Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ നരവേട്ട തുടരുന്നു; ഇരുവിഭാഗവും കൂട്ടമായി എത്തുന്നത് എതിർമതക്കാരെ ആക്രമിക്കാൻ; വർഗീയ ലഹളയിൽ മരണം ഏഴായി; രണ്ട് പേർക്ക് വെടിയേറ്റു; പരിക്കേറ്റ 160 പേരിൽ പലരുടെയും നില ഗുരുതരം; അഗ്നിക്കിരയാക്കിയവയിൽ മെട്രോ സ്‌റ്റേഷനും ഫയർ എഞ്ചിനുകളും; ജഫ്രാബാദ്, അശോക് നഗർ, കർവാൾ നഗർ, യമുനാ നഗർ, വിജയ് പാർക്ക് എന്നിവിടങ്ങളിൽ കലാപം കനക്കുന്നു; ക്രമസമാധാന പാലനത്തിന് പൊലീസും പട്ടാളവുമില്ല; ഒരു മാസത്തേക്ക് വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ

ഡൽഹിയിൽ നരവേട്ട തുടരുന്നു; ഇരുവിഭാഗവും കൂട്ടമായി എത്തുന്നത് എതിർമതക്കാരെ ആക്രമിക്കാൻ; വർഗീയ ലഹളയിൽ മരണം ഏഴായി; രണ്ട് പേർക്ക് വെടിയേറ്റു; പരിക്കേറ്റ 160 പേരിൽ പലരുടെയും നില ഗുരുതരം; അഗ്നിക്കിരയാക്കിയവയിൽ മെട്രോ സ്‌റ്റേഷനും ഫയർ എഞ്ചിനുകളും; ജഫ്രാബാദ്, അശോക് നഗർ, കർവാൾ നഗർ, യമുനാ നഗർ, വിജയ് പാർക്ക് എന്നിവിടങ്ങളിൽ കലാപം കനക്കുന്നു; ക്രമസമാധാന പാലനത്തിന് പൊലീസും പട്ടാളവുമില്ല; ഒരു മാസത്തേക്ക് വടക്കുകിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നരവേട്ട തുടരുന്നു. മനുഷ്യർ കൂട്ടമായെത്തി മനുഷ്യരെ നിഷ്ഠൂരമായി ആക്രമിക്കുന്ന ഡൽഹി തെരുവുകളുടെ കാഴ്‌ച്ചകൾ കണ്ട് വിറങ്ങലിച്ച് നിൽക്കുകയാണ് രാജ്യവും ലോകവും. ഡൽഹിയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും ചേരിതിരിഞ്ഞ് മറുവിഭാഗങ്ങളുടെ മേഖലകളിലേക്ക് ഇരച്ചുകയറുകയാണ്. തങ്ങൾക്ക് കൂടുതൽ ശക്തിയുള്ള മേഖലകളിൽ എതിർ വിഭാഗത്തിനെ ക്രൂരമായി ആക്രമിക്കുകയാണ് രണ്ട് വിഭാഗങ്ങളും. അക്രമത്തിനിടെ വെടിയേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വടക്കുകിഴക്കൻ ഡൽഹിയിൽ മൂന്നുദിവസമായി തുടരുന്ന കലാപത്തിൽ ഏഴുപേരാണ് ഇതുവരെ മരിച്ചത്. 160 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ ഡഹിയിൽ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 24 വരെയാണ് നിരോധനാജ്ഞ.

ജഫ്രാബാദ്, അശോക് നഗർ, കർവാൾ നഗർ, യമുനാ നഗർ, വിജയ് പാർക്ക് എന്നിവിടങ്ങളിൽ വീണ്ടും സംഘർഷം കനക്കുകയാണ്. കലാപം ഇന്നലെ രാത്രിയും ആളിക്കത്തിയ ജഫ്രാബാദിൽ പൊലീസ് സാന്നിധ്യമേയില്ല എന്നതാണ് കൂടുതൽ ഭീകരം. ഓട്ടോറിക്ഷയടക്കം വാഹനങ്ങൾ കത്തിക്കുന്നു. വണ്ടികൾ അടിച്ച് തകർക്കുന്നു.

നാട് കത്തുമ്പോൾ നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല എന്നതാണ് ഡൽഹിയിൽ വർഗീയ ലഹളയുടെ ഏറ്റവും വലിയ പ്രത്യേകത. മെട്രോ സ്‌റ്റേഷനും ഫയർ എഞ്ചിനും പോലും അക്രമികൾ അഗ്നിക്കിരയാക്കി. രാജ്യത്തിന്റെ തലസ്ഥാനമായിട്ടും പൊലീസോ പട്ടാളമോ അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചുവിടുന്നതിനോ ക്രമസമാധന നില പുനഃസ്ഥാപിക്കുന്നതിനോ ശ്രമിക്കുന്നില്ല. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹിന്ദുക്കളും മുസ്ലീങ്ങളും എതിർവിഭാഗങ്ങത്തിന്റെ സർവനാശം ലക്ഷ്യംവെച്ച് തെരുവുകളിലും ജനവാസകേന്ദ്രങ്ങളിലും സംഹാര താണ്ഢവമാടുകയാണ്. തങ്ങളുടെ കയ്യിൽ കിട്ടുന്ന എതിർ വിഭാഗത്തിൽ പെടുന്ന ആളുകളെ യാതൊരു മനുഷ്യത്വവും പ്രകടിപ്പിക്കാതെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.

ഹിന്ദു, മുസ്ലിം വിഭാഗങ്ങൾ രണ്ട് വിഭാഗമായി ചേരിതിരിഞ്ഞ്, ഇരു വിഭാഗങ്ങൾക്കും ശക്തിയുള്ള മേഖലകളിൽ ആയുധങ്ങളുമായി നിന്ന് അക്രമം അഴിച്ച് വിടുകയാണ്. ആളുകളെ പേര് ചോദിച്ച്, മതം ചോദിച്ച് മാത്രമാണ് ഓരോ പ്രദേശത്തേക്കും കയറ്റിവിടുന്നത്. തങ്ങളുടെ മതത്തിൽ അല്ലാത്തവരെ കണ്ടാലും തിരിച്ചറിഞ്ഞാലും ഉടൻ ആക്രമിക്കുന്നു. നിയന്ത്രിക്കാൻ പൊലീസോ കേന്ദ്രസേനയോ ഇല്ല. പൊലീസിനെയും കേന്ദ്രസേനയെയും അയച്ചു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞതല്ലാതെ, ഒരു പൊലീസുകാരനെയോ പട്ടാളക്കാരനെയോ അഅക്രമം നടക്കുന്നയിടങ്ങളിൽ കാണുന്നില്ല.

ജനങ്ങൾ സമാധാനം പാലിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അമിത് ഷാ വിളിച്ചു ചേർച്ച ഉന്നതതല യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തിരുന്നു.ആവശ്യമെങ്കിൽ സൈന്യത്തെ ഇറക്കാമെന്ന് ഉറപ്പു നൽകിയതായും രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ തീരുമാനിച്ചെന്നും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രഖ്യാപനങ്ങൾക്കും അപ്പുറം ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വം മാത്രമാണ് തലസ്ഥാനത്ത് കാണാനാകുന്നത്.

സംഘർഷം അടിച്ചമർത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കൻ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. നിലവിൽ രണ്ട് കമ്പനി ദ്രുതകർമ സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം മുസ്തഫാബാദിൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ വീടുകൾക്കും കടകൾക്കും അക്രമികൾ തീയിടുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. ഗോകുൽപുരിക്കടുത്ത് നീത്നഗറിൽ അക്രമികൾ വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കലാപം കൂടുതലിടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് വിവരങ്ങൾ. കർവാൾ നഗർ, വിജയ് പാർക്ക്, യമുനാ നഗർ തുടങ്ങിയ സ്ഥലങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമം നടന്ന സ്ഥലങ്ങളിൽ വ്യാപകമായി വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ചതായും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP