Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൂഢോദ്ദേശ്യത്തോടെ ശവസംസ്‌കാരം തടഞ്ഞു; മാർത്തോമ്മാ സഭാതലവൻ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്തയ്‌ക്കെതിരെ 50 ലക്ഷത്തിന്റെ മാനനഷ്ടക്കേസിന് വക്കീൽ നോട്ടീസ്; മെത്രാപൊലീത്ത കളിച്ചത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ആരോപണം; പരസ്യമായി മാപ്പുപറയണമെന്നും പരേതനായ സഭാവിശ്വാസിയുടെ ബന്ധുക്കൾ

ഗൂഢോദ്ദേശ്യത്തോടെ ശവസംസ്‌കാരം തടഞ്ഞു; മാർത്തോമ്മാ സഭാതലവൻ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്തയ്‌ക്കെതിരെ 50 ലക്ഷത്തിന്റെ മാനനഷ്ടക്കേസിന് വക്കീൽ നോട്ടീസ്; മെത്രാപൊലീത്ത കളിച്ചത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ആരോപണം; പരസ്യമായി മാപ്പുപറയണമെന്നും പരേതനായ സഭാവിശ്വാസിയുടെ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: തങ്ങളുടെ കുടുംബാംഗത്തിന്റെ ശവസംസ്‌കാരം തടയുകയും വൈകിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ മാർത്തോമ്മാ സഭാവിശ്വാസികൾ സഭാധിപനായ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്തായ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നു. 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസാണ് മെത്രാപൊലീത്തയ്‌ക്കെതിരെ നൽകുന്നത്.

ജൂൺ 27 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. 67 കാരനായ ജേക്കബ് ഡാനിയേലിന്റെ മൃതദേഹം ജൂൺ 27 ന് സംസ്‌കരിക്കാനിരിക്കെ മെത്രാപൊലീത്തയുടെ അന്യായ ഇടപടൽ മൂലം തലേന്ന് രാത്രി അനുമതി നിഷേധിക്കുകയായിരുന്നു. പിറ്റേന്ന് മെത്രാപൊലീത്തയെ നേരിൽ കാണാൻ അനുമതി ചോദിച്ചെങ്കിലും കിട്ടിയില്ല. മനഃപൂർവം രാഷ്ട്രീയപ്രേരിതമായി ശവസംസ്‌കാരം വൈകിച്ചുവെന്നും അതുമൂലം ബന്ധുമിത്രാദികൾക്ക് മുമ്പാകെയും പൊതുസമൂഹത്തിന് മുമ്പാകെയും തങ്ങൾക്ക് മാനഹാനിയും വേദനയുമുണ്ടായെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. മെത്രാപൊലീത്ത ഇതിന് പൊതുജനമധ്യത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ മാനനഷ്ടത്തിന് പരിഹാരമായി നൽകണമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ എംപി. സിൻഹ വഴി നൽകിയ വക്കീൽ നോട്ടീസിൽ പറയുന്നത്. അതല്ലെങ്കിൽ ഐപിസി 500 ാം വകുപ്പ് പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസ് നൽകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. 30 ദിവസത്തിനകമാണ് നോട്ടീസിന് മറുപടി നൽകേണ്ടത്.

കൊല്ലം ചാത്തന്നൂർ തട്ടാരുകോണം ശാന്തി ഭവനിൽ 67 കാരനായ ജേക്കബ് ഡാനിയേൽ കഴിഞ്ഞ ജൂൺ 24ന് ഡൽഹിയിൽ വെച്ച് അർബുദ ബാധിതനായി മരിച്ചു. കുടുംബത്തിന്റെ ആഗ്രഹപ്രകാരം സ്വന്തം നാട്ടിൽ വെച്ച് ശവസംസ്‌കാര ശുശ്രൂഷ നടത്താനും തീരുമാനിച്ചു. ഇതിനായി ചട്ടപ്രകാരമുള്ള എല്ലാ രേഖകളും ഡൽഹിയിൽ നിന്ന് നേടിയെടുത്ത ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. ഡൽഹിയിൽ നിന്നും മരണ സർട്ടിഫിക്കറ്റും കരോൾബാഗ് സെന്റ് തോമസ് മാർത്തോമ്മ ഇടവകയിലെ അംഗത്വ സർട്ടിഫിക്കറ്റുമായി കുടുംബ ഇടവകയായ കല്ലുവാതുക്കൽ ഇമ്മാനുവൽ മാർത്തോമ്മ പള്ളി അധികൃതരെ സമീപിച്ചു. രേഖകൾ പരശോധിച്ച ബോധ്യപ്പെട്ടതിന് ശേഷം ഇടവക പള്ളി ഉൾപ്പെടുന്ന തിരുവനന്തപുരം ഭദ്രാസനത്തിൽ രേഖകൾ കാണിച്ച് അംഗീകാരം വാങ്ങാൻ വികാരി നിർദ്ദേശിച്ചു. ഇത് പ്രകാരം ബന്ധുക്കൾ ഭദ്രാസന ഓഫീസിലെത്തി അധികൃതരെ രേഖകൾ കാണിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ശവസംസ്‌കാര ശുശ്രൂഷക്കുള്ള അംഗീകാരം നേടി ചടങ്ങുകൾക്കുള്ള സമയവും തീരുമാനിച്ചിരുന്നു.

എന്നാൽ ശവസംസ്‌കാര ദിവസത്തിന്റെ തലേദിവസം (ജൂൺ 26) രാത്രി പതിനൊന്ന് മണിയോടെ സഭാ അധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഇടവക വികാരിയെ ഫോണിൽ ബന്ധപ്പെടുകയും പിറ്റേന്നത്തെ സംസ്‌കാരശുശ്രൂഷ നടത്താൻ കഴിയില്ലെന്നും തന്നെ നേരിൽ കണ്ടിട്ട് മാത്രം സംസ്‌കാരം നടത്തിയാൽ മതിയെന്ന് അറിയിക്കുകയും ചെയ്തു. എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും കൃത്യമായിട്ടും എന്തുകൊണ്ട് ശവസംസ്‌കാര ശുശ്രൂഷ തടഞ്ഞു എന്ന ബന്ധുക്കളുടെ ചോദ്യത്തിന് സഭാ അധികൃതർ ബന്ധുക്കൾക്ക് മറുപടി നൽകിയില്ല. ജൂൺ 28നാണ് സംസ്‌കാരം നടത്താൻ കഴിഞ്ഞത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മെത്രാപൊലീത്ത സഭാവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജേക്കബ് ഡാനിയേലിന്റെ മരുമകനായ അരുൺ മാത്യു ആരോപിക്കുന്നു. സംസ്‌കാരം ജൂൺ 27 ന് രാവിലെ 11 നാണ് നിശ്ചയിച്ചിരുന്നത്. അനുമതി നിഷേധിച്ച ഉടൻ മെത്രാപൊലീത്തയെ ബന്ധപ്പെട്ടെങ്കിലും പിറ്റേന്ന് രാവിലെ കാണാൻ കഴിയില്ലെന്നും കൊട്ടാരക്കരയിൽ ഒരുചടങ്ങിൽ പങ്കെടുക്കണമെന്നുമാണ് മറുപടി നൽകിയത്. അരുണും, ജേക്കബ് ഡാനിയലിന്റെ സഹോദരൻ മാത്യു ഡാനിയലും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ മെത്രാപൊലീത്തയെ കണ്ടെങ്കിലും തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് തന്റെ അനുമതിപത്രം വാങ്ങണമെന്നാണ് നിഷ്‌കർഷിച്ചത്.

തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ള അനുമതിയും സംസ്‌കാരം നടത്താനുള്ള എല്ലാ രേഖകളും ഉണ്ടായിട്ടും അനുമതി റദ്ദാക്കിയത് എന്തുകൊണ്ടെന്ന് അധികൃതർക്ക് വിശ്വസനീയമായ രീതിയിൽ വിശദീകരിക്കാൻ കഴിഞ്ഞില്ല. ജേക്കബ് ഡാനിയൽ ഉറച്ച ദൈവവിശ്വാസിയായിരുന്നു. മാർത്തോമ വിശ്വാസിയെന്ന നിലയിൽ യേശുക്രിസ്തുവിൽ വിശ്വസിക്കാനാണ് തിരുമേനിയിൽ വിശ്വസിക്കാനല്ല പഠിപ്പിച്ചതെന്നും അരുൺ മാത്യു പറഞ്ഞു.

മെത്രാപൊലീത്തയെ നേരിട്ടുകണ്ട് എല്ലാം ബോധ്യപ്പെടുത്തിയിട്ടും വൈകിട്ട് നാലുമണിക്ക് തിരുവല്ലയിലെ ആസ്ഥാനത്ത് നിന്ന് അനുമതി പത്രം വാങ്ങണമെന്ന് ശഠിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇത് ചടങ്ങ് മന: പൂർവം വൈകിപ്പിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ്. ആരാണ് സംസ്‌കാരത്തെ കുറിച്ച് മെത്രാപൊലീത്തയെ അറിയിച്ചത് എന്ന ചോദ്യത്തിന് മറുപടി പറയണം. പള്ളിവികാരിക്ക് സ്വന്തമായി ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്ന 2004 ഫെബ്രുവരി രണ്ടിലെ സർക്കുലറിൽ പറയുന്നുണ്ടെങ്കിലും മെത്രാപൊലീത്ത എന്തിന് അനാവശ്യമായി ഇടപെട്ടു? വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ഒരുവ്യക്തിയാണോ മാർത്തോമ്മാ സഭയുടെ തലപ്പത്ത് ഇരിക്കേണ്ടതെന്നും ചോദിക്കുന്നു പരാതിക്കാരായ കുടുംബം. ഇല്ലാത്ത അധികാരം പ്രയോഗിച്ചതിന് മെത്രാപൊലീത്ത മറുപടി നൽകണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP