Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞിനെ കമ്പിളിയിൽ പൊതിഞ്ഞ് മടിയിലിരുത്തി, നാല് പൊടി കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഫെറ എന്ന 27കാരി മോർച്ചറിക്ക് മുമ്പിൽ കാത്തിരിക്കുന്നത് തന്റെ ഭർത്താവ് ഇവിടെ ഇല്ല എന്നുറപ്പാക്കാൻ; എന്റെ മകനെ നിങ്ങൾ കണ്ടോ എന്ന് ചോദിച്ച് അമ്മ; കൈ നിറയെ തോക്കുമായി കലാപകാരികൾ എവിടെ നിന്നെത്തിയത് എന്ന് നടുവീർപ്പെട്ട് ഇരകളുടെ ഉറ്റവർ; പുറമേ എല്ലാം ശാന്തമായപ്പോഴും അകമേ കത്തിയെരിയുന്ന നെരിപ്പോട് പോലെ ഡൽഹി

രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞിനെ കമ്പിളിയിൽ പൊതിഞ്ഞ് മടിയിലിരുത്തി, നാല് പൊടി കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഫെറ എന്ന 27കാരി മോർച്ചറിക്ക് മുമ്പിൽ കാത്തിരിക്കുന്നത് തന്റെ ഭർത്താവ് ഇവിടെ ഇല്ല എന്നുറപ്പാക്കാൻ; എന്റെ മകനെ നിങ്ങൾ കണ്ടോ എന്ന് ചോദിച്ച് അമ്മ; കൈ നിറയെ തോക്കുമായി കലാപകാരികൾ എവിടെ നിന്നെത്തിയത് എന്ന് നടുവീർപ്പെട്ട് ഇരകളുടെ ഉറ്റവർ; പുറമേ എല്ലാം ശാന്തമായപ്പോഴും അകമേ കത്തിയെരിയുന്ന നെരിപ്പോട് പോലെ ഡൽഹി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കലാപങ്ങൾ ഡൽഹിയെ ഇതിന് മുമ്പും കരയിപ്പിച്ചിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും ഡൽഹിയെ വിട്ടുമാറിയിട്ടില്ല. എന്നാൽ അതിനും അപ്പുറത്തേക്കായിരുന്നു ഇപ്പോഴത്തെ കലാപം. തോക്കുപയോഗിച്ച് നടന്ന കലാപം. ഉത്തർപ്രദേശ് അതിർത്തിയോടുചേർന്നുള്ള പ്രദേശങ്ങളിൽ നടന്ന സംഘർഷത്തിൽ ഇത്രയും തോക്ക് എവിടെനിന്ന് എത്തിയെന്ന് പൊലീസിനും പിടികിട്ടാത്ത ഉത്തരമാണ്. ചികിത്സയിലുള്ള ഇരുനൂറിലേറെ പേരിൽ 40 ശതമാനത്തിനും വെടിയേറ്റിട്ടുണ്ടെന്ന് ജി.ടി.ബി. ആശുപത്രിയധികൃതർ വ്യക്തമാക്കുന്നു. ചാന്ദ്ബാഗിലെ അഴുക്കുചാലിൽ കണ്ടെടുത്ത ഐ.ബി. ഓഫീസറുടെ മൃതദേഹത്തിലും വെടിയേറ്റ പാടുണ്ടായിരുന്നു. വടക്കുകിഴക്കൻ ഡൽഹി മെല്ലെ സമാധാനത്തിലേക്ക് പോവുകയാണ്. അപ്പോഴും അകത്തെ നീറൽ മാറുന്നില്ല. പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ തുടർച്ചയായുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി.

കണ്ണുനനയിക്കുന്ന കാഴ്ചകളാണ് ദിൽഷാദ് ഗാർഡനിലെ ജി.ടി.ബി. ആശുപത്രി മോർച്ചറിക്കുമുന്നിൽ. ഭർത്താവ് മുഹമ്മദ് ദിൽഷാദിന്റെ വിവരമറിയാൻ പറക്കമുറ്റാത്ത അഞ്ചു മക്കളുമായി മൂന്നുദിവസമായി കാത്തിരിക്കുന്നു ഭാര്യ ഫറ. രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞിനെ കമ്പിളിയിൽ പൊതിഞ്ഞ് മടിയിലിരുത്തി, ഒമ്പതുമുതൽ രണ്ടുവരെ പ്രായമുള്ള നാലുമക്കളെ ചേർത്തുപിടിച്ച് കാത്തിരിക്കുകയാണ് ഈ ഇരുപത്തിയേഴുകാരി. ഭർത്താവ് എവിടെയുണ്ടെന്ന് ഒരറിവുമില്ല. പൊലീസിനും ദിൽഷാദിനെ കുറിച്ച് ഒരറിവുമില്ല. തിരിച്ചു വരണേ എന്ന പ്രാർത്ഥനയുമായാണ് ഫറയുടെ ആശുപത്രിക്ക് മുമ്പിലെ ഇരിപ്പ്. ഇത്തരം കണ്ണീർ കാഴ്ചകളാണ് ആശുപത്രിക്ക് മുമ്പിലുള്ളത്. മരിച്ചവരേക്കാൾ കാണാതായവരുടെ എണ്ണം. അതുകൊണ്ട് തന്നെ മരണം ഇനിയും ഉയരും.

സോനു എന്നു വിളിപ്പേരുള്ള മുപ്പത്തൊന്നുകാരനായ ദിൽഷാദും കുടുംബവും ചാന്ദ്ബാഗിലാണു താമസം. ഓട്ടോമൊബൈൽ സ്‌പെയർപാർട്സുണ്ടാക്കി വിൽക്കുന്ന ദിൽഷാദ് തിങ്കളാഴ്ച പതിവുപോലെ ജോലിക്കിറങ്ങിയതാണ്. വൈകീട്ട് അക്രമം വ്യാപിച്ചതോടെ ദിൽഷാദും അപ്രത്യക്ഷനായി. മൊബൈൽ ഫോൺ വീട്ടിൽവെച്ചു പോയതിനാൽ ദിൽഷാദിനെ ബന്ധപ്പെടാനായില്ല. സഹോദരി ഫറീനുമൊത്ത് ധൈര്യം സംഭരിച്ച് മോർച്ചറിക്കുള്ളിൽക്കയറി എല്ലാ മൃതദേഹങ്ങളും ഫറ പരിശോധിച്ചു. മൃതദേഹം കിട്ടിയില്ല. ഇതോടെ കാത്തിരിപ്പിലായി. മോനെ കണ്ടില്ല. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാവുന്നതല്ല. പരാതി നൽകിയിട്ടും പൊലീസുകാർ മറുപടിയൊന്നും നൽകുന്നില്ല'' -ദിൽഷാദിന്റെ അമ്പതുകാരിയായ അമ്മ ഷായിദ ബീഗം കണ്ണീരോടെ പറഞ്ഞു.

ഭർത്താവ് മുശറഫിനെത്തേടി ഭാഗീരഥി വിഹാറിലെ ഫരീദും (25), ഭർത്താവ് മുഹമ്മദ് ഫിറോസിനെ തേടി അശോക് വിഹാർ കോളനിയിലെ രുക്സാനയും (29) കാത്തിരിപ്പിലാണ്. ഇവർക്കും ഭർത്താവ് എവിടെയാണെന്ന് അറിയില്ല. അച്ചനെ തേടി ഇരിക്കുന്ന മകനും ഡൽഹിയുടെ നൊമ്പരമാണ്. ജഗദ്പുരിയിലെ ഓറഞ്ച് ഫാക്ടറിയിൽ ജോലിചെയ്യുന്ന അമ്പത്താറുകാരനായ ഹരിപ്രസാദിനെയും തിങ്കളാഴ്ചയാണു കാണാതായത്. മുകേഷ് കാത്തിരിപ്പിലും. കാണാതായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അന്വേഷിച്ചെത്തിയ ഒട്ടേറെപ്പേരുണ്ട് മോർച്ചറിക്കുമുന്നിൽ. മൃതദേഹം വിട്ടുകിട്ടുന്നത് കാത്തിരിക്കുന്നവർ വേറെ. വ്യാഴാഴ്ചവരെ പോസ്റ്റ്മോർട്ടം നടത്തിയ 30 മൃതദേഹങ്ങളിൽ 29 എണ്ണമാണു തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ എട്ടുപേരുടേതടക്കം ഒമ്പതു മൃതദേഹങ്ങൾ ആരുടേതെന്നറിയില്ല.

വടക്കുകിഴക്കൻ ഡൽഹിയിലെ പ്രശ്‌ന പ്രദേശങ്ങളിൽ അകമേ അസ്വസ്ഥത നീറിനിൽപ്പുണ്ടെങ്കിലും പുറമേയെല്ലാം ശാന്തമാണ്. ജനങ്ങൾ ഭയാശങ്കകളിലാണ്. തകർക്കപ്പെട്ട വീടുകൾക്കും തീയിലമർന്ന കടകമ്പോളങ്ങൾക്കും വാഹനങ്ങൾക്കും മുമ്പിൽ വേദനകൾ കടിച്ചമർത്തി നിൽക്കുന്ന ജനത. വെള്ളിയാഴ്ച കർഫ്യൂവിൽ ഇളവുവരുത്തിയതോടെ ചിലയിടങ്ങളിൽ കടകൾ തുറന്നു. വാഹനങ്ങളോടി. കലാപത്തിന്റെ അവശിഷ്ടങ്ങൾ മുനിസിപ്പൽ ജീവനക്കാർ ട്രക്കുകളിൽ നീക്കുന്നു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ജാഫ്രാബാദ്, മൗജാപുർ, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജൻപുര, കബീർ നഗർ, ബാബർപുര, സീലാംപുർ തുടങ്ങിയ പ്രശ്‌നമേഖലകളിൽ ഡൽഹി പൊലീസിനു പുറമേ ഏഴായിരത്തോളം അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി 331 സമാധാനയോഗങ്ങൾ ചേർന്നു. ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ വെള്ളിയാഴ്ച പ്രശ്‌നമേഖലകൾ സന്ദർശിച്ചു. മൗജ്പുർ, ജാഫ്രാബാദ്, ഗോകുൽപുരി തുടങ്ങിയ പ്രദേശങ്ങളിലാണ് അദ്ദേഹമെത്തിയത്.

ഇനി ഡിഎൻഎ പരിശോധന

മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. പുറത്തു കാത്തുനിൽക്കുന്നവരുടെ രക്തം ശേഖരിച്ച് ഡി.എൻ.എ. പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. മരണസംഖ്യ ഔദ്യോഗികമായി 42 ആണെങ്കിലും കാണാതായവരുടെ എണ്ണംകൂടി ചേർത്താൽ അമ്പതിലധികം വരും. ദിൽഷാദ് ഗാർഡനിലെ ജിടിബി ആശുപത്രി പരിസരം നിറയെ കണ്ണീരിൽ

മൗജ്പുർ സ്വദേശി മുഹമ്മദ് ദിൽഷാദിന്റെ (31) മാതാവും ബന്ധുക്കളും പോസ്റ്റ്്‌മോർട്ടം കേന്ദ്രത്തിനു മുന്നിൽ മണിക്കൂറുകളായി കാത്തു നിൽക്കുകയാണ്. പിതാവ് അൻവറിനെ (58) കണ്ടെത്താനുള്ള ശ്രമത്തിലാണു ഗുൽഷനും (27) ഭർത്താവ് മുഹമ്മദ് നസിറുദ്ദീനും (27). യുപിയിലെ ഹാപ്പൂരിൽ നിന്നാണ് ഇവർ ജിടിബി ആശുപത്രിയിലെത്തിയത്. കരാവൽ നഗറിലെ അൻവറിന്റെ വീടിന് അക്രമികൾ തീയിട്ടെന്ന് ഇവർ പറയുന്നു. അദ്ദേഹത്തെ പിന്നീടു കണ്ടിട്ടില്ല.

കരാവൽ നഗർ സ്വദേശിയായ മൗഷിൻ അലിയെ (24) ചൊവ്വാഴ്ചയാണു കാണാതായത്. വിവാഹ ആവശ്യത്തിനു ജനറേറ്റർ വാടകയ്ക്ക് എടുക്കാൻ പോയതായിരുന്നു. 'മൗഷിൻ അലിയുടെ മൊബൈൽ ഫോണുകളും പ്രവർത്തനരഹിതമാണ്. കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു'- മൗഷിന്റെ സുഹൃത്ത് മുസ്താകീൻ പറഞ്ഞു.

അഴുക്കുചാലുകളിലും പരിശോധന

ഡൽഹിയിലെ അഴുക്കുചാലുകളിൽ പരിശോധന നടത്താൻ ഡൽഹി പൊലീസ്. ഇന്നലെ മാത്രം 4 പേരുടെ മൃതദേഹങ്ങളാണു ഗോകുൽപുരിയിലെ ഉൾപ്പെടെ അഴുക്കുചാലുകളിൽ നിന്നു കണ്ടെത്തിയത്. യമുനാ നദിയോടു ചേർന്നുള്ള പ്രദേശമായതിനാൽ വലിയ അഴുക്കുചാലുകൾ ഏറെയുണ്ട്. അതിനിടെ കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി.

തിങ്കളാഴ്ച രാവിലെ ഖജൂരി ഖാസിൽ പരീക്ഷയെഴുതാൻ സ്‌കൂളിൽ പോയ എട്ടാം ക്ലാസുകാരി സംഘർഷത്തെ തുടർന്നു ഖജൂരി ഖാസിലെ സഹപാഠിയുടെ വീട്ടിലേക്കു പോവുകയായിരുന്നു.'മാതാപിതാക്കളെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ നമ്പർ ഓർമ വന്നില്ല. സ്ഥിതി വഷളായതോടെ സഹപാഠിയുടെ വീട്ടിലേക്കു പെൺകുട്ടി പോയി' -പൊലീസ് വ്യക്തമാക്കി.

തോക്കുകളൊരുക്കിയ കലാപം

അക്രമികൾ വ്യാപകമായി തോക്ക് ഉപയോഗിച്ച ആദ്യത്തെ കലാപമാണ് ഇത്. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള അനധികൃത തോക്കുകടത്ത് അക്രമികൾക്ക് സഹായമായെന്നാണ് പ്രാഥമികനിഗമനം. തോക്കുകൾ വ്യാപകമായി വാങ്ങിക്കൂട്ടുന്ന ഗുണ്ടാസംഘങ്ങളുള്ള അതിർത്തി ജില്ലകളിലാണ് വർഗീയസംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ഗുുണ്ടാസംഘങ്ങൾ ശേഖരിച്ചുവെച്ച തോക്കും തിരകളുമാണ് കലാപത്തിനിറങ്ങിയ ഇരുവിഭാഗത്തിനും കിട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. സംഘർഷം തുടങ്ങിയ ആദ്യദിനംതന്നെ ജാഫറാബാദിൽ യുവാവ് തോക്കുചൂണ്ടിനിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. സംഘർഷസ്ഥലങ്ങളിൽനിന്ന് അഞ്ഞൂറോളം വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു. അവയിൽ .32 എം.എം, .9 എം.എം, .315 എം.എം. വ്യാസമുള്ള തിരകളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ് 'ദേശി കട്ട' എന്നുപേരുള്ള നാടൻ തോക്കുകൾ എത്തുന്നത്. പടിഞ്ഞാറൻ യു.പിയിലെ മീററ്റ്, ഷാംലി, മുസാഫർനഗർ, സഹാരൻപുർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ 3000-5000 രൂപ നിരക്കിൽ തോക്കുകിട്ടും. ഓട്ടോമാറ്റിക് പിസ്റ്റൾ 15,000-20,000 രൂപ നിരക്കിലും ലഭിക്കും. ചിലയിടത്ത് 1500 രൂപയ്ക്കും തോക്കുകിട്ടും. അയൽസംസ്ഥാനത്തുനിന്ന് മൂവായിരം രൂപയ്ക്ക് തോക്കുവാങ്ങി ഇവിടെ 10,000-35,000 രൂപയ്ക്ക് വിറ്റിരുന്നതായി വടക്കുകിഴക്കൻ ഡൽഹിയിൽ അറസ്റ്റിലായ ഒരാൾ പൊലീസിനോടുസമ്മതിച്ചു.

ബിഹാറിലെ മൂങ്ങറിൽനിന്ന് എളുപ്പത്തിൽ തോക്കുകൾ വാങ്ങാൻ കിട്ടും. ഏഴായിരവും എട്ടായിരവും രൂപ കൊടുത്താൽ മതി. സെമി-ഓട്ടോമാറ്റിക് തോക്കുകൾ സുലഭമാണ്. മധ്യപ്രദേശിലെ ധർ, ഖർഗോൺ, ബദ്വാനി, ഖാണ്ട്വ എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലേക്ക് വ്യാപകമായി തോക്കുകളെത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP