Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബോംബിട്ട് തകർത്താലും അഗ്നി അയച്ചു കരിച്ചു കളഞ്ഞാലും അവസാനിക്കാത്ത വികാരം; ഓരോ ആക്രമണങ്ങൾക്ക് പിന്നിലും പ്രതീക്ഷിക്കുന്നത് തിരിച്ചടിയും ഇസ്ലാമോഫോബിയയും; പാശ്ചാത്യ ലോകത്തെ മുസ്ലീങ്ങളെ ഖിലാഫത്താക്കാതെ അടങ്ങില്ല; ഐസിസ് നമ്മൾ കരുതുന്നതിലും വലിയ അപകടം ആവുന്നത് എന്തുകൊണ്ട്?

ബോംബിട്ട് തകർത്താലും അഗ്നി അയച്ചു കരിച്ചു കളഞ്ഞാലും അവസാനിക്കാത്ത വികാരം; ഓരോ ആക്രമണങ്ങൾക്ക് പിന്നിലും പ്രതീക്ഷിക്കുന്നത് തിരിച്ചടിയും ഇസ്ലാമോഫോബിയയും; പാശ്ചാത്യ ലോകത്തെ മുസ്ലീങ്ങളെ ഖിലാഫത്താക്കാതെ അടങ്ങില്ല; ഐസിസ് നമ്മൾ കരുതുന്നതിലും വലിയ അപകടം ആവുന്നത് എന്തുകൊണ്ട്?

ന്യൂഡൽഹി: പാരീസിൽ താണ്ഡവമാടിയാൽ എന്താകും സംഭവിക്കുകയെന്ന് അറിയാത്തവരല്ല ഐസിസ്. സിറിയിലെ യുദ്ധത്തിൽ ലോക രാജ്യങ്ങളെ ഇത് ഒരുമിപ്പിക്കുമെന്നും അറിയാം. അവിടെ തിരിച്ചടി പ്രതീക്ഷിച്ചു തന്നെയാണ് ഐസിസിന്റെ പാരീസിലെ ആക്രമണങ്ങളും. സാധാരണക്കാർക്കെതിരെ യുദ്ധം നടത്തുന്നതിലൂടെ ലോക മനസാക്ഷിയും ഐസിസിനെതിരെ തിരിയും. പാരീസ് ആക്രമണത്തിന് തൊട്ട് പിന്നാലെ ഫ്രഞ്ച് യുദ്ധവിമാനങ്ങൾ സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ ബോംബ് വർഷം തുടങ്ങി. അമേരിക്കയും റഷ്യയും ഒരു മേശയ്ക്ക് ചുറ്റുമെത്തി. ലോക ശക്തികൾ അഭിപ്രായ ഭിന്നതകളും പറഞ്ഞു തീർത്തു. ലോകം പ്രതീക്ഷയോടെയാണ് ഇതിനെ കണ്ടത്. പാരീസിൽ നടന്ന ആക്രമണങ്ങൾ ഐസിസിന്റെ അടിവേര് അറക്കുമെന്നും സമാധാനപ്രേമികൾ വിലയിരുത്തുന്നു.

ഇതൊന്നും ഐസിസിനെ അലോസരപ്പെടുത്തുന്നില്ലെന്നതാണ് മറ്റൊരു വസ്തു. ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ് പാരീസ് ആക്രമണങ്ങൾ ഐസിസും ആസൂത്രണം ചെയ്തതെന്നാണ് പൊതുവേ വിലയിരുത്തലുകളുണ്ട്. തിരിച്ചടിക്കിടയിലും വളരാനുള്ള ഊർജ്ജം രഹസ്യമാക്കി വച്ചാണ് ഇത്തരം ആക്രമണങ്ങൾ. ഇതിന് ശേഷം ആവർ ആഗ്രഹിച്ചത് തന്നെയാകും പാശ്ചാത്യലോകവും നടത്തുക. അത് ഐസിസ് പോലുള്ള ഇസ്ലാമിക ഭീകരർക്ക് വളരാനുള്ള അവസരമാണ്. മുംബൈയിലെ ഭീകരാക്രമണവും വേൾഡ് ട്രേഡ് സെന്റർ ആക്രമണവുമെല്ലാം ഭീകരതയെ തുടച്ചു മാറ്റാൻ ഉതകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അവർ അഫ്ഗാനും പാക്കിസ്ഥാനും വിട്ട് മറ്റിടങ്ങളിലേക്ക് അടിത്തറ വിപുലമാക്കി. അതിനുള്ള ഉപാധികൾ മാത്രമായിരുന്നു മുബൈയിലും മറ്റും നടന്ന ഭീകരാക്രമണങ്ങൾ. താലിബാനിൽ നിന്ന് അൽഖൈയ്ദയിലേക്കും അതിൽ നിന്ന് ഐസിസിലേക്കും ഇസ്ലാമിക ഭീകരർ വളരുന്നതും പശ്ചാത്യലോകങ്ങളെ കബളിപ്പിച്ച് തന്നെയാണ്.

ഇസ്ലാം സമാധാനമതമായാണു വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ, ഐസിസിന്റെ ചെയ്തികൾ ഇസ്ലാമിക തത്വശാസ്ത്രങ്ങളെയെല്ലാം പൂർണമായി നിഷേധിക്കുന്ന തരത്തിലുള്ളവയാണ്. ദൈവശാസ്ത്രത്തെയും രാഷ്ട്രീയപരമായ കാരണങ്ങളെയും പരിഗണിച്ചല്ല ഐസിസിന്റെ ക്രൂരചെയ്തികൾ നടക്കുന്നത്. മറിച്ച് ഇക്കാര്യങ്ങളൊക്കെ പാടെ അവഗണിക്കുന്ന തരത്തിൽ വികാരപരമായി കാര്യങ്ങൾ ഏറ്റെടുക്കുന്നതാണ് ഐസിസിന്റെ പ്രവർത്തനങ്ങൾ. ക്രൂരതയുടെ കാര്യത്തിൽ അൽ ഖ്വയ്ദ പോലുള്ള മുൻഗാമികളിൽ നിന്ന് വളരെയേറെ മുന്നോട്ടു പോയിരിക്കുന്ന ഒരു സംഘമായി മാറിയിട്ടുണ്ട് ഐസിസ്. ലോകത്തെ മുസ്ലീങ്ങളിൽ ഒരു ശതമാനം പോലും ഇല്ല ഐസിസിൽ. എന്നിട്ടും ഐസിസിന്റെ ആക്രമണങ്ങളുടെ പേരിൽ സാധാരണ മുസ്ലിങ്ങൾ വേട്ടയാടപ്പെടുന്ന അവസ്ഥയും ഇന്നുണ്ട്. യഥാർഥത്തിൽ മുസ്ലിം ആശയങ്ങളിൽ നിന്നു വ്യതിചലിച്ചു പോയിട്ടുള്ള ഐസിസും അതുപോലുള്ള മറ്റു തീവ്രവാദ സംഘങ്ങളും ഇസ്ലാമിന്റെ പേരിലാണു പ്രവർത്തിക്കുന്നത്. പക്ഷേ ഇവയെല്ലാം ചേർത്താൽ തന്നേയും ഒന്നോ ആകെ ജനസംഖ്യയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമേ വരികയുള്ളൂ. ഇതൊക്കം ഇസ്ലാം സമൂഹത്തെ ബോധ്യപ്പെടുത്താൻ ലോക രാജ്യങ്ങൾക്ക് കഴിയുന്നില്ല. മറിച്ച് ഭീതിജനകമായ അന്തരീക്ഷമുണ്ടാക്കുന്ന ഇസ്ലാമോഫോബിയ സൃഷ്ടിക്കുകയാണ് പശ്ചാത്യലോകവും. അതുകൊണ്ട് തന്നെ കൂടുതൽ പേരെ ആകർഷിക്കാൻ ഐസിസിന് ഇനിയും കഴിയും.

പാരീസിലെ ആക്രമണത്തോടെ ലോകം മുഴുവൻ കരുതലുകളെടുക്കും. ഏവരേയും സംശയത്തോടെ വീക്ഷിക്കും. പരിശോധനകൾ കർശനമാക്കും. വിമാന യാത്രകളിലാകും ഇത് കൂടുതൽ പ്രതിഫലിക്കുക. പാസ്‌പോർട്ടും വിസയുമൊക്കെയുണ്ടെങ്കിലും ചോദ്യം ചെയ്യലുകൾ കടുക്കും. ഇതൊക്കെ ഇസ്ലാമിക പേരുള്ളവർക്കാകും കൂടതൽ സംങവിക്കുക. ഇസ്ലാമിനോടോ മുസ്ലിംകളോടോ കാണിക്കുന്ന മുൻവിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു നവ പദമാണ് ഇസ്ലാമോഫോബിയ അല്ലെങ്കിൽ ഇസ്ലാംപേടി എന്നത്. ഇത് ഐസിസിസനെ പോലുള്ളവർ സൃഷ്ടിച്ചെടുത്ത സാഹചര്യമാണ്. ബോംബാക്രമണവും വെടിവയ്‌പ്പുകളുമായി സമൂഹത്തെ ഭീതിപ്പെടുത്തിയതിന്റെ ബാക്കി പത്രമാണ് ഇസ്ലാമുകാരോട് സമൂഹത്തിനുള്ള ഈ സംശയം. പാരീസ് ആക്രമണവും ഇത് കൂട്ടുകയേ ഉള്ളൂ. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ പോലും പേരിന്റെ പേരിൽ വിമാനത്താവളങ്ങളിൽ തടഞ്ഞുവയ്ക്കപ്പെടും.

ഇസ്ലാമിനോടുള്ള വെറുപ്പ് ;അതിന്റെ ഫലമായി മുസ്ലിംകളോടുള്ള ഭയവും അനിഷ്ടവും. രാഷ്ട്രത്തിന്റെ സാമ്പത്തിക സാമുഹിക പൊതുജീവിതത്തിൽ നിന്നും മുസ്ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനത്തെയാണ് ഇസ്ലാമോഫോബിയ വിശദീകരിക്കുന്നത്. മറ്റു സംസ്‌കാരങ്ങളുമായി ഇസ്ലാമിന് ഒരു പൊതുമൂല്യവും ഇല്ല എന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോൾ അത് അധമമാണെന്നും അക്രാത്മക രാഷ്ട്രീയ ആദർശമാണ് ഒരു മതമെന്നതിലുപരി ഇസ്ലാമെന്നുമാണ് ഇസ്ലാമോഫോബിയയുടെ മുൻവിധി. ക്‌സീനോഫോബിയയുടെയും (വൈദേശികതയോടുള്ള ഭയം) ആന്റിസെമിറ്റിസത്തിന്റെയും (സെമിറ്റിക് വിരുദ്ധത) ഭാഗമായുള്ള ഒരു അസഹിഷ്ണുതയുടെ രൂപമാണ് ഇസ്ലാമോഫോബിയ എന്നാണ് മറ്റൊരു വിലയിരുത്തൽ. ഇത് പാശ്ചാത്യലോകത്തിന്റെ സൃഷ്ടിയാണെന്നാണ് ഐസിസിനെ പോലുള്ള ഭീകര സംഘടനകൾ വാദിക്കുന്നത്.

പാരീസിലേയും മറ്റും സംഭവങ്ങൾ ഈ ഇസ്ലാമോഫോബിയ വീണ്ടും സജീവമാക്കും. യൂറോപ്പിലും മറ്റുമാകും ഇതിന്റെ പ്രതിഷേധങ്ങൾ ശക്തമാവുക. പാരീസിലെ ആക്രമണങ്ങളുടെ തൊട്ട് പിന്നാലെ സിറിയയിൽ നിന്നെത്തിയ അഭയാർത്ഥികളുടെ ടെന്റുകളിൽ വ്യാപക ആക്രമണം ഉണ്ടായി. പ്രതിഷേധക്കാർ തീയിട്ടെന്ന് പോലും വാർത്തകളെത്തി. അഭയാർത്ഥികൾക്കൊപ്പം രാജ്യത്ത് നുഴഞ്ഞു കയറിയവരാണ് ആക്രമണം നടത്തിയതെന്ന വിലയിരുത്തൽ ഉയരുകയും ചെയ്തു. ഇതോടെ യൂറോപ്പിലെ അഭിയാർത്ഥികൾ ആകെ പ്രതിസന്ധിയിലായി. ഇവരേയും ഐസിസ് ഏജന്റുമാരായി മാത്രമേ യൂറോപ്പുകാർ വിലയിരുത്തൂ. ഇതിന്റെ പ്രത്യാഘാതങ്ങൾ അഭിയാർത്ഥികൾക്ക് എതിരെയുള്ള പ്രതിഷേധങ്ങളാകും. ഈ വിഷയങ്ങൾ സമൂഹമാദ്ധ്യമങ്ങളും മറ്റും വലിയ രീതിയിൽ ചർച്ചയാകും. മുസ്ലീങ്ങൾ ഏങ്ങും ആക്രമിക്കപ്പെടുന്നുവെന്ന തരത്തിലാകും ചർച്ചകൾ. ഈ സാഹചര്യം സൃഷ്ടിച്ചെടുക്കലാണ് ഐസിസും ആഗ്രഹിക്കുന്നത്.

അമേരിക്കയിൽ വിമാനമിറങ്ങുന്നവർ മുസ്ലിം പേരുകാരാണെങ്കിൽ അവർ പ്രത്യേകമായ നിരീക്ഷണത്തിലായിരിക്കും. വന്നിറങ്ങുന്നവർ എത്ര പ്രാധാന്യമുള്ളവരാണെങ്കിലും അമേരിക്ക ശത്രു വിനെയെന്ന മട്ടിലാണ് അവരെ നോക്കുന്നത്. വിവിധ രാജ്യങ്ങളിലെ മന്ത്രിമാരെയും ലോക പ്രശസ്തരായ കലാകാരന്മാരെയും മുസ്ലിം പേരുകാർ എന്ന ഒറ്റ കാരണത്താൽ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗം പ്രത്യേകമായ പരിശോധനക്ക് വിധേയമാക്കും. ഓരോ മുസ്ലിമും അമേരിക്കയെ ലക്ഷ്യം വച്ചിരിക്കുകയാണെന്ന പൊതു ചിന്തയിൽ നിന്നാണ് ഇതൊക്കെ തുടങ്ങിയത്. എന്നാൽ എപിജെ അബ്ദുൾ കലാമിനെ പോലുള്ള ലോകം അംഗീകരിച്ച നേതാക്കൾക്ക് പോലും ഇതിൽ നിന്ന് രക്ഷിയില്ലെന്ന് വരുമ്പോൾ ആ ചിന്ത ഇസ്ലാം സമൂഹത്തെ മറ്റൊരു തരത്തിലാകും ചിന്തിപ്പിക്കുക. ഈ ചിന്തയിലേക്ക് കാര്യങ്ങളെ എത്തിക്കാൻ തന്നെയാണ് പാരീസ് പോലുള്ള ആക്രമണങ്ങളിലൂടെ ഇസ്ലാമിക ഭീകര സംഘടനകൾ ഇപ്പോൾ ശ്രമിക്കുന്നത്.

ലണ്ടനിൽ ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഒരു വർഷത്തിനിടെ 30 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് പൊലീസിന്റെ കണക്കുകൾ രേഖപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള 770 കേസുകളാണ് അവിടെ റിപോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇരകളോട് അതിനെ കുറിച്ച് റിപോർട്ട് ചെയ്യാനും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചില മുസ്‌ലിംകൾ പൊലീസിൽ വിശ്വാസമർപ്പിക്കുന്നില്ലെന്നും അക്കാരണത്താൽ ഇത്തരം കേസുകൾ റിപോർട്ട് ചെയ്യുന്നില്ലെന്നതുമാണ് യാഥാർത്ഥ്യം. ഭീകരതയെയും വംശീയതയെയും നേരിടുന്നതിന് ബ്രിട്ടീഷ് ഭരണകൂടം ഏറെ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും തീവ്രവലതുപക്ഷ ചിന്തകൾക്ക് സ്വാധീനം വർധിച്ചത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇവിടെയാണ് ഐസിസ് നേട്ടമുണ്ടാക്കുന്നത്. ജിഹാദി ജോണുകളും മറ്റും സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയാണ്.

പാക്കിസ്ഥാനിലും അഫ്ഗാനിലും മാത്രം ഒതുങ്ങി നിന്ന ഇസ്ലാമിക തീവ്രവാദം യൂറോപ്പിലേക്കും പടരുന്നത് അങ്ങനെയാണ്. ഇസ്ലാമോഫോബിയ ഉണ്ടാക്കുന്ന തരംഗത്തിൽ പശ്ചാത്യർ പോലും ഐസിസ് പോലുള്ള ഭീകര സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നു. പാരീസിലെ ആക്രമണത്തിന് മുന്നിൽ നിന്നത് ഫ്രഞ്ചുകാരാണ്. ഇസ്ലാമിനെതിരെ ലോകത്തെങ്ങും ആക്രമണങ്ങളും വെല്ലുവിളികളും ഉണ്ടാകുന്നുവെന്ന് ചിത്രീകരിക്കുന്നതിന്റെ നേട്ടമാണ് ഐസിസിന് ഉണ്ടാകുന്നത്. ഫണ്ടുകളും പോരാളികളും ഇങ്ങനെ ഐസിസ് പോലുള്ള സംഘടനകളിലേക്ക് ഒഴുകുന്നു. പാരീസിലെ ആക്രമണങ്ങൾക്ക് ശേഷവും സംഭവിക്കുക അതുതന്നെയാണ്. പശ്ചാത്യ ലോകത്തെ നേതാക്കൾ ഇസ്ലാമിനെ തർക്കാനുള്ള യുദ്ധമാണ് നടത്തുന്നതെന്ന് ഐസിസ് വ്യാഖ്യാനത്തിനും വൻ പ്രചരണം ലഭിക്കും. ബോംബുകൾക്കും ആഗ്നി പോലുള്ള മിസൈലുകൾക്കും ഈ വികാരത്തെ നശിപ്പിക്കാനാകില്ല. ഇതു ആളിക്കത്തിക്കാൻ തന്നെയാണ് ഓരോ ഭീകരാക്രമണത്തിലൂടെ ഐസിസ് ശ്രമിക്കുന്നതും വിജയിക്കുന്നതും.

സിറിയയിൽ നിന്ന് എത്തിയ അഭയാർത്ഥികൾക്ക് യൂറോപ് ഇനി സുരക്ഷിതമാകില്ല. പാരീസിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സിറിയക്കാരെ സംശയത്തോടെ യൂറോപ്പുകാർ കാണും. അത് ഏറ്റുമുട്ടലുകൾക്കും ഇട നൽകും. ഇതിലൂടെ സിറിയ വിട്ട് പോകരുതെന്ന സന്ദേശമാണ് അവിടെയുള്ളവർക്ക് ഐസിസ് നൽകുക. സിറിയയിൽ അവശേഷിക്കുന്നവർക്ക് യൂറോപ്പിനെ അഭയ സ്ഥാനമായി കാണാനുമാകില്ല. ഐസിസ് പോലുള്ള സംഘടനകൾക്കൊപ്പം ചേർന്ന് പശ്ചാത്യ രാജ്യങ്ങളുടെ യോജിച്ചുള്ള പോരാട്ടത്തെ നേരിടുക മാത്രമാണ് അവർക്ക് മുന്നിലുള്ള ഏക പോംവഴി. ഇതും ഐസിസിലേക്ക് റിക്രൂട്ട്‌മെന്റുകളുടെ എണ്ണം കൂട്ടൂം. ഇതിനൊപ്പം ആഗോളതലത്തിൽ ഇസ്ലാമോഫോയിയയുടെ ഇരകളാകുന്ന മുസ്ലീങ്ങളും കൂടുതലായി ഭീകരതയോട് അടുക്കും. പുതിയ രാജ്യങ്ങളിൽ ചുവടുറപ്പിക്കാൻ ഇതിലൂടെ കഴിയും. പ്രാദേശിക വാദമുയർത്തുന്ന തീവ്രവാദത്തിനപ്പുറം പ്രഹരിശേഷി ഒളിപ്പിച്ചുവച്ച് തന്നെയാണ് ഐസിസിന്റെ പ്രവർത്തനനം.

പാരീസിലെ ആക്രമണത്തിന് തിരിച്ചടി നൽകാൻ അമേരിക്കയും റഷ്യയും ബ്രിട്ടണും കൈകോർക്കുമ്പോൾ ഐസിസ് ക്യാമ്പ് തളരുന്നില്ല. മറിച്ച് കൂടുതൽ പേർ പശ്ചാത്യലോകത്ത് നിന്ന് പോലും ഖിലാഫത്തിന്റെ വഴിയേ എത്തുമെന്ന പ്രതീക്ഷയാകും അവർക്കുള്ളത്. ഇത് തന്നെയാണ് ആധുനിക ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP