Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സമാധാനം' നാരായണന് 11 ഏക്കർ 49 സെന്റ് കൊടുത്തതിൽ പിഴവുണ്ടായി; പ്രതിപക്ഷ കടന്നാക്രമണത്തിൽ മന്ത്രി എംഎൻ പിടിച്ചു നിന്നത് സാങ്കേതികത്വത്തെ കൂട്ടുപിടിച്ച്; ഇടപാടിനെ സിപിഎമ്മുകാരിയായ റവന്യൂമന്ത്രി ഗൗരിയമ്മ പരസ്യമായി എതിർത്തിരുന്നു; ലോ അക്കാദമി ചർച്ചയിൽ 1969ൽ നിയമസഭയിൽ ഭരണപക്ഷം രക്ഷപ്പെട്ടത് പിഴവ് ഏറ്റുപറഞ്ഞ്‌

'സമാധാനം' നാരായണന് 11 ഏക്കർ 49 സെന്റ് കൊടുത്തതിൽ പിഴവുണ്ടായി; പ്രതിപക്ഷ കടന്നാക്രമണത്തിൽ മന്ത്രി എംഎൻ പിടിച്ചു നിന്നത് സാങ്കേതികത്വത്തെ കൂട്ടുപിടിച്ച്; ഇടപാടിനെ സിപിഎമ്മുകാരിയായ റവന്യൂമന്ത്രി ഗൗരിയമ്മ പരസ്യമായി എതിർത്തിരുന്നു; ലോ അക്കാദമി ചർച്ചയിൽ 1969ൽ നിയമസഭയിൽ ഭരണപക്ഷം രക്ഷപ്പെട്ടത് പിഴവ് ഏറ്റുപറഞ്ഞ്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോ കോളേജ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന 14 ഏക്കർ ഉൾപ്പടെ പേരൂർക്കടയിലെ നിരവധി പ്രധാന കെട്ടിടങ്ങൾ തിരു കൊച്ചി സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന പിഎസ് നടരാജ പിള്ളയുടെ പേരിലുള്ളതായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമാകുന്നതിന് മുൻപ് തിരുകൊച്ചി സംസ്ഥാനം ഭരിച്ചിരുന്ന പിഎസ്‌പി സർക്കാറിലെ ധനകാര്യമന്ത്രിയായിരുന്നു നടരാജപിള്ള. നടരാജ പിള്ളയുടെ കാലത്ത് സർ സിപി എന്തോ കുടിശ്ശികയുടെ പേര് പറഞ്ഞാണ് ഭൂമി കണ്ടു കെട്ടിയത്. ധനകാര്യമന്ത്രിയാപ്പോഴും ആദർശ ധീരനായ നടരാജ പിള്ള ഈ സ്വത്ത് തിരിച്ചെടുക്കാൻ ഒന്നും ചെയ്തില്ല. നടരാജ പിള്ളയുടെ മരണ ശേഷം കുടുംബം ഇതിനായി രംഗത്തുവന്നു. ഇംഎംഎസിന്റെ ഭരണകാലം. എല്ലാമറിയുന്ന ഗൗരിയമ്മ റവന്യൂമന്ത്രിയും. നടരാജപിള്ളയുടെ ഭാര്യയുടേയും മക്കളുടേയും ആവശ്യം ഗൗരിയമ്മയ്ക്ക് ബോധ്യപ്പെട്ടു. അവർ കുടുംബത്തിന് ചില ഉറപ്പും നൽകി. അതെല്ലാം സർക്കാർ തലത്തിൽ തന്നെ അട്ടിമറിക്കപ്പെട്ടുവെന്നതാണ് യാഥാർത്ഥ്യം.

നാരായണൻ നായരുടെ രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് മറുനാടൻ മലയാളിയോട് നടരാജ പിള്ളയുടെ മകൻ വെങ്കിടേശ്വരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അച്ഛന്റെ കാല ശേഷം അമ്മയെകൊണ്ട് 1966ൽ അന്നത്തെ റവന്യു മന്ത്രിയായിരുന്നു ഗൗരിയമ്മയ്ക്ക് അപേക്ഷ നൽകിയിരുന്നു. അന്ന് അവിടെ സ്ഥിതി ചെയ്തിരുന്നത് കൃഷി വകുപ്പിന്റെ ഗ്രാമസേവ പരിശീലന കേന്ദ്രമായിരുന്നു.പിന്നീട് അതുകൊട്ടാരക്കരയിലേക്ക് മാറ്റുകയും ചെയ്തു. ആ സ്ഥിതിക്ക് റവന്യൂ വകുപ്പിന് തിരികെ നൽകേണ്ടിയിരുന്ന ഭൂമി പക്ഷേ തിരികെ നൽകിയില്ല. പിന്നീട് ആർക്ക് കൈമാറണമെങ്കിലും റവന്യൂ വകുപ്പ് നേരിട്ട് ചെയ്യണമെന്നായിരുന്നു. തങ്ങളുടെ അപേക്ഷയിൽമേൽ അനുകൂല റിപ്പോർട്ടുകൾ വില്ലേജിൽ നിന്നും താലൂക്കിൽ നിന്നും ലഭിച്ചിട്ടും അന്ന് ഭൂമി ലഭിച്ചില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് ചികിത്സയ്ക്കായി ജർമനിയിലേക്ക് പോവുകയായിരുന്നു. പിന്നീട് ഭൂമി സർക്കാറിന്റെ ആവശ്യങ്ങൾക്ക് വേണം എന്ന് പറഞ്ഞാണ് അന്ന് അപേക്ഷ തള്ളിയത്. സിപിഐ നേതാവ് എംഎൻ ഗോവിന്ദൻ നായരായിരുന്നു ഈ അപേക്ഷ തള്ളിയതെന്നായിരുന്നു വെങ്കിടേശ്വരന്റെ ആക്ഷേപം. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന നിയമസഭാ രേഖകൾ.

1967-68 കാലഘട്ടത്തിലാണ് നാരായണൻ നായർക്ക് ഭൂമി നകൈമാറിയത്. കൃഷി വകുപ്പിന്റെ ഈ നീക്കത്തെ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മ പരസ്യമായി തന്നെ എതിർത്തിരുന്നു. ഇക്കാര്യത്തിൽ വലിയ ചർച്ചകളാണ് നിയമസഭയിൽ 1968 ഓഗസ്റ്റ് 23ന് നടന്നത്. ഇംഎംഎസ് മന്ത്രിസഭയിലെ മന്ത്രിമാർക്കിടയിലെ ഭിന്നതയായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഉയർത്തിക്കാട്ടിയത്. നാരായണൻ നായരെ സമാധാനം നാരായണൻ നായർ എന്നായിരുന്നു ചോദ്യത്തോരവേളയിൽ ചർച്ചയ്ക്ക് നേതൃത്വം നൽകിയ ദേവസ്സികുട്ടി വിശേഷിപ്പിച്ചത്. ചർച്ചകൾക്കൊടുവിൽ ഭൂമി കൈമാറ്റത്തിൽ സാങ്കേതിക പിഴവുണ്ടായെന്ന് കൃഷി മന്ത്രിയായ എംഎൻ ഗോവിന്ദൻ നായർ സമ്മതിക്കുകയും ചെയ്തു. അനധികൃതമായി പാട്ടത്തിന് കൊടുത്തിട്ടുള്ള നടപടി റദ്ദ് ചെയ്യുമോ എന്ന ചോദ്യത്തിന് അത് ആലോചിച്ചതിന് ശേഷം പറയാമെന്ന് എംഎൻ മറുപടിയും നൽകി. അതിന് ശേഷം ആരും ഒന്നും മിണ്ടിയില്ല. അങ്ങനെ വാടകയ്ക്ക് കിട്ടിയ ഭൂമി ലോ അക്കാദമിക്ക് പിന്നീട് പാട്ടത്തിന് നൽകുന്ന സ്ഥിതിയും വന്നുവെന്നതാണ് നിയമസഭാ രേഖകൾ പോലും വ്യക്തമാക്കുന്നത്.

ഗവൺമെന്റ് ലോ അക്കാദമിക്ക് സ്ഥലവും കെട്ടിവും വാടകയ്ക്ക് കൊടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ എവിടെയാണ് കൊടുത്തത്? എത്ര സ്ഥലമാണ് കൊടുത്തത്? കൊടുത്തിട്ടുണ്ടെങ്കിൽ സ്ഥലത്തിന് ഏന്തു വാടകയ്ക്കാണ് ഗവർണമെന്റെ നിശ്ചയിച്ചിട്ടുള്ളത്? വാടക നിശ്ചയിച്ച ഗവർണമെന്റ് ഉദ്യോഗസ്ഥൻ ആരാണ്? നിശ്ചയിച്ച വാടക ഗവർണമെന്റിന് കൃത്യമായി കൊടുത്തിട്ടുണ്ടോ? നിയമസഭയിൽ 1968ൽ എൻ ഐ ദേവസ്സി കുട്ടിയാണ് നിയമസഭയിൽ ഈ ചോദ്യം ഉയർത്തിയത്. 11 ഏക്കർ 49 സെന്റ് സ്ഥലം വാടകയ്ക്ക് കൊടുത്തുവെന്നായിരുന്നു കൃഷിയും വൈദ്യുതി വകുപ്പും മന്ത്രിയായ എം എൻ ഗോവിന്ദൻ നായരുടെ മറുപടി. ക്ലിപ്തമായ വാടക നിശ്ചിയിച്ചിട്ടില്ലെന്നും വിശദീകരിച്ചു. വാടക നിശ്ചയിച്ച ഗവർണമെന്റ് ഉദ്യോഗസ്ഥൻ ആരാണ്? നിശ്ചയിച്ച വാടക ഗവർണമെന്റിന് കൃത്യമായി കൊടുത്തിട്ടുണ്ടോ? എന്നീ ചോദ്യങ്ങൾക്ക് ചോദ്യം ഉദിക്കുന്നില്ലെന്നായിരുന്നു സാക്ഷാൽ എംഎന്റെ മറുപടി. ഇത് വലിയ ചർച്ചയിലേക്കാണ് കാര്യങ്ങൾ എത്തിച്ചത്.

ഇതോടെ ചാടി എണീറ്റ ദേവസ്സിക്കുട്ടി സമാധാനം നാരായണനാണെന്ന് പറഞ്ഞപ്പോൾ ബി ചന്ദ്രശേഖര വാര്യർ ക്രമപ്രശ്‌നവുമായെത്തി. സഭയിൽ ഇല്ലാത്ത ആളെ കുറിച്ച് പരാമർശിച്ചുവെന്നായിരുന്നു ക്രമപ്രശ്‌നം. ഇത് സ്പീക്കർ അംഗീകരിച്ചില്ല. അങ്ങനെ ദേവസിക്കുട്ടി വീണ്ടും വിശദീകരണവുമായെത്തി. സർ എന്റെ ചോദ്യത്തിന്റെ പ്രസക്തത ഭാഗത്തിന് മറുപടി പറഞ്ഞില്ല. കൃഷി വകുപ്പ് മന്ത്രി അദ്ദേഹത്തിന്റെ പാർട്ടിക്കാരനായ സമാധാനം നാരായണൻ പള്ളിയെന്നയാളിന് ആ സ്ഥലം ചുരുങ്ങിയ പാട്ടത്തിന് പതിച്ചു കൊടുത്തിട്ടുള്ളതും അപ്രകാരം സ്ഥലം പതിച്ചു കൊടുക്കാനുള്ള അധികാരം റവന്യൂ മന്ത്രിക്കാണെന്നും റവന്യൂമന്ത്രിയുടെ അധികാരത്തിൽ കൃഷിമന്ത്രി കൈകടത്തുകയുമാണ് ചെയ്തതെന്ന് റവന്യൂമന്ത്രി പത്രപ്രസ്താവനയിൽ പറഞ്ഞിട്ടുള്ളത് കൃഷി മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും ദേവസ്സികുട്ടി ചോദിച്ചു. ഉണ്ടെങ്കിൽ അക്കാര്യത്തിൽ എന്തു നടപടിയാണ് എടുത്തിട്ടുള്ളതെന്നായിരുന്നു അടുത്ത ചോദ്യം.

'ലോ അക്കാദമി ഒരു പ്രത്യേക വ്യക്തിയുടെ വകയല്ല. അതിന്റെ ചീഫ് പേട്രൺ ഗവർണറാണ്. പേട്രൺ ചീഫ് മിനിസ്റ്ററും. റവന്യു മന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പിന്നെ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ വക്കീലന്മാരും അംഗങ്ങളാണ്.'' എന്നായിരുന്നു എംഎന്റെ മറുപടി. ഈ വസ്തു കൈമാറ്റത്തിൽ റവന്യൂ മന്ത്രി ഒരു സാങ്കേതിക ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് ശരിയായിരിക്കാമെന്നും പറഞ്ഞ് മന്ത്രി എംഎൻ തടിതപ്പി. ഇതിന് ശേഷം ഇ ചന്ദ്രശേഖരൻ നായർ റെന്റ് ഫിക്‌സ് ചെയ്തുവെന്നും വിശദീകരിച്ചു. ഇതോടെ ബഹുമാനപ്പെട്ട മന്ത്രി പറഞ്ഞത് റെന്റ് ഫിക്‌സ് ചെയ്തില്ലെന്നാണെന്നും എന്റെ ചോദ്യത്തിന്റെ ഭൂരിഭാഗത്തിനും ഉത്തരം പറഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു. ഇതേ സമയം കെ കരുണാകരന്റെ ഇടപെടലുണ്ടായി. ഒരാൾ ചോദ്യം ചോദിക്കുമ്പോൾ ഇടയ്ക്ക് കയറി അതിന്റെ ന്യായാന്യായങ്ങളെ കുറിച്ച് പോയിന്റെ ഓഫ് ഓർഡർ ഉന്നയിച്ച് തടയുന്നത് ശരിയാണോ എന്നതായിരുന്നു കരുണാകരന്റെ ചോദ്യം. ചോദിച്ച് തീർന്നിട്ട് പോരെ അതെന്നായിരുന്നു കരുണാകരന്റെ ചോദ്യം. ടി എ മജീദായിരുന്നു ഇടപെട്ടത്. ചോദ്യം ചോദിക്കുന്നതിന് മര്യാദയുണ്ട്. പത്രപ്രസ്താവനകളെ ആധാരമാക്കി പ്രധാന ചോദ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയാണോ എന്നായിരുന്നു കരുണാകരന് മജീദ് നൽകിയ മറുപടി. ഇതിനിടെയിൽ റൂൾസ് ഓഫ് പ്രോസിഡീയർ അനുസരിച്ച് ചോദ്യോത്തര വേളയിൽ പോയിന്റെ ഓഫ് ഓർഡർ പാടില്ലെന്ന വാദം ചന്ദ്രശേഖരൻ നായരും നിരത്തി.

ഇതോടെ പ്രതിപക്ഷത്ത് നിന്ന് കെ എം ജോർജും ചോദ്യവുമായെത്തി. ഇക്കാര്യത്തിൽ സാങ്കേതിക പരമായ തടസ്സമുണ്ടെന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ രണ്ട് മന്ത്രിമാരും കൂടി ആലോചിച്ച് തീർ്ത്തു കൂടെയെന്നായിരുന്നു ജോർജ് ഉന്നയിച്ച വാദം. സാങ്കേതികമായി ന്യൂനത എന്നു പറയുന്നത് കൃഷി ഡിപ്പാർട്ട്‌മെന്റിന്റെ അധീനതയിൽ ഇരിക്കുന്ന സ്ഥലം ആ ഡിപ്പാർട്ടുമെന്റിന് ആവശ്യമില്ലാതെ വന്നാൽ റവന്യൂ ഡിപ്പാർട്ട്മന്റിന് കൈമാറ്റം ചെയ്യുകയും അത് റവന്യൂവകുപ്പിന് പാട്ടത്തിന് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യാം. ഈ സ്ഥലം കൃഷി ഡിപ്പാർട്ട്‌മെന്റിന് ആവശ്യമില്ലെന്നതിന്റെ അടിസ്ഥാനത്തിൽ ആണ് കൈമാറ്റം ചെയ്തത്. അതിൽ ചിലപ്പോൾ സാങ്കേതികമായ പോരായ്മ ഉണ്ടായിരിക്കാം. എംഎൽഎ ആയിട്ട് വരുന്നവരാണ് മന്ത്രിമാരായി വരുന്നത്. അല്ലാതെ അഡ്‌മിനസ്‌ട്രേഷൻ വിദഗ്ധന്മാരായിരിക്കുന്നവർ മാത്രമേ മന്ത്രിമാരായിട്ട് വരികയുള്ളൂവെന്നൊന്നുമില്ല. അങ്ങനെ വല്ല തെറ്റും പറ്റിയിരിക്കാം-ഇതായിരുന്നും എംഎന്റെ മറുപടി.

ഈ സ്ഥലത്തിന് 2,500 രൂപ വാടക തിരുവനന്തപുരം കളക്ടർ നിശചയിച്ചത് ദേവസ്സിക്കുട്ടി വീണ്ടും ചൂണ്ടിക്കാട്ടി. കൃഷിമന്ത്രി ഇങ്ങനെ കൊടുത്തിട്ടുള്ളത് ശരിയല്ലെന്നുള്ള റവന്യൂമന്ത്രിയുടെ പ്രസ്താവന ശരിയാണോ, പ്രസ്താവന ശരിയല്ലെങ്കിൽ അതിനെ കൃഷിമന്ത്രി പരസ്യമായി നിഷേധിച്ചിട്ടുണ്ടോ എന്നായി ദേവസ്സിക്കുട്ടിയുടെ വ്യക്തമായ ചോദ്യം. അതിന് ഗവർൺമെന്റ് നിശ്ചയിച്ചിട്ടുള്ള വാടക തരാനാണ് നേരത്തെ പറഞ്ഞിട്ടുള്ളതെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. ഈ ചർച്ചയുടെ അവസാനം കെഎം ജോർജ് ഗൗരവതരമുള്ള ചോദ്യമാണ് ഉന്നയിച്ചത്. കൃഷി വകുപ്പിന്റേതാല്ലാത്ത ഒരു സ്ഥലം അനധികൃതമായി പാട്ടത്തിന് കൊടുത്തിട്ടുള്ള നടപടി റദ്ദ് ചെയ്യുമോ എന്നതായിരുന്നു ആ ചോദ്യം. അത് ആലോചിച്ചതിന് ശേഷം മറുപടി പറയാമെന്ന് എംഎൻ മറുപടിയും നൽകി.

കമ്മ്യൂണിസ്റ്റ് പാർട്ടയിടെ വിഭജനത്തിന് ശേഷം 1965ൽ കേരളത്തിൽ ആർക്കും ഭരണമുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. 1967ൽ ഭിന്നിച്ച രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. അങ്ങനെ ഇടതുപക്ഷം അധികാരത്തിലെത്തി. സിപിഐ(എം) 52 സീറ്റിലും സിപിഐ 22 സീറ്റിലും ജയിച്ചു. ഇഎംഎസിന്റെ മന്ത്രിസഭയിൽ കെ ആർ ഗൗരിയമ്മയായിരുന്നു റവന്യൂമന്ത്രി. കൃഷി മന്ത്രി സിപിഐയുടെ എംഎൻ ഗോവിന്ദൻ നായരും. ലോ അക്കാദമിക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് അന്ന് ഗൗരിയമ്മയും ഗോവിന്ദൻനായരും വലിയ തർക്കമുണ്ടായിരുന്നു. റവന്യൂ വകുപ്പിന്റെ ഭൂമി അവരറിയാതെയായിരുന്നു കൃഷി വകുപ്പ് നാരായണൻ നായർക്ക് കൈമാറിയത്. സിപിഐക്കാരനായതു കൊണ്ടാണ് ഇത് സംഭവിച്ചതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണമെന്നാണ് ഈ നിയമസഭാ രേഖ വ്യക്തമാക്കുന്നത്. അന്ന് കെ കരുണാകരനായിരുന്നു പ്രതിപക്ഷ നേതാവ്.

ഇതേ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വാടകയ്ക്ക് കൊടുത്ത സ്ഥലം പാട്ടത്തിന് നാരായണൻനായർ സ്വന്തമാക്കിയത്. അന്ന് നാരായണൻ നായർ സിപിഐക്കാരനെന്നതിൽ ഉപരി എല്ലാ രാഷ്ട്രീയക്കാരുടേയും അടുപ്പക്കാരനായി മാറിയിരുന്നുവെന്നതാണ് വസ്തുത.

(കടപ്പാട്-സാബ്ലു തോമസ്, ഡെക്കാൺ ക്രോണിക്കിൾ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP