Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവാഹയജ്ഞം ഉദ്ഘാടനം ചെയ്യാൻ പ്രസിഡന്റ് വന്നാൽ ചാണകം കലക്കി ഒഴിക്കാൻ തയാറായി ചൂലുമായി സ്ത്രീകൾ ക്ഷേത്രമുറ്റത്ത്; വഴിയിലിറങ്ങിയാൽ തടയാൻ തയാറായി യുവമോർച്ചയും ബിജെപിയും; ആകെ വലഞ്ഞ് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിശബ്ദ ജീവിതത്തിൽ: ക്ഷേത്രപരിപാടികളെല്ലാം ബഹിഷ്‌കരിച്ച് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ

നവാഹയജ്ഞം ഉദ്ഘാടനം ചെയ്യാൻ പ്രസിഡന്റ് വന്നാൽ ചാണകം കലക്കി ഒഴിക്കാൻ തയാറായി ചൂലുമായി സ്ത്രീകൾ ക്ഷേത്രമുറ്റത്ത്; വഴിയിലിറങ്ങിയാൽ തടയാൻ തയാറായി യുവമോർച്ചയും ബിജെപിയും; ആകെ വലഞ്ഞ് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിശബ്ദ ജീവിതത്തിൽ: ക്ഷേത്രപരിപാടികളെല്ലാം ബഹിഷ്‌കരിച്ച് ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ യഥാർഥത്തിൽ പണികിട്ടിയത് ദേവസ്വം ബോർഡ് പ്രസിഡന്റും തികഞ്ഞ പിണറായി ഭക്തനുമായ എ പത്മകുമാറിനാണ്. വിധി വന്നതിന് പിന്നാലെ ബോർഡ് റിവ്യൂ ഹർജി നൽകുമെന്ന് പ്രസ്താവന ഇറക്കിയതോടെ പ്രസിഡന്റിന്റെ കഷ്ടകാലം ആരംഭിച്ചു. പിണറായി ശാസിച്ചതോടെ സ്വന്തം വാക്കുകൾ വിഴുങ്ങുകയും സ്വയം ഇളിഭ്യനായി മാറേണ്ടി വരികയും ചെയ്തു. ഇതോടെ ആകെ തകർന്ന പ്രസിഡന്റ് എ പത്മകുമാർ ഇപ്പോൾ ദേവസ്വം ബോർഡ് ആസ്ഥാനത്ത് മൗനവ്രതത്തിലാണ്.

വഴിയിലിറങ്ങിയാൽ ബിജെപി-യുവമോർച്ച പ്രവർത്തകർ തടയും. ക്ഷേത്രങ്ങളിൽ പോകാമെന്ന് വച്ചാൽ അവിടെ ചൂലും ചാണകവെള്ളവുമായി കാത്തു നിൽക്കുകയാണ് ഭക്തജനങ്ങളായ സ്ത്രീകൾ. ഇതോടെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പത്മകുമാർ ഉദ്ഘാടനം ചെയ്യേണ്ട പല പരിപാടികൾക്കും മറ്റുള്ളവർ ആണ് തിരി കൊളുത്തിയത്. ഇന്നലെ ഓമല്ലൂർ ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവിഭാഗവത നവാഹജ്ഞാന യജ്ഞം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറായിരുന്നു.

അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുമെന്ന് വാർത്ത വന്നതോടെ സ്ത്രീകൾ ചാണകവെള്ളവും ചൂലുമായിട്ടാണ് എത്തിയത്. പ്രസിഡന്റിനെ തടയാൻ തന്നെയായിരുന്നു നീക്കം. എന്നാൽ, പത്മകുമാർ എത്തിയില്ല. പകരം ഐടിആർടിസി ചെയർമാനും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ പത്മകുമാറാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ നവാഹയജ്ഞത്തിനും എ പത്മകുമാറിനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. അവിടെയും പ്രസിഡന്റ് എത്തിയില്ല. പ്രസിഡന്റ് വരുമെങ്കിൽ തടയുന്നതിന് ഇവിടെയും നീക്കം നടന്നിരുന്നു.

തികഞ്ഞ പിണറായി ഭക്തനായ പത്മകുമാർ, റിവ്യൂ ഹർജി നൽകുമെന്നുള്ള ഒറ്റ പ്രസ്താവനയോടെ പിണറായിക്ക് അനഭിമതനായി. പത്തനംതിട്ട ജില്ലയിലെ പാർട്ടി നേതൃത്വവും കൈവിട്ടു. ഫേസ്‌ബുക്കിൽ സജീവമായിരുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് അതിൽ നിന്നും അപ്രത്യക്ഷനായിരിക്കുകയാണ്. നേരത്തേ പല ആപത് ഘട്ടങ്ങളിലും സൈബർ സഖാക്കളാണ് അദ്ദേഹത്തെ തുണയ്ക്കാൻ എത്തിയിരുന്നത്. ഇപ്പോൾ, ഒരാൾ പോലും പത്മകുമാറിനെ സപ്പോർട്ട് ചെയ്ത് രംഗത്ത് ഇറങ്ങിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാൻ പ്രസിഡന്റിന് കഴിഞ്ഞിട്ടില്ല.

അതിന്റെ മനോവിഷമത്തിൽ ആകെ തകർന്നിരിക്കുകയാണ് പത്മകുമാർ. അദ്ദേഹം രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ഇതു വരെ അങ്ങനെ ഒരു തീരുമാനം അദ്ദേഹം എടുത്തിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നത് പാർട്ടിക്കും സർക്കാരിനും ക്ഷീണമാകും. പത്മകുമാർ രാജി വച്ചാൽ അതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും അന്ത്യമാകും. സർക്കാരിന് പേരുദോഷമുണ്ടാക്കിയ ആളെന്ന നിലയിൽ പാർട്ടിയിൽ തന്നെ പത്മകുമാർ തരം താഴ്‌ത്തപ്പെടും. രാജി വയ്ക്കുന്നത് തന്റെ രാഷ്ട്രീയ ഭാവി അവതാളത്തിലാക്കുമെന്ന അപകടം പത്മകുമാറിന് തിരിച്ചറിയാം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുള സീറ്റിൽ പത്മകുമാർ നോട്ടമിട്ടിട്ടുണ്ട്. പാർട്ടിക്ക് അനഭിമതനായാൽ ആ സീറ്റ് നഷ്ടമാകും. കടുത്ത അയ്യപ്പഭക്തനാണ് പത്മകുമാർ. കുടുംബത്തിലുള്ളവരും വിശ്വാസികളാണ്. ഇക്കാരണത്താൽ അയ്യപ്പനെ പിണക്കാനും അദ്ദേഹത്തിന് കഴിയുന്നില്ല. ശബരിമല വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ മലചവിട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് ബോർഡ് പ്രസിഡന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP