Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചൈത്രാ തെരേസാ ജോണിനെ എങ്ങനേയും തീർത്തേ മതിയാവൂ എന്ന വാശിയിൽ ശിവൻകുട്ടിയും നാഗപ്പനും; സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ അഭിഭാഷകരെ കണ്ട് ജില്ലാ നേതൃത്വം; അടിയന്തരമായി വനിതാ സെല്ലിൽ നിന്നും മാറ്റി അപ്രധാന തസ്തികയിൽ ആക്കണമെന്ന ജില്ലാ കമ്മറ്റിയുടെ ആവശ്യത്തിൽ തീരുമാനം വൈകുന്നത് ജനരോഷം തിരിച്ചറിഞ്ഞ്; മുഖ്യമന്ത്രി നേരിട്ട് ശാസിച്ചിട്ടും കുലുക്കമില്ലാത്ത യുവ ഐപിഎസുകാരിക്കെതിരെ രോഷപ്രകടനം തുടർന്ന് സിപിഎം

ചൈത്രാ തെരേസാ ജോണിനെ എങ്ങനേയും തീർത്തേ മതിയാവൂ എന്ന വാശിയിൽ ശിവൻകുട്ടിയും നാഗപ്പനും; സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ അഭിഭാഷകരെ കണ്ട് ജില്ലാ നേതൃത്വം; അടിയന്തരമായി വനിതാ സെല്ലിൽ നിന്നും മാറ്റി അപ്രധാന തസ്തികയിൽ ആക്കണമെന്ന ജില്ലാ കമ്മറ്റിയുടെ ആവശ്യത്തിൽ തീരുമാനം വൈകുന്നത് ജനരോഷം തിരിച്ചറിഞ്ഞ്; മുഖ്യമന്ത്രി നേരിട്ട് ശാസിച്ചിട്ടും കുലുക്കമില്ലാത്ത യുവ ഐപിഎസുകാരിക്കെതിരെ രോഷപ്രകടനം തുടർന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ എസ്‌പി. ചൈത്രാ തെരേസാ ജോൺ റെയ്ഡ് നടത്തിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മുൻ എംഎൽഎ ശിവൻകുട്ടിയും. ചൈത്രയെ പാഠം പഠിപ്പിച്ചേ മതിയാകൂവെന്നാണ് ഇവരുടെ നിലപാട്. എന്നാൽ ചൈത്രയ്‌ക്കെതിരെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നത് മുഖ്യമന്ത്രി പിണറായി വിജയനേയും വലയ്ക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ചൈത്രയ്ക്കെതിരേ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നീക്കങ്ങളുമായി സിപിഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. നിയമനടപടി സംബന്ധിച്ചു തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകൻ മുരുക്കുംപുഴ വിജയകുമാറുമായി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചർച്ച നടത്തി.

ചൈത്രയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്നാണു സിപിഎം. ജില്ലാഘടകത്തിന്റെ ആവശ്യം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ നീക്കത്തിനു പിന്നിൽ പൊലീസിലെ ഒരു വിഭാഗത്തിന്റെ കരങ്ങളുണ്ടെന്നും ജില്ലാഘടകം ആരോപിക്കുന്നു. വനിതാ സെൽ എസ്‌പി. പദവിയിൽനിന്നു ചൈത്രയെ നീക്കുമെന്നാണു സൂചന. എ.ഡി.ജി.പി: മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിനു പുറമേ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ആനാവൂർ നാഗപ്പനും ശിവൻകുട്ടിയും പാർട്ടി സംസ്ഥാന നേതൃത്വത്തിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ചൈത്ര തെരേസ ജോൺ, ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എ.ഡി.ജി.പി. പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.

ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് ചൈത്ര റെയ്ഡ് നടത്തിയതെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിലുള്ളത്. റെയ്ഡ് നടന്ന ശേഷമാണ് സിറ്റി പൊലീസ് കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ വിവരമറിഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണറായി എസ്. സുരേന്ദ്രൻ ചുമതലയേറ്റിട്ട് ദിവസങ്ങൾമാത്രം കഴിഞ്ഞപ്പോഴാണ് അദ്ദേഹം അറിയാതെയുള്ള സംഭവം. ഇതിലുള്ള പ്രതിഷേധം അദ്ദേഹം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചൈത്രയ്‌ക്കെതിരേയുള്ള റിപ്പോർട്ടിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ നടപടി സംബന്ധിച്ച തീരുമാനമുണ്ടാവുള്ളൂ. താക്കീത് ചെയ്യുകയോ അപ്രധാന തസ്തികയിലേക്ക് മാറ്റുകയോ സംബന്ധിച്ച ആലോചനയാണ് നടക്കുന്നത്. എന്നാൽ ചൈത്രയ്ക്ക് കിട്ടിയെ പൊതു പിന്തുണ പിണറായിയെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ചൈത്രയ്‌ക്കെതിരെ പ്രത്യക്ഷ നടപടി എടുക്കുന്നത് സർക്കാരിന് ദോഷം ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടക്കം അത് ചർച്ചയാകും. സ്ത്രീ ശാക്തീകരണത്തിന് വനിതാ മതിലുണ്ടാക്കിയ സർക്കാരിന് ചൈത്രയെ തൊടാൻ അതുകൊണ്ടാണ് പേടിയുള്ളത്. എന്നാൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി. ഇതോടെ എസ്‌പിയുടെ നടപടിയിൽ നിയമപരമായ പിശകില്ലെന്ന് എഡിജിപിയും ഡിജിപിയും നൽകിയ റിപ്പോർട്ട് തള്ളേണ്ട സ്ഥിതിയിലായി മുഖ്യമന്ത്രി. പഴുതുകൾക്ക് ഇട നൽകാതെ എന്തു നടപടിയെടുക്കാമെന്ന ആലോചനയിലാണു സർക്കാർ.

നേരത്തെ ചൈത്രയെ വിളിച്ചു വരുത്തി മുഖ്യമന്ത്രി ശാസിച്ചിരുന്നു. കൂസലില്ലാതെയാണ് അന്ന് ചൈത്ര കാര്യങ്ങൾ വിശദീകരിച്ചത്. എല്ലാം കേട്ട ശേഷം നിങ്ങൾ പറഞ്ഞതെല്ലാം ശരി, പക്ഷേ പാർട്ടി ഓഫിസിൽ കയറിയത് ഒട്ടും ശരിയായില്ലെന്ന് ചൈത്ര തെരേസ ജോണിനോടു മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയും ചെയ്തു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയതു വിവാദമായതിനു പിന്നാലെയാണു സംഭവം വിശദീകരിക്കാൻ അവർ മുഖ്യമന്ത്രിയെ കണ്ടത്. എസ്‌പി പറഞ്ഞതെല്ലാം കേട്ട ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തലശ്ശേരി എഎസ്‌പി ആയിരിക്കുമ്പോൾ മുതൽ അറിയാമെന്നും ചൈത്രയോടു മുഖ്യമന്ത്രി പറഞ്ഞു. ചൈത്രയെ ശാസിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്കു ശേഷമാണു നിയമസഭയിൽ എസ്‌പിയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്.

അതിനിടെ ചൈത്രാ തെരേസാ ജോൺ റെയ്ഡ് നടത്തിയത് സംബന്ധിച്ച റിപ്പോർട്ടിൽ ആഭ്യന്തരവകുപ്പ് നിയമോപദേശം തേടി. നടപടി സംബന്ധിച്ചാണ് നിയമോപദേശം തേടിയതെന്നാണ് സൂചന. ചൈത്ര തെരേസ ജോണിനെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും നടപടി ശുപാർശ ചെയ്തിരുന്നില്ല. ചൈത്രയെ ന്യായീകരിച്ച് എഡിജിപി മനോജ് ഏബ്രഹാം നൽകിയ റിപ്പോർട്ട് അതേപടി ബെഹ്‌റ മുഖ്യമന്ത്രിക്കു കൈമാറിയതോടെ പന്ത് അദ്ദേഹത്തിന്റെ കോർട്ടിലായി. ഈ സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് നിയമോപദേശം തേടുന്നത്. എന്നാൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതികൾക്കായി നിയമപ്രകാരം പരിശോധന നടത്തിയ വനിതാ എസ്‌പിക്കെതിരെ നടപടിയെടുത്താൽ തിരിച്ചടിയാകുമെന്നാണു പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ അടക്കം ചില ഉന്നതർ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചതെന്നാണു സൂചന. എസ്‌പി നടത്തിയ പരിശോധന ക്രമപ്രകാരമായിരുന്നതിനാൽ അന്വേഷണത്തിനു പഴുതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി മനോജ് ഏബ്രഹാം നൽകിയ റിപ്പോർട്ടിൽ എസ്‌പി ചൈത്ര സ്വീകരിച്ച നടപടികൾ അക്കമിട്ടു നിരത്തുന്നു.

കോടതിയിൽ മുൻകൂട്ടി അറിയിച്ചത്, ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയത്, പ്രതികൾ പാർട്ടി ഓഫിസിൽ ഉണ്ടെന്നു സ്ഥിരീകരിച്ചത് എല്ലാം ഇതിലുണ്ട്. എന്നാൽ സർക്കാരിന്റെ അപ്രീതി വേണ്ടെന്നു കരുതി ഡിജിപി അതു ശരിവയ്ക്കാതെ അതേപടി കൈമാറി. റിപ്പോർട്ടിൽ വിയോജിപ്പ് അറിയിച്ചാൽ കാര്യകാരണങ്ങൾ വിശദീകരിക്കേണ്ടി വരും. സ്വന്തം ജോലി നിർവഹിച്ച യുവ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ തെറ്റായ ശുപാർശ നൽകാനുമാകില്ല. ഇതും കണക്കിലെടുത്താണു ഡിജിപി മൗനം പാലിച്ചത്. ഇതോടെയാണ് സർക്കാർ വെ്ട്ടിലായത്.

നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുൻപ് ചൈത്ര തേരേസ ജോൺ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയത് മനഃപൂർവ്വമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറയുന്നു. വാർത്തകളിൽ ഇടം പിടിക്കാൻ വേണ്ടി മാത്രമുള്ള നടപടിയാണ് ഡിസിപിയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും താനിവിടെ ഉണ്ടായിരുന്നുവെങ്കിൽ പൊലീസിനെ തടയുമായിരുന്നു എന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥരെ ആരും തടഞ്ഞിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ പറയുന്നു വാർത്തയിൽ ഇടം പിടിക്കാൻ താത്പര്യമുള്ള ഉദ്യോഗസ്ഥയാണ് ചൈത്ര. പൊതുപണിമുടക്ക് ദിവസം റോഡിൽ നിർമ്മിച്ച സമരപന്തലും റെയ്ഡ് നടത്താൻ ചൈത്ര ശ്രമിച്ചുവെന്നാണ് വി.ശിവൻകുട്ടിയുടെ ആരോപണം. അതേസമയം റോഡ് തടസ്സപ്പെടുത്തി പ്ലാറ്റ്‌ഫോം നിർമ്മിച്ച ബിജെപിക്കെതിരെ കേസെടുത്തില്ലെന്നും വി ശിവൻ കുട്ടി പറയുന്നു. രണ്ട് ബാത്ത് റൂമിലാണ് പരിശോധന നടത്തിയതെന്നും ആരേയും കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്നും നേതാക്കൾ ചോദിക്കുന്നു.

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേർ മാത്രമേ പരിശോധനാ സമയത്ത് ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. ഉച്ചയോടെ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത് പൊലീസ് നടപടിക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP