Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ്റുകാലിലെ കുത്തിയോട്ടം കുട്ടികളോടുള്ള ക്രൂരതയെന്ന് പറഞ്ഞ ധീരത; ഋഷിരാജ് സിംഗിനെ ട്രോളി പോലും പോസ്റ്റിടുന്ന ചങ്കൂറ്റം; സല്യൂട്ട് ചെയ്യാൻ മടിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടു വിടുന്ന കാർക്കശ്യം; പൊലീസിലെ സ്ത്രീശാക്തീകരണം ചർച്ചയാക്കിയ വനിതാ ഓഫീസർ; സിബിഐയിൽ ഇരുന്നപ്പോൾ എല്ലാവരും വിളിച്ചത് 'റെയ്ഡ് ശ്രീലേഖ' എന്നും; ഇനി ഇവർ ത്രീസ്റ്റാർ പതകമുള്ള മലയാള നാട്ടിലെ ആദ്യ പൊലീസുകാരി; ഡിജിപി ആർ ശ്രീലേഖ ഐപിഎസ് മറ്റൊരു ചരിത്രം കുറിക്കുമ്പോൾ

ആറ്റുകാലിലെ കുത്തിയോട്ടം കുട്ടികളോടുള്ള ക്രൂരതയെന്ന് പറഞ്ഞ ധീരത; ഋഷിരാജ് സിംഗിനെ ട്രോളി പോലും പോസ്റ്റിടുന്ന ചങ്കൂറ്റം; സല്യൂട്ട് ചെയ്യാൻ മടിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടു വിടുന്ന കാർക്കശ്യം; പൊലീസിലെ സ്ത്രീശാക്തീകരണം ചർച്ചയാക്കിയ വനിതാ ഓഫീസർ; സിബിഐയിൽ ഇരുന്നപ്പോൾ എല്ലാവരും വിളിച്ചത് 'റെയ്ഡ് ശ്രീലേഖ' എന്നും; ഇനി ഇവർ ത്രീസ്റ്റാർ പതകമുള്ള മലയാള നാട്ടിലെ ആദ്യ പൊലീസുകാരി; ഡിജിപി ആർ ശ്രീലേഖ ഐപിഎസ് മറ്റൊരു ചരിത്രം കുറിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയായി ആർ ശ്രീലേഖ. കേരളത്തിൽ നിയമനം ലഭിച്ച് ആദ്യ വനിതാ ഐപിഎസ് ഓഫീസർ എന്ന പദവിയും ആർ ശ്രീലേഖയ്ക്ക് തന്നെയാണ് ഉള്ളത്. നാല് ഡിജിപി റാങ്കുകൾക്ക് മാത്രമാണ് കേന്ദ്രം അനുവാദം നൽകിയിട്ടുള്ളത്. അതിൽ ആദ്യമായി ഒരു വനിത എത്തിയിരിക്കുകയാണ്. ഫയർഫോഴ്‌സിലാകും ശ്രീലേഖയുടെ ഡിജിപിയായുള്ള നിയമനം.

രണ്ട് കൊല്ലം മുമ്പ് തന്നെ ശ്രീലേഖയ്ക്ക് ഡിജിപി പദവി സംസ്ഥാന സർക്കാർ നൽകിയിരുന്നു. എന്നാൽ നാല് ഡിജിപി പദവികൾക്ക് മാത്രമായിരുന്നു കേന്ദ്ര അനുമതിയുണ്ടായിരുന്നത്. ജേക്കബ് തോമസ്, ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, ഹേമചന്ദ്രൻ എന്നിവർക്കായിരുന്നു കേന്ദ്ര ചട്ടം അനുസരിച്ച് ഡിജിപി പദവി. ഇതിൽ ജേക്കബ് തോമസും ഹേമനചന്ദ്രനും ഈ മാസം അവസാനം വിരമിക്കും. ഇതോടെയാണ് ശ്രീലേഖയ്ക്ക് എല്ലാ അർത്ഥത്തിലും ഡിജിപിയാകാനുള്ള അവസരം വരുന്നത്. എങ്കിലും പൊലീസിനെ നയിക്കാൻ ശ്രീലേഖയ്ക്ക് കഴിയുമോ എന്ന് ഇനിയും വ്യക്തതയില്ല. ബെഹ്‌റയ്ക്ക് കൂടുതൽ സർവ്വീസ് കാലാവധി ഉള്ളതു കൊണ്ടാണ് ഇത്. ബെഹ്‌റയും ഋഷിരാജ് സിംഗും ശങ്കർ റെഡ്ഡിയും ശ്രീലേഖയുമാകും ജൂൺ 1 മുതൽ കേന്ദ്ര അംഗീകാരമുള്ള കേരളത്തിലെ ഡിജിപിമാർ.

ശ്രീലേഖ 1988ൽ എഎസ്‌പിയായി കോട്ടയത്ത് നിയമിതയായി. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായെത്തിയത് തൃശൂരിലേക്കും.അവിടെ നിന്നും പല ഉത്തരവാദിത്തങ്ങളും തേടിയെത്തി. വിജിലൻസിൽ സർവീസിലിരിക്കുമ്പോൾ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു ശ്രീലേഖ ഐപിഎസിന്. നിലവിൽ ജയിൽ മേധാവിയായും മികച്ച സേവനമാണ് ഈ ഉദ്യോഗസ്ഥ കാഴ്‌ച്ചവയ്ക്കുന്നത്. പീഡിയാട്രിക് സർജനാണ് ഭർത്താവ് ഡോ. സേതുനാഥ്. മകൻ: ഗോകുൽനാഥ്. അനുഭവകഥകൾ ഏറ്റവും കൂടുതൽ എഴുതിയ ഓഫിസറാണ് ശ്രീലേഖ. മൂന്ന് കുറ്റാന്വേഷണ പുസ്തകങ്ങൾ ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥർ എങ്ങനെയായിരിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണു താഴേത്തട്ടിലുള്ള പൊലീസ് സേനയുടെ പ്രവർത്തനമെന്നു തുറന്നുപറഞ്ഞയാളാണ് ആർ.ശ്രീലേഖ. ജയിൽ മേധാവിയായും മികച്ച പ്രവർത്തനം കാഴ്ചവച്ചാണ് ആർ.ശ്രീലഖ ഉന്നതപദവിയിലേക്ക് ചുവടുവയ്ക്കുന്നത്. കേരളത്തിൽ നിയമനം ലഭിച്ച ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ ആരെന്ന ചോദ്യത്തിനും ആർ.ശ്രീലേഖ എന്നുതന്നെയാണ് മറുപടി. രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷം 1988ലാണ് കാക്കിയിട്ട് ശ്രീലേഖ കേരളത്തിലേക്കു വന്നത്. കോട്ടയത്ത് എഎസ്‌പിയായി ആദ്യ നിയമനം. 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്‌പിയായി തൃശൂരിൽ ചുമതലയേറ്റു.

'ഞാൻ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായാൽ ഡിവൈഎസ്‌പി, സിഐ, എസ്ഐ റാങ്കിലെല്ലാം സ്ത്രീകളെ കൊണ്ടുവരും. എങ്കിലേ സ്ത്രീകളുടെ പരാതിയിൽ അന്വേഷിക്കാനും ഇടപെടാനും വനിതാ ഓഫിസർമാർക്കു സാധിക്കൂ. ഇപ്പോൾ സ്ത്രീ കുറ്റവാളികളെ അറസ്റ്റുചെയ്യാൻ പോകാനും പ്രകടനം നടത്തുമ്പോൾ സ്ത്രീകളെ നിയന്ത്രിക്കാനും മാത്രമല്ലേ വനിതാ പൊലീസ് ഉള്ളൂ' ഒരു അഭിമുഖത്തിൽ ശ്രീലേഖ വ്യക്തമാക്കിയിരുന്നു. ഇത് ഏറെ ചർച്ചയ്ക്കും വഴിവച്ചു.

'റെയ്ഡ് ശ്രീലേഖ' എന്നൊരു വിശേഷണവും ഇവർക്കുണ്ട്. സിബിഐയിൽ കേരളത്തിലെ മുഴുവൻ ചുമതലയുള്ള എസ്‌പിയായി വന്നപ്പോഴാണ് ഇങ്ങനെയൊരു ഇരട്ടപ്പേര് വീണത്. സല്യൂട്ട് ചെയ്യാൻ മടിക്കുന്ന പൊലീസുകാരെ തിരിച്ചുവിളിച്ച് സല്യൂട്ട് അടിപ്പിച്ചിട്ടേ വിടൂ എന്നതും ശ്രീലേഖയുടെ ശീലമാണ്. പുരുഷ ഓഫിസറിനെ 'സർ...' എന്നുവിളിച്ച് ബഹുമാനിക്കുന്നവർ വനിതാ ഓഫിസറെ ഒന്നും വിളിക്കാതെ ഉഴപ്പുമ്പോൾ അത്തരക്കാരെക്കൊണ്ട് 'സർ' എന്നോ 'മാഡം' എന്നു വിളിപ്പിക്കാനും മടിയില്ല. അങ്ങനെ പൊലീസിലെ സ്രീ മുഖമാണ് ശ്രീലേഖ.

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട പോസ്റ്റും ഏറെ ചർച്ചയായിരുന്നു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ശ്രീലേഖ വ്യക്തമാക്കുകയും ചെയ്തു. ജയിൽമേധാവിയായിരിക്കെ ശ്രീലേഖ സ്വകാര്യ ബ്‌ളോഗിലെ ലേഖനത്തിലാണ് കുത്തിയോട്ടത്തെ വിമർശിച്ചത്. കുത്തിയോട്ടം ആൺകുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്നാണ് ശ്രീലേഖ തന്റെ ബ്ലോഗിലൂടെ വിമർശിച്ചത്. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേർന്നു കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ 'കുട്ടികളുടെ തടവറ'യെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാമെന്നും ശ്രീലേഖ പറഞ്ഞിരുന്നു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാൽ വിശ്വാസിയായ താൻ ഇത്തവണ പൊങ്കാല അർപ്പിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

കുത്തിയോട്ടം വിവാദമായതോടെ ഇതേ കുറിച്ച് അന്വേഷിക്കാൻ ബാലവകാശ കമ്മീഷൻ തീരുമാനിച്ചു. ഈ വിഷയത്തിൽ ബാലാവകാശകമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. കുത്തിയോട്ടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിന്നീട് ഈ വിവാദത്തിൽ നടപടിയൊന്നും ഉണ്ടായില്ല. ജയിൽ വകുപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ സാക്ഷാൽ ഋഷിരാജ് സിംഗിനെ പരോക്ഷമായി വിമർശിച്ചും പോസ്റ്റിട്ടിരുന്നു. താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഒരു തരത്തിലുള്ള അനധികൃത വസ്തുക്കളും ജയിലിനുള്ളിൽ കയറ്റിയിരുന്നില്ലെന്ന് ശ്രീലേഖ വ്യക്തമാക്കി പറഞ്ഞതും ഏറെ ചർച്ചയായി. ജയിലുകളിൽ നേരത്തേ അരാജകത്വം ആയിരുന്നുവെന്നും പുതിയ ഡിജിപി ഋഷിരാജ് സിങ് ചുമതലയേറ്റതോടെ എല്ലാം ശരിയായി എന്ന തരത്തിൽ വാർത്തകൾ വന്നതിനോട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ.

ഋഷിരാജ് സിങിനെ പരോക്ഷമായി വിമർശിക്കുന്ന തരത്തിലാണ് ശ്രീലേഖ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. ഇപ്പോൾ ജയിലുകളിൽ നിന്ന് ഫോണുകൾ പിടിക്കുന്നു, കഞ്ചാവ് കണ്ടെടുക്കുന്നു, ജയിലുകളിൽ ആൾക്കാർ മരിക്കുന്നു, സ്ത്രീകൾ ജയിൽ ചാടുന്നു തുടങ്ങിയ വാർത്തകൾ കാണുമ്പോൾ വിഷമം തോന്നുന്നു. ജയിലുകൾ മാതൃകാപരമാക്കുന്നതിൽ തന്റെ പ്രവർത്തന കാലത്ത് വലിയ മുന്നേറ്റമുണ്ടായി, എന്നാൽ തനിക്ക് ഈഗോ കുറവായതിനാൽ പബ്ലിസിറ്റിക്ക് ശ്രമിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു.

ആർ. ശ്രീലേഖയുടെ ഫേസ്‌ബുക്ക് പോസ്റ്റ് :

2019 ജൂൺ 11 വരെ മാത്രമേ ഞാൻ ജയിൽ ഡി.ജി.പി. ആയിരുന്നിട്ടുള്ളൂ. രണ്ടു വർഷവും അഞ്ചു മാസവും ഞാൻ അവിടെയുണ്ടായിരുന്ന അത്രയും സമയം യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പോയിരുന്ന വകുപ്പാണ്.

ആയിരത്തിലധികം തടവുകാരെ മാനസിക പരിവർത്തനം നടത്തി പുതിയ തൊഴിൽ പരിശീലിപ്പിച്ചു സമൂഹത്തിൽ പുനരധിവസിപ്പിച്ച ചാരിതാർഥ്യം വളരെയുണ്ട്. 2017 ജനുവരിയിൽ മുന്നൂറിൽ അധികം വനിതാ തടവുകാർ ഉണ്ടായിരുന്നപ്പോൾ ഞാൻ ചാർജ് വിടുമ്പോൾ വെറും 82 പേർ മാത്രം. കേരള ചരിത്രത്തിൽ ആദ്യമായി തടവുകാരുടെ എണ്ണം ആയിരത്തോളം കുറഞ്ഞതും ആ സമയത്താണ്.

ഒരു തരത്തിലുള്ള അനധികൃത വസ്തുക്കളും അതേ വരെ ജയിലിനുള്ളിൽ ആരും കടത്തിയിട്ടില്ല. അഥവാ കണ്ടെത്തിയാൽ ഉടൻ തന്നെ അതതു പൊലീസ് സ്റ്റേഷനുകളിൽ കേസ് എടുത്തിട്ടുമുണ്ട്. മൂന്നാം മുറ ഒരു കാരണവശാലും ഉണ്ടാവാതെ ശ്രദ്ധിച്ചിട്ടുണ്ട്. ഏതെങ്കിലും തടവുകാരനെ അവശ നിലയിൽ കണ്ടാൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയിട്ടുമുണ്ട്. എന്നാൽ ഇതൊന്നും പത്രക്കാരോട് പറയേണ്ട കാര്യങ്ങളായി എനിക്ക് തോന്നിയിട്ടില്ല. ഈഗോ അൽപം കുറവായതിനാൽ പബ്ലിസിറ്റിയിൽ വലിയ താത്പര്യവുമില്ല.

ഇപ്പോൾ 12-ന് തിരുവനന്തപുരം സെൻട്രൽ ജയിൽ നിന്ന് റെയ്ഡ് നടത്തി അനധികൃത വസ്തുക്കൾ പിടിക്കുന്നു, തുടർന്ന് കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നിന്ന് തുടർച്ചയായി ഫോണുകൾ, കഞ്ചാവ് തുടങ്ങിയവ പിടിക്കുന്നു, വീണ്ടും വീണ്ടും റെയ്ഡുകളിൽ ഇതു തന്നെ ആവർത്തിച്ചു പിടിക്കുന്നു എന്നിങ്ങനെ വാർത്തകൾ വായിക്കുമ്പോൾ വിഷമം തോന്നുന്നു.

അതിലേറെ വിഷമം ജയിലുകളിൽ ആൾക്കാർ മരിക്കുന്നു, സ്ത്രീകൾ ജയിൽ ചാടുന്നു എന്നീ വാർത്തകൾ ഉണ്ടാവുമ്പോഴാണ്. എവിടെ ജോലി ചെയ്യുമ്പോഴും നൂറു ശതമാനം ആത്മാർഥതയോടെയും ജനങ്ങൾക്കും സർക്കാരിനും വകുപ്പിനും പരമാവധി നന്മ മാത്രം ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് വിഷമം തോന്നുക സ്വാഭാവികമാണല്ലോ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP