Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എം കെ ദാമോദരന്റെ വിയോഗത്തിൽ ആശങ്കപ്പെട്ട് ഇടതു രാഷ്ട്രീയവും; അനാരോഗ്യത്താൽ കിടപ്പിലായപ്പോൾ ഹരീഷ് സാൽവെയെ വക്കാലത്ത് ഏൽപ്പിച്ചത് പിണറായിക്ക് ആശ്വാസമായെങ്കിലും 'ലോ പോയിന്റുകൾ' പറഞ്ഞു കൊടുക്കാൻ ദാമു വക്കീൽ ഇല്ലാത്തത് വിനയാകുമോയെന്ന് ആശങ്ക; ലാവലിൻ കേസ് ഹൈക്കോടതിയിൽ വീണ്ടുമെത്തും മുമ്പ് മുഖ്യമന്ത്രിക്ക് സമ്മർദ്ദം

എം കെ ദാമോദരന്റെ വിയോഗത്തിൽ ആശങ്കപ്പെട്ട് ഇടതു രാഷ്ട്രീയവും; അനാരോഗ്യത്താൽ കിടപ്പിലായപ്പോൾ ഹരീഷ് സാൽവെയെ വക്കാലത്ത് ഏൽപ്പിച്ചത് പിണറായിക്ക് ആശ്വാസമായെങ്കിലും 'ലോ പോയിന്റുകൾ' പറഞ്ഞു കൊടുക്കാൻ ദാമു വക്കീൽ ഇല്ലാത്തത് വിനയാകുമോയെന്ന് ആശങ്ക; ലാവലിൻ കേസ് ഹൈക്കോടതിയിൽ വീണ്ടുമെത്തും മുമ്പ് മുഖ്യമന്ത്രിക്ക് സമ്മർദ്ദം

മറുനാടൻ ഡസ്‌ക്

തിരുവനന്തപുരം: ഭരണഘടന, ക്രമിനൽ നിയമങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച അഭിഭാഷകനായ എം.കെ. ദാമോദരൻ ഇടത്പക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ മുഖ്യഉപദേഷ്ടാവും, വിശ്വസ്തനുമായിരുന്നു.പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടായ ലാവലിൻ കേസ് വിശദമായി പഠിച്ച എം.കെ.ദാമോദരനിൽ അദ്ദേഹം അർപ്പിച്ച വിശ്വാസം വളരെ വലുതായിരുന്നു.

കേസിൽ വിജയിച്ചാൽ മാത്രം മുഖ്യമന്ത്രി കസേരയിൽ തുടരാൻ സാധിക്കുന്ന അവസ്ഥയാണുള്ളത്. പാർട്ടിയിലെ കരുത്തനാണെങ്കിലും കേസിൽ തിരിച്ചടി നേരിട്ടാൽ അത് പിണറായിയെ സംബന്ധിച്ചത്തോളം പാർട്ടിയിലെ പിടി അയയാനും കാരണമാകും. അതുകൊണ്ട് തന്നെ പിണറായിക്ക് വിടുതൽ നൽകിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയും ശരിവെക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിന് കേസിനെ വിശദമായി പഠിച്ച അഡ്വ. എം കെ ദാമോദരന് സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു പിണറായി. ഇതിനിടെയാണ് ദാമോദരനെ അസുഖം പിടികൂടുന്നത്. ഇതോടെ ഹരീഷ് സാൽവെയിലേക്ക് കാര്യങ്ങളെത്തി.

ദാമോരനിലുള്ള അതിയായ വിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് സർക്കാരിന്റെ മുഖ്യനിയമോപദേഷ്ടാവായി അദ്ദേഹത്തെ നിയമിക്കാൻ കാരണം. എന്നാൽ, സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകാൻ അഡ്വക്കേറ്റ് ജനറൽ ഉണ്ടെന്നിരിക്കെ അഡ്വ.എം.കെ. ദാമോദരന്റെ നിയമനം ഭരണഘടനാവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് ആരോപിച്ച് കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ ഹർജി നൽകിയത് സർക്കാരിന് ക്ഷീണമായി. ചുമതലേൽക്കും മുമ്പ് തന്നെ നിയമോപദേഷ്ടാവ് സ്ഥാനം വേണ്ടെന്ന് വച്ച് ദാമോദരൻ തികഞ്ഞ മാന്യത പുലർത്തുകയും ചെയ്തു.

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാർ കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനു നൽകിയതിൽ ക്രമക്കേടുണ്ടെന്നാണു സിബിഐയുടെ കേസ്. ഈ കേസിൽ തിരുവനന്തപുരം സിബിഐ കോടതി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരേയാണു സിബിഐ റിവിഷൻ ഹർജി നൽകിയത്. ഹൈക്കോടതി വിധി എതിരായാൽ പിണറായിക്ക് രാജി വയ്ക്കേണ്ട സാഹചര്യം പോലും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് രാജ്യത്തെ വിഐപി അഭിഭാഷകനായ സാൽവെ പിണറായിക്ക് വേണ്ടി ഹാജരാകുന്നത്.

കേസിന്റെ നാൾവഴികളിലൂടെ സഞ്ചരിച്ചാൽ, സിബിഐ കേസ് ഏറ്റെടുക്കുന്നതിനെ സി.പി.എം ആദ്യം മുതലേ എതിർത്തിരുന്നു.പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാനുള്ള അന്നത്തെ ഗവർണർ ആർഎസ് ഗവായിയുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, പരാജയമാണ് പിണറായിയെ കാത്തിരുന്നത്. പിന്നീട് 2014 നവംബർ 5-ന് സമർപ്പിച്ച കുറ്റപത്രം സിബിഐ കോടതി വിചാരണ പോലും കൂടാതെ തള്ളി.കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ക്രിമിനൽ റിവിഷൻ പെറ്റീഷൻ സമർപ്പിക്കുവാൻ സിബിഐക്ക് ഒന്നരവർഷം വേണ്ടിവന്നു. അതിനുശേഷവും കേസിൽ പുരോഗതി ഒന്നും ഉണ്ടാകാതെ വന്നപ്പോഴാണ് കേരള സർക്കാർ കേസ് വേഗം തീർപ്പാക്കാനുള്ള വേണ്ടിയുള്ള ഉപഹർജി കൊടുത്തത്.

കേസുകേൾക്കാൻ യാതൊരു തിടുക്കവുമില്ല എന്നാണ് സിബിഐയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. എന്നാൽ പിണറായിക്കു വേണ്ടി ഹാജരായ എം.കെ.ദാമോദരൻ ഉന്നയിച്ച വാദം സംസ്ഥാന സർക്കാർ കേസിൽ കക്ഷിയല്ലേേല്ലാ എന്നായിരുന്നു. പിന്നെ ഇത്തരം ഒരു ഉപഹർജി നൽകാൻ സർക്കാരിന് നിയമപരമായുള്ള അവകാശമെന്തെന്നും ദാമോദരൻ ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്തുവരികയാണെന്നും, അപ്പോൾ അടുത്ത മുഖ്യമന്ത്രിയാകാനുള്ള പിണറായിക്കെതിരെ ഇത്തരം കേസുകൾ കൊണ്ടുവരികയാണെന്നും ദാമോദരൻ വാദിച്ചു.

കേസിലെ നൂലാമാലകളും, അവയിൽ നിന്ന് വിടുതൽ നേടാനുള്ള വഴികളും നന്നേ നിശ്ചയമുണ്ടായിരുന്ന ദാമോദരൻ രോഗാതുരനായതോടെ ഫീസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഹരീഷ് സാൽവെ കളം നിറഞ്ഞു.കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാറ്.. ഒരു കേസിനായി ഹാജരാകാൻ എത്തുമ്പോൾ ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. കോർപ്പറേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുന്ന ഇടനിലക്കാരന്റെ റോളിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഇതിൽ സുപ്രധാന കേസ് അംബാനി സഹോദന്മാർ തമ്മിലുള്ള നിയമ യുദ്ധമായിരുന്നു.കേസിൽ അനിൽ അംബാനിക്കായി ഹാജരായ രാംജത് മലാനിയെന്ന അതികായൻ തന്നെയായിരുന്നു. ഈ വമ്പനെയും മുട്ടുകുത്തിക്കാൻ സാൽവക്ക് സാധിച്ചു.

ബോളിവുഡ് താരം സൽമാൻ ഖാനെ ഹിറ്റ് ആൻഡ് റൺ കേസിൽ പുഷ്പം പോലെ ഊരിയെടുത്തതും മറ്റാരുമല്ല. ഇവിടെയും കോടികളുടെ പ്രതിഫലം പറ്റുന്ന അഭിഭാഷകൻ തന്നെയാണ് വിജയം കണ്ടത്. കേന്ദ്ര സർക്കാറും വോഡാഫോണും തമ്മിലുള്ള നിയമയുദ്ധവും ഹരീഷ് സാൽവയെ പ്രശസ്തനാക്കി. 15000 കോടി രൂപയുടെ ആദായ നികുതി കേസിൽ നിന്നും വൊഡാഫോണിനെ അനായാസം രക്ഷിച്ചെടുത്തതും സാൽവെയും മികവായിരുന്നു. നീരാ റാഡിയ കേസിൽ രത്തൻ ടാറ്റായുടെ വക്കാലത്തുമായെത്തിയതും അദ്ദേഹമാണ്.
ഈ സിംഹം പിണറായിക്ക് വേണ്ടി ഹാജരായെങ്കിലും, എം.കെ.ദാമോദരനിട്ട അടിത്തറയിൽ ഊന്നിയാണ് സാൽവെയുടെ മുന്നോട്ടുള്ള സഞ്ചാരം.അതു കൊണ്ട് തന്നെ ദാമോദരനെ പിണറായിക്കും, സിപിഎമ്മിനും എങ്ങനെ മറക്കാനാകും?

 ഏതായാലും, അഡ്വ.എം.കെ.ദാമോദരന്റെ വിടവാങ്ങൽ മുഖ്യമന്ത്രി പിണറായി വിജയന് അടുത്ത ബന്ധുവിന്റെ വേർപാട് പോലെയാണ്. നിയമകാര്യങ്ങളിലെ ഗ്രാഹ്യവും, ഇടത് രാഷ്ട്രീയത്തോട് ചേർന്ന് നിലനിൽക്കുന്ന നിലപാടും ദാമോദരനെ പ്രിയങ്കരനാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായമായ ഒരേടിൽ സുപ്രധാന പങ്ക് വഹിച്ച ദാമോരന്റെ വേർപാട് പിണറായിക്ക് സമ്മർദ്ദമേറ്റുന്നതും അതുകൊണ്ടാണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP