Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്മകുമാറിനെ പൂർണമായും അവഗണിച്ചു കമ്മീഷണർ വഴി ദേവസ്വത്തിന്റെ നിലപാട് മാറ്റിച്ചത് പിണറായി നേരിട്ട്; വാസുവിനെതിരെ പരസ്യമായി പ്രതികരിച്ച ദേവസ്വം പ്രസിഡന്റ് ഉന്നം വെച്ചത് മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയും തന്നെ; സാവകാശ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ലെന്ന വാസുവിന്റെ വാദവും പച്ചക്കള്ളം; രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി കമ്മീഷണർ ഇറങ്ങിയപ്പോൾ പരിഗണിച്ചത് സർക്കാർ നിലപാട് മാത്രം; ദേവസ്വം ബോർഡ് ഭക്തരെ വഞ്ചിച്ചതിന്റെ പാപഭാരം ഏൽക്കാൻ വയ്യാതെ പത്മകുമാർ

പത്മകുമാറിനെ പൂർണമായും അവഗണിച്ചു കമ്മീഷണർ വഴി ദേവസ്വത്തിന്റെ നിലപാട് മാറ്റിച്ചത് പിണറായി നേരിട്ട്; വാസുവിനെതിരെ പരസ്യമായി പ്രതികരിച്ച ദേവസ്വം പ്രസിഡന്റ് ഉന്നം വെച്ചത് മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയും തന്നെ; സാവകാശ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ലെന്ന വാസുവിന്റെ വാദവും പച്ചക്കള്ളം; രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി കമ്മീഷണർ ഇറങ്ങിയപ്പോൾ പരിഗണിച്ചത് സർക്കാർ നിലപാട് മാത്രം; ദേവസ്വം ബോർഡ് ഭക്തരെ വഞ്ചിച്ചതിന്റെ പാപഭാരം ഏൽക്കാൻ വയ്യാതെ പത്മകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കാൻ ബാധ്യതയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് യുവതീപ്രവേശ വിധിയെ സുപ്രീം കോടതിയിൽ അനുകൂലിച്ചത് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. ബോർഡിനുള്ളിൽ തന്നെ ഈ വിഷയത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായിട്ടുണ്ട്. തന്നെ ഒന്നും അറിയാതെ ദേവസ്വം കമ്മീഷണർ വഴിയാണ് സർക്കാർ തങ്ങളുടെ ആഗ്രഹപ്രകാരം തീരുമാനം അട്ടിമറിച്ചത്. എല്ലാത്തിനും ചരടുവലിച്ചത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന ആക്ഷേപം ശക്തമാണ്. അയ്യപ്പഭക്തനായ പത്മകുമാറിനെ ഈ വിഷയത്തിൽ പാർട്ടി അവഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ ദേവസ്വം കമ്മീഷണർ വഴി സുപ്രീം കോടതിയിൽ നിലപാട് മാറ്റുകയും ചെയ്തു. കേസിൽ തിരിച്ചടി നേരിടാതിരിക്കാൻ വേണ്ടിയായിരുന്നു ഈ ഇടപെടൽ.

ഇപ്പോഴത്തെ തർക്കം സർക്കാർ പിന്തുണക്കുന്ന ദേവസ്വം കമ്മിഷണർ എൻ.വാസുവും ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും തമ്മിലാണ്. സാവകാശ ഹർജിയിലൂന്നി യുവതീപ്രവേശം നീട്ടേണ്ടതിനു പകരം വിധിയെ സർവാത്മനാ അനുകൂലിക്കുകയാണു ബോർഡിന്റെ അഭിഭാഷകൻ ചെയ്തതെന്നു പത്മകുമാർ തുറന്നടിച്ചു. നിലപാടുമാറ്റം തന്റെ അറിവോടെയല്ല. കേസ് നടത്തിപ്പിനു കമ്മിഷണറെയാണു ഡൽഹിക്ക് അയച്ചത്. അവിടെ സംഭവിച്ചതെന്താണെന്ന് അറിയില്ല. കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തുവന്നതിൽ ഉന്നം വെക്കുന്നത് മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അടക്കമാണ്. അതുകൊണ്ടാണ് കടകംപള്ളിയു കോടിയേരിയും ഈ വിഷയത്തിൽ വാസുവിനെ പിന്തുണച്ചു കൊണ്ടു രംഗത്തുവന്നതും.

പത്മകുമാറിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ലെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. സർക്കാരിനെയും പാർട്ടിയെയും വിമർശിക്കാതെയാണ് പത്മകുമാർ പ്രതികരിച്ചതെങ്കിലും അദ്ദേഹത്തിന് സർക്കാറിനെതിരെ കടുത്ത അമർഷമുണ്ട്. കമ്മിഷണർക്കെതിരേ സിപിഎം. നേതാവായ പത്മകുമാറിന്റെ പ്രതികരണം. ഇതിനു പിന്നാലെ കമ്മിഷണർ എ.കെ.ജി. സെന്ററിലെത്തി സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.

മാസങ്ങളായി പത്മകുമാറും എൻ. വാസുവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തുടരുകയായിരുന്നെങ്കിലും ഇരുവരും തുറന്നു സമ്മതിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോഴത്തെ വിവാദം. നയപരമായ കാര്യങ്ങൾ പലതും പ്രസിഡന്റ് അറിയാതെ മറ്റൊരു അധികാരകേന്ദ്രം നിശ്ചയിക്കുന്നു എന്നതാണ് പത്മകുമാറിനെ അസ്വസ്ഥനാക്കിയിരുന്നത്. ബുധനാഴ്ച സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടോടെ ഇത് രൂക്ഷമായി. യുവതീപ്രവേശവിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന നിലപാട് സ്വീകരിച്ച പത്മകുമാറിനെ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനടക്കം വിമർശിച്ചിരുന്നു. എന്നാൽ, കമ്മിഷണറാകട്ടെ സർക്കാർ നിലപാടിനൊപ്പം ഉറച്ചുനിന്നു.

ബോർഡിൽ കമ്മിഷണറും രണ്ട് അംഗങ്ങളും ഒരുപക്ഷത്തും പ്രസിഡന്റ് ഒറ്റയ്ക്കാണെന്നുമാണ് സൂചന. പത്മകുമാറിനെ ഒഴിവാക്കി മുൻപ്രസിഡന്റും ഇപ്പോൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ രാജഗോപാലൻനായരെ പ്രസിഡന്റാക്കാൻ നീക്കമുണ്ടെന്ന പ്രചാരണം ശക്തമാണ്. എന്നാൽ, പത്മകുമാർ രാജിവെക്കുകയോ അദ്ദേഹത്തെ ഒഴിവാക്കുകയോ ചെയ്താൽ ദോഷമാകുമെന്നതിനാൽ ഇതിനു മുതിർന്നേക്കില്ലെന്നാണ് വിവരം. രാജിയെക്കുറിച്ചുള്ള വാർത്തകൾ പത്മകുമാറും തള്ളിക്കളയുന്നു. രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ല. എന്നെ വേട്ടയാടാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്ല പത്മകുമാറിനെ മാറ്റില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.

വഞ്ചിക്കപ്പെട്ടെന്ന വികാരത്തിൽ പത്മകുമാർ

സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫിസും കമ്മിഷണർ വഴി നടത്തിയ ഇടപെടലിന്റെ ഫലമായിരുന്നു സുപ്രീം കോടതിയിലെ ബോർഡ് നിലപാട് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ സൂചന പോലുമില്ലാതിരുന്ന പത്മകുമാർ, സർക്കാരും കമ്മിഷണറും ചേർന്നു തന്നെ വഞ്ചിച്ചെന്ന നിലപാടിലാണ്. വിധിയെ എതിർക്കുന്നവരുടെ ആക്ഷേപം മുഴുവൻ ബോർഡ് നേരിടേണ്ട സാഹചര്യവുമായി. പ്രതിഷേധം ഭയന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റു ചടങ്ങുകളിൽ നിന്നു പത്മകുമാറും ബോർഡ് അംഗങ്ങളും വിട്ടുനിന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിലെ ബോർഡും മാറ്റി.

പത്മകുമാറിനെ സമ്മർദത്തിലാക്കി ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കാൻ നീക്കമെന്നു പ്രചാരണം ശക്തം. മുൻ പ്രസിഡന്റ് എം. രാജഗോപാലൻ നായരെ പ്രസിഡന്റ് ആക്കുന്നതിനും ദേവസ്വം കമ്മിഷണർ എൻ. വാസുവിനെ ഒന്നര മാസം കഴിഞ്ഞു വിരമിക്കുമ്പോൾ ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് ചെയർമാനാക്കുന്നതിനും നീക്കമെന്നാണു വാദം. അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ പത്മകുമാറിനെ പുറത്താക്കിയാൽ തിരിച്ചടിയാകാനുള്ള സാധ്യത സർക്കാർ കണക്കിലെടുക്കുന്നുണ്ട്. തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടാനാവില്ലെന്ന സന്ദേശം പത്മകുമാറും നൽകുന്നു.

അതേസമയം യുവതീപ്രവേശത്തെ അനുകൂലിച്ച് ദേവസ്വം ബോർഡ് ഇതുവരെ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന സൂചനയുമുണ്ട്. നവംബറിൽ ചേർന്ന യോഗത്തിൽ കോടതിവിധി നടപ്പിലാക്കാൻ തീരുമാനിച്ചെന്നാണു കമ്മിഷണർ എൻ.വാസു പറയുന്നത്. എന്നാൽ, പ്രത്യേക അജൻഡയാക്കി ചർച്ച ചെയ്ത് ഇത്തരമൊരു തീരുമാനം ബോർഡ് പാസാക്കിയിട്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉത്തരവായാൽ സെക്രട്ടറിയുടെ ഒപ്പു വേണം. ഈ നടപടിക്രമങ്ങളൊന്നും പാലിച്ചതായി വിവരമില്ല. നവംബറിലേ തീരുമാനിച്ചതാണെന്നു കമ്മിഷണറും താൻ അറിഞ്ഞിട്ടില്ലെന്നു പ്രസിഡന്റും പറയുമ്പോൾ ബോർഡിലെ ഭിന്നത വ്യക്തം. എന്നാൽ, ദേവസ്വം ബോർഡ് ഭാരവാഹികളുമായി താൻ സംസാരിച്ചെന്നും അവർ തമ്മിൽ ഭിന്നതകളില്ലെന്നു വ്യക്തമായെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സാവകാശ ഹർജി പരിഗണിച്ചില്ലെന്ന വാസുവിന്റെ വാദം തെറ്റ്

അതേസമയം ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ലെന്ന കമ്മിഷണർ എൻ.വാസുവിന്റെ പരാമർശം വസ്തുതാപരമായി തെറ്റെന്നതിനു കോടതിയുടെ കേസ് പട്ടിക തെളിവ്. 65 കേസുകൾ പരിഗണിച്ചതിൽ 53ാമത്തേതായി ഉൾപ്പെടുത്തിയതു ബോർഡിന്റെ അപേക്ഷയാണ്. പ്രത്യേകാനുമതി ഹർജികളും ട്രാൻസ്ഫർ ഹർജികളും മാത്രം പട്ടികയിൽ നിന്നു മാറ്റുന്നുവെന്നു (ഡീ റ്റാഗ്) കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ദേവസ്വം ബോർഡ് നിലപാട് മാറ്റിയോയെന്നു ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചില്ലെന്ന വാസുവിന്റെ വാദവും തെറ്റാണെന്നു കോടതി നടപടികൾ വ്യക്തമാക്കുന്നു.

ബോർഡിനുവേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വാദം തുടങ്ങി ഏതാനും വാചകങ്ങൾ പറഞ്ഞപ്പോൾതന്നെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യമുന്നയിച്ചിരുന്നു. അതിനു മറുപടി നൽകിയ ശേഷമാണു ദ്വിവേദി വാദം തുടർന്നത്. വാസു ഉൾപ്പെടെയുള്ള സന്ദർശകർ കോടതി മുറിയുടെ ഏറ്റവും പിൻഭാഗത്തായിരുന്നു. വാസു പറഞ്ഞതു തെറ്റാണെന്ന് അദ്ദേഹത്തെ സുപ്രീം കോടതി അഭിഭാഷകർ ധരിപ്പിച്ചെന്നാണു സൂചന.

സാവകാശ ഹർജി അവതരിപ്പിച്ച് യുവതീപ്രവേശം നീട്ടിവയ്ക്കാനാണ് അഭിഭാഷകരോട് ആവശ്യപ്പെട്ടത്. പകരം യുവതീപ്രവേശ വിധിയെ അനുകൂലിച്ചു. സാവകാശ ഹർജി തീർപ്പായശേഷം മതി കോടതിവിധി നടപ്പാക്കാനുള്ള നീക്കങ്ങൾ എന്നായിരുന്നു തീരുമാനം. കമ്മിഷണർ ഇത് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം. ഈ അട്ടിമറി നടന്നത് ഡൽഹിയിലാണ് അട്ടിമറി നടന്നത്. ഇതിനു പിന്നിലാരൊക്കെയെന്നു കണ്ടെത്തണമെന്നാണ് പത്മകുമാറിന്റെ വാദം.

അതേസമയം സാവകാശ ഹർജിയിൽ വാദം നടന്നില്ലെന്നും പുനഃപരിശോധനാ ഹർജികൾ നിലനിൽക്കുമോയെന്ന വാദമാണു നടന്നതെന്നും വാസുവും പറയുന്നു. വിധി നടപ്പിലാക്കാൻ ഉത്തരവാദിത്തമുണ്ടെന്നു നവംബറിൽ ബോർഡ് യോഗം തീരുമാനമെടുത്തു. അന്നത്തെ സാഹചര്യത്തിൽ വിധി പൂർണമായും നടപ്പിലാക്കാൻ പരിമിതിയുണ്ടായിരുന്നു. അതുകൊണ്ടാണ് സാവകാശ ഹർജി കൊടുത്തത്. അന്നത്തെ പരിമിതി ഇപ്പോഴില്ല. ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായരും ചേർന്നാണു നിയമവിദഗ്ധരുമായി ചർച്ച നടത്തിയതെന്നും വാസു പറയുന്നു.

ശബരിമല വിഷയത്തിൽ തുടക്കംമുതൽ ആചാരസംരക്ഷണത്തിനായി വാദിച്ചിരുന്ന ബോർഡിന്റെ അഭിഭാഷകൻ, പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ യുവതീപ്രവേശത്തെ അനുകൂലിച്ചു. സ്ത്രീകളോട് വിവേചനം പാടില്ലെന്ന സർക്കാർ നിലപാട് ബോർഡിന്റെ അഭിഭാഷകനും ആവർത്തിക്കുകയായിരുന്നു. ഈ നിലപാട് വഞ്ചനാപരവും വിശ്വാസികളെ ഒറ്റിക്കൊടുക്കലുമാണെന്ന് ബിജെപി.യും കോൺഗ്രസും ആരോപിച്ചതോടെയാണ് വിവാവം മുറുകിയതും ബോർഡ് പ്രതിക്കൂട്ടിലായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP