകൊണ്ട് ബ്രാഹ്മണനാണ് എന്നല്ല. ഗുരുദേവദർശനങ്ങളും വചനങ്ങളും ശരിയായ അർഥത്തിൽ ഗ്രഹിച്ചിരുന്നുവെങ്കിൽ ഇന്ന് ഇങ്ങനെ ഒരവസ്ഥ സമൂഹത്തിന് വരില്ലായിരുന്നു.

ബ്രാഹ്മണൻ എന്നാൽ ജാതിയാണോ എന്ന ചോദ്യത്തിന് വിവരാവകാശനിയമം അനുസരിച്ച് പൊതുഭരണവകുപ്പിൽ എഴുതി ചോദിച്ചപ്പോൾ അത് ഇവിടെ ലഭ്യമല്ല എന്നും. പട്ടികജാതി പട്ടികവർഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള 'കിർത്താഡ്സി'നോട് ചോദിക്കുന്നതാണ് ഉത്തമം എന്നും മറുപടിവന്നു. ബ്രാഹ്മണരുടെ അസ്തിത്വം അറിയാൻ പട്ടികജാതി പട്ടികവർഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തോട് ചോദിക്കണമെന്ന്. ചീഫ് സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൊതുഭരണവകുപ്പിന് ബ്രാഹ്മണൻ എന്നത് ജാതിയാണോ എന്ന് അറിയില്ല. അറിയാമെങ്കിൽ തന്നെ മറുപടി പറയാനുള്ള ഉറപ്പ് ഇല്ല.

അങ്ങനെ എങ്കിൽ ലക്ഷോപലക്ഷം ബ്രാഹ്മണസമുദായ അംഗങ്ങളുടെ എസ്എസ്എൽസി ബുക്കിലെ കാസ്റ്റ് (ജാതി) എന്ന കോളത്തിൽ മലയാളബ്രഹ്മണൻ എന്ന് എഴുതിവച്ചിരിക്കുന്നതിന്റെ സാംഗത്യം എന്താണ്? ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണൻ എന്ന് വാദിക്കുന്നതിന്റെ പൊരുൾ എന്താണ്? ജനിക്കുമ്പോൾത്തന്നെ അവർക്ക് ബ്രഹ്മത്തെ അറിയാനുള്ള സാങ്കേതികവിദ്യ ഉണ്ടോ ? ഏത് ജാതിയിൽപ്പെട്ടയാൾക്കും ഇന്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിച്ചാൽ ബ്രാഹ്മണനാകാമോ ? എങ്കിൽ ബ്രാഹ്മണസമൂഹത്തിന് സർക്കാരും സമൂഹവും നൽകിയിരിക്കുന്ന ഉന്നതകുലജാതൻ എന്ന നെറ്റിപ്പട്ടം എടുത്തുകളഞ്ഞ് സംവരണത്തിന്റെ ആനുകൂല്യം ഉറപ്പാക്കുമോ? ഇങ്ങനെ ഒരായിരം ചോദ്യങ്ങളുണ്ട്.

ബ്രാഹ്മണ്യം ഒരുശാന്തി നിയമനംകൊണ്ട് നശിക്കുന്നതല്ല. ഈ കാട്ടുതീയിൽ വെന്തുരുകാനുള്ളതല്ല ബ്രാഹ്മണ്യമെന്ന് ആരുടെ മുന്നിലും ഉറക്കെ പറയാനുള്ള ആത്മധൈര്യം ഞങ്ങൾ നേടി എടുത്തുകഴിഞ്ഞു. ഇനി ബ്രാഹ്മണ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകളായിരിക്കണം. ബ്രാഹ്മണ്യം എന്നത് പാണ്ഡിത്യത്തിൽ കൂടി മാത്രം നേടുന്ന ഒന്നല്ല. ആഗമശാസ്ത്രവിധി പ്രകാരം ജനിച്ച് ജീവിക്കുന്നവനും ഷോഡശസംസ്‌കാരം ഉൾക്കൊള്ളുന്നവനുംകൂടി ആയിരിക്കണം ബ്രാഹ്മണൻ. ആഗമശാസ്ത്രവിധിപ്രകാരം മാത്രം ആയിരിക്കണം ക്ഷേത്രശാന്തിക്കാരുടെ നിയമനം, ഇത് സുപ്രീം കോടതിവിധിയാണ്.

ആധാനം തനയസ്യപുംസവവിധിഃ
സീമന്ത ജാതാഹ്വയൗ
നിഷ്‌ക്രാമോളന്നവിധിഃ
ക്ഷുരോപ നയനേ
ത്രീണീ വ്രതാനിക്രമാത്
ഗോദാനം ച സമാപനം
വ്രതവിധേഃ
പാണിഗ്രഹോളഗ്‌ന്യാഹിതിർ -
വ്വിപ്രാദേർവ്വി ഹിതാശ്രുതൗ
നിഗദിതാഃ
കാര്യാഃ ക്രിയാഃ ഷോഡശഃ

1) ഗർഭാധാനം, 2) പുംസവനം, 3) സീമന്തം, 4) ജാതകർമം, 5) നാമകരണം, 6)വാതിൽപുറപ്പാട്, 7) ചോറൂണ്, 8) ചൗളം, 9) ഉപനയനം, 10) ആണ്ട്വ്രതം, 11) മഹാവ്രതം 12) ഉപനിഷദ്വ്രതം, 13) ഗോദാനം, 14) സമാവർത്തനം, 15) വിവാഹം, 16) അഗ്‌ന്യാധാനം എന്നീ സംസ്‌കാരങ്ങളിലൂടെ കടന്നുവന്ന് ആഗമശാസ്ത്രവിധികൾക്കനുസരിച്ച് ജനിച്ച് ജീവിക്കുന്നവനായിരിക്കണം ബ്രാഹ്മണൻ. അല്ലാതെ ഏതെങ്കിലും ഒരു എഴുത്ത് പരീക്ഷയിൽ ഉന്നതവിജയം നേടിയതുകൊണ്ടോ ഇന്റർവ്യൂവിൽ മികവ് തെളിയിച്ചതുകൊണ്ടോ ബ്രാഹ്മണനാകാൻ കഴിയില്ല.

ബ്രാഹ്മണ്യം എന്നത് തലമുറകളിലൂടെ കൈമാറിവരുന്ന സമർപ്പണമാണ്. അത് അറിഞ്ഞും അനുഭവിച്ചും ജീവിതത്തിൽ പ്രാവർത്തികമാക്കിയ അനേകായിരം ബ്രാഹ്മണർ ഇവിടെ ഉണ്ട്. അവർക്ക് ഇത് ആത്മീയമായ സപര്യയാണ്. സ്വന്തം വിശപ്പ് അടക്കാൻ വകയില്ലെങ്കിലും ഭഗവാനുള്ള നിവേദ്യം കൊടുക്കാൻ ആഗ്രഹിച്ച് ഒരു കദളിപ്പഴം എങ്കിലും ഭഗവാന് നിവേദിക്കാൻ ആഗ്രഹിച്ച് പൂജാദികാര്യങ്ങൾ ഒരു വ്രതംപോലെ കൊണ്ടുനടക്കുന്ന ബ്രാഹ്മണരുടെ ശബ്ദമാണ് ഇത്. ഗായത്രീമന്ത്രജപത്തിന്റെ ധ്വനികൾ മാത്രം ഉരിയാടിയിരുന്ന ഒരായിരം നാവുകൾ ഇനി ഈ അനീതിക്കെതിരെ ഒന്നിക്കുകയാണ്. ഞങ്ങൾക്കും സംവരണം അനുവദിക്കണം.

ഞങ്ങൾ ന്യൂനപക്ഷമാണ്, സാമ്പത്തികഭദ്രത ഇല്ലാത്തവരാണ്. കുലത്തൊഴിലുപോലും നഷ്ടപ്പെട്ടവരാണ്. അതിനാൽ ഞങ്ങൾക്കും സംവരണം അനുവദിച്ചേ മതിയാകൂ. ഒരു കൈയിലെ വിരലിൽ എണ്ണാവുന്ന ലക്ഷങ്ങൾ മാത്രം അംഗബലമുള്ള പല സംഘടനകളും ഒറ്റക്കെട്ടായിനിന്ന് അവരുടെ ആവശ്യങ്ങൾ നേടി എടുക്കുകയും അധികാരസ്ഥാനങ്ങളെ വരച്ചവരയിൽ നിർത്തുകയും ചെയ്യുമ്പോൾ, നമ്മൾ, രണ്ടു കൈയിലുമുള്ള വിരലുകൾകൊണ്ട് എണ്ണിത്തീർക്കാൻ പറ്റാത്ത അംഗബലമുള്ള സംവരണേതര വിഭാഗം പലകാരണങ്ങൾ പറഞ്ഞ് ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് പുറകെ പോകാതെ ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വം തിരിച്ച് നേടാൻ കഴിയും. സംവരണേതര വിഭാഗങ്ങൾ ഒന്നിച്ച് ചേർന്ന് ഒരു രാഷ്ട്രീയ ശക്തിയായി മാറുക. വോട്ട് ബാങ്കായി മാറുക.

ഗായത്രീമന്ത്രത്തിന്റെ ഹോമാഗ്‌നിയിൽ നിന്ന് സർവ്വ ഊർജവും ചൈതന്യവും ഉൾക്കൊണ്ട് ഉദിച്ചുയരുക, അനീതിക്കെതിരെ ശബ്ദം ഉയർത്തുക. ന്യായമായ മാർഗത്തിലൂടെ പ്രജാക്ഷേമം മാത്രം ലക്ഷ്യം വയ്ക്കുന്ന ഭരണകർത്താക്കൾക്കും പശുക്കൾക്കും ബ്രാഹ്മണർക്കും സമസ്തചരാചരങ്ങൾക്കും സൗഖ്യം ഉണ്ടാകട്ടെ- ഇതായിരുന്നു ഞങ്ങളുടെ പ്രാർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP