Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൊലീസ് ആസ്ഥാനത്ത് കലാപാന്തരീക്ഷം; ബീനാകുമാരിയുടെ സ്ഥലമാറ്റം റദ്ദാക്കിയതിൽ ദേഷ്യം കൊണ്ട് ജ്വലിച്ച് ഡിജിപി സെൻകുമാർ; പൊലീസ് മേധാവിയെ തന്നിഷ്ടം കാണിക്കാൻ അനുവദിക്കില്ലെന്ന വാശിയിൽ മുഖ്യമന്ത്രി; തർക്കം വീണ്ടും സുപ്രീം കോടതിയിൽ എത്തിയേക്കും; വാശിമുറുകുമ്പോൾ സ്തംഭിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന പാലനം

പൊലീസ് ആസ്ഥാനത്ത് കലാപാന്തരീക്ഷം; ബീനാകുമാരിയുടെ സ്ഥലമാറ്റം റദ്ദാക്കിയതിൽ ദേഷ്യം കൊണ്ട് ജ്വലിച്ച് ഡിജിപി സെൻകുമാർ; പൊലീസ് മേധാവിയെ തന്നിഷ്ടം കാണിക്കാൻ അനുവദിക്കില്ലെന്ന വാശിയിൽ മുഖ്യമന്ത്രി; തർക്കം വീണ്ടും സുപ്രീം കോടതിയിൽ എത്തിയേക്കും; വാശിമുറുകുമ്പോൾ സ്തംഭിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന പാലനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് സ്ഥതിഗതികൾ കൂടുതൽ സംഘർഷത്തിലേക്ക് കടക്കുകയാണ്. ബീനാകുമാരിയുടെ സ്ഥലം മാറ്റം സർക്കാർ ഇടപെട്ട് റദ്ദാക്കിയതാണ് ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് കാരണം. ഇതിൽ കടുത്ത അസംതൃപ്തിയിലും ദേഷ്യത്തിലുമാണ് ഡിജിപി സെൻകുമാർ ഇപ്പോൾ. തന്റെ അധികാരത്തിലുള്ള കടന്നുകയറ്റമായിട്ടാണ് സർക്കാർ നടപടിയെ സെൻകുമാർ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വിഷയത്തിലെ മുഴുവൻ നിയമ വശങ്ങളും പരിശോധിക്കുകയാണ് അദ്ദേഹമിപ്പോൾ. വിഷയം വീണ്ടും സുപ്രീംകോടതിയുടെ മുന്നിൽ എത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തെ കുറിച്ച് നിയമോപദേശകരുമായി സെൻകുമാർ ചർച്ച നടത്തിയെന്നാണ് ലഭിക്കുന്ന സൂചന.

അതീവ രസഹ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂണിയർ സൂപ്രണ്ടായ ബീനകുമാരിയുടേത് പൊലീസ് അസ്ഥാനത്തുള്ള ചെറിയൊരു സ്ഥലംമാറ്റം മാത്രമാണ്. താൻ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവ് മരവിച്ച പിണറായി സർക്കാരിന്റെ തീരുമാനം കടുത്ത നടപടിയായിട്ടാണ് സെൻകുമാർ കരുതുന്നത്. രണ്ട് മാസം മാത്രം കാലാവധിയുള്ളപ്പോഴും പൊലീസിൽ സ്വന്ത്രമായ പ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും നിയമപോരാട്ടം നടത്തുന്നതിനെക്കുറിച്ചാണ് സെൻകുമാർ ആലോചിക്കുന്നത്. ഒരു സ്ഥലം മാറ്റത്തിനു പോലും അനുമതിയില്ലാതെ ഈ കസേരയ്ക്ക് എന്ത് പവറാണുള്ളതെന്നാണ് സെൻകുമാറിന്റെ ചോദ്യം.

സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ ഡിജിപി സ്ഥാനത്തേക്ക് മടങ്ങിയെത്തിയ സെൻകുമാറിന്റെ ആദ്യനടപടികളിലൊന്നായിരുന്നു ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ. എന്നാൽ ജൂണിയർ സൂപ്രണ്ട് ബീനാകുമാരിയുടെ സ്ഥലം മാറ്റമാണ് തർക്ക വിഷയമായത്. അകാരണമായി സ്ഥലംമാറ്റിയെന്ന് ചൂണ്ടികാണിച്ച് ബീനാ കുമാരി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകി. അതോടൊപ്പം അവർ കസേര ഒഴിയാൻ തയാറായതുമില്ല. ടി ബ്രാഞ്ചിൽ നിയമനം ലഭിച്ച് ഒരു വർഷം തികയും മുമ്പ് മാറ്റിയെന്നായിരുന്നു പരാതി. ആദ്യം യു ബ്രാഞ്ചിലേയ്ക്കും പിന്നീട് എസ്എപി ക്യാംപിലേയ്ക്കും മാറ്റി നിയമിച്ചുള്ള ഉത്തരവ് പ്രതികാര ബുദ്ധിയോടെയാണെന്നും ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. രഹസ്യന്വേഷണ വിഭാഗത്തിന്റെ പിഴവാണ് എംഎൽഎ നല്കിയ പരാതിയിൽ വേണ്ട നടപടിയെടുക്കാത്തതിനു പിന്നിലെന്നും അതുകൊണ്ട് ജീവനക്കാരിയുടെ മേലുള്ള നടപടി പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് തന്റെ അധികാരമാണെന്നാണ് സെൻകുമാർ മറുപടി നൽകിയത്. മുൻപും പൊലീസ് മേധാവികൾ ചുമതലയേൽക്കുമ്പോൾ ടി ബ്രാഞ്ച് മേധാവിയെ മാറ്റാറുണ്ടെന്നും സെൻകുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സെൻകുമാറിന്റെ ഉത്തരവ് മരവിപ്പിച്ചുകൊണ്ടുള്ള സർക്കാർ തിരുമാനം ഉണ്ടായത്.

സെൻകുമാറിന് സ്വന്തം ഇഷ്ടപ്രകാരം എല്ലാം ചെയ്യാമെന്ന ധാരണവേണ്ടെന്ന സൂചന തന്നെയാണ് ഈ നടപടിയിലൂടെ സർക്കാർ വ്യക്തമായി നൽകിയത്. ഇതാണ് സെൻകുമാറിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നത്. 40 ദിവസം മാത്രമാണ് ഇനി സെൻകുമാറിന് സർവ്വീസ് കാലാവധിയുള്ളത്. അത്രയും നാൾ സഘർഷങ്ങളില്ലാതെ മുന്നോട്ട് പോകാനാണ് സർക്കാർ മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, തിരികെ സർവ്വീസിൽ പ്രവേശിച്ചപ്പോൾ മുതൽ തന്നെ സർക്കാർ അനുകൂല ഉദ്യോഗസ്ഥരെ ഒതുക്കാനുള്ള ശ്രമമാണ് സെൻകുമാർ നടത്തിയതെന്നാണ് മുഖ്യമന്ത്രി വിലയിരുത്തുന്നത്.

ഇതോടൊപ്പം തന്നെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ടോമിൻ തച്ചങ്കരിയുടെ ഭാഗത്തു നിന്നുള്ള നടപടികളും സെൻകുമാറിനെ അസ്വസ്ഥാനാക്കുന്നുണ്ട്. ഹെഡ്ക്വാട്ടേഴ്സിലെ മുഴുവൻ ഉദ്യോഗസ്ഥരേയും തനിക്കെതിരാക്കുന്ന പ്രവർത്തനങ്ങൾ തച്ചങ്കരിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നവെന്ന കരുതലിലാണ് എഡിജിപിയേയും മറ്റുള്ളവരേയും ഫയൽ കാണിക്കാതെ സെൻകുമാർ നേരിട്ട് തീരുമാനമെടുക്കുന്നത്.

സർക്കാറിന്റെ ഭാഗത്തു നിന്നുള്ള ഈ തിരിച്ചടിക്ക് കടുത്ത മറുപടി തന്നെ നൽകണമെന്ന തീരുമാനത്തിലാണ് സെൻകുമാറെന്നാണ് വിവരം. നിയമവശങ്ങളെല്ലാം പരിശോധിച്ചൊരു മറുപടിക്കാണ് സെൻകുമാർ തയ്യാറെടുക്കുന്നത്. ഇരു വിഭാഗവും ഒരേ വാശിയിൽ മുന്നോട്ട് പോകുമ്പോൾ സംസ്ഥാനത്തെ പൊലീസ് ഭരണം വരും ദിവസങ്ങളിൽ സാക്ഷിയാവുക കടുത്ത സംഘർഷങ്ങൾക്കാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP