Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഴിഞ്ഞ തവണ രണ്ടു ജില്ലകളെ പ്രളയജലത്തിൽ മുക്കിയ പത്തനംതിട്ടയിലെ ഡാമുകളുടെ അവസ്ഥ ഇക്കുറി പരിതാപകരം; റെക്കോഡ് മഴ പെയ്തിട്ടും ഡാമുകളിൽ ജലനിരപ്പ് ശരാശരി; വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് കുറവ്; അണക്കെട്ടുകൾ നിറഞ്ഞ് വെള്ളം തുറന്നുവിടുമെന്ന ആശങ്ക വേണ്ടെന്ന് മന്ത്രിയും

കഴിഞ്ഞ തവണ രണ്ടു ജില്ലകളെ പ്രളയജലത്തിൽ മുക്കിയ പത്തനംതിട്ടയിലെ ഡാമുകളുടെ അവസ്ഥ ഇക്കുറി പരിതാപകരം; റെക്കോഡ് മഴ പെയ്തിട്ടും ഡാമുകളിൽ ജലനിരപ്പ് ശരാശരി; വൃഷ്ടിപ്രദേശങ്ങളിൽ നീരൊഴുക്ക് കുറവ്; അണക്കെട്ടുകൾ നിറഞ്ഞ് വെള്ളം തുറന്നുവിടുമെന്ന ആശങ്ക വേണ്ടെന്ന് മന്ത്രിയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കഴിഞ്ഞ ഓഗസ്റ്റിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ പ്രളയജലത്തിൽ മുക്കിയ ജില്ലയിലെ ഡാമുകളുടെ അവസ്ഥ ഇപ്പോൾ പരിതാപകരം. റെക്കോഡ് മഴ ലഭിച്ചിട്ടും പ്രധാന ഡാമുകളിലൊന്നും തന്നെ ജലനിരപ്പ് ശരാശരിയിൽപ്പോലും എത്തിയിട്ടില്ല. കഴിഞ്ഞ തവണ കക്കി, മൂഴിയാർ എന്നു വേണ്ട ചെറുതും വലുതുമായ ജില്ലയിലെ എല്ലാ അണക്കെട്ടും ബാരേജുകളും ഒന്നിച്ചു തുറന്നതാണ് പ്രളയത്തിന് കാരണമായത്.

സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ കക്കിയിൽ ഇന്ന് രാവിലെ ഏഴു മണിക്ക് ലഭിച്ച കണക്ക് അനുസരിച്ച് സംഭരണ ശേഷിയുടെ 38.13 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 98.16 ശതമാനമായിരുന്നു കക്കിയിൽ ജലനിരപ്പ്. 65 മില്ലിമീറ്റർ മഴയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 192.63 മീറ്റർ സംഭരണ ശേഷിയുള്ള മൂഴിയാർ ഡാമിൽ 185.40 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. ഇന്നലെ ഇത് 186.05 മീറ്റർ ആയിരുന്നു. പമ്പ ഡാമിൽ ഇന്ന് രാവിലെ ഏഴിന് 63.36 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇന്നലെ ഇത് 62.97 ആയിരുന്നു.

ജില്ലയിലെ ഡാമുകൾ നിറഞ്ഞ് വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്ക ആർക്കും വേണ്ടെന്ന് മന്ത്രി കെ രാജു പറഞ്ഞു. മൂഴിയാർ ഡാം, ശബരിഗിരി പവർ സ്റ്റേഷൻ എന്നിവ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വനമേഖലകളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. ഈ ജലമാണ് അച്ചൻ കോവിലാറിലും, പമ്പയിലും ജലനിരപ്പുയരാൻ കാരണം. ജലനിരപ്പ് ഉയരുന്നതിന്റെ ഫലമായാണ് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളായ തിരുവല്ല, പന്തളം എന്നിവിടങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറിയത്. മഴയുടെ ശക്തി കുറയുകയും നദിയിലെ ജലനിരപ്പ് താഴാതെയും വന്ന സാഹചര്യം പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ ചർച്ചയായിരുന്നു.

ജലനിരപ്പ് ഉയരുവാൻ കാരണം ഡാം തുറന്നതാണെന്നും അല്ലെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാമുകളുടെ യഥാർഥ സ്ഥിതിയെന്തെന്ന് നേരിട്ട് കണ്ടു മനസിലാക്കുന്നതിനായാണ് മന്ത്രി മൂഴിയാർ സന്ദർശിച്ചത്. മൂഴിയാർ ഡാമിൽ സംഭരണശേഷിയുടെ പകുതിപോലും വെള്ളമില്ല. മറ്റു ഡാമുകളിലും സ്ഥിതി വ്യത്യസ്ഥമല്ല.പമ്പയിൽ മാത്രമാണ് സംഭരണ ശേഷിയുടെ അൻപതു ശതമാനത്തിലധികം ജലമുള്ളത്. ജില്ലയിലെ നദികളുടെ ജലനിരപ്പ് പൊതുവേ ഉയർന്നിരിക്കുകയാണ്. എന്നാൽ, ശക്തമായ മഴ ഒരാഴ്ചയെങ്കിലും പെയ്താൽ മാത്രമേ ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടാകുന്നുള്ളു എന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP