Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയറുമടക്കം നാലു പേർക്ക് സസ്‌പെൻഷൻ; 'അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതെന്ന്' മന്ത്രി എ.സി മൊയ്തീൻ; കുറ്റവാളികളെന്ന് കണ്ടെത്തിയാൽ സർക്കാർ വെറുതേ വിടില്ലെന്നും പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമന്ന് അന്വേഷണ സംഘത്തൊട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂർ നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയറുമടക്കം നാലു പേർക്ക് സസ്‌പെൻഷൻ; 'അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതെന്ന്' മന്ത്രി എ.സി മൊയ്തീൻ; കുറ്റവാളികളെന്ന് കണ്ടെത്തിയാൽ സർക്കാർ വെറുതേ വിടില്ലെന്നും പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമന്ന് അന്വേഷണ സംഘത്തൊട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി നിർമ്മിച്ച ഓഡിറ്റോറിയത്തിന് പ്രവർത്താനനുമതി ലഭിക്കാഞ്ഞതിന് പിന്നാലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ആന്തൂർ നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറുമടക്കമുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ആന്തൂർ നഗരസഭാ സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എഞ്ചിനീയർ കലേഷ് ഓവർസിയർമാരായ ബി. സുധീർ, അഗസ്റ്റിൻ എന്നിവർക്ക് നേരെയാണ് നടപടി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഏതാനും കുറവുകൾ ഉണ്ടായിട്ടുണ്ടെന്നും സംഭവത്തിൽ അനാവശ്യമായ കാലതാമസം വന്നിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നതെന്ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ വ്യക്തമാക്കി.

മാത്രമല്ല ഇവർ കുറ്റക്കാരാണ് എന്ന് തെളിയുന്ന പക്ഷം സർക്കാർ വെറുതേ വിടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് അന്വേഷണ സംഘങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി സംരഭങ്ങൾക്കടക്കം മികച്ച പരിഗണന നൽകുക എന്നതാണ് സർക്കാർ നയം. അനാവശ്യ കാലതാമസം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രിപറഞ്ഞു. കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും. തദ്ദേശ മന്ത്രി തന്നെ നഗരസഭകളിൽ നടക്കുന്ന അദാലത്തുകളിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

15 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന് പ്രവർത്താനുമതി നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായിയായ കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിൽ രണ്ട് ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. നൈജീരിയയിൽ ജോലി ചെയ്ത് സാജൻ മൂന്ന് വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂർ ബക്കളത്ത് സാജൻ ഓഡിറ്റോറിയം നിർമ്മാണം തുടങ്ങിയത്. തുടക്കം മുതൽ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസ്സങ്ങൾ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാൻ പോലും നഗരസഭാ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു.

നഗരസഭയിൽ പല തവണ കയറിയിറങ്ങിയിട്ടും കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശരേഖ കിട്ടാതെ വലഞ്ഞ കെട്ടിടനിർമ്മാതാവ് ജീവനൊടുക്കുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ സ്വന്തം പാർട്ടിയാണ്. പ്രതിപക്ഷത്ത് ഒരു അംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയിലാണ്, പ്രവാസി വ്യവസായി കൊറ്റാളി അരയമ്പേത്ത് നൂപുരത്തിൽ സാജൻ പാറയിൽ (49) ജീവനൊടുക്കിയത്.
പാർട്ടി ഗ്രാമമായ ബക്കളത്ത് 15 കോടി രൂപ മുടക്കിയാണു സാജൻ കൺവൻഷൻ സെന്റർ നിർമ്മിച്ചത്. നിർമ്മാണത്തിലെ അപാകത കാരണം കെട്ടിടം പൊളിക്കണമെന്ന് നഗരസഭ നോട്ടിസ് നൽകി.

സാജന്റെ പരാതിയിൽ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടതോടെ നഗരസഭയും നഗരാസൂത്രണ വിഭാഗവും അടങ്ങുന്ന സംയുക്ത സമിതി കഴിഞ്ഞ ഒക്ടോബറിൽ പരിശോധന നടത്തി. അപാകതയില്ലെന്നാണു ടൗൺ പ്ലാനിങ് ഓഫിസർ റിപ്പോർട്ട് നൽകിയതെന്നു സാജന്റെ കമ്പനിയായ പാർഥ ബിൽഡേഴ്സ് അധികൃതർ പറയുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞു ഫയൽ പിടിച്ചു വച്ചു. പാർട്ടി ഗ്രാമത്തിലെ ആൾ പ്രതിഷേധത്തിനിറങ്ങിയിൽ എന്ത് സംഭവിക്കുമെന്ന് സാജന് അറിയാമായിരുന്നു. അങ്ങനെ നിൽക്കള്ളിയില്ലാതെ ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തു.അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം സാജന്റെ സംസ്‌കാരം നടത്തി.

സാജനെ മുറിയിൽ കാണാതിരുന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിലാണ് അത്യാധുനിക കൺവെൻഷൻ സെന്റർ പണിതത്. അഞ്ചു വർഷം നീണ്ട പണി കഴിഞ്ഞിട്ട് ഒരു വർഷമായി. തളിപ്പറമ്പ് ആന്തൂർ നഗരസഭ കംപ്ളീഷൻ സർട്ടിഫിക്കറ്റ് നൽകാഞ്ഞതിനാൽ കെട്ടിടത്തിന് നമ്പർ കിട്ടിയില്ല. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ഓഡിറ്റോറിയത്തിൽ വച്ച് മൂന്നു വിവാഹങ്ങൾ നടന്നു. പക്ഷേ, കെട്ടിട നമ്പർ ഇല്ലാത്തതിനാൽ വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ നഗരസഭ തയ്യാറായില്ല.

ഇതാണ് മാനസികമായി തകത്തത്. ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെയും ബന്ധുക്കലുടേയും തീരുമാനം. ചെയർപേഴ്‌സൺ ഫോൺ ഓഫ് ചെയ്ത് നഗരസഭയിൽ നിന്ന് മാറി നിൽക്കുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. എം വി ഗോവിന്ദന്റെ ഭാര്യ കൂടിയായ നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശ്യാമള വ്യക്തിപരമായ വൈരാഗ്യം കാരണം നിയമപരമല്ലാത്ത കാരണങ്ങൾ പറഞ്ഞ് കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയെന്നും, ശ്യാമളയുടെ മാനസികപീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്നും സാജന്റെ ബന്ധുക്കൾ പറഞ്ഞു.മന്ത്രി ഇ.പി. ജയരാജനെയും സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജനെയുംകണ്ട് പരാതിപ്പെട്ടതിനെ തുടർന്ന് അവർ പ്രശ്‌നത്തിൽ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല.

ആത്മഹത്യയ്ക്കു തലേന്നും സാജൻ നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും ലൈസൻസ് നൽകാനാവില്ലെന്നായിരുന്നു നിലപാട്. ഭരണപക്ഷ കൗൺസിലർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയും സാജൻ സുഹൃത്തുക്കൾക്ക് കൈമാറിയിരുന്നു. നിസാര കാരണങ്ങൾ പറഞ്ഞ് നഗരസഭ നിർമ്മാണത്തിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റും ബിൽഡിങ് നമ്പറും നിഷേധിക്കുകയായിരുന്നുവെന്നാണ് സാജന്റെ ബന്ധുക്കളുടെ ആരോപണം. കുറ്റിക്കോൽ നെല്ലിയോട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന്റെ പണി പൂർത്തീകരിച്ചതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇദ്ദേഹം ഏതാനും ദിവസങ്ങളായി കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവത്രെ. നൈജീരിയയിൽ വർഷങ്ങളായി ജോലി ചെയ്ത് സമ്പാദിച്ച പണം മുഴുവൻ സാജൻ കൺവെൻഷൻ സെന്ററിനായി മുടക്കിയിരുന്നു.

15 കോടി രൂപയോളം ചെലവഴിച്ചതായാണ് കണക്ക്. ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ, സെക്രട്ടറി, നഗരസഭാ എൻജിനീയർ എന്നിവരെ ലൈസൻസ് ആവശ്യത്തിനായി നിരന്തരം സമീപിച്ചിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. അതിനിടെ ആരോപണം ശരിയല്ലെന്നും അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് അറിയിച്ചിരുന്നുവെന്നും നഗരസഭാധ്യക്ഷ പി.കെ.ശ്യാമള. ഇതനുസരിച്ചുള്ള പുതിയ പ്ലാൻ സമർപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വിഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള.

പ്ലാൻ അനുസരിച്ചല്ല നിർമ്മാണമെന്നു കെട്ടിടം പൂർത്തിയായപ്പോഴാണ് കണ്ടെത്തിയതെന്നു നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ് വിശദീകരിച്ചു. രേഖ വൈകാൻ ഇതാണു കാരണം. അപാകത പരിഹരിക്കാമെന്ന ഉറപ്പിലാണു ടൗൺ പ്ലാനിങ് ഓഫിസർ അനുകൂല റിപ്പോർട്ട് നൽകിയത് ഗിരീഷ് പറയുന്നു. പക്ഷേ ഈ നൂലാമാലകളാണ് സാജന്റെ ജീവനെടുത്തത്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP