Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎംപിക്കാരന് ദേശാഭിമാനിയിൽ എന്തു കാര്യമെന്ന് ചോദിച്ച് കോടിയേരി; സൗഹൃദത്തിൽ രാഷ്ട്രീയമില്ലെന്നും യൂണിയൻ പ്രവർത്തനമെന്നും സെക്രട്ടറിക്ക് പാർട്ടി പത്ര ജീവനക്കാരുടെ മറുപടിയും; ഡൽഹിയിലെ പത്രക്കാർക്കിടയിലെ ചേരിതിരിവിന് പുതുമാനം നൽകി സി.പി.എം ഇടപെടൽ

ആർഎംപിക്കാരന് ദേശാഭിമാനിയിൽ എന്തു കാര്യമെന്ന് ചോദിച്ച് കോടിയേരി; സൗഹൃദത്തിൽ രാഷ്ട്രീയമില്ലെന്നും യൂണിയൻ പ്രവർത്തനമെന്നും സെക്രട്ടറിക്ക് പാർട്ടി പത്ര ജീവനക്കാരുടെ മറുപടിയും; ഡൽഹിയിലെ പത്രക്കാർക്കിടയിലെ ചേരിതിരിവിന് പുതുമാനം നൽകി സി.പി.എം ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഡൽഹിയിലെ പത്രക്കാർക്കിടയിലെ തമ്മിലടിക്ക് വഴിത്തിരിവ്. ഡൽഹിയിലെ ആർഎംപി നേതാക്കളുമായുള്ള കൂട്ടുകെട്ടിന്റെ പേരിൽ ദേശാഭിമാനി ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർമാരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഫോണിൽ വിളിച്ചു ശാസിച്ചു. സി.പി.എം ഡൽഹി സംസ്ഥാന സമിതിയിലെ മലയാളികളായ നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശാഭിമാനി റിപ്പോർട്ടർമാരോടു വിശദീകരണം തേടിയത്.

ദേശാഭിമാനിയുടെ ഡൽഹി ബ്യൂറോയും സി.പി.എം ഡൽഹി സംസ്ഥാന സമിതി ഓഫിസും റഫിമാർഗിലെ വി.പി.ഹൗസിലാണ് പ്രവർത്തിക്കുന്നത്. ഡൽഹിയിൽ ആർഎംപിയുടെ പ്രവർത്തനങ്ങൾക്കും കേരള ഹൗസിൽ ടി.പി.ചന്ദ്രശേഖരൻ അനുസ്മരണ പരിപാടികൾക്കും ചുക്കാൻ പിടിക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ഡൽഹി ഘടകം സെക്രട്ടറി പി.കെ.മണികണ്ഠനും കൂട്ടരും സ്ഥിരമായി ദേശാഭിമാനി ബ്യൂറോയിൽ യോഗം ചേരുന്നതിനെ കുറിച്ചാണ് പരാതി. ഡൽഹിയിലെ സി.പി.എം അനുഭാവ സംഘടനയായ ജനസംസ്‌കൃതിയിൽ പിണറായി അനുകൂലിയായ രവീന്ദ്രനാഥിനെതിരെയുണ്ടായ വിഭാഗീയതയിലും മണികണ്ഠൻ പങ്കാളിയാണ്. സി.പി.എം ഡൽഹി സംസ്ഥാന സമിതിയിലെ പ്രമുഖ നേതാവു കൂടിയാണ് രവീന്ദ്രനാഥ്.

ദേശാഭിമാനി ബ്യൂറോ ആർഎംപിക്കാരുടെ സങ്കേതമായി മാറുകയാണെന്ന പരാതിയാണ് രവീന്ദ്രനാഥ് ഉൾപ്പെടെയുള്ള ഡൽഹിയിലെ സി.പി.എം നേതാക്കൾക്കുള്ളത്. സി.പി.എം കേരള ഘടകത്തിൽ വി എസ് പിണറായി പോരു രൂക്ഷമായിരുന്ന ഘട്ടത്തിൽ എകെജി ഭവനു മുന്നിലും കേരള ഹൗസിലും പിണറായി വിരുദ്ധ പോസ്റ്ററുകൾ പതിച്ചിരുന്നതും ആർഎംപി അനുഭാവികളാണ്. അക്കാലത്ത് പിണറായി വിരുദ്ധ വാർത്തകൾ മലയാള മാധ്യമങ്ങളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടതിനു പിന്നിലും ഇതേ ലോബിയാണു പ്രവർത്തിച്ചത്. ദേശാഭിമാനി ബ്യൂറോയിൽ മണികണ്ഠനും സംഘവുമെത്തുന്നത് ആർഎംപിക്കാരെന്ന നിലയിലല്ലെന്നും കെയുഡബ്ല്യുജെ പ്രവർത്തനത്തിന്റെ ഭാഗമാണെന്നുമാണ് ദേശാഭിമാനി റിപ്പോർട്ടർമാർ കോടിയേരി ബാലകൃഷ്ണനു വിശദീകരണം നൽകിയത്.

സി.പി.എം ഡൽഹി നേതാക്കളുടെ പരാതി ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങളുണ്ടാകുമെന്നാണ് കോടിയേരി നൽകിയ മുന്നറിയിപ്പ്. കെയുഡബ്ല്യൂജെ ഡൽഹി ഘടകത്തിനു കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ടിൽ തിരിമറി നടത്തിയതു വിവാദമായിരുന്നു. ദേശാഭിമാനി ലേഖകൻ എം.പ്രശാന്ത് സെക്രട്ടറിയും മണികണ്ഠൻ ട്രഷററുമായിരുന്ന മുൻ സമിതിയാണ് അഴിമതി നടത്തിയതെന്നാണ് ആരോപണം. ഫണ്ട് വിനിയോഗം പരിശോധിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാൻ മലപ്പുറത്തു കഴിഞ്ഞ മാസം ചേർന്ന കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനത്തിൽ തീരുമാനിച്ചിരുന്നു. ഫണ്ട് തിരിമറിയെ കുറിച്ചു വിജിലൻസ് അന്വേഷണവും പുരോഗമിക്കുകയാണ്.

കെയുഡബ്ല്യൂജെ ഭാരവാഹിത്വത്തിലെ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് ദേശാഭിമാനി ഡൽഹി ലേഖകരും ആർഎംപി അനുഭാവികളും ഒന്നിച്ചു നിൽക്കുന്നത്. കൈരളി ടിവി ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർമാർ ഈ സഖ്യത്തിനെതിരെ നേരത്തേ തന്നെ പാർട്ടിക്കുള്ളിൽ പരാതി ഉന്നയിച്ചിരുന്നു. കെയുഡബ്ല്യൂജെ തിരഞ്ഞെടുപ്പിൽ കൈരളി റിപ്പോർട്ടർമാരും ദേശാഭിമാനി റിപ്പോർട്ടർമാരും ഇരുചേരികളിലായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP