Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിൽ തീവ്രവാദികൾ തമ്പടിച്ചിട്ടും നടത്തുമ്പോഴും സ്‌പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾ ചൊറിയും കുത്തിയിരുപ്പ്; കനകമലയും തടിയന്റവിട നസീറുമൊക്കെ അവരുടെ മുന്നിലൂടെ പോയിട്ടും അറിഞ്ഞില്ല; രഹസ്യാന്വേഷണ വിഭാഗത്തിൽ വേണ്ടത് അടിമുടി പരിഷ്‌ക്കരണം

കേരളത്തിൽ തീവ്രവാദികൾ തമ്പടിച്ചിട്ടും നടത്തുമ്പോഴും സ്‌പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾ ചൊറിയും കുത്തിയിരുപ്പ്; കനകമലയും തടിയന്റവിട നസീറുമൊക്കെ അവരുടെ മുന്നിലൂടെ പോയിട്ടും അറിഞ്ഞില്ല; രഹസ്യാന്വേഷണ വിഭാഗത്തിൽ വേണ്ടത് അടിമുടി പരിഷ്‌ക്കരണം

രഞ്ജിത് ബാബു

 കണ്ണൂർ: തമിഴ്‌നാട്ടിൽ ക്യൂബ്രാഞ്ച്, കർണ്ണാടകത്തിൽ ആന്റി ടെററിസ്റ്റ് വിങ്, കേരളത്തിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും സ്പെഷൽ ബ്രാഞ്ചും. ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലെ രഹസ്യന്വേഷണ സംവിധാനം ഈ പേരുകളിലാണ്. എന്നാൽ കാലോചിതമായി പരിഷ്‌ക്കരിക്കാത്ത ഏക രഹസ്യാന്വേഷണ സംവിധാനം കേരളത്തിൽ മാത്രമാണ്.

1999 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ വധിക്കാനുള്ള ഗൂഢാലോചന മുതൽ ഇന്ന് ഇസ്ലമാമിക് സ്റ്റേറ്റ്സിലേക്കുള്ള യുവാക്കളുടെ പ്രയാണം വരെ കാര്യങ്ങളെത്തിയിട്ടും കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ചടങ്ങിനു മാത്രം പ്രവർത്തിക്കുകയാണ്. കഴിഞ്ഞ ദിവസം ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മേക്കുന്നിലെ കനകമലയിൽ ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആറു പേരെ എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. ചൊക്ലി പൊലീസ് സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർമാത്രം ദൂരമുള്ള കനകമലയിലെ തീവ്രവാദി സംഗമം ഇവിടത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നതേയില്ല. സംസ്ഥാനത്തെ സ്പെഷൽ ബ്രാഞ്ചിന്റെ ഇരുവിഭാഗത്തിന്റേയും കാര്യക്ഷമത ഇല്ലായ്മയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

സാധാരണ ഗതിയിൽ ഒരു വിദേശി ഇന്ത്യയിലെത്തിയാൽ സി.ഫോം പൂരിപ്പിച്ച് ലോക്കൽ പൊലീസിന് നൽകേണ്ടതുണ്ട്. അവർ അത് എല്ലാ സ്പെഷൽ ബ്രാഞ്ചിലേക്കും അയക്കും. അവരുടെ പാസ്പ്പോർട്ടിലെ വിവരങ്ങൾ, ഇവിടത്തെ താമസക്കാലം, സന്ദർശന ലക്ഷ്യം, സന്ദർശിക്കേണ്ടുന്ന സ്ഥലങ്ങൾ അടങ്ങിയ വിവരങ്ങൾ ഇതെല്ലാം പ്രാദേശിക പൊലീസിൽ അറിയിക്കണം. എന്നാൽ ഇത്തരം നടപടിക്രമങ്ങൾ പോലും കാര്യക്ഷമമായി നടക്കാറില്ല. കനകമലയിലെ സംഭവത്തിൽ പിടികൂടപ്പെട്ട മൻസീദിന്റെ ഭാര്യ ഫിലിപ്പെൻസ് സ്വദേശിയാണ്. മതം മാറിയ ഭാര്യയുടെ പേര് മറിയം എന്നാക്കി. ഇക്കാര്യമെങ്കിലും അന്വേഷണ വിധേയമാകണമായിരുന്നു.

വിദേശികളേയും സ്വദേശത്തുള്ളവരേയും മതം മാറ്റി കുടുംബസമേതം തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കേ പൊലീസിലെ അന്വേഷണ വിഭാഗം കാര്യക്ഷമമെങ്കിൽ ഇത് അറിയേണ്ടതായിരുന്നു. 2011 ൽ സ്പെഷൽ ബ്രാഞ്ചിലേക്ക് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി കാര്യക്ഷമമായ ഒരു അന്വേഷണ ഏജൻസി രൂപീകരിക്കണമെന്ന് അന്നത്തെ ഡി.ജി.പി. ജേക്കബ് പുന്നൂസ് സർക്കാറിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അത് ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.

മാവോയിസ്റ്റ് ഭീഷണിയും തീവ്രവാദ ഭീഷണിയും നേരിടുന്ന കർണ്ണാടകവും തമിഴ്‌നാടും ക്യൂബ്രാഞ്ചിനേയും ആന്റി ടെററിസ്റ്റ് വിംഗിനേയും നിയോഗിച്ച് സുരക്ഷാ മാർഗ്ഗം ഉറപ്പിക്കുകയാണ്. എന്നാൽ കേരളത്തിൽ തീവ്രവാദം ശക്തിപ്പെടുകയും മാവോയിസ്റ്റ് സാന്നിധ്യം ശക്തമാവുകയും ചെയ്ത സാഹചര്യത്തിൽ പോലും കാര്യക്ഷമമായ ഒരു രഹസ്യാന്വേഷണ ഏജൻസിയെ നിയോഗിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അന്വേഷണ ഏജൻസികളുടെ കാര്യത്തിൽ കേരളം ഇപ്പോഴും ദശകങ്ങൾ പിറകിലാണ്. ഇരുപതിലേറെപ്പേർ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയി, വീണ്ടും അത്തരം സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുകയാണ്. ദേശദ്രോഹശക്തികൾ രഹസ്യമായും പരസ്യമായും പ്രവർത്തനം നടത്തുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ ഒരു അന്വേഷണ ഏജൻസി അനിവാര്യമായിരിക്കയാണ്.

എസ്.എസ്. ബിയുടെ മുഖ്യ ചുമതല വരാൻ പോകുന്ന സംഭവവികാസങ്ങളെ മുൻകൂട്ടി അറിഞ്ഞ് റിപ്പോർട്ട് ചെയ്യലാണ്. തീവ്രവാദിയോ രാഷ്ട്രീയ ക്രിമിനലോ മറ്റോ ആണെങ്കിൽ ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കൽ, കുടുംബനില, വരുമാന ശ്രോതസ്സ്, തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ശേഖരിക്കണം. എന്നാൽ ഇതെല്ലാം ഇന്ന് ചടങ്ങായി മാറുകയാണ്. സ്പെഷൽ ബ്രാഞ്ചിന് മുഖ്യം പാസ്പ്പോർട്ട് വെരിഫിക്കേഷനാണ്. പിന്നെ സംഭവിച്ച കാര്യങ്ങളുടെ വിശദീകരണം നൽകലും. എന്നാൽ ഈ രണ്ടു വിഭാഗങ്ങളിലും 'പൊളിറ്റിക്കൽ നോമിനേഷനാണ് ' നടക്കുന്നത്. അതുകൊണ്ടു തന്നെ ലോക്കൽ പൊലീസിൽ നിന്ന് ഡപ്യൂട്ടേഷനിലാണ് ആളുകളെ നിയമിക്കുന്നത്. ലോക്കൽ പൊലീസിൽ ദീർഘകാലമിരുന്നയാൾ ഇത്തരം അന്വേഷണങ്ങൾക്കിറങ്ങുമ്പോൾ ത്ന്നെ എല്ലാം പരസ്യമാകും. പ്രത്യേക പരിശീലനമൊന്നുമില്ലാത്ത ഇവരുടെ വിവര ശേഖരണവും അങ്ങനെ പാളും.

തീവ്രവാദികളുടെ വിവരശേഖരണത്തിന് അയാൾ കഴിയുന്ന സ്ഥലത്തിന് സമീപം പോലും ഇവർക്കെത്താനാവില്ല. മുമ്പൊരിക്കൽ അൽഖ്വയ്ദ ദക്ഷിണേന്ത്യൻ കമാണ്ടറായിരുന്ന തടിയന്റവിടെ നസീറിനെ തേടി അയാളുടെ നാട്ടിൽ കേരളാ പൊലീസിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനെത്തി. ഈ ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ കണ്ണൂരിലേക്ക് ട്രെയിൻ മാർ്ഗ്ഗം പുറപ്പെട്ട നസീറും കൂട്ടാളികളും കണ്ണൂരിലിറങ്ങാതെ മംഗളൂരുവിലേക്ക് സ്ഥലം വിട്ടു. കണ്ണൂർ ജില്ലയിലെ രാഷ്ടീയ സംഘർഷവും കൊലപാതകവും ബോംബേറുമൊക്കെയാണ് സ്പെഷൽ ബ്രാഞ്ചുകളുടെ അന്വേഷണ പരിധിയിൽ വരുന്നത്. ഈ അവസരം മുതലെടുത്താണ് തീവ്രവാദികൾ യോഗം ചേരാൻ കനകമല തന്നെ തിരഞ്ഞെടുത്തത്. നിലവിലുള്ളവർക്കാണെങ്കിൽ പരിമിതികളേറെയാണ്. അഞ്ചു പൊലീസ് സ്റ്റേഷൻ പരിധി വരെ ജോലി ചെയ്യേണ്ടവരുണ്ട്. ഒരു സ്റ്റേഷന് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പോലുമില്ല. പുതിയ നിയമനങ്ങളുമില്ല. സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ദയനീയാവസ്ഥയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP