Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാൽ കല്ലെറിയും..മൊബൈൽ ഫോൺ പുറത്തെടുക്കാൻ പോലും പലരെയും അനുവദിക്കുന്നില്ല; 16 വർഷത്തെ ഡൽഹി റിപ്പോർട്ടിങ്ങിനിടെ ഇങ്ങനൊരു തേർവാഴ്ച കണ്ടിട്ടില്ല; അക്രമി സംഘം തന്നോടും വന്ന് മതം ചോദിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി.ആർ.സുനിൽ; മൗജ്പൂരിൽ ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്ക് വെടിയേറ്റു; നാല് എൻഡിടിവി മാധ്യമപ്രവർത്തർക്കും പരിക്ക്; ഡൽഹി കലാപത്തിൽ നടന്നത് തിരഞ്ഞുപിടിച്ചുള്ള ആക്രമണം

'അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാൽ കല്ലെറിയും..മൊബൈൽ ഫോൺ പുറത്തെടുക്കാൻ പോലും പലരെയും അനുവദിക്കുന്നില്ല; 16 വർഷത്തെ ഡൽഹി റിപ്പോർട്ടിങ്ങിനിടെ ഇങ്ങനൊരു തേർവാഴ്ച കണ്ടിട്ടില്ല; അക്രമി സംഘം തന്നോടും വന്ന് മതം ചോദിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി.ആർ.സുനിൽ; മൗജ്പൂരിൽ ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്ക് വെടിയേറ്റു; നാല് എൻഡിടിവി മാധ്യമപ്രവർത്തർക്കും പരിക്ക്; ഡൽഹി കലാപത്തിൽ നടന്നത് തിരഞ്ഞുപിടിച്ചുള്ള ആക്രമണം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്യാൻ പോയ ദൃശ്യമാധ്യമപ്രവർത്തകർക്ക് നേരേയുണ്ടായത് ഇതുവരെ സംഭവിക്കാത്ത അക്രമങ്ങൾ. പൊലീസ് തീർത്തും നിഷ്‌ക്രിയമായിരുന്നുവെന്നാണ് പല മാധ്യമപ്രവർത്തകരും പറയുന്നത്. ആസൂത്രിതമായ അക്രമം നിയന്ത്രിക്കാൻ ശ്രമിക്കാതെ കൈയും കെട്ടി നോക്കി നിൽക്കുന്ന പൊലീസുകാരെയാണ് പലരും കണ്ടത്. അക്രമികൾ പൊലീസിന് മുന്നിലൂടെ ആയുധങ്ങളുമേന്തി പള്ളി കത്തിക്കുന്നത് താൻ നേരിട്ട് കണ്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഡൽഹി ബ്യൂറോ റിപ്പോർട്ടർ പി ആർ സുനിൽ റിപ്പോർട്ട് ചെയ്തു. പള്ളി കത്തിച്ച ശേഷം അവിടെനിന്ന് വെടിയൊച്ചയും കേട്ടു. പല അക്രമ ദൃശ്യങ്ങളും ഷൂട്ട് ചെയ്യാനാകാത്ത സ്ഥിതിയാണെന്നും അക്രമിസംഘം വന്ന് തന്നോടും മതം ചോദിച്ചുവെന്നും സുനിൽ പറഞ്ഞു.

'16 വർഷമായി ഞാൻ ഡൽഹിയിലുണ്ട്. എന്നാലിതുവരെ ഇത്തരമൊരു കലാപം ഞാൻ ഇവിടെ കണ്ടിട്ടില്ല. മുൻപ് പലപ്പോഴും അക്രമങ്ങളുണ്ടാകുമ്പോൾ പൊലീസ് എത്തി നിയന്ത്രിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. ആസൂത്രിതമായ സംഘടിതമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ജയ് ശ്രീറാം വിളിച്ച് തോക്കും കമ്പിയുമായി അക്രമികൾ പോകുമ്പോൾ പൊലീസ് നോക്കി നിൽക്കുകയാണ്. അക്രമങ്ങൾ നടത്താൻ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേർക്കാഴ്‌ച്ചയാണ് ഞാൻ കണ്ടത്. പള്ളി ഏതാണ്ട് പൂർണമായും കത്തിയമർന്ന ശേഷമാണ് ഫയർ എഞ്ചിൻ എത്തിയത് തന്നെ'.

'അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാൽ കല്ലെറിയും. മൊബൈൽ ഫോൺ പുറത്തെടുക്കാൻ പോലും പലരെയും അനുവദിക്കുന്നില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. വാഹനങ്ങളെല്ലാം തടഞ്ഞ് നിർത്തി മതവും പേരും ചോദിക്കുകയാണ്. വലിയ ഗുണ്ടാ സംഘങ്ങൾ കൂട്ടത്തോടെ വന്ന് പള്ളികൾ ആക്രമിക്കുന്നു. അവരുടെ കയ്യിൽ തോക്കും ചുറ്റികയുമൊക്കെയുണ്ട്. ആളുകളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ഞാൻ ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചു. പലയിടത്തും വാഹനങ്ങളും കടകളും കത്തുകയാണ്. അവിടെയൊന്നും പൊലീസില്ല. 84ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘർഷമേഖലയായി ഡൽഹി മാറുകയാണ്.'- സുനിൽ ഏഷ്യാനെറ്റ് ന്യൂസിൽ ലൈവ് റിപ്പോർട്ടിൽ പറഞ്ഞു.

അതിനിടെ മുസ്ലിം പള്ളി തീയിട്ടത് ചിത്രീകരിച്ച മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമമുണ്ടായി. ഒരു മാധ്യമപ്രവർത്തകന് വെടിയേറ്റു. ഇയാളുടെ നില ഗുരുതരമാണ്. ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്കാണ് വെടിയേറ്റത്. മൗജ്പൂരിലായിരുന്നു സംഭവം. നാല് എൻഡിടിവി മാധ്യമപ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അവരിന്ദ് ഗുണശേഖർ, സൗരഭ് ശുക്ല, മരിയം അലവി, ശ്രീനിവാസൻ ജെയിൻ എന്നീ മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്.

അവിടെ അക്രമം തടയാൻ പൊലീസുകാരൊന്നും ഉണ്ടായിരുന്നില്ല. അരവിന്ദ് ഗുണശേഖറിനെ വലിയൊരു ജനക്കൂട്ടം വട്ടംചുറ്റിയ ശേഷം മുഖത്തടിച്ചു. ലാത്തി കൊണ്ട് തലയ്ക്കടിക്കാൻ ശ്രമിക്കുമ്പോഴാണ് സഹപ്രവർത്തകൻ സൗരഭ് ശുക്ല ഇടപെട്ടത്. ഇതോടെ സൗരഭിന് നേരെയായി ആക്രമണം. ലാത്തികൊണ്ട് തലയ്ക്കടിച്ച ശേഷം പുറത്തും, വയറ്റിലും കാലിലും മർദ്ദിച്ചു. ആക്രമണത്തിൽ അരവിന്ദിന് മൂന്ന് പല്ലുകൾ നഷ്ടമായി. ഇരുവരും ഒരുതരത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ഇരുവരും ഇപ്പോൾ സുരക്ഷിതരാണ്. ഹിന്ദുക്കളാണെന്നറിഞ്ഞപ്പോഴാണ് മർദ്ദനം അവസാനിപ്പിച്ചതെന്നും, മാധ്യമപ്രവർത്തകരെ വിട്ടയച്ചതെന്നും എൻഡിടിവി എക്സിക്യൂട്ടീവ് എഡിറ്റർ നിധി രസ്ദാന്റെ ട്വീറ്റിൽ പറയുന്നു.
എൻഡിടിവിയുടെ തന്നെ മരിയം അലവിക്ക് നേരേയും ആക്രമണമുണ്ടായി. ശ്രീനിവാസൻ ജയിനിനൊപ്പം റിപ്പോർട്ട് ചെയ്യുകയായിരുന്നു മരിയം. ഇവർക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാൻ സുശീൽ രാഥിക്കും പരിക്കേറ്റു.

തിങ്കളാഴ്ച എൻഡിടിവിയുടെ അക്ഷയ് ഡോംഗ്രയ്ക്ക് നേരേയും ലൈവ് റിപ്പോർട്ടിനിടെ ആക്രമണം ഉണ്ടായിരുന്നു, അക്ഷയുടെ മുഖത്താണ് അടിയേറ്റത്. അക്രമികളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മൈക്കും മൊബൈലും തട്ടിയെടുക്കാനായിരുന്നു അവരുടെ ശ്രമം. ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയത്. 9 പേർ കൊല്ലപ്പെട്ടിട്ടും സൈന്യത്തെ ഇറക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP