Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്തുണ്ടായിട്ടും ഏറ്റുമാനൂരമ്പലത്തിലെ കൊടിയേറ്റിന് പങ്കെടുക്കാതെ അവസാന നിമിഷം മുങ്ങി; കൊടിയിറക്കിന് വരാൻ കഴിയാത്തതുകൊണ്ടാണ് കൊടിയേറ്റ് ഉപേക്ഷിച്ചതെന്ന ന്യായവും; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ നിലപാട് മാറ്റിയതോടെ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറും ഭക്തരെ കാണുമ്പോൾ തലയിൽ മുണ്ടിട്ടുനടക്കുന്നു; കുംഭമാസ പൂജകൾക്ക് ശബരിമല നട തുറന്നിട്ടും പ്രതിഷേധം ഭയന്ന് സന്നിധാനത്തെത്താതെ ഇരുവരും

കോട്ടയത്തുണ്ടായിട്ടും ഏറ്റുമാനൂരമ്പലത്തിലെ കൊടിയേറ്റിന് പങ്കെടുക്കാതെ അവസാന നിമിഷം മുങ്ങി; കൊടിയിറക്കിന് വരാൻ കഴിയാത്തതുകൊണ്ടാണ് കൊടിയേറ്റ് ഉപേക്ഷിച്ചതെന്ന ന്യായവും; ശബരിമല യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ നിലപാട് മാറ്റിയതോടെ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറും ഭക്തരെ കാണുമ്പോൾ തലയിൽ മുണ്ടിട്ടുനടക്കുന്നു; കുംഭമാസ പൂജകൾക്ക് ശബരിമല നട തുറന്നിട്ടും പ്രതിഷേധം ഭയന്ന് സന്നിധാനത്തെത്താതെ ഇരുവരും

ആർ പീയൂഷ്

സന്നിധാനം: ശബരിമലനട തുറന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ദേവസ്വം പ്രസിഡന്റും കമ്മീഷണറും സന്നിധാനത്തേക്ക് വരാതിരിക്കുന്നത് ഭക്തരുടെ രോഷം ഭയന്നെന്ന് സൂചന. സുപ്രീം കോടതിയിൽ കളം മാറ്റി ചവിട്ടിയതിനാൽ ഭക്തർക്ക് വലിയ എതിർപ്പ് ദേവസ്വം ബോർഡിനോടുണ്ട്. ഇത് മനസ്സിലാക്കിയാണ് കുംഭമാസ പൂജകൾക്കായി അഞ്ചു ദിവസത്തേക്ക് നട തുറന്നിട്ടും ഇരുവരും എത്താതിരിക്കുന്നത് എന്നാണ് വിവരം.

ശബരിമല സ്ത്രീപ്രവേശന വിധി പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി പരിഗണിക്കവേയാണ് മുൻ നിലപാട് തിരുത്തി ദേവസ്വം ബോർഡും സർക്കാരിനൊപ്പം വിധിയെ അനുകൂലിച്ചു കോടതിയിൽ വാദം നടത്തിയത്. ഭരണഘടനാ ബഞ്ചിന്റെ വിധിയെ അനുകൂലിക്കുന്നതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോർഡിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റത്തെ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം ചെയ്തു. യുവതീ പ്രവേശനത്തെ നിങ്ങൾ നേരത്തെ എതിർത്തിരുന്നുവല്ലോയെന്ന് അവർ ചോദിച്ചു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കുകയും ചെയ്തു. ആർത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്നും, ശബരിമലയുമായി ബന്ധപ്പെട്ട പഴയ എഴുത്തുകളിലോ ചരിത്രരേഖകളിലോ സ്ത്രീപ്രവേശനം വിലക്കുന്ന ഒന്നുമില്ലെന്ന് ദേവസ്വംബോർഡ് കോടതിയിൽ വാദിച്ചു. ജൈവശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് സ്ത്രീകൾക്ക് വിവേചനം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും, സ്ത്രീകളെ ഒരു മേഖലയിലും തടയാനാകില്ലെന്നുമായിരുന്നു ബോർഡിന്റെ മറ്റുവാദങ്ങൾ.

കോടതിയിലെ നിലപാട് മാറ്റത്തെ തുടർന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങിൽ പ്രതിഷേധം ഭയന്ന് പങ്കെടുക്കാതെ ദേവസ്വം ബോർഡ് അംഗങ്ങൾ മടങ്ങിയിരുന്നു. സുപ്രീംകോടതിയിൽ ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. ഇതേ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അടക്കം കൊടിയേറ്റ് ഉപേക്ഷിച്ചത്. കോട്ടയത്ത് എത്തിയ ദേവസ്വം ബോർഡ് അംഗങ്ങൾ എത്താൻ സാധിക്കില്ലെന്ന് അവസാന നിമിഷം ക്ഷേത്ര ഉപദേശക സമിതിയെ വിളിച്ച് അറിയിക്കുകയായിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റിന് എല്ലാ വർഷവും ദേവസ്വം പ്രസിഡന്റ് അടക്കമുള്ളവർ പങ്കെടുക്കാറുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അംഗങ്ങളായ കെ.പി ശങ്കരദാസ്, എൻ.വിജയകുമാർ എന്നിവരെ ക്ഷണിച്ചു. എന്നാൽ സുപ്രീംകോടതിയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോർഡ് നിലപാട് അറിയിച്ച സാഹചര്യത്തിലാണ് ഒരുകൂട്ടം വിശ്വാസികൾ പ്രതിഷേധിക്കാൻ തീരുമാനിച്ചത്.

പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞതോടെ കൊടിയേറ്റിന് പങ്കെടുക്കേണ്ടെന്ന് ദേവസ്വം പ്രസിഡന്റ് അടക്കമുള്ളവർ തീരുമാനിക്കുകയായിരുന്നു. മെമ്പർമാർ കോട്ടയത്ത് എത്തിയെങ്കിലും അവസാന നിമിഷം വരാൻ സാധിക്കില്ലെന്ന് ക്ഷേത്ര ഉപദേശക സമിതിയെ അറിയിച്ചു. ദേവസ്വം ബോർഡ് അംഗങ്ങൾ എത്താതിരുന്ന സാഹചര്യത്തിൽ ക്ഷേത്ര ഉപദേശക സമിതി ചെയർമാൻ പൊതു പരിപാടികൾ ഉദ്ഘാടനം ചെയ്തു. കൊടിയിറക്കുന്ന ദിവസം എത്താൻ സാധിക്കാത്തതിനാലാണ് കൊടിയേറ്റ് ചടങ്ങ് ഉപേക്ഷിച്ചതെന്നാണ് ദേവസ്വം ബോർഡ് അംഗങ്ങൾ വിശദീകരണം നൽകിയത്.

സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫിസും കമ്മിഷണർ എൻ.വാസു വഴി നടത്തിയ ഇടപെടലിന്റെ ഫലമായിരുന്നു സുപ്രീം കോടതിയിലെ ബോർഡ് നിലപാട് എന്നാണ് നിലവിൽ ഉയർന്ന ആരോപണം. ഇക്കാര്യത്തിൽ സൂചന പോലുമില്ലാതിരുന്ന പത്മകുമാർ, സർക്കാരും കമ്മിഷണറും ചേർന്നു തന്നെ വഞ്ചിച്ചെന്ന നിലപാടിലാണ്. വിധിയെ എതിർക്കുന്നവരുടെ ആക്ഷേപം മുഴുവൻ ബോർഡ് നേരിടേണ്ട സാഹചര്യവുമായി. പ്രതിഷേധം ഭയന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിലെ ബോർഡും മാറ്റി. ഇതൊക്കെ മൂലമാണ് ഇരുവരും ശബരി മലയിലേക്ക് എത്താത്തത് എന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP